ARIYANNUR AKSHARASLOKAKALAKSHETHRAM

അരിയന്നൂര്‍  

 

മാര്‍ച്ച് 2019 ലക്കം 87 

പത്രാധിപര്‍ : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 

 

[മാസികയുടെ പഴയ ലക്കങ്ങള്‍ കാണുവാന്‍ ഹോംപേജില്‍ Archives ക്ലിക്കു ചെയ്യുക] 

 

 

തത്വമുക്തകം  82

 

തൈലാദ്രക്ഷ ജലാദ്രക്ഷ

രക്ഷ മാം ശ്ലഥബന്ധനാത്

യാചകാത് സതതം രക്ഷ

ഇതി രോദതി പുസ്തകഃ

 

എണ്ണയില്‍ നിന്നെന്നെ രക്ഷിക്കുക (എണ്ണ പുരളാനിടയാക്കാതിരിക്കുക), വെള്ളത്തില്‍ നിന്നു എന്നെ രക്ഷിക്കുക (നനയാനിടയാകാതിരിക്കുക), യാചകനില്‍ നിന്നു രക്ഷൈക്കുക (ആര്‍ ക്കെങ്കിലും കൊടുത്തു നഷടപ്പെടാതിരിക്കുക) - ഇങ്ങനെ കരയുന്നു പുസ്തകം 

പുസ്തകത്തിന്റെ കാര്യത്തില്‍ ഇപ്രകാരമൊന്നും പറ്റാതിരിക്കണമെന്നു സാരം 

ശ്ലോക‍വും ലോകവും

 

അക്ഷരശ്ലോകസദസ്സ് 

 

24/02/2019 കാവീട്ടിൽ  അക്ഷരശ്ലോക അഹസ്സ് നടന്നു.

പങ്കെടുത്തവര്‍: ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി,പ്രസന്നൻ,കൽപക്‌,ജയൻ വാരിയർ, കെ എസ്‌ രാജൻ,ദാമോദരപ്പണിക്കർ,മുതുപറമ്പ്‌ നാരായണൻ,ഡാ.ദാമോദരൻ,കൊ ങ്ങൂർപിള്ളി,പുരുഷോത്തമൻ നായർ,അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ,അയിരിൽ നാരായണൻ

അരിയന്നൂര്‍ അക്ഷരശ്ലോകകലാക്ഷേത്രത്തിന്റെ അക്ഷരശ്ലോകം WhatsApp ഗ്രൂപ്പില്‍ മാര്‍ച്ച് 1 ന്  ഏകാക്ഷര‌ നിശാസദസ്സ് നടന്നു. 


പങ്കെടുത്തവര്‍ : അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ,  കോങ്ങൂർപ്പള്ളി, കാലടി രാജൻ, തൃക്കഴിപ്പുറം രാമൻ, മുതുപറമ്പ്‌ നാരായണൻ,  ദാമോദരപ്പണിക്കർ, ശോഭ രവി നമ്പൂതിരിപ്പാട്, വിവേക്, ദേവി പ്രകാശ്,  നീലകണ്ഠൻ നമ്പൂതിരി, സ്വസ്തി ചന്ദ്രൻ, ഉമാദേവി, ജയശോഭ, . ജയൻ വാര്യർ, രുഗ്മണി വാര്യർ, ഗോകുൽ പി, ശ്രീജ മനോജ്, അനിരുദ്ധ വർമ്മ, ഉഷ, ഹരികൃഷ്ണൻ, അനിൽക്കൃഷ്ണൻ അരിയന്നൂർസംസ്ക്കൃതത്തില്‍ നിന്നൊരു മുത്ത് 82

 

വീടീകരാഗ്രാ വിരഹാതുരാ സാ

ചേടീമവാദീതിഹ ചിത്തജന്മഃ

പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്ര-

മായാതി നായാതി ന യാതി യാതി  

 

വിരഹിണിയായ നായിക, അര്‍ദ്ധരാത്രിയായിട്ടും തന്റെ പ്രാണനാഥന്‍ എത്തിച്ചേരാത്തതു കണ്ട് തകര്‍ന്ന ഹൃദയത്തോടെ തോഴിയോടു പറയുന്ന പരിഭവമാണ്, ഇതിവൃത്തം. ഇത് ഒരു സമസ്യാപൂരണമാണെന്നാണറിവ്. 

വീടീകരാഗ്രാ : വെറ്റിലച്ചുരുള്‍ കൈയ്യില്‍ പിടിച്ച് (ഉറങ്ങുന്നതിനു മുമ്പു മൂന്നും കൂട്ടി മുറുക്കുക എന്നതു പതിവാണ്. കാമോദ്ദീപകമാണ്, വെറ്റില എന്നു പ്രസിദ്ധിയുണ്ടല്ലോ.)

വിരഹാതുരാ സാ : വിരഹാതുരയായ അവള്‍ (നായിക)

ചേടീം  : തോഴിയോടു

അവാദീത് : പറഞ്ഞു

ചിത്തജന്മഃ ആയാതി : കാമദേവന്‍ വരുന്നു

പ്രാണേശ്വരഃ ന ആയാതി : പ്രാണേശ്വരന്‍ വരുന്നില്ല

ജീവിതം ന യാതി : ജീവന്‍ പോകുന്നില്ല (എങ്ങനെയെങ്കിലും ചത്തു പോകുന്നില്ല)

അര്‍ദ്ധരാത്രം യാതി : അര്‍ദ്ധരാത്രി ഇതാ കഴിഞ്ഞു പോകുന്നു. 

advt.

ഭാഷാനാരായണീയം 
 
അര്‍ത്ഥം അറിഞ്ഞു പഠിയ്ക്കുവാനും പഠിപ്പിയ്ക്കുവാനും റെഫറന്‍സിനും ഉതകുന്ന വിധത്തില്‍ നാരായണീയം മൂലവും ലളിതമായ ഭാഷാവൃത്തത്തിലുള്ള പരിഭാഷയും

യവനീ നവനീതകോമളാംഗീ
ശയനീയം യദി നീയതേ കഥഞ്ചില്‍
അവനീതലമേവ സാധു മന്യേ
ന വനീ മാഘവനീ വിനോദഹേതു:

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ വിദ്വത്സദസ്സിലെ കവിയായിരുന്ന ജഗന്നാഥപണ്ഡിതര്‍ ഒരു യവന സുന്ദരിയില്‍ ആകൃഷ്ടനായിരുന്നു . അദ്ദേഹത്തിന്റെ ഒരു ശ്ലോകമാണ് ഇത്.

നവനീത കോമളാംഗീ : വെണ്ണ പോലെ മാര്‍ദ്ദവമുള്ള ശരീരമുള്ള
യവനീ  :   യവനസുന്ദരി
യദി കഥഞ്ചില്‍  ശയനീയം നീയതേ   :എങ്ങനെയെങ്കിലും കിടക്കയിലേക്കു എത്തിക്കപ്പെട്ടാല്‍
അവനീതലമേവ സാധു   മന്യേ:   ഭൂമി തന്നെ ഉത്തമമെന്നു ഞാന്‍ വിചാരിക്കും
ന മഘവനീ വനീ വിനോദഹേതു:   ദേവേന്ദ്രന്റെ ഉദ്യാനമല്ല വിനോദകാരണമാകുന്നത്  

പരിഭാഷകന്‍ അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍


വില : 350 രൂപ‌


പുസ്തകം ലഭിയ്ക്കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍/വാട്ട്സ് ആപ്പ് 

നമ്പര്‍ : 9447129500

advt.

