ARIYANNUR AKSHARASLOKAKALAKSHETHRAM

അരിയന്നൂര്‍  

 

നവംബര്‍ 2018 ലക്കം 80   

പത്രാധിപര്‍ : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 

 

[മാസികയുടെ പഴയ ലക്കങ്ങള്‍ കാണുവാന്‍ ഹോംപേജില്‍ Archives ക്ലിക്കു ചെയ്യുക] 

തത്വമുക്തകം  76

 

പാത്രവിശേഷേ ന്യസ്തം

ഗുണാന്തരം വ്രജതി ശില്പമാധാതുഃ

ജലമിവ സമുദ്രശുക്തൌ

മുക്താഫലതാം പയോദസ്യ

 

ഗുണമുള്ള പാത്രത്തില്‍ നിക്ഷേപിച്ച ശില്പം ഉണ്ടാക്കിയവന്റേതിനെക്കാള്‍ വ്യത്യസ്തമായ ഗുണത്തെ പ്രാപിക്കുന്നു. കടല്‍ച്ചിപ്പിയില്‍ വീണ മേഘത്തിന്റെ ജലം

മുത്തുമണിയാകുന്നതു പോലെ.വിദ്യ നല്ല ആളുകള്‍ക്കു കൊടുത്തിട്ടേ കാര്യമുള്ളൂ എന്നര്‍ത്ഥം. എത്ര നല്ല അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥി നന്നല്ലെങ്കില്‍ പ്രയോജനമില്ല.

 

ശ്ലോക‍വും ലോകവും

ആദരാഞ്ജലികള്‍!

ഒരു ചെറിയ കാലയളവില്‍ അക്ഷരശ്ലോകകലാരംഗത്തിനു വലിയ നഷ്ടമുണ്ടായ വേര്‍പാടുകള്‍ ഞെട്ടിപ്പിയ്ക്കുന്നു. ശ്രീമാന്മാര്‍ പീറ്റര്‍ ചെറുവത്തൂര്‍, മങ്ങത്തായ കൃഷ്ണന്‍ നമ്പൂതിരി, വി.വിശ്വനാഥന്‍ നമ്പ്യാര്‍, ആലയ്ക്കാട്ടൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവരുടെ തിരോധാനം ഈ രംഗത്തുണ്ടാക്കിയിട്ടുള്ള വിടവു എന്നെങ്കിലും നികരുമെന്നു പ്രതീക്ഷിയ്ക്കാന്‍ തന്നെ ആവുന്നില്ല. ഈ മഹാത്മാക്കളുടെ ഓര്‍ മ്മ‌യ്ക്കു മുമ്പില്‍ ആദരപൂര്‍വ്വം പ്രണമിയ്ക്കുന്നു.

 

അക്ഷരശ്ലോകസദസ്സ്


 

28/010/2018 നു ഗുരുവായൂരിനടുത്തു കാവീട്ടിൽ പ്രസന്നന്റെ ഗൃഹത്തിൽ അക്ഷരശ്ലോക അഹസ്സ്‌ നടന്നു.

സർവ്വശ്രീ കൊങ്ങൂർപ്പിള്ളി, ടി.കെ.പ്രസന്നൻ,കൽപക്‌,ജയൻ വാരിയർ,കെ എസ്‌ രാജൻ,പുരുഷോത്തമൻ നായർ,മുതുപറമ്പു നാരായണൻ,അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ,അയിരിൽ നാരായണൻ എന്നിവര്‍ പങ്കെടുത്തു.

 


സംസ്ക്കൃതത്തില്‍ നിന്നൊരു മുത്ത് 78

 

ശീതാർത്താ ഇവ സങ്കുചന്തി ദിവസാ,

നഹ്യംബരം ശർവ്വരീ

ശീഘ്റം മുഞ്ചതി, സോപി ഹന്ത! ഹുതഭു-

ക്കോണം ഗതോ ഭാസ്കരഃ

ത്വഞ്ചാനംഗകൃശാനുതപ്തഹൃദയേ

മുഗ്ദ്ധാംഗനാനാം ഗതോ

രാജൻ! കിം കരവാമ കേവലമമീ

ശീതാഭിഭൂതാ വയം? 

 

ഇടവെട്ടിക്കാട്ട് നമ്പൂരിയുയുടെ ശ്ലോകമാണ്. കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവ്  ക്ഷേത്രത്തില്‍ വന്നപ്പോള്‍ പുതച്ചിരുന്ന പുതപ്പ് വാങ്ങിക്കാണിക്കാമെന്ന് പറഞ്ഞ് ചൊല്ലിയതാണത്രെ ഈ ശ്ലോക‍ം

തണുപ്പുകൊണ്ട പരവശങ്ങളായിട്ടോ എന്നു തോന്നുന്നപോലെ പകലുകൾ ചുരുങ്ങുന്നു. രാത്രി ആകാശത്തെ (വസ്ത്രത്തെ എന്നും) വേഗത്തിൽ ഉപേക്ഷിക്കുന്നില്ല. സൂര്യൻ അഗ്നി കോണത്തിലെത്തിയിരിക്കുന്നു. അല്ലയോ രാജാവേ! അങ്ങു കാമാഗ്നി കൊണ്ടു ചൂടുപിടിച്ചിരിക്കുന്ന സുന്ദരിമാരുടെ ഹൃദയത്തെയും ഗമിച്ചിരിക്കുന്നു. തണുപ്പുകൊണ്ട് പരവശന്മാരായിരിക്കുന്ന ഞങ്ങളെന്താണു ചെയ്യേണ്ടത്? 

തുലാമാസം മുതൽ മേടമാസം വരെ പകൽ കുറഞ്ഞും രാത്രി കൂടുതലുമായിരിക്കുമല്ലോ. പകൽ ചുരുങ്ങുന്നതും രാത്രി അംബരത്തെ വേഗത്തിൽ ഉപേക്ഷിയ്ക്കാത്തതും തണുപ്പിന്റെ ദുസ്സഹത്വം കൊണ്ടാണോ എന്നു കവിതയില്‍ ധ്വനി വരുത്തുന്നു. അപ്രകാരം തന്നെ ദക്ഷിണായനത്തിൽ സൂര്യൻ തെക്കോട്ടു മാറുന്നതു സാധാരണമാണങ്കിലും അഗ്നികോണിലേക്കു പോകുന്നതു തണുപ്പു കൊണ്ടാണോ എന്നും പറയുന്നു. തണുപ്പുകാലത്തു ചിലർ തീയിന്റെ അടുക്കലേയ്ക്കു പോകുമല്ലോ. സുന്ദരിമാരുടെ ഹൃദയം കാമാഗ്നിതപ്തമായിരിക്കുമ്പോൾ അതിനകത്തിരിക്കുന്ന രാജാവിനു ശീതബാധയുണ്ടാവുകയില്ല. മഹാരാജാവിനെ കണ്ടിട്ടു സുന്ദരിമാരായിരിക്കുന്ന സ്ത്രീകൾ കാമപരവശകളായിരിക്കുന്നു എന്നു താൽപര്യം. ഇതുകൊണ്ടു മഹാരാജാവ് തിരുമനസ്സിലെ സൗന്ദര്യത്തെ സൂചിപ്പിച്ചിരിക്കുന്നു. ഇപ്രകാരമിരിക്കുന്ന ഇക്കാലത്തു തണുപ്പിനെ തടുക്കുന്നതിനു ഈയുള്ളവർക്ക് (എനിക്കു)ഒരു നിവൃത്തിയില്ലന്നു ഭാവം. 

ഈ ശ്ലോകം കേട്ട ക്ഷണത്തിൽ തിരുമനസ്സുകൊണ്ടു പുതച്ചിരുന്ന പുതപ്പെടുത്തു നമ്പൂരിക്കു കല്പ്പിച്ചു കൊടുത്തു എന്ന് ഐതിഹ്യം 

 

advt.

ഭാഷാനാരായണീയം 
 
അര്‍ത്ഥം അറിഞ്ഞു പഠിയ്ക്കുവാനും പഠിപ്പിയ്ക്കുവാനും റെഫറന്‍സിനും ഉതകുന്ന വിധത്തില്‍ നാരായണീയം മൂലവും ലളിതമായ ഭാഷാവൃത്തത്തിലുള്ള പരിഭാഷയും

പരിഭാഷകന്‍ അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍


വില : 350 രൂപ‌


പുസ്തകം ലഭിയ്ക്കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍/വാട്ട്സ് ആപ്പ് 

നമ്പര്‍ : 9447129500

advt.

 

