ARIYANNUR AKSHARASLOKAKALAKSHETHRAM

അരിയന്നൂര്‍  

 

ജനുവരി 2018 ലക്കം 73   

പത്രാധിപര്‍ : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 

 

[മാസികയുടെ പഴയ ലക്കങ്ങള്‍ കാണുവാന്‍ ഹോംപേജില്‍ Archives ക്ലിക്കു ചെയ്യുക] 

ഏഴാം  വാര്‍ഷികപ്പതിപ്പ്

ഉള്ളടക്കം

മുഖക്കുറിപ്പ്

പത്രാധിപപംക്തി

തത്വമുക്തകം

സംസ്ക്കൃതത്തില്‍ നിന്നു ഒരു മുത്ത്

പുതിയ കവിതകള്‍  

രാധാകൃഷ്ണന്‍ കാക്കശ്ശേരി
അഷ്ടമിച്ചിറ ചന്ദ്രശേഖരവാര്യര്‍
ഉണ്ണിക്കൃഷ്ണന്‍ ചെറുതുരുത്തി
കരിമ്പുഴ രാമചന്ദ്രൻ
സച്ചിദാനന്ദന്‍ പുഴങ്കര‌
കൈതയ്ക്കല്‍ ജാതവേദന്‍
ജോയ് വാഴയിൽ
മോഹനന്‍ കാരണത്ത് 
മോഹനന്‍ മൂലയില്‍
രാമന്‍ നമ്പീശന്‍ കേശവത്ത്
ശ്രീലകം വേണുഗോപാല്‍
രാധാമീര 
ശ്രീജ പ്രശാന്ത്
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
ദാമോദരപ്പണിക്കര്‍
പി എന്‍ വിജയന്‍
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
എ.ആർ. ശ്രീകൃഷ്ണൻ
വിനോദ് വര്‍മ്മ‌
കാവനാട് രവി  
അത്തിപ്പറ്റ രവി
ഹരിദാസ് മംഗലപ്പിള്ളി
കുട്ടന്‍ ഗോപുരത്തിങ്കല്‍
ശ്രീകല നായർ
യു.എസ്.നാരായണൻ 
പീതാംബരന്‍ നായര്‍
ഗീത വാസുദേവന്‍
ദേവി പ്രകാശ് 
മധുരാജ് പി സി
പദ്മ തമ്പാട്ടി
ജ്യോതിർമയി ശങ്കരൻ
ദീപ‌കരുവാട് 
ഗിരി വാര്യര്‍ 
ഋഷി കപ്ലിങ്ങാട്
ശ്രീജ കാവനാട് 
അനിയന്‍ മാങ്ങോട്ട് രി
ജിനദേവന്‍ വെളിയനാട്
പി എസ് നമ്പീശന്‍
രമേശൻ തമ്പുരാൻ
സന്തോഷ് വര്‍മ്മ‌
എം.ആർ.മാടപ്പള്ളി
ഉമാരാജീവന്‍
നാഥ് മാന്നനൂർ
റനീജ് തൃക്കഴിപ്പുറം
രാജേഷ് വര്‍മ്മ‌
അനിരുദ്ധ വര്‍മ്മ‌
നാരായണന്‍ രാമന്‍
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ലേഖനങ്ങൾ

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

കഥ‌

നാരായണന്‍ രാമന്‍
 

കവിസദസ്സ്
സമസ്യാപൂരണങ്ങള്‍
അക്ഷരശ്ലോക സദസ്സ്
കാവ്യകേളി 

                                     

അരിയന്നൂര്‍ അക്ഷരശ്ലോകകലാക്ഷേത്രം:

 

സ്ഥാപിതം 1989 

ലോകത്തെവിടെയുള്ള അക്ഷരശ്ലോകകലാകാരനും അക്ഷരശ്ലോകസംഘടനയും ഞങ്ങള്‍ക്കു വിലപ്പെട്ട സൌഹൃദങ്ങളാണു. എല്ലാവരുടേയും സൌഹൃദസഹകരണങ്ങള്‍ക്കു ഞങ്ങളുടെ ഓരോ മുന്നേറ്റവും സമര്‍പ്പിയ്ക്കുന്നു.