 

പുതിയ കവിതകള്‍

 

മുക്തകങ്ങള്‍
മോഹനന്‍ മൂലയില്‍
തീയാളുന്നു,ധരയ്ക്കു ജീവകണികാബന്ധങ്ങൾ വിച്ഛിന്നമായ്-
ത്തീരുന്നൂ,ഗഗനാന്തഗംഗയിലുയിർക്കൊണ്ടാവു നീർക്കൊണ്ടലേ 
ഹാ!നാടും നഗരങ്ങളും കതിരണിപ്പാടങ്ങളും ചാരമായ്-
മാറുംമു, മ്പനവദ്യതീർത്ഥമധുരം പെയ്താവു ജാതാദരം!
മീനത്തീക്കനലിൽപ്പൊരിഞ്ഞതൊടിയുംതോട്ടങ്ങളും താഴ്വര-
ക്കാവും പൂത്തുതളിർക്കുവാ,നമൃതിനായ് പ്രാർത്ഥിച്ചു ഞാൻ നിൽക്കവേ
ചാര,ത്താരിവൾ?മിന്നലോട്ടുവളയിട്ടോമൽക്കരിങ്കൂന്തലാൽ-
പ്പാതിപ്പൂവുടൽമൂടിവന്നു വിരവിൽ ത്തൂകുന്നു പൂന്തേന്മഴ...?
തുമ്പിക്കൈയ്യുമുയർത്തിയംബരമതിൽക്കെട്ടിന്നകത്തായ് മുകിൽ-
ക്കൊമ്പൻ ഹാ!തലയാട്ടിടുന്നു മഴവിൽക്കോലംകുലുങ്ങുംവിധം
വിണ്മന്ദാകിനി തൻ കരങ്ങൾ പനിനീരിറ്റുന്നുചിത്ക്കാമ്പി,ലെൻ-
മിന്നൽപ്പൊന്നരഞാണമൂർന്നകവിതേ,നിന്നെപ്പുണർന്നാവു ഞാൻ!
വനിതാ ദിനം
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
വാത്സല്യം ചൊരിയുന്നൊരാ ജനനിയും, 
പ്രേമം പകര്‍ന്നീടുമീ
പ്രാണപ്രേയസിയും, പ്രസന്നഹസിതം 
തൂകുന്നൊരെന്‍ പുത്രിയും
സ്നേഹശ്രീമധുസാന്ത്വനങ്ങളരുളും 
കൂട‌പ്പിറപ്പും, മന-
സ്സിന്നൊപ്പം നടകൊണ്ടമിത്രവുമഹോ! 
സ്ത്രീജന്മമേ കൂപ്പുകൈ!
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട:-
തൃക്കഴിപ്പുറം രാമന്‍
പോയവര്ഷമിഹ കേരളത്തിലതിഭീതിദം പ്രളയബാധയു
ണ്ടായി,യിക്കുറി വരൾച്ച വന്നുപെടുമെന്നു സൂചനകളുണ്ടുപോൽ;
ആയതിൽച്ചിലതു ചുടുകൂടലഥ തീപ്പിടുത്തമിവയത്രെ,നാം
ന്യായമായുമധികം ജലംകളയലായപോലെയൊഴിവാക്കണം.
സമൂഹനീതി
മോഹനന്‍ കാരണത്ത്
സമൂഹനീതിയ്ക്കിടമാമിടത്തിൽ~
പ്പടർന്ന തീ എന്തു പറഞ്ഞിടുന്നൂ?
അലഭ്യമാം നീതി സമൂഹമേ ! നിൻ
കിനാവു ചാരംപടിയാകുമിപ്പോൾ
(സമൂഹനീതിമന്ത്രാലയത്തിൽ അഗ്നിബാധ)
ഗാനമാണുകലതൻ കിരീടം.
പി എന്‍ വിജയന്‍
ചിത്രമാണുവരമെന്നുകണ്ടതുപഠിപ്പതിന്നുമുനചെത്തവേ
കാവ്യമാണതിലുമേറെനല്ലകലയെന്നുതോന്നി,മഷിയേറ്റവേ
കാവ്യമല്ലകഥയാണുവര്യമതിലായ്ത്തുടർന്നുളിനടത്തവേ
ഗാനമാണുകലതൻകിരീട,മറിയുന്നിതിന്നിവനുവൈകിയോ?
മോഹം
അനിരുദ്ധ വര്‍മ്മ‌
പുലിപ്പാലിനായന്നു കാടിന്നക-
ത്തലഞ്ഞോരു ദേവാ നമിച്ചീടുവേന്‍
നിലയ്ക്കാത്ത ശോകപ്രവാഹത്തിലായ്
വലഞ്ഞീടുമെന്നില്‍ക്കനിഞ്ഞീടണേ
തിരക്കേറെയായ് സന്നിധാനത്തിലും
നിരന്നൂ വരിക്കുള്ളിലായ് ഭക്തരും
പുരാരീസുതാ ത്വല്‍പ്പദാബ്ജങ്ങളില്‍
വരാനേറെ മോഹം ഹൃദന്തത്തിലും
വരാം, പമ്പയില്‍ മുങ്ങി നീരാടി ഞാന്‍
വണങ്ങാം മുദാ വിഘ്നരാജന്‍ പദം
ജപിക്കാം സദാ സ്വാമിനാമങ്ങളും
നമിക്കാം പ്രഭോ സന്നിധാനത്തിലും
 

 

സുഖിച്ചിരിക്കുന്നു ഞാന്‍
യു എസ് നാരായണന്‍
രുചിരകാഞ്ചനക്കൂട്ടിലെൻ നാവിനെ
ത്തടവിലാക്കി സ്സുഖിച്ചിരിയ്ക്കുന്നു ഞാൻ
പകലൊടുക്കമാ രാവരങ്ങിൽ ക്കുറേ
കരിനിണങ്ങൾ തിമിർത്താടിനിൽക്കവേ
വഴിയിലൂടേ നടന്നുപോകുന്നൊരാൾ
ഇരുളിടങ്ങളിൽചോരചിന്തുമ്പൊഴും
ജനനമേ കൊടും പാപമെന്നെണ്ണുന്ന
നരകജീവികൾ ചത്തൊടുങ്ങുമ്പൊഴും
ഉദരഗർഭശയ്യാലംബമാകുമാ
രുധിരപിണ്ഡം തുളച്ചെടുക്കുമ്പൊഴും
ജനനമെത്തുന്നതിന്നു മുമ്പേ കൊടും
മരണമെത്തി ക്കടിച്ചു കീറുമ്പൊഴും
കനവിലേതോ വിഷാദമേഘംചിന്നി
മലയൊലിപ്പിച്ചമർന്നടങ്ങുമ്പൊഴും
ഉയിരുപോകുന്ന വേദന കാഴ്ചതൻ
വഴിയിലൂടേ തലച്ചോറുതീണ്ടവേ!
വെറുതെ നിസ്സംഗനായിരിയ്ക്കുന്നതും
പൊറുതികിട്ടാത്ത തെറ്റെന്നറിഞ്ഞുമീ
രുചിരകാഞ്ചനക്കൂട്ടിലെൻ നാവിനെ
ത്തടവിലാക്കി സ്സുഖിച്ചിരിയ്ക്കുന്നു ഞാൻ
കാണ്മാനില്ല
കുട്ടന്‍ ഗോപുരത്തിങ്കല്‍
ക൪ണ്ണികാരങ്ങളെ
നിങ്ങളറിഞ്ഞോ യെൻ
കണ്ണിനുകണ്ണായ
പെൺമണി പോയത് ?
പഞ്ചമം പാടുന്ന 
പൂം കുയിലേ കിളി-
ക്കൊഞ്ചലുതിർക്കുമെൻ
ദേവിയെ കണ്ടുവോ?
കാട്ടുചോലേ നിങ്ങൾ
കേട്ടുവോ യെൻ പ്രിയ
പാട്ടുകാരി മെല്ലെ
മൂളുന്ന നിസ്വനം ?
അംബിളീ! ചൊല്ലുക
കണ്ടുവോ നിൻ മുഖ
ബിംബത്തെ വെല്ലുന്നൊ-
ന്നൊരാരോമലാളിനെ ?
വിണ്ണിലെയേകാന്ത
താരേ യറിഞ്ഞുവോ
കൺമണിയാളെന്നെ
യിങ്ങുപേക്ഷിച്ചത്?
നിങ്ങളാരെങ്കിലും
കണ്ടുവെന്നാകില
തിങ്ങോട്ടുവന്നെന്റെ
കാതിലോതീടുമോ?
അവൾ .....
ജീന സോണി
1
മാതൃഭാവത്തെ ചുട്ടെരിക്കുന്നവർക്ക്,
പെൺകരുത്തിനെ,ഇനിയും
തിരിച്ചറിയാൻ പറ്റാതെ പോവുന്നത്
അടിച്ചമർത്തപ്പെടലുകളെ തകർത്തെറിയാൻ
അവൾ ഇനിയും വൈകുന്നതുകൊണ്ടാണ്...
2
നോവുകൾ ശീലമാക്കിയവർ
പ്രതികാരത്തിനു വേണ്ടി ദാഹിക്കുമ്പോഴാണ്
അടിയൊഴുക്കുകളിൽ അടിപതറാത്തവർ
അഗ്നിചിറകുള്ളവരെ ഭയപ്പെടുന്നത്....
3
ചില ഉയിർത്തെഴുന്നേല്ക്കലുകൾ,
വെളിപ്പെടുത്തലുകളേക്കാൾ,
ശക്തമാവുന്നത്
അധികാരത്തിന്റെ കഴുകൻ കണ്ണുകളുടെ മേൽ
അവർ, വിജയം നേടാൻ കൊതിക്കുമ്പോഴാണ്
4
തിരുത്തപ്പെടേണ്ട കല്പനകളുമായി
തെറ്റായ നിഗമനങ്ങൾ വാദിക്കുന്നു
എങ്കിലും,ഇന്നിന്റെ വീഴ്ചകളിൽ നിന്നും
നാളെയുടെ ഉയർച്ചകളിലേക്ക്
അവൾ, കുതിച്ചുയരുന്നതും കാത്താണ്
കാലം ഇപ്പോഴും കാത്തിരിപ്പു തുടരുന്നത്
♥♥♥