പുതിയ കവിതകള്‍

പൂക്കൾ 
ദീപകരുവാട്ട്
കണ്ണിലും മനതാരിലും വിടരുന്ന വിശ്വവിഭാതമേ
ലോകവഞ്ചനയൊട്ടുമേയറിയാതെ നിന്നൊരു  സൂനമേ
കാറ്റിലാടി കുണുങ്ങി നീ നറുപുഞ്ചിരിപ്പതു ഭംഗിയാൽ
മാദകം മതി സുന്ദരം മൃദുമേനിയെത്രമനോഹരം
പ്രേമഗാനമതില്‍ മയങ്ങി മറന്നു നര്‍ത്തനമാടവേ
മത്തഭൃംഗകജാതികൾ സ്തുതി പാടിയെത്തിടുമന്തികേ
നിന്‍റെ തേന്‍കണമൊക്കെയൂറ്റി കുടിച്ചു നിന്നുടെ മേനി ത-
ന്നാഭയൊക്കെ നശിച്ചിടും വിധിപോലെ മണ്ണിലലിഞ്ഞിടും
എങ്കിലും പ്രിയസൂനമേ തവ കര്‍മ്മമെത്ര സുധന്യമാ-
യോര്‍ക്കുകില്‍ മമ ജീവിതം തവ മുന്നിലെത്ര നിരര്‍ത്ഥകം
എത്രനേരമി വാടിയില്‍ മധുവേകി നില്പു വിനീതമാ-
യത്രനേരമനന്തമാത്മസുഖം പകര്‍ന്നു പരര്‍ക്കു നീ
തൂമയില്‍ പുതുവേഷമിട്ടു ചമഞ്ഞു നീയിനി വീണ്ടുമീ
ഭൂമിഗര്‍ഭമതില്‍ കിളിര്‍ത്തുവളര്‍ന്നു സുന്ദരപുഷ്പമായ്
കാലമിട്ടു കൊടുത്തിടുന്നൊരി താളവട്ടമതൊത്തുയീ
പ്രാണനാടകമാടിടാനിഹ പിന്നെയും വിടരുന്നു നീ.
നാരായണീയം ദശകം 39
രാമന്‍ നമ്പീശന്‍ കേശവത്ത്
ഭവാനെയുമെടുത്തിടും യദുവരന്‍ സമീക്ഷിച്ചു വാ-
നിടം തൊടുവതിന്നു തന്നലയുയര്‍ന്ന കാളിന്ദിയെ
ഇതെന്തുമറിമായമാം പെരിയ നീരൊഴുക്കായവ-
ന്നൊതുങ്ങി പദമല്പമായ് നനയുമാവിധം തത്ക്ഷണം ! 1
ഉറങ്ങുമിടയത്തിമാര്‍, പതിയെമാഴ്കിടും ബാലയും;
തുറന്ന നടവാതിലൂടവനണഞ്ഞുഗോവാടിയില്‍
ത്യജിച്ചു ഹരിമൂര്‍ത്തിയെ പ്രസവശയ്യയില്‍ സാദരം,
ഗ്രഹിച്ചു വരദുര്‍ഗ്ഗയെത്തിരികെയെത്തിനാന്‍ സത്വരം! 2
കടന്നു തടവിന്നകത്തലറിയാര്‍ത്ത പെണ്‍പൈതലാ-
ലുണര്‍ന്നഭടര്‍ ചെന്നുതജ്ജനനവാര്‍ത്ത കേള്‍പ്പിക്കവേ
ഭയന്നു മുടിചിന്നിയും ദ്രുതതരംവരും കംസനാല്‍
സഹോദരിയെടുത്തിടും നവസുജാതയെക്കാണ്മതായ് 3
സ്ഥിരം കപടശീലനാം നരകവൈരി തന്‍മായയെ-
ന്നിതും ഹൃദി നിനച്ചവന്‍ സഹജ പുല്കിടും പുത്രിയെ
മദിച്ച കരി പൊയ്കയില്‍ കമലവള്ളിയെപ്പോലുടന്‍
വലിച്ചു പദതാരിനാല്‍ ശിലയിലാഞ്ഞടിച്ചീടിനാന്‍ 4
തദാ വഴുതി വിണ്ണിലേക്കവളുയര്‍ന്നു നിന്‍ ഭക്തരാല്‍
കൃതാന്തകൃതബന്ധനം സപദി വേര്‍പെടുംപോലവെ,
ധരിച്ചു തനു നൂതനം നിവരുമെട്ടുതൃക്കൈകളാ-
ലണിഞ്ഞു വിവിധായുധം ദിവിവിശോഭിതാ നന്ദജ.5
''ഹനിക്കുകിലുമെന്നെയെന്തതിനൃശംസ! നിന്നന്തകന്‍
ജനിച്ചു ഭുവനത്തിലിന്നവനെ നീളവേ തേടുക‍!''
ഹിതം ഖലനു ചൊല്ലി നിന്‍സഹജ പാരില്‍വാസസ്ഥലം
പലേതു കുടികൊണ്ടു വാനവഗണങ്ങളാല്‍ സേവിത .6
പുലര്‍ന്നു നൃപനദ്രിജാവചനമോര്‍ത്തു കല്പിച്ചതാം
പ്രലംബബകപൂതനാപ്രമുഖദൈത്യരാം ദുര്‍മ്മദര്‍
അലഞ്ഞുനവജാതരെക്കൃപവെടിഞ്ഞുകൊല്ലുന്ന ദു-
ഷ്കൃതങ്ങളില്‍മുഴുക്കുവോര്‍ തവവധത്തിനാകാംക്ഷിമാര്‍ 7
തദാ വ്രജകുലേശ്വരിക്കരികിലീറ്റുപായില്‍ പദം
കുടഞ്ഞു കരയുന്ന നിന്‍ രവമുണര്‍ത്തിടും നാരിമാര്‍
പ്രമോദകരമാം ഭവദ്‌ ജനനവാര്‍ത്ത ഘോഷിച്ചു കേ-
ട്ടൊരുത്സവമുയര്‍ന്നിടും പശുപവാടി വര്‍ണ്ണിപ്പതോ ? 8
യ‍ശോദ പരിതൃപ്തയായ് മിഴികളാല്‍ നുകര്‍ന്നീടിനാള്‍
കളായകുസുമോപമം മൃദുലമേനിയാം പൈതലെ,
ചുരന്ന കുചദുഗ്ദ്ധവും തദനു നല്കിനാള്‍, പൂവല്‍മെയ്
തലോടിയവള്‍ മുന്നിലായ് സുകൃതശാലിമാരേവരില്‍ ! 9
പ്രമോദഭരമാനസന്‍ പശുപനന്ദനാല്‍‍ വിപ്രരില്‍
സുതാഭ്യുദയദാനമേതവയിലൊന്നു നല്കാത്തതും
നിനക്കിടയര്‍ മംഗളം വളരുമെന്തു ചെയ്യാത്തതും
ജഗത്തിനു ശുഭം തരുന്നവനൊഴിക്കുകെന്നാമയം ! 10
ചിന്തകള്‍
മധുരാജ് പി സി
മുന്നോട്ടാദ്യം ചലിപ്പിപ്പതു ചരണശതം
തന്നിലേ, തേതുപിന്നീ-
ടെന്നാരാഞ്ഞൂ നടക്കാത്തവള ഝടിതിനീ-
ങ്ങുന്ന ചേരട്ടയോടായ്;
ചിന്തിക്കാൻ നിന്നു പാവം, നിജചലനകലാ-
മൂലമെന്തദ്ഭുതപ്പെ-
ട്ടന്തം വിട്ടൂ, തിരിഞ്ഞൂ തല, പതറി പദം
വീണു ഭേകത്തിനൂണായ്!
കത്തിച്ചീടണമമ്പലങ്ങൾ മുഴുവൻ ,
വേദേതിഹാസങ്ങളോ
പിച്ചിച്ചീന്തണമെന്നുമൊക്കെ പലനാൾ
പുച്ഛിച്ചു നാമെങ്കിലും;
പറ്റില്ലപ്പണിമേലിൽ , മാറ്റി നിലപാ-
ടല്പം, സഖാവേ, തരം-
പറ്റിക്കേറുക ബോർഡിൽ , ദേവഭരണ-
ക്കൂറു*ണ്ടു കൂടാം സുഖം!
ദൈവം നമ്മുടെ പാർ ട്ടിയ, ല്ലതുവെറും 
മിത്താണു, മാലോകര-
ക്കാവിൽ ക്കോവിലിൽ വന്നു വീഴ്വു, വിവര-
ക്കേടാൽ ; സഹിക്കാമതും.
വേണം നമ്മുടെയാളൊരാ, ളവിടെയബ്-
ഭണ്ഡാരമെണ്ണാ, നതേ
വേണ്ടൂ, സൌമ്യതയാണു മാർക്സിസ, മെതിർ -
ത്താലേ തകർക്കുള്ളു നാം!
പൂർണ്ണത്രയീശാ ഹരേ
വിനോദ് വര്‍മ്മ‌
പാലാഴി വിട്ടു ഭഗവാൻ ജയിലിൽ പിറന്നൂ
മാലോകരിൽ ക്കനിവുണർന്നഥ മോക്ഷമേകാൻ
ഭൂലോകമാകെ നിറയുന്ന തമസ്സകറ്റി -
പ്പാലിക്കുവാനരുണനിങ്ങണയുന്ന പോലെ
നന്നല്ല പാൽക്കടലു, മമ്മ നമുക്കു നൽകും
സ്തന്യത്തിനൊത്തമൃതവും ഗുണമുള്ളതല്ലാ
എന്നോതിയാഹരി നുകർന്നു പകർന്നു പുണ്യം
മന്നിന്നു കൃഷ്ണ! തവ ലീലയിതാർക്കു ചൊല്ലാം
നിൻ കാരുണ്യമുണർന്നവർക്കു തനിയേ
മാറീടുമെന്നാളുമേ
മന്നിൽ ബ്ബന്ധനമെന്നു കാട്ടുവതിനായ്
താനേ തുറന്നീലയോ
അന്നാഭോജനൃപന്റെ രാജപുരിയിൽ
ക്കാരാഗൃഹം തന്നെയും
വന്ദിക്കുന്നു തവാംഘ്രിയുഗ്മമധുനാ
പൂർണ്ണത്രയീശാ ഹരേ    
ശ്രീമാന്ധാംകുന്നിലമ്മേ
അനിരുദ്ധവര്‍മ്മ‌
ശ്രീമാന്ധാംകുന്നിലമ്മേ കനിയുക വരദേ, കാത്തിടേണം ഭവാനീ
നാമാലാപങ്ങളാല്‍ നിന്‍ ചരിതമഖിലവും ഭക്തിപൂര്‍വ്വം  സ്മരിക്കാം
ഹേമാംഭോജങ്ങളേവം തവപദസവിധേ യര്ച്ച നയ്ക്കായൊരുക്കാം
ക്ഷേമൈശ്വര്യങ്ങളെല്ലാം തരുവതിനിനിയും വേറെയാരുണ്ട് തായേ !!
ദീപാലങ്കാരദീപ്തം തിരുനടയിലിതാ പാദകാണിക്കയായെന്‍
പാപം, പുണ്യം, സമസ്തം നറുമലരിതളായ് പൂജചെയ്യാനൊരുക്കീ
താപം തീര്‍ക്കാനിതായെന്‍ ഹൃദയവനികയില്‍ പൂത്ത കാവ്യപ്രസൂനം
സോപാനം തന്നിലായ് ഞാന്‍ ഭഗവതിസവിധേ യര്‍പ്പണം ചെയ് വു നിത്യം
ശ്രീമാന്ധാംകുന്നിലമ്മേ തവതിരുനടയില്‍ നിത്യവും വന്നു ചേരാന്‍
നിന്മുമ്പില്‍ വന്നു നിന്നെന്‍ കവനശതവുമൊ ന്നാലപിക്കാന്‍ ഭവാനീ
എന്മോഹം പൂര്‍ത്തിയാകാന്‍ വരമരുളിടണേ, കുമ്പിടുന്നേന്‍ സഹര്‍ഷം
എന്മാതാവേ സദാ നിന്‍ പദകമലയുഗേ നല്‍കണേയാശ്രയം മേ
പ്രാര്‍ത്ഥന‌
മോഹനന്‍ കാരണത്ത്
അമ്പത്തൊന്നക്ഷരത്തേൻ മൊഴിയുടെ മിഴിവൊത്തൂയലാടുന്ന ഭാഷാ~
വമ്പത്തിയ്ക്കെന്നുമെന്നും പല പുതിയ നറും മുക്തകച്ചാർത്തിടാനായ്
മുമ്പിട്ടെത്തുന്ന സല്പേരുടയ കവിഗണം നമ്പിടും മാസികേ നിൻ
വമ്പൊത്തുള്ളോരു നില്പീ നിലയിലവിരതം നില്കുമാറായിടട്ടേ!
ശിശുദിനത്തിൽ
ജ്യോതിര്‍മയി ശങ്കരന്‍
അമ്മിഞ്ഞയ്ക്കു കൊതിച്ചിടുന്നൊരുവനാ,യമ്മേ വിളിച്ചോരു നാൾ,
തെന്നും കാലുകളൂന്നിയാദ്യമരുമക്കുഞ്ഞേ! നടന്നോരു നാൾ.
പള്ളിക്കൂടമണഞ്ഞ നാൾ,വികൃതി കാട്ടീടുന്ന ബാല്യം,ഹരം
തന്നീടുന്നവയെത്രയീ  ശിശുദിനം തന്നിൽ സ്മരിച്ചീടുവാൻ.
കർണ്ണൻ!! 
ഹരിദാസ് മംഗലപ്പിള്ളി
നാളിന്നോളമനാഥനായ് കഴിയുവാനമ്മേ! വിധിച്ചില്ലെ? ഞാ- 
നാളായ് വന്നുകിരീടിയോടു പൊരുതാനായപ്പൊഴെന്തേ മനം 
മാളം വിട്ടുപുറത്തു വന്നു? പുണരാൻ നീട്ടും കരങ്ങൾക്കു പ- 
ണ്ടോളക്കയ്യുപകർന്ന ചൂടുതരുവാനാമോ തുനിഞ്ഞീടിലും!!!