 

ആദ്യത്തെ അക്ഷരശ്ലോകഡയറക്ടറി (2000)

ആദ്യത്തെ അക്ഷരശ്ലോക വെബ് സൈറ്റ് (2001)

സ്വന്തം ഡൊമെയിന്‍ നെയിമുള്ള ആദ്യത്തെ വെബ് സൈറ്റ് (2011)

ആദ്യത്തെ ഓണ്‍ ലൈന്‍ അക്ഷരശ്ലോകമാസിക(2012)

ആദ്യത്തെ അക്ഷരശ്ലോക ഫേസ് ഗ്രൂപ്പ് കൂട്ടായ്മ (2011)

ആദ്യത്തെ അക്ഷരശ്ലോക വാട്ട്സ് ആപ്പ് കൂട്ടായ്മ (2014)

അക്ഷരശ്ലോകം ന്യൂസ് , ശ്ലോകപത്രം എന്നീ വാട്ട്സ് ആപ്പ് കൂട്ടായ്മ


മാസം തോറും ഏകാക്ഷരശ്ലോകസദസ്സ് 

 

സാമുദായികമോ പ്രാദേശികമോ ശൈലീപരമോ ആയ യാതൊരു ഭേദചിന്തയുമില്ലാതെ എല്ലാ ശ്ലോകസംഘടനകളുടേയും ശ്ലോകകലാകാരന്മാരുടേയും പ്രവര്‍ത്തനങ്ങളെ സമഭാവനയോടെ കാണുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യാനുള്ള നിരന്തരമായ ശ്രമം.

എല്ലാം എല്ലാം ഈ സൌഹൃദങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത വിജയസ്തംഭങ്ങള്‍! 

 

ലഘുചരിത്രം 

 

അരിയന്നൂര്‍ മാസിക ഏഴാം വര്‍ഷത്തിലേയ്ക്കു പ്രവേശിയ്ക്കുകയാണു.!

ലോകത്തെമ്പാടുമുള്ള ശ്ലോകപ്രേമികള്‍ക്കു സമയമോ സന്ദര്‍ഭമോ നോക്കാതെ യഥേഷ്ടം വിഹരിക്കാനുള്ള ഒരു പൊതു ഇടം ഉണ്ടാകുക എന്ന ചിരകാലസ്വപ്നത്തിന്റെ സാക്ഷാത് കാരമാണ്, 2011 ജൂണ്‍ മാസത്തില്‍ www.aksharaslokam.com എന്ന സൈറ്റിന്റെ രൂപീകരണത്തോടെ സാദ്ധ്യമായത്. അക്ഷരശ്ലോകവുമായി അഭിരമിക്കുന്നവരുടെ പൊതുവേദിയായി രൂപം കൊണ്ട സൈറ്റ് പതുക്കെപ്പതുക്കെ വികസിച്ചു ഭാഷാവൃത്തത്തെ കൂടി ഉള്‍ക്കൊണ്ടു കൊണ്ടു പദ്യമലയാളം ഇഷ്ടപ്പെടുന്നവരുടെ മുഴുവന്‍ വിഹാരരംഗമായി പരിണമിച്ചു. സൈറ്റില്‍ ഇപ്പോള്‍ 410 അംഗങ്ങള്‍ഉണ്ട്.  

ആറു വര്‍ഷം മുമ്പു രൂപീകരിച്ച ഈ സൈറ്റ് ഇപ്പോള്‍ നില്ക്കുന്നിടത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ച വിസ്മയാവഹമാണെന്നു പറഞ്ഞാല്‍ ഒട്ടും തന്നെ അതിശയോക്തിയാവില്ല. വിവിധ വേദികളില്‍ നിരവധി കവികള്‍ ചേര്‍ന്നു ആയിരക്കണക്കിനു പുതിയ ശ്ലോകങ്ങള്‍ പോസ്റ്റു ചെയ്തു കഴിഞ്ഞു. ഭാഷാവൃത്തത്തിലുള്ള കവിതകള്‍ വേറെയും . 