 

കവിസദസ്സ്

 

കവികളുടെ അക്ഷരശ്ലോകസദസ്സാണ്, ഇത്. അപ്രകാശിതങ്ങളായ സ്വരചിതശ്ലോകങ്ങള്‍ മാത്രം അനുവദനീയമായ ഇങ്ങനെ ഒരു സദസ്സു സൈറ്റില്‍ നടക്കുന്നു. കഴിഞ്ഞ ലക്കങ്ങളില്‍ സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീഡിതം ,മന്ദാക്രാന്ത, മാലിനി, വസന്തതിലകം , രഥോദ്ധത, ദ്രുതവിളംബിതം, പുഷ്പിതാഗ്ര, മഞ്ജുഭാഷിണി, വസന്തമാലിക, വിയോഗിനി, ഭുജംഗപ്രയാതം, ശാലിനി, വംശസ്ഥം, ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര/ഉപജാതി, സമ്മത, അപരവക്ത്രം, പ്രഹര്‍ഷിണി, സ്രഗ്വിണി, സ്വാഗത, തോടകം, പഞ്ചചാമരം, ശിഖരിണി, പൃത്ഥ്വി,ശങ്കരചരിതം, ഹരിണി, മല്ലിക, കുസുമമഞ്ജരി, മത്തേഭം,ശംഭുനടനം എന്നീ വൃത്തങ്ങള്‍ അഞ്ചു റൌണ്ടു വീതം പൂര്‍ത്തിയായി.

അടുത്ത അഞ്ചു റൌണ്ടു ' ശ‍ംഭുനടനം ' വൃത്തം സ്വീകരിക്കാമെന്നു നിര്‍ദ്ദേശിക്കുന്നു.

സ്രഗ്ദ്ധര‌ വൃത്തം രണ്ടാമതും ആരംഭിക്കുന്നു.. സൈറ്റില്‍ സദസ്സു ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 


പങ്കെടുക്കുന്ന കവികള്‍  1.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ ,2.കൈതയ്ക്കല്‍ ജാതവേദന്‍, 3.രാമന്‍ നമ്പീശന്‍ കേശവത്ത്, 4.ശ്രീലകം വേണുഗോപാല്‍,5.വാരിയത്ത് കുട്ടി,6.അനിരുദ്ധ വര്‍മ്മ,  7.ജോയ് വാഴയില്‍, 8.ശ്രീജ പ്രശാന്ത്, 9.മധുരാജ് പി സി, 10.നാമംഗലം മാധവന്‍, 11.ആത്രശ്ശേരിശ്രീദാസന്‍, 12.ജയകൃഷ്ണന്‍, 13.ഹരിദാസ് മംഗലപ്പള്ളി, 14.ദാമോദരപ്പണിക്കര്‍ , 15.സുബ്രഹ്മണ്യന്‍ കുറ്റിക്കോള്‍, 16.രാജേഷ് വര്‍മ്മ, 17.പി എന്‍ വിജയന്‍, 18.ഗീത വാസുദേവന്‍, 19.തൃക്കഴിപ്പുറം രാമന്‍, 20.സന്തോഷ് വര്‍മ്മ, 21അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍ 

 