 

കവിസദസ്സ്

 

കവികളുടെ അക്ഷരശ്ലോകസദസ്സാണ്, ഇത്. അപ്രകാശിതങ്ങളായ സ്വരചിതശ്ലോകങ്ങള്‍ മാത്രം അനുവദനീയമായ ഇങ്ങനെ ഒരു സദസ്സു സൈറ്റില്‍ നടക്കുന്നു. കഴിഞ്ഞ ലക്കങ്ങളില്‍ സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീഡിതം ,മന്ദാക്രാന്ത, മാലിനി, വസന്തതിലകം , രഥോദ്ധത, ദ്രുതവിളംബിതം, പുഷ്പിതാഗ്ര, മഞ്ജുഭാഷിണി, വസന്തമാലിക, വിയോഗിനി, ഭുജംഗപ്രയാതം, ശാലിനി, വംശസ്ഥം, ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര/ഉപജാതി, സമ്മത, അപരവക്ത്രം, പ്രഹര്‍ഷിണി, സ്രഗ്വിണി, സ്വാഗത, തോടകം, പഞ്ചചാമരം, ശിഖരിണി, പൃത്ഥ്വി,ശങ്കരചരിതം, ഹരിണി, മല്ലിക, കുസുമമഞ്ജരി, മത്തേഭം,ശംഭുനടനം എന്നീ വൃത്തങ്ങള്‍ അഞ്ചു റൌണ്ടു വീതം പൂര്‍ത്തിയായി.

അടുത്ത അഞ്ചു റൌണ്ടു ' ശ‍ംഭുനടനം ' വൃത്തം സ്വീകരിക്കാമെന്നു നിര്‍ദ്ദേശിക്കുന്നു.

സ്രഗ്ദ്ധര‌ വൃത്തം രണ്ടാമതും ആരംഭിക്കുന്നു.. സൈറ്റില്‍ സദസ്സു ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 


പങ്കെടുക്കുന്ന കവികള്‍  1.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ ,2.കൈതയ്ക്കല്‍ ജാതവേദന്‍, 3.രാമന്‍ നമ്പീശന്‍ കേശവത്ത്, 4.ശ്രീലകം വേണുഗോപാല്‍,5.വാരിയത്ത് കുട്ടി,6.അനിരുദ്ധ വര്‍മ്മ,  7.ജോയ് വാഴയില്‍, 8.ശ്രീജ പ്രശാന്ത്, 9.മധുരാജ് പി സി, 10.നാമംഗലം മാധവന്‍, 11.ആത്രശ്ശേരിശ്രീദാസന്‍, 12.ജയകൃഷ്ണന്‍, 13.ഹരിദാസ് മംഗലപ്പള്ളി, 14.ദാമോദരപ്പണിക്കര്‍ , 15.സുബ്രഹ്മണ്യന്‍ കുറ്റിക്കോള്‍, 16.രാജേഷ് വര്‍മ്മ, 17.പി എന്‍ വിജയന്‍, 18.ഗീത വാസുദേവന്‍, 19.തൃക്കഴിപ്പുറം രാമന്‍, 20.സന്തോഷ് വര്‍മ്മ, 21അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍ 

 

2161
ചിന്താവാരാശി തന്നില്‍ സ്മൃതികളലയടി-
യ്ക്കുന്നു, ചുറ്റും പരക്കും
സന്താപധ്വാന്തമദ്ധ്യേ ദിശകളിറിയുവാ-
നില്ല പോകേണ്ടതെങ്ങോ
എന്താശിപ്പാന്‍ ദുരന്തക്കെടുതിയുടെ കൊടും-
കാറ്റടിയ്ക്കുന്നിതേവം
പന്താടായ്കെന്‍ വിധേ! നിന്‍ കനിവുകരയിലെ-
ത്തിയ്ക്കണേ വല്ല മട്ടും
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 
2162
ഏറെദ്ധ്വാന്തം ചുഴന്നീടിന സരണികളിൽ
പ്പെട്ട കുഞ്ഞാടുകൾ,ക്കി -
ന്നേരം സന്മാർഗ്ഗദീപോപമമൊളിപകരേ
ണ്ടുന്നതാം വൈദികന്മാർ
ക്രൂരൻ കാമച്ചെകുത്താൻസഹിതമിരുൾവഴി
ത്താരയിൽപ്പമ്മിനില്പൂ;
ധീരൻ നീ പീഡിതർക്കായിനിയൊരുകുരിശും
കൂടിയെ,ന്നേന്തുമീശോ!!'
കൈതയ്ക്കല്‍ ജാതവേദന്‍
2163
കയ്യില്‍ക്കൈകോര്‍ക്കവേണ്ടാ ക്രിയകളുമിനിയെ-
ന്തിന്നു നല്ലോരുനാരീ-
മെയ്യില്‍ത്തന്‍മെയ്യണപ്പാനനുമതിയരുളീ    
കോര്‍ട്ടില്‍നിന്നേതവന്നും
ചെയ്യിക്കും ദുഷ്കൃതങ്ങള്‍ക്കറുതിയരുളുവാന്‍ 
ദക്ഷിണാദിക്കുവാഴും
നിയ്യല്ലാതാര്‍ക്കുസാദ്ധ്യം ദ്രുതതരമെഴുന-
ള്ളീടു പോത്തിന്നുമീതെ
രാമന്‍ നമ്പീശന്‍ കേശവത്ത്
2164
ചൈതന്യം തൂകിനില്‍ക്കും തിരുനടയണയാന്‍ മോഹമാര്‍ന്നെന്‍ ഗിരീശാ!
നീ താനാണേക ദൈവം ധരയിതില്‍ ശരണം നല്‍കുവാനെന്നുറച്ചു
ആതങ്കം വന്നനേരത്തുടനതു തരണം ചെയ്യുവാനെത്തിയെന്നും
നീയേകുന്നാശ്രയം മേ ,ഹരിഹരസുതനേ! നിന്‍പദം കൈതൊഴുന്നേന്‍.
ശ്രീലകം വേണുഗോപാല്‍
2165
ആവുന്നില്ലൊട്ടുനാളായ് മധുരിമ കലരും കാവ്യമീമട്ടു തീർക്കാ-
നാരും കണ്ടാൽ കൊതിക്കും ചടുലപദമതും വന്നതില്ലാ മനസ്സിൽ
തേടുന്നോർക്കെന്നുമെന്നും സകലവിഷമവും തീർത്തിടുന്നോരു ദേവീ
പാടീടാം നിന്റെ നാമം കനിയണമനിശം കൈകൾ കൂപ്പുന്നു തായേ
ഋഷി കപ്ലിങ്ങാട്
2166
താരാട്ടൊന്നങ്ങുപാടാൻ തുനിയവെ, യുയരും ശബ്ദമൊന്നിന്നുമർത്ഥം
കാണില്ലല്ലോ, കുരുന്നേ മിഴികളിലഖിലം നിഷ്ക്കളങ്കത്വമല്ലോ.
ആരോമൽ‌പ്പൊന്തിടമ്പേ, പുതുമണമൊഴുകും മന്മനോവാടിയൊന്നിൽ-
ച്ചാരത്തായ് നിന്നിടുമ്പോൾ അഴലുകളഖിലം ഞാൻ മറന്നീടുമല്ലോ.
ജ്യോതിര്‍മയി ശങ്കരന്‍
2167
ആരായാലെന്തു, പോരിന്‍ വഴികളിലുയരം -
നേടുവാന്‍ ദുഷ്ടബുദ്ധ്യാ
നേരറ്റോതുന്നവാക്കിന്‍കലുകള്‍ വളരെ
ക്കോരിയിട്ടെന്നുവന്നാല്‍
ചോരുംതന്‍ ചിത്തദാര്‍ഢ്യം ,ക്ഷമകെടുമറിവിന്‍-
ശുദ്ധിയും നഷ്ടമാവാം
പാരം വൈവശ്യമാര്‍ന്നങ്ങവനൊടു ചെറുത-
ല്ലാത്തതാമീര്‍ഷ്യയുണ്ടാം.
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
2168
ചേരുംപോൽ 'മദ്യ ഹിംസാകനകമബലമാർ
ദ്യൂത'മീയഞ്ചിടത്തായ്
പാരാതേ പാർക്കു" കേവം കലിയെ ഹ ഹ പരീ
ക്ഷിത്തു കൊന്നില്ല മുന്നം ;
നേരോർത്താലിന്നു നാട്ടിൽബ്ഭരണമതു നട
ത്തീടുവാനിപ്പറഞ്ഞു -
ള്ളോരോന്നും വേണമെന്നായ്, കലിയിവിടെ മുഴു
ത്തെങ്കിലാശ്ചര്യമുണ്ടോ?
തൃക്കഴിപ്പുറം രാമന്‍
2169
നൃത്തം താളത്തിലായാല്‍ മധുരരസഭരം കണ്ടുനില്‍ക്കാം സഹര്‍ഷം
മുത്തം കൈപ്പത്തിമേലും കവിളിണകളിലും നല്‍കിടാം പ്രേമപൂര്‍വ്വം
അത്തം ചിങ്ങത്തില്‍ വന്നാല്‍ ബലിയുടനെവരും പത്തുനാള്‍ക്കുള്ളിലായീ
വൃത്തം സത്യത്തിലെന്നും പെരുമ പകരുവാന്‍ യുക്തമാണോര്‍ത്തിടേണം.
 