എല്ലാ കാഴ്ചപ്പാടുകള്‍ക്കും ഇടം കൊടുക്കുക എന്ന രീതിയാണു സ്വീകരിച്ചിട്ടുള്ളത് 

വായനക്കാരുടെ അഭിരുചികള്‍ക്കനുസരിച്ചു പങ്കെടുക്കാവുന്ന നിരവധി ഫോറങ്ങള്‍ ഈ സൈറ്റില്‍ രൂപപ്പെട്ടു വന്നു. കവിസദസ്സ് (സ്വന്തം ശ്ലോകങ്ങളെക്കൊണ്ടുള്ള വൃത്തനിബന്ധനയോടു കൂടിയ അക്ഷരശ്ലോകസദസ്സ്), സമസ്യാപൂരണം (ആഴ്ചയില്‍ ഒരു സമസ്യ),  ഭാഷാവൃത്തത്തിലുള്ള സ്വന്തം കവിതകളെക്കൊണ്ടുള്ള കാവ്യകേളി സദസ്സ്........ തുടങ്ങിയവ ധാരാളം പങ്കാളിത്തമുള്ള ഫോറങ്ങളായി തുടരുന്നു. പുതിയ പുസ്തകങ്ങള്‍ 'ഇ-പതിപ്പ്' ആയി പ്രസിദ്ധീകരി യ്ക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. 

ഇങ്ങനെ പ്രസിദ്ധീകരിച്ചവയുള്‍പ്പെടെ കുറച്ചു പുസ്തകങ്ങളടങ്ങുന്ന ഒരു ഗ്രന്ഥ‌ശാലയും സൈറ്റില്‍ കാണാവുന്നതാണ്.

 

'അരിയന്നൂര്‍ 'മാസിക, സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളുടെ ഒരു ക്രോഡീകരണമാണ്. 2012 ജനുവരിയില്‍ പ്രസിദ്ധീകരണം തുടങ്ങിയ മാസിക എല്ലാ 15 ആം തിയ്യതിയും മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു. ഈ 73 ആം ലക്കം അഞ്ചാം വാര്‍ഷികപ്പതിപ്പായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. യൂസഫലി കേച്ചേരിയെപ്പോലെ അതിപ്രശസ്തര്‍ മുതല്‍ പുതുതായി എഴുതിത്തുടങ്ങിയവര്‍ വരെയുള്ളവര്‍ ഈ മാസികയെ സാഹിത്യസൃഷ്ടികളെക്കൊണ്ടു സമ്പന്നമാക്കിയിട്ടുണ്ടെന്നു നന്ദിപൂര്‍വ്വം അനുസ്മരിയ്ക്കുന്നു.  ഈ യാത്രയില്‍ സഹകരിച്ച എല്ലാ കവികള്‍ക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.തുടര്‍ന്നുള്ള കാല്‍വെയ്പുകളിലും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നു വിനയപുരസ്സരം പ്രാര്‍ത്ഥിയ്ക്കുന്നു 

അക്ഷരശ്ലോകം ഫേസ് ഗ്രൂപ്പ് കൂട്ടായ്മ, അക്ഷരശ്ലോകം വാട്ട്സ് ആപ്പ് കൂട്ടായ്മ , അക്ഷരശ്ലോകം ന്യൂസ് കൂട്ടായ്മ, അന്നന്നത്തെ വാര്‍ത്തകള്‍ ശ്ലോകരൂപത്തില്‍ പ്രസിദ്ധീകരിയ്ക്കുന്ന ശ്ലോകപത്രം വാട്ട്സ് ആപ്പ് കൂട്ടായ്മ എന്നിവയും ഞങ്ങളുടെ സംരംഭങ്ങളാണെന്നു അഭിമാനപൂര്‍വ്വം അറിയിയ്ക്കട്ടെ! 

എടുത്തു പറയേണ്ട ഒരു കാര്യം ഈ സൈറ്റിലെ അംഗത്വം തികച്ചും സൌജന്യമാണെന്നുള്ളതാണ്. www.aksharaslokam.com എന്ന സൈറ്റില്‍ കയറി റെജിസ്റ്റര്‍ ചെയ്യുകയേ വേണ്ടു.