2182
നീരം വറ്റിക്കിടക്കുന്നൊരു പുഴ, കരിമേ-
ഘാളി തന്നുള്ളിലേയ്ക്കാ
സൂരന്‍ പാരം ഗമിച്ചുള്ളൊരു ദിവസ,മമാ-
വാസി രാവെന്നുമല്ല‌
സൌരഭ്യം ചേര്‍ന്നിടാതുള്ളൊരു കുസുമ,മല-
ങ്കോലമായാളൊഴിഞ്ഞാ
പൂരപ്പിറ്റേന്നു കാണായൊരു നട, വിരഹി-
യ്ക്കുള്ള‌ ജന്മം തഥൈവ‌
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 
2183
സംഘര്‍ഷം ബാലലീലോത്സവഭുവി
മുളയിട്ടീടുവാനാഗമിക്കും
മങ്കത്തയ്യന്യജാതം കൃതികളെവിരുതില്‍
സ്വന്തമാക്കും മിടുക്കും,
ശങ്കാഹീനം നടിക്കും കപടവിനയവും,
മുഷ്കുദിപ്പിച്ച ഹുങ്കും
തങ്കും ഭാവത്തിലലാരാധകരുടെ നിരയെ-
സ്സംഭരിക്കും ഭരിക്കും
രാമന്‍ നമ്പീശന്‍ കേശവത്ത്
2184
ശാസ്താവേ, നിന്റെ മുന്നിൽ ശരണവിളിയുമായെത്തിടുമ്പോൾ മനസ്സിൽ
സ്വാസ്ഥ്യംതാനേ വരുന്നൂ, സകലദുരിതവും മാഞ്ഞുമാറുന്നു പൂർണ്ണം
ഹസ്തം ഞാനിത്തരത്തിൽ തവ തിരുനടയിൽ കൂപ്പിയിന്നൊന്നു ചൊല്ലാം
ഈ സ്ഥാനംതന്നെ മർത്ത്യന്നഴലുകളൊഴിയാനുത്തമം,നിസ്തുലം,ഹാ!
ശ്രീലകം വേണുഗോപാല്‍
2185
ഹേ ദേവീ വാണിമാതേ, സകലമുനികളും വാഴ്ത്തിടും മഞ്ജുളാംഗീ
നിത്യം ഞാൻ നിൻനടയ്ക്കൽച്ചെറിയൊരു തുളസീഹാരമായ് വന്നു നിൽക്കേ
എന്നും മാറ്റിത്തരേണം മനസി നിറയുമാ നോവുമെൻ കണ്ണുനീരും
നന്നായ് വന്ദിച്ചിടുന്നേൻ, കഴലിണ സതതം, നൽകണേ മോക്ഷമാർഗ്ഗം
ഋഷി കപ്ലിങ്ങാട്
2186
എന്നോമൽക്കണ്ണനുണ്ണീ കരയുവതിതുപോൽ എന്തിനാണമ്മയേകാ-
മമ്മിഞ്ഞപ്പാൽ, നിനക്കായ് ഇനിയൊരു ചെറുതാം പാട്ടു ഞാനൊന്നു പാടാം..
കണ്ണൽ‌പ്പം പൂട്ടിയൊന്നാ കനവുകൾ നിറയും വർണ്ണലോകത്തു ചെന്നാ-
ലയ്യയ്യാ നീ ചിരിയ്ക്കും, വളരുക തുണയായ് അമ്മയെപ്പോഴുമുണ്ടേ.
ജ്യോതിര്‍മയി ശങ്കരന്‍
2187
കൂലം തല്ലിത്തകര്‍ക്കുംതിരയുടെവടിവില്‍
പൊങ്ങിവന്നെത്തിടുന്നൂ
കാലക്കേടിന്‍റെ കോടാലികളവചെറുതും
നേരിടാനാവതില്ല;
ലീലാഗോപാല! നീയിക്കളികളിലമര-
ത്തെന്നുകേള്‍ക്കുന്നുവല്ലോ
ചാലേ വന്നൊന്നുതാങ്ങീടണമതിനു
കൃപാകന്ദമേ വന്ദനം തേ!
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
2188
ലോകം ഞെട്ടുന്ന ഭീമപ്രളയമിവിടെയി
ക്കേരളത്തിങ്കലുണ്ടായ്;
ആ കഷ്ടപ്പാടിലാപ്പെട്ടതിപരവശരാം
നാട്ടുകാരെത്തുണക്കാൻ
പോകുന്നോരെക്കുടുക്കുംപടിമതിലുകളൊ
ട്ടെങ്ങുമേ നിന്നകാര്യം
ചാകുമ്പോളും സ്മരിക്കാനൊരുവഴി വനിതാ
വൻമതിൽക്കെട്ടുതീർക്കൽ.
തൃക്കഴിപ്പുറം രാമന്‍
2189
പാലെല്ലാമാര്‍ക്കു വേണം ? സകലവിധരസം ചേര്‍ത്ത "നീരാ" വരുമ്പോള്‍ !
ശീലം മാറ്റീ ജനങ്ങള്‍, പുതിയപലതരം 'കോള' യാണിന്നു പേയം,
പാലില്‍ പാല്‍പ്പാട മാറ്റാം, പൊടികളുമൊരുപാ ടിട്ടു നന്നായ് ക്കലക്കാം
ചേലായ് പാക്കറ്റിലാക്കാം, പൊതുജനകഴുത ക്കൂട്ടമെല്ലാം വിഴുങ്ങും
അനിരുദ്ധ വര്‍മ്മ‌
2190
പാരാതീതം വിളങ്ങും ഗഗനകളിയര-
ങ്ങത്തു വേഷംധരിച്ചി-
ട്ടാരാലാടുന്നിതാരോ കഥകളി, രസനി-
ഷ്യന്ദിയാം ഭാവഭംഗ്യാ.
ഘോരാരാവം, കൊടുംചഞ്ചല,- വരുവതു ദു-
ശ്ശാസനൻ; കൃഷ്ണയോ, ക-
ണ്ണീരാർന്നെത്തുന്നു; കൃഷ്ണൻ വസനമരുളവേ,
മാരിവിൽ ചാർത്തിടുന്നൂ
ജോയ് വാഴയില്‍
2191
പാരാതീതം വിളങ്ങും ഗഗനകളിയര-
ങ്ങത്തു വേഷംധരിച്ചി-
ട്ടാരാലാടുന്നിതാരോ കഥകളി, രസനി-
ഷ്യന്ദിയാം ഭാവഭംഗ്യാ.
ഘോരാരാവം, കൊടുംചഞ്ചല,- വരുവതു ദു-
ശ്ശാസനൻ; കൃഷ്ണയോ, ക-
ണ്ണീരാർന്നെത്തുന്നു; കൃഷ്ണൻ വസനമരുളവേ,
മാരിവിൽ ചാർത്തിടുന്നൂ
ശ്രീജ പ്രശാന്ത്
2192
നേരേ ചൊവ്വേ ജയിക്കാനൊരുവനു കൊതിയുണ്ടക്ഷരശ്ലോകമാകും
പോരാട്ടത്തിങ്കലെന്നാലവനറുതി വരേയ്ക്കച്ചു മൂളാവതല്ല.
അച്ചാദ്യം മൂളിയിട്ടും ചിലരൊടുവില്‍ ജയിക്കുന്നൊരീക്കുത്സിതത്വം
തുച്ഛന്മാര്‍ തത്വമോരാത്തവര്‍ നിജ ദുരയാല്‍ കാട്ടിടും ഗോഷ്ഠിയത്രേ
ഡോ രാജന്‍
2193
ആനന്ദാംഭോധിതീരം പുണരുക മനമേ!
കാവലാം രാഗമേഘം
മാനത്താലോലമാടും ദിനമതിലുണരും
ഹർഷ വർഷങ്ങൾ നിന്നിൽ !
ഞാനാം ഭാവപ്രപഞ്ചം പല പുലരികളായ്
മാഞ്ഞു പോകുമ്പൊൾ നീയാം
ഗാനം സന്ധ്യയ്ക്കു നിത്യം ജപമലരൊളിയായ്
മോക്ഷമായ്ത്തീരുമെന്നിൽ !
ആത്രശ്ശേരിശ്രീദാസന്‍
2194
ഞട്ടീല്യാധർമ്മശാസ്താ,യുവതികൾ സവിധേ
ച്ചെന്നതിന്നെങ്കിലും,ഹാ!
ഞട്ടിപ്പോയ്നേതൃമാന്യപ്രഭൃതികളൊരുപോൽ
ത്തന്ത്രി,മേശാന്തിമാരും;
കോർട്ടിൻതീർപ്പെന്തുമാട്ടേഹരിഹരസുതനെ-
പ്പെൺകൾകാണേണ്ടതില്ലെ-
ന്നൊറ്റക്കെട്ടായെതിർക്കും,ശബരിമലവഴി-
ക്കെത്തി വീണ്ടും ഭരിക്കും
ദാമോദരപ്പണിക്കര്‍ 
2195
കായാമ്പൂ ഗന്ധമോലും പവനനു തഴുകാ
നെന്നുമീ പൂനിലാവിൽ
കാത്തുംകൊണ്ടങ്ങിരിക്കും കടമിഴിയിണയെ
ക്കാണുവാൻമാത്രമായീ
കായാമ്പൂതൈലമെന്നും തനുവിലധികമായ്
തേച്ചു ഗന്ധംവരുത്തി -
ക്കൈതോലക്കാടിനുള്ളിൽ കയറിമരുവുമീ
കാമുകൻ, നീയറിഞ്ഞോ?
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
2196
കൊല്ലാൻപോലും മടിക്കാതകരുണഹൃദയ-
ന്മാർ കൊടുംകാടിനുള്ളിൽ
മല്ലന്മാർ കാവൽനിൽക്കും മലയുടെ മുകളിൽ-
ച്ചെന്നു ദേവാലയത്തിൽ
തെല്ലും കൂസാതെ കൂപ്പിത്തൊഴുത പുകളെഴും
തന്വിമാർ തൻ ചരിത്രം
ചൊല്ലിക്കേൾക്കുമ്പൊഴാർക്കും ഹൃദയമുരുകിടും
കല്ലുകൊണ്ടല്ലയെങ്കിൽ
രാജേഷ് ആർ. വർമ്മ
2197
തെറ്റാർക്കീ,നാട്ടുകാർതൻഭരണമതവർത
ന്നർഹതയ്ക്കൊത്തുകിട്ടു -
ന്നേറ്റാനുംപോറ്റിടാനുംതരമതിനവരേ
യേറ്റെടുത്തുള്ളതല്ലോ;
കുറ്റംസർക്കാരിനല്ലെന്നറിയുക,മുഴുവൻ
കുറ്റവുംനാട്ടുകാർക്കാ-
ണേറ്റംമോഹത്തൊടേറ്റാനവരുടെവിരലേ
തെറ്റുചെയ്യുന്നുവോ ട്ടായ്.
പി എന്‍ വിജയന്‍
2198
കായാമ്പൂ വര്‍ണ്ണനായ്ക്കൊണ്ടുറിയില്‍ ദധിയൊരു
ക്കീട്ടു മെല്ലേ യശോദാ
പോയാള്‍ സ്നാനത്തി,നപ്പോ ളുരുതരവികൃതി
ത്തത്തൊടും വാരിജാക്ഷന്‍
ആയാസപ്പെട്ടെടുക്കാന്‍ തുനിയു മളവിലായ്
ത്തൂങ്ങിയാടുന്നതോര്‍ത്താല്‍
മായാ ഗോപാലബാലാ,തവകളികളഹോ!
ചിത്ര ,മേറ്റം വിചിത്രം!
ഗീത വാസുദേവന്‍
2199
അയ്യപ്പൻ തന്റെ പാദം ശരണമിനിയെനി-
ക്കെന്നു ചിന്തിച്ചു ഭക്ത്യാ
മെയ്യും കയ്യും മനസ്സും വ്രതശുചിനിറയെ-
ക്കർമ്മവീര്യം പകർന്നും
നെയ്യോലും നാളികേരം, തലയിലിരുമുടി-
ക്കെട്ടിലായ് പുണ്യപാപം
തെയ്യാറാക്കിക്കരേറാം കരിമല, മഹിഷീ-
മർദ്ദനൻ രക്ഷണം മേ
സന്തോഷ് വര്‍മ്മ‌
2200
നീങ്ങുന്നൂ ശ്യാമമേഘം, തെളിമവിതറുമീ
വാനവീഥിയ്ക്കുമേലാ
യെങ്ങോ വീണ്ടും വിരിഞ്ഞൂ, നിറമെഴുമഴകാം
മാരിവിൽ, ചന്തമോടേ!
മങ്ങുന്നൂ പക്ഷെയിന്നും, കനവുകളകലും
ഹൃത്തിനാകാശമാകേ
തേങ്ങുന്നൂ, വർഷപാതം മിഴികളിലിനിയും
പെയ്തു നിൽക്കുന്നു മൂകം
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍

♥♥♥ 

സമസ്യ 

(സൈറ്റില്‍ കൊടുക്കുന്ന സമസ്യകളും പൂരണങ്ങളും )

 

സമസ്യ നമ്പർ 303
......അതുലഭാഗ്യവാനാകുവാൻ
സമസ്യാകാരൻ : അത്തിപ്പറ്റ രവി
വൃത്തം : പൃത്ഥ്വി
1
കരങ്ങളവതന്നിലായ് വിവിധ ശസ്ത്രമേ ന്തുന്നവൾ
ഹരന്നുടെശരീരമോ പകുതിവാങ്ങി വച്ചുള്ളവൾ
വിരിഞ്ഞ ചൊടി തന്നിൽനി ന്നൊഴുകിടുന്ന തേൻ തുള്ളികൾ
ഒരിറ്റടിയനേകണേ “യതുലഭാഗ്യവാനാകുവാൻ.”
കുട്ടന്‍ ഗോപുരത്തിങ്കല്‍
2
ഒരുത്തിയെ വരിച്ചിടാതിഹ നരന്നു ജീവിക്കുവാന്‍
പെരുത്തു പണിയാകയാലൊരുവള്‍ ഭാര്യയായ് വേണ്ടതാം
ശരിക്കു വധുവിന്നു സല്‍ഗുണമനേകമുണ്ടാകണം
വരന്‍ സകലവന്ദ്യനാമതുലഭാഗ്യവാനാകുവാന്‍.
ഡോ രാജന്‍
3
നിറന്നു വിലസുന്നിതാ കുറികളിങ്ങുസര്‍ക്കാരുതാ-
നിറക്കിയവ, നല്ല പേര്‍ പലതുമുണ്ടവയ്ക്കോര്‍ക്കുവാന്‍,
കുറച്ചു കുറി വാങ്ങണം പ്രിയനു കാമ്യമാം മാര്‍ഗ്ഗമെ-
ന്നുറച്ചു, വഴിപോലെയിങ്ങതുലഭാഗ്യവാനാകുവാന്‍
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
4
കടക്കെണി വരാതെകണ്ടധികധൂർത്തു കാട്ടാനെനി-
ക്കിടക്കിടെ ലഭിക്കണം വലിയ സംഖ്യതൻ ലോട്ടറി;
കൊടുക്കുകയുമില്ല വൻ വില നറുക്കിനായ്,റോട്ടിൽനി-
ന്നടിക്കണമതൊട്ടു,ഞാനതുലഭാഗ്യവാനാകുവാൻ.
തൃക്കഴിപ്പുറം രാമന്‍
5
ജനിച്ചനിമിഷം മുതൽക്കുലകിനദ്ഭുതക്കാഴ്ചയൊ-
ത്തനിദ്ര ബത! കംസനങ്ങരുളിയോരു നന്ദാത്മജ!
എനിയ്ക്കു കൊതിയുണ്ടു നിൻ മുരളികാസ്വരച്ചാർത്തുത-
ന്നിനിപ്പൊരുദിനം രുചിച്ചതുലഭാഗ്യവാനാകുവാൻ!
അത്തിപ്പറ്റ രവി 

 

 

 

കാവ്യകേളി


(ഭാഷാവൃത്തകവിസദസ്സ് )

ഭാഷാവൃത്തത്തിലുള്ള സ്വരചിതങ്ങളായ കവിതാഖണ്ഡങ്ങള്‍ കവികള്‍ കാവ്യകേളിയുടെ നിയമമനുസരിച്ചു പോസ്റ്റു ചെയ്യുന്ന സദസ്സാണ് ഇത്. ഇതില്‍ പങ്കെടുക്കുന്ന ഏഴു കവികള്‍ ഈ ക്രമത്തിലാണ്, ഇരിക്കുന്നത്:

1.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ , 2..രാമന്‍ നമ്പീശന്‍ കേശവത്ത്, 3. ശ്രീലകം വേണുഗോപാല്‍, 4.അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍ ,  5.  ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം 6. തൃക്കഴിപ്പുറം രാമ‍ന്‍ 7. സന്തോഷ് വര്‍മ്മ

ഈ സദസ്സ് 01-01-2013 നു ആരംഭിച്ചു

 