അനിരുദ്ധ വര്‍മ്മ‌
2170
ആകാശങ്ങൾക്കുമങ്ങേപ്പുറമമരുവതെ-
ന്തെന്നു കണ്ടെത്തുവാനായ്
ആകാംക്ഷിച്ചുന്നമിക്കും മനുജകുലമിതെ-
ന്താണു ചെയ്യുന്നു മന്നിൽ;
ലോകാന്ത്യം സംഭവിക്കും വിധമിവിടെ വളർ-
ത്തുന്നു താപം, നിനച്ചാൽ
മൂകാത്മാക്കൾ മൃഗങ്ങൾ നരരിലുമധികം
ശ്രേഷ്ഠതയ്ക്കർഹരാകാം
ജോയ് വാഴയില്‍
2171
ലാസ്യം ലാവണ്യസാരം , ലളിതമധുരമാം ഹാസ്യമാഹ്‌ളാദ മേളം,
ദേഷ്യം രോഗാതുരം ഹാ! കരുതിയൊഴിയുകിൽ ശാന്തിപുൽകും ഹൃദന്തം
വാക്കിൽ വാഴ്വിന്റെ സത്യം തിരയുമകമലർ ചൂഴുമാത്മ പ്രഹർഷം,
പാട്ടിൽ പാടിത്തികയ്ക്കാനെളുതിലധികമീ ഭാവ സങ്കീർണ്ണ ലോകം
ശ്രീജ പ്രശാന്ത്
2172
വന്നുള്ളോരക്ഷത്തില്‍ പലതിലുമുരചെയ്യാതെ വിട്ടോനുമേകാ
മൊന്നാം സമ്മാനമെന്നായ്‌ ചിലര്‍ പുതിയ പരിഷ്കാരമുണ്ടാക്കി പോലും
തോന്നും മട്ടിപ്രകാരം നിയമതതി വളച്ചങ്ങൊടിച്ചിട്ടു ചുമ്മാ
തോന്ന്യാസം കാട്ടിയെന്നാലതൊരു പൊഴുതുമേയക്ഷരശ്ലോകമാകാ
ഡോ രാജന്‍
2173
താളം ചേർക്കാതെ ഞാൻ പണ്ടെഴുതിയകവിത-
ക്കൊത്തു ഹൃത്പുസ്തകത്തിൻ
താളിൽ സ്സൂക്ഷിച്ചുവച്ചൂ ചെറിയൊരിഴ മയിൽ -
പ്പീലി, കാണാതെയാരും;
നാളേറെപ്പോ,യൊരീണത്തിനു ചുവടുപിടി-
ച്ചെത്തവേ കണ്ടു ഞാന-
ത്താളിൽപ്പൊൻപീലിചൂടും തിരുമുടി, മുരളി-
യ്ക്കുമ്മവയ്ക്കും മുഖാബ്ജം!
പി സി മധുരാജ്
2174
നാരായാരാമമൊന്നിൽ ജ്ജനതതി വിടരും
മന്ത്രസൂനം ചമയ്ക്കും
നേരം വാണീവിലാസം കലയറുപതിലും
നാലിലും ചേർന്നുവെന്നോ!
മാരൻ പാടിപ്പുകഴ്ത്തും വിരുതുകളഖിലം
താഴ്ത്തി വീണാ നിനാദം
ചാരേ തീർക്കുന്ന നൃത്തപ്പ ദമലരിലെഴും
സർഗ്ഗവാസന്തഗന്ധം!
ആത്രശ്ശേരിശ്രീദാസന്‍
2175
മാറ്റംകാലാനുസാരംപ്രതിനിമിഷമഹോ
സംഭവക്കുന്നു,പക്ഷേ
മാറ്റത്തോടുംചിലപ്പോൾവിമുഖത,പഴമ
ക്കൊത്തുപോകാൻതിടുക്കം;
തെറ്റുംനേരുംതിരിച്ചൊന്നറിയുവ,തിനിട-
ക്കെങ്കിലും, മർത്ത്യചിത്തം
പറ്റാതാവുന്നുകഷ്ടംപുതുമയുടെ മുഖം-
മൂടി,യോർത്താൽ വിചിത്രം.
ദാമോദരപ്പണിക്കര്‍ 
2176
താഴമ്പൂഗന്ധമോലും തവമൃദുചരണ
ങ്ങൾക്കു നോവേറ്റിടാതേ
തൊട്ടാവാടിപ്പടർപ്പും മൃദുമലരുകളായ്
നീർത്തി രോമാഞ്ചതല്പം
താഴേ നിൻ പാതതോറും മലരടിപതിയേ
കല്ലുകൾ വെണ്ണയായീ
തേറും പൂക്കാലമായീ പ്രകൃതി, മമസഖീ
ചാരെനീയെത്തിടുമ്പോൾ
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
2177
താരും തോൽക്കും ചുവപ്പും പുതുമയുമിയലും വാഴതൻ കൂമ്പു, നാളീ-
കേരം നന്നായുലർത്തി, ക്കടുകൊടുമുളകും ചേർത്തു നിർമ്മിച്ചതാകും
തോരൻ, മോരിൻ്റെകൂടെത്തെളുതെളെ വിലസും ചോറിനോടൊത്തു കണ്ടാൽ
ധീരൻമാരും പകയ്ക്കും ഞൊടിയിട, യിവനെപ്പറ്റി മിണ്ടേണ്ടതുണ്ടോ?
രാജേഷ് ആർ. വർമ്മ

 

 

♥♥♥ 

സമസ്യ 

(സൈറ്റില്‍ കൊടുക്കുന്ന സമസ്യകളും പൂരണങ്ങളും )

 

സമസ്യ നമ്പർ 295
പറഞ്ഞുനന്നാക്കുക സാദ്ധ്യമല്ല
സമസ്യാകാരൻ : പി എന്‍ വിജയന്‍
വൃത്തം : ഉപേന്ദ്രവജ്ര‌
1
പറഞ്ഞിടും തോന്നിയതൊക്കെ, നാവി-
ന്നുറപ്പു കാണില്ല, തിനില്ല തെല്ലും 
അറപ്പു, മില്ലങ്ങു വിവേകമേതും 
"പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ല"
വിനോദ് വര്‍മ്മ‌
2
പിറന്നതേ തെറ്റു; വയോജനത്തേ
യറഞ്ഞു പുച്ഛിപ്പതു മുഖ്യജോലി
കറുത്ത കോമാളികള്‍ , ഈ ജനത്തെ
 പറഞ്ഞുനന്നാക്കുക സാദ്ധ്യമല്ല.
കുട്ടന്‍ ഗോപുരത്തിങ്കല്‍
3
ഉറഞ്ഞുതുള്ളും കലിയാ,ലുരയ്ക്കും
കറച്ചവാ,ക്കെപ്പൊഴുമാരൊടുംതാന്‍
വെറുപ്പുമാത്രം ഹൃദിപേറുവോളെ
പ്പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ല.
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
4
നിറഞ്ഞു പൊന്തുന്നൊരഹന്തയാല-
ങ്ങുറഞ്ഞുതുള്ളുന്ന മനുഷ്യരെല്ലാം
അറിഞ്ഞിടട്ടേ സ്വയ,മൊക്കെ,യൊന്നും
പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ല..
പി ഡി രമ
5
എറിഞ്ഞുവീഴ്ത്താമുയരത്തിലേതും
ചൊറിഞ്ഞുമാറ്റാം ചില ചർമ്മരോഗം;
നിറഞ്ഞ വങ്കത്തമുരയ്ക്കുവോനെ-
പ്പറഞ്ഞുനന്നാക്കുക സാദ്ധ്യമല്ല
ബാലേന്ദു
6
ഉറഞ്ഞു തുള്ളിക്കലികൊണ്ടു സര്‍വ്വം
എറിഞ്ഞുടയ്ക്കുന്നൊരുവന്റെ ചാരേ
നിറഞ്ഞ സ്നേഹത്തൊടു ചെന്നു ചൊല്ലി-
പ്പറഞ്ഞുനന്നാക്കുക സാദ്ധ്യമല്ല.
ഗീത വാസുദേവന്‍
7
പറഞ്ഞതെന്തെന്നു തിരിഞ്ഞിടാതേ
പറഞ്ഞ വാക്കിന്നെതിരായിമാത്രം
അറിഞ്ഞുകൊണ്ടങ്ങു ചുറഞ്ഞിടുമ്പോൾ
പറഞ്ഞുനന്നാക്കുക സാദ്ധ്യമല്ല
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
8
നിറഞ്ഞൊരൌദ്ധത്യമദങ്ങളാലേ
പരര്‍ക്കു ദോഷങ്ങള്‍ വരുത്തുവോരെ
ശരിക്കു ചെയ്യേണ്ടൊരു കാര്യമെല്ലാം
പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ല.
ഡോ രാജന്‍
9
നിരന്തരം ശാസന ചെയ്കിലും , തെ-
റ്റ റിഞ്ഞു വീണ്ടും തുടരുന്നുവെങ്കിൽ
ഒരിക്കലും തൻമകനാ കിലും കേൾ
പറഞ്ഞു നന്നാക്കുക സാധ്യമല്ല.
ഉണ്ണിക്കൃഷ്ണൻ നമ്പീശൻ
10
തുറന്ന യുദ്ധത്തിനു കച്ച കെട്ടീ-
ട്ടുറഞ്ഞു തുള്ളും , തെരുവിൽക്കറങ്ങും
പരസ്‌പരം പാർട്ടിക, ളാർക്കുമൊന്നും
"പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ലാ "
MKC മേയ്ക്കാട്
11
നിരന്തരം മർത്യത വിട്ടൊരുത്തൻ
പരർക്കു ശോകം പകരുന്നതായാൽ
മരിയ്ക്കുവോളം നിജ ശീലമാർക്കും
"പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ലാ.
ദേവി പ്രകാശ്
12
മറഞ്ഞു കുറ്റങ്ങളുരയ്ക്കല്‍, നേരില്‍
നിറഞ്ഞ ഹാസത്തൊടു സംവദിയ്ക്കല്‍
ഉറഞ്ഞ വൈരം ഹൃദി; ‍ ദുര്‍ജനത്തെ
പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ല‌
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
13
കുറഞ്ഞുപോയ് പൈതൃകനിഷ്ഠയോടൊ-
ത്തുറച്ചഭക്തിപ്രഭ മർത്യനിപ്പോൾ,
നിറഞ്ഞു ഷഡ്വൈരികളുള്ളി;ലാർക്കും
പറഞ്ഞു നന്നാക്കുക സാദ്ധ്യമല്ലാ
അത്തിപ്പറ്റ രവി
14
കറുത്തുപോയാലുയരം കുറഞ്ഞാല്‍
ശരീരമല്‍പം കൃശമായിയെന്നാല്‍
നിരാശയോടേ കഴിയുന്നൊരാളേ
പറഞ്ഞുനന്നാക്കുക സാദ്ധ്യമല്ല
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
സമസ്യ നമ്പർ 296
വലയാനുള്ളവനാണു മാനവൻ
സമസ്യാകാരൻ : യദുമേയ്ക്കാട്
വൃത്തം : വിയോഗിനി
1
വിലയേറിവരുന്നിതിന്ധനം
നിലനില്പാകെയബദ്ധമായിടാം
തലരേഖയിദം വരച്ചിതോ
വലയാനുള്ളവനാണു മാനവൻ
ദാമോദരപ്പണിക്കര്‍
2
കുലമേന്മ, യനുഗ്രഹങ്ങളും  
തലയില്‍ക്കൊണ്ടുനടക്കുമെങ്കിലും 
പലജന്മമെടുത്തു ഭൂവിതില്‍  
വലയാനുള്ളവനാണു മാനവന്‍
കുട്ടന്‍ ഗോപുരത്തിങ്കല്‍
3
നലമാര്‍ന്നവഴിയ്ക്കു പോകിലും
കുലദൈവങ്ങളെയോര്‍ത്തു ചെയ്കിലും
കലിബാധവിധിച്ചതെങ്കിലോ
വലയാനുള്ളവനാണുമാനവന്‍
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
4
ബലമായ്‌ സഹസാ കുടുക്കിടും
വലയാമിന്ദ്രിയജാലശക്തിയാല്‍
ശിലയായൊരഹല്യയെന്ന പോല്‍
വലയാനുള്ളവനാണു മാനവന്‍.
ഡോ രാജന്‍
5
കലികാലമണഞ്ഞഭൂമിയില്‍
വിമലാത്മാവൊടു വാഴ്കയെങ്കിലും
പലജാതിമനുഷ്യസംഗമാല്‍
വലയാനുള്ളവനാണുമാനവന്‍
ശ്രീകല നായർ
6
പലരേലേകിയശാസനങ്ങളാൽ
കുലധർമ്മത്തിനുലച്ചിലേറ്റുപോയ്
നിലതെറ്റിയുടഞ്ഞു മേൽക്കുമേൽ
വലയാനുള്ളവനാണു മാനവൻ
യദുമേയ്ക്കാട്
7
പലജാലമതിന്നുകീഴ്പ്പെടും
വലയിൽപ്പെട്ടുഴറീടുമെങ്കിലും
വലിയേണ്ട, തിനാവുകില്ലെടോ
വലയാനുള്ളവനാണുമാനവൻ
രാധാദേവി
8
വിലപിച്ചുടുമെങ്കിലെത്രയൊ
ന്ന‌ലറിക്കൊണ്ടു കരഞ്ഞുവെങ്കിലും
പലതാമഴലേറിഭൂതലേ
വലയാനുള്ളവനാണുമാനവന്‍
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
9
പല ജീവിതവനൗകയേറി നിർ-
മ്മലചിത്തത്തൊടു നീങ്ങിടുമ്പൊഴും
നിലയറ്റ ഭവാബ്ധിയിൽത്തുലോം
വലയാനുള്ളവനാണു മാനവൻ
അത്തിപ്പറ്റ രവി
10
തലയില്‍ക്കനല്‍തീര്‍ത്തു വേനലും
മലവെള്ളത്തിലുലച്ചു വര്‍ഷവും
തുലയാനിനിയെന്തു വേണ്ടതും
വലയാനുള്ളവനാണു മാനവന്‍
ഗീത വാസുദേവന്‍
11
ചില ദുഃഖമണഞ്ഞിടും നര,-
ന്നുലകിൻ തത്വമ,തോർക്കണം സദാ;
വിലപിച്ചു വിധിച്ചിടായ്ക നാം
"വലയാനുള്ളവനാണു മാനവൻ"
പീതാംബരന്‍ നായര്‍
സമസ്യ നമ്പർ 297
നിൻ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും!
സമസ്യാകാരൻ : ശ്രീ ദാസ്
വൃത്തം : വസന്തതിലകം
1
എൻ‌വീണമീട്ടി, തവ നാമ ജപങ്ങളോടേ 
യെന്മാനസത്തിലനിശം തവപൂജചെയ്‌വൂ
അൻപോടെവന്നരികിലൊന്നുപവിഷ്ടയായാൽ
“നിൻ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും!
കുട്ടന്‍ ഗോപുരത്തിങ്കല്‍
2
നീയേ പ്രപഞ്ചകണികയ്ക്കുയിരൂർജ്ജമന്ത്രം
നിന്നിൽ ത്തുടിക്കുമണുജീവതരംഗതാളം
നിത്യം കിഴക്കുണരുമാദിയുഷസ്സിനീശാ
"നിൻ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും
ദീപ കരുവാട് 
3
വൻപാർന്നുവന്ന ഭൃഗുവിന്റെ ചവിട്ടുകൊണ്ടാ-
നൻപൻ മഹാവിനയവിഷ്ണുവുണർന്നനേരം
അൻപോടെ ചൊല്ലി, 'ഹ!മഹാമുനി മാപ്പുനല്കൂ
നിൻ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
4
ഗാഢം സുഷുപ്തിയതിലാണ്ടൊരു വിഷ്ണു തന്‍റെ
മാറത്തു തന്നെ ഭൃഗുവാഞ്ഞു ചവിട്ടിയപ്പോള്‍
ശാന്തന്‍ പറഞ്ഞു "മുനിവര്യ! ക്ഷമിക്കണം നീ. 
നിന്‍ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും"
ഡോ രാജന്‍
5
ശാപം വഹിച്ചു ശിലയായൊരഹല്യയാദ്യം
ചാപംധരിച്ച രഘുരാമനെ നോക്കി നിന്നൂ
താപം ശമിച്ചു തൊഴുകൈകളുമായി ചൊല്ലീ
"നിന്‍ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും
അനിരുദ്ധ വര്‍മ്മ
6
വൻപാർന്ന മാബലി ശിരസ്സിലളന്നിടാനാ-
യൻപൊട്ടുമന്നു കിടയാതടി മൂന്നിനായി
മുൻപോട്ടു തൻതല കുനിച്ചു പറഞ്ഞു "വിഷ്ണോ,
നിൻ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും".
പീതാംബരന്‍ നായര്‍
7
ഞാനിട്ടകൈവളകൾ കീർത്തനമാലപിക്കും
നിൻചാരുദേഹമൊരു കോവിലുപോലിരിക്കും
ഞാൻനേർന്നരാഗസുധപൂവിതളായ്പ്പതിക്കും
നിൻപാദമുദ്രമമഭൂഷണമായ് ഭവിക്കും.
പി എന്‍ വിജയന്‍
8
വന്‍പാര്‍ന്നൊരാഋഷിപദം കലചാര്‍ത്തിമാറി,-
ലന്‍പോടണിഞ്ഞു ഭഗവാനതു ഭൂഷയായി
എന്‍പാപമേതുമകലാന്‍വഴിനല്കിയെന്നാല്‍
നിന്‍പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
9
അൻപോടഹല്യയുടെ മാനസതാരിലൂറും
വമ്പേറുമോർമ്മകളിറുത്തു മനോഭിരാമൻ!
കുമ്പിട്ട നേരമഴകാർന്നവളോതി നിത്യം
നിൻ പാദമുദ്ര മമ ഭൂഷണമായ് ഭവിക്കും
ശ്രീ ദാസ്
10
സാമോദമെന്നുടയ പൗത്രനെയേറ്റിടുമ്പോ-
ളീ മാറിലായ് ചരണമൊന്നു പതിച്ചിടുന്നൂ
ഹാ!ജന്മ വും സഫലമായരുമക്കിടാവേ
നിന്‍ പാദമുദ്ര മമ ഭൂഷണമായ് ബ്ഭവിക്കും
ഗീത വാസുദേവന്‍
സമസ്യ നമ്പർ 298
ഗതകേടുകൊണ്ടുചിലരോർത്തിടാതെയാം
സമസ്യാകാരൻ : ദാമോദരപ്പണിക്കര്‍
വൃത്തം : മഞ്ജുഭാഷിണി
1
ഹൃദയത്തിലെന്നു,മഖിലേശ ! നിൻമുഖം
പതിയേണമെന്നു മനസാ നിനയ്ക്കിലും
ഗതിമാറി മോഹ നദി യാർത്തലയ്ക്കവേ
"ഗതികേടുകൊണ്ടു ചിലരോർത്തിടാതെയാം "
ദേവി പ്രകാശ്
2
ഹിതമാണു പെണ്ണിനിഹവേഷഭൂഷകൾ
മതിയാവുകില്ലിനിയുമേറെ വാങ്ങുവാൻ
അതിയായ മോഹമകതാരിലെങ്കിലും
ഗതികേടുകൊണ്ടുചിലരോർത്തിടാതെയാം!
രാധാദേവി 
3
ഗതകാലമോഹമൊരു പൂത്ത ചില്ലപോൽ
അതിഗോപ്യമായി ഹൃദയത്തിനുള്ളിലെ
സ്മൃതിനാശകോശമതിലായടക്കിടും
ഗതികേടുകൊണ്ടു ചിലരോർത്തിടാതെയാം
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
4
ചതികൊണ്ടുനേടിയ ധനം മനുഷ്യനെ-
പ്രതിസന്ധിയെത്തുമളവിൽ ത്തുണച്ചിടാ,
അതുകൊണ്ടനർത്ഥമുളവാ മസംശയം
ഗതകേടുകൊണ്ടുചിലരോർത്തിടാതെയാം
ദാമോദരപ്പണിക്കര്‍ 