863
മാനമേറി നീ പോയതെങ്ങേതേതു
മൌനലോകങ്ങള്‍ തേടിയാണോമനേ
കാണുവാനെനിയ്ക്കാവാത്ത ദൂരത്തു
കണ്ടു കൈക്കൊട്ടി നിന്നു ചിരിയ്ക്കയോ
കണ്ണു പൊത്തിക്കളിയ്ക്കയോ നാളുക‌
ളെണ്ണിടുന്നു ഞാ,നെണ്ണിക്കഴികിലോ
ഏതു പാതാളലോകത്തൊളിച്ചാലും
ഹാ! തിരഞ്ഞു ഞാനെത്തിടുമന്തികേ
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
864
കാല്‍വിരലുകളൂന്നിക്കുതിക്കുന്നൂ
വാനിലേക്കൊരു ഹംസം തടാകത്തില്‍
വന്യഭൂമിയില്‍ നൃത്തമാടീടുന്ന
സുന്ദരിയൊരു ബാലേനടി പോലെ
കീര്‍ത്തി കേട്ടതാം ‘ഹംസസരസ്സി’ ലെ
നര്‍ത്തനങ്ങള്‍ തന്‍ ചാതുര്യഭാവങ്ങള്‍
പേര്‍ത്തുമോര്‍ത്തു മനോഹരമാം ദ്രുത-
കാകളിയില്‍ പകര്‍ത്തുന്നതെന്നു ഞാന്
രാമന്‍ നമ്പീശന്‍ കേശവത്ത്
865
കൊട്ടാരത്തിലെ വൈദ്യന്‍ വന്നു
പ്രതിവിധി പലതും നിര്‍ദ്ദേശിച്ചു
ഈറ്റപ്പുലിയുടെ പാലുകറന്നി-
ട്ടതിനാലൌഷധമുണ്ടാക്കേണം
അതു സേവിച്ചാല്‍ ശാന്തി ലഭിക്കും
അതിനാല്‍ റാണിയെ രക്ഷിച്ചീടാം.
മറ്റൊരു പ്രതിവിധിയീരോഗത്തി-
ന്നില്ലായെന്നതുമോര്‍ക്കണമെവരും.
ശ്രീലകം വേണുഗോപാല്‍
866
അകലെയാ വിണ്ണിലെ താരങ്ങളില്‍, വര്‍ഷ‌-
മുകിലുകള്‍ക്കുള്ളിലെ നീര്‍ത്തുള്ളിയില്‍
മഴവില്ലിലുതിരുന്ന വര്‍ണ്ണങ്ങളില്‍, ന‌-
ല്ലഴകാര്‍ന്ന ശാരദാകാശമേട്ടില്‍
പനിമതിപ്പകരുന്ന പൂനിലാവില്‍, പൊന്‍-
കനവേകും മിന്നലിന്‍ ജ്വാലകളില്‍
തിരയുന്നു കൊതിയോടെ, കവിതാംഗനേ!
ചിരിതൂകി നീ വരും കാഴ്ചകാണാന്‍
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
867
പട്ടുപോലെത്തിളങ്ങിയതാം മനം
പട്ടുപോകുവാനെന്തഹോ കാരണം
കെട്ടിയ നൂല്‍ തകര്‍ന്നതു മൂലമോ
പട്ടമെന്നപോല്‍ ലക്ഷ്യം പിഴയ്ക്കുവാന്‍,
ബന്ധശൈഥില്യമേതുമനസ്സിന്നു -
മാന്ധ്യമേറ്റുമെന്നുള്ളതു സത്യമാം
മാന്ദ്യമറ്റൊരു സ്നേഹത്തഴപ്പിലേ
കാന്തിയേന്തൂമനുഷ്യഹൃദ്വാടിക!
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
868
ബാലികേറാമലയായൊരുദിക്കുമ
പ്പോലീസ്സിന്നുണ്ടാകാൻ വയ്യ നാട്ടിൽ,;
നേരും നെറിയും വിടാതെ ഭരിക്കുവോ
രാരാലറിയേണ്ടതാണിക്കാര്യം.
നട്ടെല്ലു തെല്ലും വളക്കാതെയേതൊരു
പാർട്ടിയോഫീസ്സിലും റെയ്ഡുചെയ്യാൻ
ഒട്ടും പരുങ്ങാത്തപ്പോലീസ്സിൽത്തന്നെയാം
നാട്ടുകാർക്കൊക്കെയും സുപ്രതീക്ഷ.
തൃക്കഴിപ്പുറം രാമന്‍
869
നാട്ടുകാരറിയാതെ പാതിരാത്രിയില്‍ത്തനി-
ക്കാട്ടാളരേപ്പോല്‍ മലകേറിയൊരാനാരിമാര്‍
കൂട്ടവും കുരുതിയും തീര്‍ത്തു നാടൊട്ടു, ക്കെന്തു
നേട്ടമുണ്ടായീ?സ്വര്‍ഗ്ഗരാജ്യവും കൈവന്നുവോ?
കോട്ടം കൂടാതേ ജനവിശ്വാസം രക്ഷിപ്പാനാ-
യോട്ടുനല്‍കിയിട്ടുനാമയച്ച നേതാക്കന്മാര്‍
ചാട്ടയും ചട്ടങ്ങളും കൊണ്ടു ഭക്ത്യാചാരത്തിന്‍
തട്ടകം തകര്‍ക്കവേ , ഹൃത്തടം നടുങ്ങുന്നൂ
ഗീത വാസുദേവന്‍
870
കാറ്റിലാടുന്ന പൂമരം കണ്ടുഞാ-
നാറ്റിലന്നു തുടിച്ചുകുളിച്ചതും
വന്നുപോയേറെയോണമെന്നുള്ളിലായ്
കൊന്നപൂത്തുലഞ്ഞേകീ വിഷുക്കണി
ബാല്യമെന്നോ കൊഴിഞ്ഞുവെന്നാകിലും
കാലമേറെക്കഴിഞ്ഞുപോയെങ്കിലും
വാട്ടമില്ലാത്തപൂക്കളാമോർമ്മകൾ
തീർക്കുമെന്നുള്ളിലെന്നുമീപ്പൂമഴ !!
രാധാദേവി
871
ബാഹ്യമായുള്ളൊരു മോടികളൊക്കെയും 
ബാക്കിയായീടുമോ ജീവിതാന്ത്യത്തിലും 
ഭാഗ്യമെന്നാകിലും കാലക്കേടാകിലും 
ഭാരിച്ച കർമ്മഭാണ്ഡങ്ങളും പേറണം 
ദേഹത്തേ വിട്ടു മറ്റൊന്നിനെ തേടുമ്പോൾ 
മോഹവും കൂടല്ലോ കൊണ്ടുപോകുന്നതും 
ആശതൻ പാശത്താൽ ബന്ധിതമാകയാൽ 
വേഷമേതാകിലും കെട്ടിയാടുന്നു നാം
സന്തോഷ് വര്‍മ്മ‌

 

 

 

www.aksharaslokam.com

 

സൈറ്റില്‍ അംഗമാകാന്‍  ഇപ്പോള്‍ തന്നെ റജിസ്റ്റര്‍   ചെയ്യുക.(ഹോം പേജില്‍

റജിസ്റ്റെര്‍ ഇന്‍ ക്ലിക്കു ചെയ്തു കോളങ്ങള്‍ പൂരിപ്പിക്കുക)

 

സൈറ്റില്‍ ലഭ്യമായ പുസ്തകങ്ങള്‍ 

 

 
1.സഹസ്രദളം :


ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

അഷ്ടപ്രാസം ,യമകവിദ്യ, ഗോഹത്യയും ബ്രഹ്മഹത്യയും എന്ന മണി
പ്രവാള ഖണ്ഡകാവ്യം ,കറുത്ത ചേകവന്‍ എന്ന പച്ചമലയാളം കാവ്യം,
രസരാജന്‍, കുറിമാനം (എഴുത്തുകുത്തുകള്‍ , ആശംസകള്‍ , ചരമശ്ലോക
ങ്ങള്‍), അക്ഷരശ്ലോകമാഹാത്മ്യം (നൂറു പൂക്കള്‍, അംബോപദേശം) , തിരു
ശേഷിപ്പ് എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങളിലായി ആയിരത്തിലധികം 
ശ്ലോകങ്ങള്‍ അടങ്ങുന്ന കൃതി. 2000ത്തില്‍ കൂനംമൂച്ചി അക്ഷരശ്ലോകവേദി 
പ്രസിദ്ധീകരിച്ചു.


2.അരിയന്നൂര്‍ :


അരിയന്നൂര്‍ ഗ്രാമത്തിന്റെ സാംസ്ക്കാരിക ചരിത്രം . ക്ഷേത്രത്തെക്കുറി
ച്ചുള്ള വിശദവിവരങ്ങള്‍ . ആധുനിക കാലഘട്ടത്തിലെ സം ഭവങ്ങളുടെ 
വിവരണം . കൂടാതെ നൂറോളം സരസശ്ലോകങ്ങള്‍ editor അരിയന്നൂര്‍ 
ഉണ്ണിക്കൃഷ്ണന്‍


3.അക്ഷരശ്ലോക ഡയറക്ടറി 2000:


ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

അക്ഷരശ്ലോകകലാരംഗത്തുള്ള സംഘടനകളുടെയും വ്യക്തികളുടെയും 
വിവരങ്ങള്‍ അടങ്ങുന്ന ഇത:പര്യന്തമുണ്ടായിട്ടുള്ള ഏക കൃതി.


4.ഉപനയനം :

ഗ്രന്‍ഥകര്‍ത്താവ്: ആദരേടത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട്
ആദരേടത്തിന്റെ ശ്ലോകങ്ങളുടെ സമാഹാരം .'മയൂരദൂത്' എന്ന സന്ദേശ
കാവ്യത്തിന്റെ പരിഭാഷ പൂര്‍ണ്ണ രൂപത്തില്‍ ഈ പുസ്തകത്തില്‍ഉണ്ട്.