 

 

 

കാവ്യകേളി


(ഭാഷാവൃത്തകവിസദസ്സ് )

ഭാഷാവൃത്തത്തിലുള്ള സ്വരചിതങ്ങളായ കവിതാഖണ്ഡങ്ങള്‍ കവികള്‍ കാവ്യകേളിയുടെ നിയമമനുസരിച്ചു പോസ്റ്റു ചെയ്യുന്ന സദസ്സാണ് ഇത്. ഇതില്‍ പങ്കെടുക്കുന്ന ഏഴു കവികള്‍ ഈ ക്രമത്തിലാണ്, ഇരിക്കുന്നത്:

1.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ , 2..രാമന്‍ നമ്പീശന്‍ കേശവത്ത്, 3. ശ്രീലകം വേണുഗോപാല്‍, 4.അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍ ,  5. വാരിയത്ത് കുട്ടി, 6.പൊതാളൂര്‍ വിജയന്‍ 8. ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം 9. തൃക്കഴിപ്പുറം രാമ‍ന്‍ 10. സന്തോഷ് വര്‍മ്മ

ഈ സദസ്സ് 01-01-2013 നു ആരംഭിച്ചു

837
ശോകത്തിരയടി തന്നിലെന്‍ ജീവിത‌
നൌകയിങ്ങാടിയുലഞ്ഞിടുമ്പോള്‍
ഓര്‍ മ്മ‌കള്‍ക്കപ്പുറത്തെങ്ങോ മറഞ്ഞൊരാ
കര്‍ മ്മഭൂഖണ്ഡങ്ങള്‍ മാഞ്ഞിടുമ്പോള്‍
അക്കരെയെന്നുള്ളൊരജ്ഞത കേവല‌
മുള്‍ക്കാമ്പിന്‍ സ്വപ്നമായ് മാറിടുമ്പോള്‍
എല്ലാം നിരര്‍ത്ഥകമായിരുന്നെന്നുള്ള‌
വല്ലാത്ത തോന്നലിലെത്തിടുന്നു
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
838
ആരുതാന്‍ പാരിന്റെപാപമുക്തിക്കായി
മേരിയിലീശ്വരജാതനായി,
സത്യസ്വരൂപനവനെ വരിച്ചവര്‍
നിത്യവും കന്യകമാരായ് വാണു,
മേദിനിതന്നിലെ ഖേദങ്ങള്‍ വേര്‍പെടാന്‍
വേദനയാക്കിസ്വജീവിതത്തെ;
നിര്‍മ്മലമാനസമാരെ ദുഷിക്കും ദുഷ്-
കര്‍മ്മികളാരാരും ശിക്ഷണീയര്‍.
രാമന്‍ നമ്പീശന്‍ കേശവത്ത്
839
മനുജരേ,നിങ്ങള്‍ക്കു ജാതിയെന്നുണ്ടായി
മനസ്സിലൊന്നോര്‍ക്കുമോ,തീവ്രം?
ജനനമുണ്ടാവുന്ന നേരത്തു മര്‍ത്ത്യന്നു
വിനയായ ജാതിയില്ലോര്‍ക്കൂ.
വളരുന്ന നേരത്തു തെളിവാര്‍ന്ന മനസ്സിലായ്
ഗരളം കലര്‍ത്തും മതങ്ങള്‍
മതമൊന്നുതന്നെയാണെങ്കിലും ദൃഷ്ടമാ-
യതിലുണ്ടു ജാതിവൈജാത്യം
ശ്രീലകം വേണുഗോപാല്‍
840
വിജനവീഥിയിലേയ്ക്കു ഞാനെത്രയായ്
സജലമാം മിഴിനീട്ടിനിന്നെങ്കിലും
അവിടെയേകാന്തശോകഗാനങ്ങള്‍ തന്‍
കവിതമാത്രമേ കേള്‍പ്പതുള്ളൂ സദാ!
ഇനിവരില്ലെന്നറിഞ്ഞിടുന്നെങ്കിലും
കനവുനെയ്തു ഞാന്‍ കാത്തിരിയ്ക്കുന്നിതാ
അരികിലെത്തുമാ പക്ഷിതന്‍ നേര്‍ത്തൊരാ
ചിറകടിസ്വനം കാതോര്‍ത്തു മൂകമായ്
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
841
ഇനി വരാനാരു ചോദ്യം പതുക്കെയെന്‍ 
നിനവിലാരോ തൊടുക്കുന്നുവെങ്കിലും 
വെറുതെയാണുകാക്കുന്നതെന്നുള്ളതാ-
മൊരു വിഷാദം കനക്കുന്നുവെങ്കിലും
വരുമവന്‍ മറന്നൊക്കെയും  സൌമ്യനായ്‌ 
ചിരിപരക്കും മുഖത്തൊടെ സ്നിഗ്ദ്ധമാം 
കരതലത്താല്‍ തലോടുമാസാന്ത്വനം 
വരുമൊരിക്കല്‍ സ്മരിയ്ക്കാതെയെങ്ങനെ  ?
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
842
വെള്ളപ്പൊക്കത്തിലെല്ലാംപോയോരിവർ,
വല്ലതും സഹായം നല്ക'യീവിധം
സാക്ഷ്യപത്രവുമായ് വന്നവർക്കന്നു
ഭക്ഷ്യപേയങ്ങൾ വസ്ത്രവും നല്കി ഞാൻ;
രണ്ടുമാസത്തിനുള്ളിൽത്താനക്കൂട്ടർ
വീണ്ടും വന്നു വരൾച്ചയിലാണത്രെ!
അന്നാളിലതു വിശ്വസിച്ചീല ഞാൻ;
ഇന്നനുഭവം കൊണ്ടതിബോദ്ധ്യമായ്!
തൃക്കഴിപ്പുറം രാമന്‍ 
843
രൗദ്രഭാവം കലർന്നു പ്രകൃതിയാം
ഭദ്രദേവത നൃത്തം ചവിട്ടുന്നു
ഛിദ്രവാസന കൈക്കൊണ്ടു മാനവർ
ക്ഷുദ്രകർമ്മങ്ങൾ ചെയ്തു നടക്കുന്നു
എത്രയെത്രയോ തിക്ത ഫലങ്ങളേ
ചിത്രമാംവണ്ണം ഭുക്തി ചെയ്തീടിലും
ഇത്രകാലവും മണ്ണിൽ മനുജന്‌
മാത്രമെന്തേ വിവേകമുടിച്ചിടാ
സന്തോഷ് വര്‍മ്മ‌

 

 

പുതിയ കവിതകള്‍

 

കുരുത്തോല നിറമുള്ള കുഞ്ഞാത്തോല്
കുട്ടന്‍ ഗോപുരത്തിങ്കല്‍
“കുരുത്തോല നിറമുള്ള കുഞ്ഞാത്തോലേ
എന്ത് തമ്പ്രാട്ടിക്ക് വേണം ചൊല്ലൂ..“
“ഒന്നുമെനിക്കിന്ന് വേണ്ടാ, ചാത്താ
അക്കരെ കൊണ്ടോയി വിട്ടാ മതി.“
“കാലു വഴുക്കാതെ എന്റെ കൊച്ചു
തോണിയില്‍ കേറുമോ കുഞ്ഞാത്തോലേ?“
“കയ്യിന്മേലൊന്നു പിടിക്ക് ചാത്താ..”
“അയ്യയ്യോ തീണ്ടില്ലേ കുഞ്ഞാത്തോലേ?”
“വീണാലോ പൊക്കിയെടുക്കേണ്ടേ നീ?
അപ്പോഴും തീണ്ടലാവില്ലേ, ചാത്താ..?”
കുഞ്ഞാത്തോല്‍ ചാത്തന്റെ കൈപിടിച്ചു
തോണിയിലേറി, പുഴകടക്കാന്‍
പിറ്റേന്ന് ചാത്തന്റെ ചത്ത ദേഹം
പന്മനയാറ്റിലൊഴുകിക്കണ്ടു.
കയ്യിലും, കാലിലും, മെയ്യിലാകെ
നീലിച്ച, ചോരച്ച പാടു കണ്ടു.
കുഞ്ഞാത്തോലെ പിന്നെ കണ്ടില്ലാരും
പ്രാന്തായി, തൂങ്ങിച്ചത്തെന്നു കേട്ടു.
പന്മനയാറ്റില്‍ നിലാവിലിന്നും
രണ്ടുപേര്‍ തോണിയില്‍ പോണകാണാം
ഒന്നു വെളുത്തൊരു കുഞ്ഞാത്തോലും
മറ്റേത് ചാത്തനുമായിരിക്കാം
നീറ്റിലങ്ങിങ്ങായ് കുരുത്തോലയും
തെച്ചിപ്പൂവും കാണാം, എന്ന് കേള്‍പ്പൂ
വെയിൽപ്പക്ഷി * 
(എ അയ്യപ്പന്റെ ഓർമ്മകൾക്കുമുന്നിൽ)
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
എത്താക്കൈയകലത്തിൽ 
തുരത്തും നിഴലിനും 
മുന്നിലായ് പറന്നവൻ 
ഒടുക്കം തളർന്നുപോയ് 
കയ്യെത്തിപ്പിടിച്ചൊരാ 
കരുത്തൻ ഇരുൾക്കൈകൾ 
വെയിൽതീനിയെയെങ്ങോ 
നടത്തിക്കൊണ്ടേപോയി 
കങ്കാളം കത്തിത്തീർന്നൂ 
ഉടഞ്ഞ ശംഖിൽത്തങ്ങും 
ഉദകം വിഷമായി 
ഉടഞ്ഞൂ ഭിക്ഷാപാത്രം 
തെറിപ്രാക്കുകളായി 
തൊണ്ടവിട്ടലച്ചെത്തും 
രോദനത്തിൻ മാറ്റൊലി 
ഹൃദയം പൊള്ളിക്കുന്നൂ 
ചുടലക്കരിക്കട്ട- 
കൊണ്ടു പാതയിൽ നീളേ 
വീടുവിട്ട കുട്ടികൾ 
അമ്പുകൾ വരയ്ക്കുന്നൂ.
 

 

www.aksharaslokam.com

 

സൈറ്റില്‍ അംഗമാകാന്‍  ഇപ്പോള്‍ തന്നെ റജിസ്റ്റര്‍   ചെയ്യുക.(ഹോം പേജില്‍

റജിസ്റ്റെര്‍ ഇന്‍ ക്ലിക്കു ചെയ്തു കോളങ്ങള്‍ പൂരിപ്പിക്കുക)

 

സൈറ്റില്‍ ലഭ്യമായ പുസ്തകങ്ങള്‍ 

 

 
1.സഹസ്രദളം :


ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

അഷ്ടപ്രാസം ,യമകവിദ്യ, ഗോഹത്യയും ബ്രഹ്മഹത്യയും എന്ന മണി
പ്രവാള ഖണ്ഡകാവ്യം ,കറുത്ത ചേകവന്‍ എന്ന പച്ചമലയാളം കാവ്യം,
രസരാജന്‍, കുറിമാനം (എഴുത്തുകുത്തുകള്‍ , ആശംസകള്‍ , ചരമശ്ലോക
ങ്ങള്‍), അക്ഷരശ്ലോകമാഹാത്മ്യം (നൂറു പൂക്കള്‍, അംബോപദേശം) , തിരു
ശേഷിപ്പ് എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങളിലായി ആയിരത്തിലധികം 
ശ്ലോകങ്ങള്‍ അടങ്ങുന്ന കൃതി. 2000ത്തില്‍ കൂനംമൂച്ചി അക്ഷരശ്ലോകവേദി 
പ്രസിദ്ധീകരിച്ചു.


2.അരിയന്നൂര്‍ :


അരിയന്നൂര്‍ ഗ്രാമത്തിന്റെ സാംസ്ക്കാരിക ചരിത്രം . ക്ഷേത്രത്തെക്കുറി
ച്ചുള്ള വിശദവിവരങ്ങള്‍ . ആധുനിക കാലഘട്ടത്തിലെ സം ഭവങ്ങളുടെ 
വിവരണം . കൂടാതെ നൂറോളം സരസശ്ലോകങ്ങള്‍ editor അരിയന്നൂര്‍ 
ഉണ്ണിക്കൃഷ്ണന്‍


3.അക്ഷരശ്ലോക ഡയറക്ടറി 2000:


ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

അക്ഷരശ്ലോകകലാരംഗത്തുള്ള സംഘടനകളുടെയും വ്യക്തികളുടെയും 
വിവരങ്ങള്‍ അടങ്ങുന്ന ഇത:പര്യന്തമുണ്ടായിട്ടുള്ള ഏക കൃതി.


4.ഉപനയനം :

ഗ്രന്‍ഥകര്‍ത്താവ്: ആദരേടത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട്
ആദരേടത്തിന്റെ ശ്ലോകങ്ങളുടെ സമാഹാരം .'മയൂരദൂത്' എന്ന സന്ദേശ
കാവ്യത്തിന്റെ പരിഭാഷ പൂര്‍ണ്ണ രൂപത്തില്‍ ഈ പുസ്തകത്തില്‍ഉണ്ട്.

5.കണ്ണോക്ക് :

ടി.എം . പോള്‍ മാസ്റ്റര്‍ സ്മരണിക. കേരളത്തിലെ പ്രഗത്ഭരായ അക്ഷര
ശ്ലോകപ്രവര്‍ത്തകരുടെ പ്രൌഢലേഖനങ്ങള്‍,പഴയ നൂറു കവികളുടേതാ
യി നൂറു ശ്ലോകങ്ങള്‍ ,കൊച്ചുണ്ണിത്തമ്പുരാന്റെ 'കാന്തവൃത്തം ' എന്ന 
പുസ്തകത്തിന്റെ പൂര്‍ ണ്ണരൂപം എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

6.തിലാഞ്ജലി:

പണ്ഡിതവര്യനും ബഹുമുഖപ്രതിഭയുമായിരുന്ന കാര്യാട്ടുശങ്കുണ്ണിനായര്‍
കൂനമ്മൂച്ചി അക്ഷരശ്ലോകവേദി അദ്ധ്യക്ഷനായിരിക്കെ 1989ല്‍ അന്തരിച്ചു. 
അക്കാലത്തു പ്രസിദ്ധീകരിച്ച ഒരു സ്മരണികയാണു 'തിലാഞ്ജലി'. മാട
മ്പു കുഞ്ഞുകുട്ടന്റെ അനുസ്മരണലേഖനം, മണ്മറഞ്ഞു പോയ എന്‍.ഡി. 
കൃഷ്ണനുണ്ണി,കെ.എന്‍ഡി., ആദരേടം ,നെല്ലുവായ് കെ.എന്‍ നമ്പീശന്‍ തു
ടങ്ങി പലരുടെയും ശ്ലോകരചനകള്‍ എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

7.ശിവൊള്ളിക്കൃതികള്‍ :

ശിവൊള്ളിയുടെ ലഘു ജീവചരിത്രക്കുറിപ്പു, ദാത്യൂഹസന്ദേശം കാവ്യം, 
തെരഞ്ഞെടുത്ത 60 ശ്ലോകങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

8.ശ്ലോകമേവ ജയതേ :

മണ്മറഞ്ഞ ശ്ലോകപ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 
ആരംഭിച്ചിട്ടുള്ള ഒരു പംക്തിയാണു ഇത്.

9.രാമകൃഷ്ണവിലോമകാവ്യം :

ഗ്രന്‍ഥകര്‍ത്താവ് : സൂര്യകവി
ജലജ എന്ന വാക്കു അനുലോമമായും പ്രോമമായും ഒരേ പോലെ വാ
യിക്കാവുന്ന പദമാണ്. മോരു തരുമോ എന്ന വാക്യം ഇപ്രകാരം തന്നെ. 
വിലോമപദം ,വിലോമവാക്യം എന്നിങ്ങനെ ഇവയെ വിളിക്കാം. വാക്യം
വലുതാകും തോറും ഇത്തരം ​ഘടന ക്ലിഷ്ടമാകുന്നു. ഇംഗ്ലീഷില്‍ ഒരു ആ
ശയം പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ വിലോമവാക്യം a man, a plan, a 
canal, panama എന്നാണെന്നു ഗിന്നസ് ബുക്കില്‍ കൊടുത്തിട്ടുണ്ട്.
ഇവിടെ ഇതാ ഒരു സംസ്ക്കൃത കാവ്യം. എല്ലാ ശ്ലോകങ്ങളും വിലോമ
ങ്ങള്‍! മാത്രമല്ല, രണ്ടു ഇതിവൃത്തങ്ങള്‍ ഒരേസമയം പറഞ്ഞു പോകുക
യും ചെയ്യുന്നു. ശ്ലോകങ്ങളുടെ പൂര്‍വ്വാര്‍ദ്ധങ്ങള്‍ ശ്രീരാമകഥ പറഞ്ഞു 
പോകുമ്പോള്‍ ഉത്തരാര്‍ദ്ധങ്ങള്‍ ശ്രീകൃഷ്ണകഥ പറഞ്ഞു പോകുന്നു. കാ
വ്യകാരന്റെയും സംസ്ക്കൃത ഭാഷയുടെയും മഹത്വം! നമ്മുടെയെല്ലാം 
സുകൃതവും .
രാമകൃഷ്ണവിലോമകാവ്യത്തിനു മലയാളവ്യാഖ്യാനം തയ്യാറായിട്ടുള്ള
തു ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു. ആദ്യശ്ലോകത്തിന്റെ വ്യാഖ്യാനംകൊടു
ത്തിട്ടുണ്ട്.പണ്ഡിതോത്തമനായശ്രീ.മച്ചട്ട് ടി.നീലകണ്ഠന്‍ നമ്പീശനാണു 
വ്യാഖ്യാതാവ്.

10.ഗോശാല:

ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍
ഉണ്ണി എടക്കളത്തൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ.പി.
നാരയണന്‍ നമ്പീശന്റെ ശ്ലോകരചനകള്‍ സമാഹരിച്ചതാണു കൃതി. 1994 
ലെ കവനകൌതുകം പുരസ്ക്കാരജേതാവാണു കവി. പുരസ്ക്കാരത്തിന
ര്‍ഹമായ കവിതയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

11.ഒറവങ്കര ശ്ലോകങ്ങള്‍:

ഒറവങ്കരയുടെ തെരഞ്ഞെടുത്ത കുറെ ശ്ലോകങ്ങള്‍

12.വൃത്തങ്ങളിലെ താളഘടന:

ഗ്രന്‍ഥകര്‍ത്താവ് : അത്തിപ്പറ്റ രവി. 
പരമ്പരാഗതരീതിയില്‍ നിന്നു വ്യത്യസ്തമായി, താളത്തെ അടിസ്ഥാനഘട
കമാക്കി വൃത്തങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമം. സംസ്ക്കൃത
വൃത്തമായാലും ,ഭാഷാവൃത്തമായാലും , ചലച്ചിത്രഗാനമായാല്‍ പോലും 
അവയിലെല്ലാം പൊതുവായ ഒരു താളഘടനയെ കണ്ടെത്തുന്ന ഒരു .
സൈദ്ധാന്തികഗ്രന്‍ഥം

13. ശ്രീരാഘവയാദവീയം:

രാമകൃഷ്ണവിലോമകാവ്യം പോലെ തന്നെ മറ്റൊരു വിലോമകാവ്യം. 
വെങ്കിടാധ്വരി എന്ന കവിയാണ് ഇതിന്റെ രചയിതാവ്. രാമകഥ പറ
ഞ്ഞു പോകുന്ന ഓരോ ശ്ലോകത്തിനും കൃഷ്ണകഥ പറഞ്ഞു പോകുന്ന 
പ്രതിലോമശ്ലോകം എന്നാണു രചനയുടെ രീതി. ഓരോ ജോടി ശ്ലോകവും
വിലോമമാണെന്നര്‍ത്ഥം . പദച്ഛേദം കൂടെ കൊടുത്തിട്ടുണ്ട്.