5.കണ്ണോക്ക് :

ടി.എം . പോള്‍ മാസ്റ്റര്‍ സ്മരണിക. കേരളത്തിലെ പ്രഗത്ഭരായ അക്ഷര
ശ്ലോകപ്രവര്‍ത്തകരുടെ പ്രൌഢലേഖനങ്ങള്‍,പഴയ നൂറു കവികളുടേതാ
യി നൂറു ശ്ലോകങ്ങള്‍ ,കൊച്ചുണ്ണിത്തമ്പുരാന്റെ 'കാന്തവൃത്തം ' എന്ന 
പുസ്തകത്തിന്റെ പൂര്‍ ണ്ണരൂപം എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

6.തിലാഞ്ജലി:

പണ്ഡിതവര്യനും ബഹുമുഖപ്രതിഭയുമായിരുന്ന കാര്യാട്ടുശങ്കുണ്ണിനായര്‍
കൂനമ്മൂച്ചി അക്ഷരശ്ലോകവേദി അദ്ധ്യക്ഷനായിരിക്കെ 1989ല്‍ അന്തരിച്ചു. 
അക്കാലത്തു പ്രസിദ്ധീകരിച്ച ഒരു സ്മരണികയാണു 'തിലാഞ്ജലി'. മാട
മ്പു കുഞ്ഞുകുട്ടന്റെ അനുസ്മരണലേഖനം, മണ്മറഞ്ഞു പോയ എന്‍.ഡി. 
കൃഷ്ണനുണ്ണി,കെ.എന്‍ഡി., ആദരേടം ,നെല്ലുവായ് കെ.എന്‍ നമ്പീശന്‍ തു
ടങ്ങി പലരുടെയും ശ്ലോകരചനകള്‍ എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

7.ശിവൊള്ളിക്കൃതികള്‍ :

ശിവൊള്ളിയുടെ ലഘു ജീവചരിത്രക്കുറിപ്പു, ദാത്യൂഹസന്ദേശം കാവ്യം, 
തെരഞ്ഞെടുത്ത 60 ശ്ലോകങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

8.ശ്ലോകമേവ ജയതേ :

മണ്മറഞ്ഞ ശ്ലോകപ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 
ആരംഭിച്ചിട്ടുള്ള ഒരു പംക്തിയാണു ഇത്.

9.രാമകൃഷ്ണവിലോമകാവ്യം :

ഗ്രന്‍ഥകര്‍ത്താവ് : സൂര്യകവി
ജലജ എന്ന വാക്കു അനുലോമമായും പ്രോമമായും ഒരേ പോലെ വാ
യിക്കാവുന്ന പദമാണ്. മോരു തരുമോ എന്ന വാക്യം ഇപ്രകാരം തന്നെ. 
വിലോമപദം ,വിലോമവാക്യം എന്നിങ്ങനെ ഇവയെ വിളിക്കാം. വാക്യം
വലുതാകും തോറും ഇത്തരം ​ഘടന ക്ലിഷ്ടമാകുന്നു. ഇംഗ്ലീഷില്‍ ഒരു ആ
ശയം പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ വിലോമവാക്യം a man, a plan, a 
canal, panama എന്നാണെന്നു ഗിന്നസ് ബുക്കില്‍ കൊടുത്തിട്ടുണ്ട്.
ഇവിടെ ഇതാ ഒരു സംസ്ക്കൃത കാവ്യം. എല്ലാ ശ്ലോകങ്ങളും വിലോമ
ങ്ങള്‍! മാത്രമല്ല, രണ്ടു ഇതിവൃത്തങ്ങള്‍ ഒരേസമയം പറഞ്ഞു പോകുക
യും ചെയ്യുന്നു. ശ്ലോകങ്ങളുടെ പൂര്‍വ്വാര്‍ദ്ധങ്ങള്‍ ശ്രീരാമകഥ പറഞ്ഞു 
പോകുമ്പോള്‍ ഉത്തരാര്‍ദ്ധങ്ങള്‍ ശ്രീകൃഷ്ണകഥ പറഞ്ഞു പോകുന്നു. കാ
വ്യകാരന്റെയും സംസ്ക്കൃത ഭാഷയുടെയും മഹത്വം! നമ്മുടെയെല്ലാം 
സുകൃതവും .
രാമകൃഷ്ണവിലോമകാവ്യത്തിനു മലയാളവ്യാഖ്യാനം തയ്യാറായിട്ടുള്ള
തു ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു. ആദ്യശ്ലോകത്തിന്റെ വ്യാഖ്യാനംകൊടു
ത്തിട്ടുണ്ട്.പണ്ഡിതോത്തമനായശ്രീ.മച്ചട്ട് ടി.നീലകണ്ഠന്‍ നമ്പീശനാണു 
വ്യാഖ്യാതാവ്.

10.ഗോശാല:

ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍
ഉണ്ണി എടക്കളത്തൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ.പി.
നാരയണന്‍ നമ്പീശന്റെ ശ്ലോകരചനകള്‍ സമാഹരിച്ചതാണു കൃതി. 1994 
ലെ കവനകൌതുകം പുരസ്ക്കാരജേതാവാണു കവി. പുരസ്ക്കാരത്തിന
ര്‍ഹമായ കവിതയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

11.ഒറവങ്കര ശ്ലോകങ്ങള്‍:

ഒറവങ്കരയുടെ തെരഞ്ഞെടുത്ത കുറെ ശ്ലോകങ്ങള്‍

12.വൃത്തങ്ങളിലെ താളഘടന:

ഗ്രന്‍ഥകര്‍ത്താവ് : അത്തിപ്പറ്റ രവി. 
പരമ്പരാഗതരീതിയില്‍ നിന്നു വ്യത്യസ്തമായി, താളത്തെ അടിസ്ഥാനഘട
കമാക്കി വൃത്തങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമം. സംസ്ക്കൃത
വൃത്തമായാലും ,ഭാഷാവൃത്തമായാലും , ചലച്ചിത്രഗാനമായാല്‍ പോലും 
അവയിലെല്ലാം പൊതുവായ ഒരു താളഘടനയെ കണ്ടെത്തുന്ന ഒരു .
സൈദ്ധാന്തികഗ്രന്‍ഥം

13. ശ്രീരാഘവയാദവീയം:

രാമകൃഷ്ണവിലോമകാവ്യം പോലെ തന്നെ മറ്റൊരു വിലോമകാവ്യം. 
വെങ്കിടാധ്വരി എന്ന കവിയാണ് ഇതിന്റെ രചയിതാവ്. രാമകഥ പറ
ഞ്ഞു പോകുന്ന ഓരോ ശ്ലോകത്തിനും കൃഷ്ണകഥ പറഞ്ഞു പോകുന്ന 
പ്രതിലോമശ്ലോകം എന്നാണു രചനയുടെ രീതി. ഓരോ ജോടി ശ്ലോകവും
വിലോമമാണെന്നര്‍ത്ഥം . പദച്ഛേദം കൂടെ കൊടുത്തിട്ടുണ്ട്.

14.നാരായണീയം ഭാഷാവൃത്തത്തില്‍ :

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്റെ പരിഭാഷ.

15.ഭര്‍ത്തൃഹരി എന്ന  ഫോറം:

ഭര്‍ത്തൃഹരിയുടെ ശതകത്രയം ഭാഷാവൃത്തത്തിലേക്കു പരിഭാഷപ്പെടു
ത്തുക എന്നതാണു ലക്ഷ്യം

16.അരിയന്നൂര്‍  E-Magazine :

ശ്ലോക വിവരങ്ങളടങ്ങുന്ന ഒരു മാസികപ്രസിദ്ധീകരണം.  എല്ലാ 10-ആം 
തിയ്യതിയും പ്രസിദ്ധീകരിക്കുന്നു.

17.ശയനപ്രദക്ഷിണം:

ശ്രീ.രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാസമാഹാരമാണു. സാഹിത്യ
ത്തിന്റെ വിവിധ ശാഖകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള
ഗ്രന്‍ഥകര്‍ത്താവിന്റെ ഈ കൃതി ശ്ലോകങ്ങളും ഭാഷാവൃത്തത്തിലുള്ള
കവിതകളും ഉള്‍ക്കൊള്ളുന്നതാണ്.

18.കഥാത്രയീ ശ്ലേഷകാവ്യം: സമ്പൂര്‍ണ്ണമലയാളവ്യാഖ്യാനത്തോടുകൂടി.