14.നാരായണീയം ഭാഷാവൃത്തത്തില്‍ :

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്റെ പരിഭാഷ.

15.ഭര്‍ത്തൃഹരി എന്ന  ഫോറം:

ഭര്‍ത്തൃഹരിയുടെ ശതകത്രയം ഭാഷാവൃത്തത്തിലേക്കു പരിഭാഷപ്പെടു
ത്തുക എന്നതാണു ലക്ഷ്യം

16.അരിയന്നൂര്‍  E-Magazine :

ശ്ലോക വിവരങ്ങളടങ്ങുന്ന ഒരു മാസികപ്രസിദ്ധീകരണം.  എല്ലാ 10-ആം 
തിയ്യതിയും പ്രസിദ്ധീകരിക്കുന്നു.

17.ശയനപ്രദക്ഷിണം:

ശ്രീ.രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാസമാഹാരമാണു. സാഹിത്യ
ത്തിന്റെ വിവിധ ശാഖകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള
ഗ്രന്‍ഥകര്‍ത്താവിന്റെ ഈ കൃതി ശ്ലോകങ്ങളും ഭാഷാവൃത്തത്തിലുള്ള
കവിതകളും ഉള്‍ക്കൊള്ളുന്നതാണ്.

18.കഥാത്രയീ ശ്ലേഷകാവ്യം: സമ്പൂര്‍ണ്ണമലയാളവ്യാഖ്യാനത്തോടുകൂടി.

രാമായണ-ഭാരത-ഭാഗവത കഥകള്‍ ഒരുമിച്ചു പറഞ്ഞു പോകുന്ന വിശി
ഷ്ടമായ ഒരു സംസ്ക്കൃതകാവ്യമാണ്. ഓരോ ശ്ലോകവും മൂന്നു രീതിയില്‍ 
അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. ചിദംബരകവിയുടെ ഈ കാവ്യത്തിനു മലയാ
ളവ്യാഖ്യാനം രചിച്ചിട്ടുള്ളതു മച്ചാട്ടു ടി. നീലകണ്ഠനാണ്.
വന്ദനശ്ലോകത്തിനു 10 അര്‍ത്ഥമാണു വ്യാഖ്യാതാവു കൊടുത്തിരിക്കുന്നത്.

19. അഷ്ടപ്രാസം :

സമ്പാദകന്‍ : അനില്‍ക്കൃഷ്ണന്‍ പി.യു.
ശാര്‍ദ്ദൂലവിക്രീഡിതം  വൃത്തത്തില്‍ ഓരോ ശ്ലോകത്തിലും എട്ടു സ്ഥല
ത്തു കൃത്യമായ താളത്തില്‍ ഒരേ പദം ആവര്‍ത്തിച്ചു വരുന്ന വിധം 
പദകുബേരന്മാര്‍ക്കു വിഹരിക്കാനുള്ള രചനാസങ്കേതമാണു അഷ്ടപ്രാസം. 
നാല്പതോളം കവികള്‍ ;നൂറ്റിഅമ്പതില്പരം ശ്ലോകങ്ങള്‍ ; ശ്ലോകസദസ്സു
കളിലൂടെയും കയ്യെഴുത്തു പുസ്തകങ്ങളിലൂടെയും മാത്രം തലമുറകള്‍ 
താണ്ടിയ നിരവധി രചനകള്‍. കുറെ പുതിയ രചനകളും.

20. പെട്ടരഴിയം കൃതികള്‍

പെട്ടരഴിയം വലിയ രാമനെളയതിന്റെ തെരഞ്ഞെടുത്ത കൃതികള്‍ ശ്ലേ
ഷം,പരല്‍ ഘടന,ശയ്യാഗുണം തുടങ്ങിയവയില്‍ അദ്വിതീയനായിരുന്നു 
ഗ്രന്‍ഥകര്‍ത്താവ്. വള്ളത്തോള്‍ പോലും പേട്ടരഴിയത്തിനെപ്പോലെ ശ്ലോകം
എഴുതാന്‍ കഴിയണമെന്നു കൊതിച്ചിട്ടുണ്ടത്രേ . സപ്തപ്രാസം ദീക്ഷിച്ചു 
രചിച്ചിട്ടുള്ള വഞ്ചിപ്പാട്ടു (നതോന്നത) രീതിയിലുള്ള ഒരു കവിത കൂടി .
ഇതില്‍ ചേര്‍ത്തിട്ടുണ്ട്

21.  കാതുകുത്ത്  

ഗ്രന്‍ഥകര്‍ത്താവ് : കുറുവല്ലൂര്‍ മാധവന്‍ 
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി കൂനമ്മൂച്ചി അക്ഷരശ്ലോകവേദി
യുടെ അദ്ധ്യക്ഷനായി തുടരുന്ന  ശ്രീ കുറുവല്ലൂര്‍ മാധവന്റെ ശ്ലോകസ
മാഹാരം . കൂനമ്മൂച്ചി അക്ഷരശ്ലോകവേദി 1994 ല്‍ പ്രസിദ്ധീകരിച്ചതാണ് 
ഈ കൃതി.

22. പച്ചമലയാളം

സാധാരണപ്രയോഗത്തിലുള്ള മണിപ്രവാളമലയാളത്തിന്റെ നിഷേധമാണ് 
പച്ചമലയാളം.സംസ്ക്കൃതപദങ്ങള്‍ ഒഴിവാക്കിയുള്ള മലയാളമെന്നാണ് 
ഉദ്ദേശിക്കുന്നത്. മനസ്സ്, ദുഃഖം ,വിഷമം ....തുടങ്ങി സമ്സ്ക്കൃതത്തില്‍ നി
ന്നു സ്വീകരിക്കപ്പെട്ടിട്ടുള്ള പദങ്ങളെല്ലാം നിഷിദ്ധം . ഇങ്ങനെയുള്ള 
കാവ്യങ്ങളുടെ ഒരു ശേഖരം .

23. അക്ഷരശ്ലോക സദസ്സ്  ഫോറം

അംഗങ്ങള്‍ക്കു  ശ്ലോകങ്ങള്‍ പൊസ്റ്റു ചെയ്തു സദസ്സില്‍ പങ്കെടുക്കാം .

24.  സ്തവപുഷ്പമാലിക

ഗ്രന്‍ഥകര്‍ത്താവ് : പണ്ഡിതഭൂഷണം പി.കെ.രാമന്‍ നമ്പ്യാര്‍ 
ശിഖരിണി വൃത്തത്തില്‍ 50 സംസ്ക്കൃതശ്ലോകങ്ങള്‍ വ്യാഖ്യാനത്തോടു 
കൂടി . തട്ടകത്തമ്മയായ പനങ്ങാട്ടുകര ഭഗവതിയെ സ്തുതിച്ചുള്ളതാണ് 
ഇതിവൃത്തം .കൊല്ലവര്‍ഷം 1106 ല്‍ പ്രസിദ്ധീകൃതമായത്.

25. .ശ്രീവിജയോദയം മഹാകാവ്യം

ഗ്രന്‍ഥകര്‍ത്താ : മഹാകവി പന്തളം കേരളവര്‍മ്മ
മഹാകവിയുടെ രണ്ടു മഹാകാവ്യങ്ങളില്‍ കൂടുതല്‍ പ്രശസ്തമായതു 
രുഗ്മാംഗദചരിതം ആണ്. എന്നാല്‍ വിജയോദയം കാവ്യവും കാവ്യമേന്മ 
കൊണ്ടും പന്തളത്തിന്റെ സ്വതസ്സിദ്ധമായ ശബ്ദാലങ്കാരവൈദഗ്ദ്ധ്യം  
കൊണ്ടും അതീവ മനോഹരമാണ്.
 
26. കളിയോഗത്തില്‍ 

ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍ 
 
ഗ്രന്‍ഥകര്‍ത്താവിന്റെ ആദ്യത്തെ കാവ്യ സമാഹാരമാണ്‍ 1990 ല്‍ പ്രസി
ദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ..

27. ഉഷയുടെ ശയനഗൃഹം

ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കുട്ടമത്ത്
 
മഹാകവിയുടെ മുഖമുദ്രയായ രചനയിലെ  ശബ്ദസൌന്ദര്യവും ശാലീന
തയും നിറഞ്ഞു നില്‍ ക്കുന്ന ഒരു കൃതി.
 
28.  ആന്തര സാമ്രാജ്യങ്ങള്‍

 
കവിതാസമാഹാരം 
ഗ്രന്‍ഥകര്‍ത്താവ് : രാധാകൃഷ്ണന്‍ കാക്കശ്ശേരി 
 
29.  കേരളം


ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
കേരളത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുള്ള
കാവ്യം . ഈ വിഭാഗത്തിലെ ഏറ്റവും പ്രശസ്തവും സമഗ്രവും , അതേ
സമയം മനോഹരവുമായ മലയാളകാവ്യം .  
 
30. പുലരി 
 
കവിതാ സമാഹാരം 
ഗ്രന്‍ഥകര്‍ത്താവ്: : ടി വി ജോസ്മാസ്റ്റര്‍ 
 
കൂനംമുച്ചി അക്ഷരശ്ലോക വേദിയുടെ സെക്രട്ടറി ആയിരിക്കേ 1997ല്‍ അ
ന്തരിച്ച ടി വി ജോസ് മാസ്റ്റരുടെ കാവ്യ രചനകള്‍ സമാഹരിച്ച കൃതി.


♥