രാമായണ-ഭാരത-ഭാഗവത കഥകള്‍ ഒരുമിച്ചു പറഞ്ഞു പോകുന്ന വിശി
ഷ്ടമായ ഒരു സംസ്ക്കൃതകാവ്യമാണ്. ഓരോ ശ്ലോകവും മൂന്നു രീതിയില്‍ 
അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. ചിദംബരകവിയുടെ ഈ കാവ്യത്തിനു മലയാ
ളവ്യാഖ്യാനം രചിച്ചിട്ടുള്ളതു മച്ചാട്ടു ടി. നീലകണ്ഠനാണ്.
വന്ദനശ്ലോകത്തിനു 10 അര്‍ത്ഥമാണു വ്യാഖ്യാതാവു കൊടുത്തിരിക്കുന്നത്.

19. അഷ്ടപ്രാസം :

സമ്പാദകന്‍ : അനില്‍ക്കൃഷ്ണന്‍ പി.യു.
ശാര്‍ദ്ദൂലവിക്രീഡിതം  വൃത്തത്തില്‍ ഓരോ ശ്ലോകത്തിലും എട്ടു സ്ഥല
ത്തു കൃത്യമായ താളത്തില്‍ ഒരേ പദം ആവര്‍ത്തിച്ചു വരുന്ന വിധം 
പദകുബേരന്മാര്‍ക്കു വിഹരിക്കാനുള്ള രചനാസങ്കേതമാണു അഷ്ടപ്രാസം. 
നാല്പതോളം കവികള്‍ ;നൂറ്റിഅമ്പതില്പരം ശ്ലോകങ്ങള്‍ ; ശ്ലോകസദസ്സു
കളിലൂടെയും കയ്യെഴുത്തു പുസ്തകങ്ങളിലൂടെയും മാത്രം തലമുറകള്‍ 
താണ്ടിയ നിരവധി രചനകള്‍. കുറെ പുതിയ രചനകളും.

20. പെട്ടരഴിയം കൃതികള്‍

പെട്ടരഴിയം വലിയ രാമനെളയതിന്റെ തെരഞ്ഞെടുത്ത കൃതികള്‍ ശ്ലേ
ഷം,പരല്‍ ഘടന,ശയ്യാഗുണം തുടങ്ങിയവയില്‍ അദ്വിതീയനായിരുന്നു 
ഗ്രന്‍ഥകര്‍ത്താവ്. വള്ളത്തോള്‍ പോലും പേട്ടരഴിയത്തിനെപ്പോലെ ശ്ലോകം
എഴുതാന്‍ കഴിയണമെന്നു കൊതിച്ചിട്ടുണ്ടത്രേ . സപ്തപ്രാസം ദീക്ഷിച്ചു 
രചിച്ചിട്ടുള്ള വഞ്ചിപ്പാട്ടു (നതോന്നത) രീതിയിലുള്ള ഒരു കവിത കൂടി .
ഇതില്‍ ചേര്‍ത്തിട്ടുണ്ട്

21.  കാതുകുത്ത്  

ഗ്രന്‍ഥകര്‍ത്താവ് : കുറുവല്ലൂര്‍ മാധവന്‍ 
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി കൂനമ്മൂച്ചി അക്ഷരശ്ലോകവേദി
യുടെ അദ്ധ്യക്ഷനായി തുടരുന്ന  ശ്രീ കുറുവല്ലൂര്‍ മാധവന്റെ ശ്ലോകസ
മാഹാരം . കൂനമ്മൂച്ചി അക്ഷരശ്ലോകവേദി 1994 ല്‍ പ്രസിദ്ധീകരിച്ചതാണ് 
ഈ കൃതി.

22. പച്ചമലയാളം

സാധാരണപ്രയോഗത്തിലുള്ള മണിപ്രവാളമലയാളത്തിന്റെ നിഷേധമാണ് 
പച്ചമലയാളം.സംസ്ക്കൃതപദങ്ങള്‍ ഒഴിവാക്കിയുള്ള മലയാളമെന്നാണ് 
ഉദ്ദേശിക്കുന്നത്. മനസ്സ്, ദുഃഖം ,വിഷമം ....തുടങ്ങി സമ്സ്ക്കൃതത്തില്‍ നി
ന്നു സ്വീകരിക്കപ്പെട്ടിട്ടുള്ള പദങ്ങളെല്ലാം നിഷിദ്ധം . ഇങ്ങനെയുള്ള 
കാവ്യങ്ങളുടെ ഒരു ശേഖരം .

23. അക്ഷരശ്ലോക സദസ്സ്  ഫോറം

അംഗങ്ങള്‍ക്കു  ശ്ലോകങ്ങള്‍ പൊസ്റ്റു ചെയ്തു സദസ്സില്‍ പങ്കെടുക്കാം .

24.  സ്തവപുഷ്പമാലിക

ഗ്രന്‍ഥകര്‍ത്താവ് : പണ്ഡിതഭൂഷണം പി.കെ.രാമന്‍ നമ്പ്യാര്‍ 
ശിഖരിണി വൃത്തത്തില്‍ 50 സംസ്ക്കൃതശ്ലോകങ്ങള്‍ വ്യാഖ്യാനത്തോടു 
കൂടി . തട്ടകത്തമ്മയായ പനങ്ങാട്ടുകര ഭഗവതിയെ സ്തുതിച്ചുള്ളതാണ് 
ഇതിവൃത്തം .കൊല്ലവര്‍ഷം 1106 ല്‍ പ്രസിദ്ധീകൃതമായത്.

25. .ശ്രീവിജയോദയം മഹാകാവ്യം

ഗ്രന്‍ഥകര്‍ത്താ : മഹാകവി പന്തളം കേരളവര്‍മ്മ
മഹാകവിയുടെ രണ്ടു മഹാകാവ്യങ്ങളില്‍ കൂടുതല്‍ പ്രശസ്തമായതു 
രുഗ്മാംഗദചരിതം ആണ്. എന്നാല്‍ വിജയോദയം കാവ്യവും കാവ്യമേന്മ 
കൊണ്ടും പന്തളത്തിന്റെ സ്വതസ്സിദ്ധമായ ശബ്ദാലങ്കാരവൈദഗ്ദ്ധ്യം  
കൊണ്ടും അതീവ മനോഹരമാണ്.
 
26. കളിയോഗത്തില്‍ 

ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍ 
 
ഗ്രന്‍ഥകര്‍ത്താവിന്റെ ആദ്യത്തെ കാവ്യ സമാഹാരമാണ്‍ 1990 ല്‍ പ്രസി
ദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ..

27. ഉഷയുടെ ശയനഗൃഹം

ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കുട്ടമത്ത്
 
മഹാകവിയുടെ മുഖമുദ്രയായ രചനയിലെ  ശബ്ദസൌന്ദര്യവും ശാലീന
തയും നിറഞ്ഞു നില്‍ ക്കുന്ന ഒരു കൃതി.
 
28.  ആന്തര സാമ്രാജ്യങ്ങള്‍

 
കവിതാസമാഹാരം 
ഗ്രന്‍ഥകര്‍ത്താവ് : രാധാകൃഷ്ണന്‍ കാക്കശ്ശേരി 
 
29.  കേരളം


ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
കേരളത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുള്ള
കാവ്യം . ഈ വിഭാഗത്തിലെ ഏറ്റവും പ്രശസ്തവും സമഗ്രവും , അതേ
സമയം മനോഹരവുമായ മലയാളകാവ്യം .  
 
30. പുലരി 
 
കവിതാ സമാഹാരം 
ഗ്രന്‍ഥകര്‍ത്താവ്: : ടി വി ജോസ്മാസ്റ്റര്‍ 
 
കൂനംമുച്ചി അക്ഷരശ്ലോക വേദിയുടെ സെക്രട്ടറി ആയിരിക്കേ 1997ല്‍ അ
ന്തരിച്ച ടി വി ജോസ് മാസ്റ്റരുടെ കാവ്യ രചനകള്‍ സമാഹരിച്ച കൃതി.


♥