 

നവവത്സരാശംസകളോടെ,

 

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

തൃശ്ശൂര്‍ -680102

ariyannur@gmail.com 

♥ 

ശ്ലോകവും ലോകവും 

 

ശങ്കരന്‍ മാഷ് വിമര്‍ശിയ്ക്കപ്പെടുന്നു

 

അക്കാദമികരംഗത്തെ ഭാഷാപണ്ഡിതന്മാര്‍ അക്ഷരശ്ലോകകലയില്‍ ഇടപെടുമ്പോള്‍ വേണ്ടത്ര അവധാനത പുലര്‍ത്തുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം തോന്നുന്ന സന്ദര്‍ഭം പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രശസ്തിയുടെ ഔന്നത്യത്തില്‍ ഇരുന്നു കൊണ്ടു അവര്‍ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിയ്ക്കുന്ന‌ അസംബന്ധങ്ങള്‍ ഈ രംഗത്തു പ്രവര്‍ത്തനപരിചയമുള്ളവരെ ഒട്ടൊന്നു മല്ല കുഴക്കാറുള്ളത്. 

ഇതെഴുതുന്നയാള്‍ക്കു ഏറെ ആരാദ്ധ്യനായ ശ്രീ കെ.പി.ശങ്കരന്‍ മാഷ് കഴിഞ്ഞ കുറെക്കാലമായി ലേഖനങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും മറ്റും പ്രകടിപ്പിച്ചു കാണുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും ഇത്തരത്തിലുള്ളതാകുന്നില്ലേ എന്നു സംശയിയ്ക്കുന്നു. പത്തിരുപതു കൊല്ലമായി ഒരേ കാര്യങ്ങള്‍ വേദികള്‍ തോറും (പലപ്പോഴും ഒരേ വേദിയില്‍ തന്നെ) ആവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന അദ്ദേഹം ഈ കലയെക്കുറിച്ചു അല്പം കൂടി അടുത്തറിയാന്‍ ശ്രമിയ്ക്കണമെന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിയ്ക്കട്ടെ. അദ്ദേഹം അഭിപ്രായപ്രകടനങ്ങളില്‍ പുലര്‍ത്തുന്ന അവധാനതക്കുറവിനെക്കുറിച്ചുള്ള സൂചനകളോടെ ഒരു പത്രാധിപക്കുറിപ്പു മുമ്പു ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. അതിന്‍റെ ഒരു പകര്‍പ്പു അദ്ദേഹത്തിനയച്ചു കൊടുക്കുകയും ഉണ്ടായി. 

അദ്ദേഹം ആവര്‍ത്തിച്ചു സൂചിപ്പിയ്ക്കുന്ന ചില‌ കാര്യങ്ങളെ ഇവിടെ പരാമര്‍ശിക്കുകയാണു 

1. അക്ഷരശ്ലോകത്തില്‍ അനുഷ്ടുപ്പുകളെ ഉള്‍പ്പെടുത്തണ‍ം: 

 

അക്ഷരശ്ലോകസദസ്സുകളില്‍ അനുഷ്ടുപ്പു വൃത്തം നിഷിദ്ധമായി കരുതുന്നതിനെതിരെ പല പ്രഭാഷണങ്ങളിലും മാഷ്  ധാര്‍ മ്മികരോഷം കൊള്ളുന്ന‌തു സാധാരണയാണു. അവതരണമത്സരം എന്ന സങ്കല്പത്തിനു മുമ്പുണ്ടായിരുന്ന  (പൂരപ്പറമ്പിലും നാട്ടിന്‍പുറത്തെ മറ്റു സദസ്സുകളിലും) അനുഷ്ടുപ്പു വൃത്തം നിഷിദ്ധമായിരുന്നില്ല.

 

അക്ഷരശ്ലോകമോതീടില്‍

അച്ചു മൂളുക നിശ്ചയം

അച്ചു മൂളാതിരുന്നീടില്‍

അടി കൊള്ളുക നിശ്ചയം 

 

എന്ന അനുഷ്ടുപ്പില്‍ നിന്നാണു പല സദസ്സുകളും തുടങ്ങിയിരുന്നതു തന്നെ 

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച അഖിലകേരള അക്ഷരശ്ലോകപരിഷത്ത് എന്ന സംഘടന അമ്പതുകളുടെ രണ്ടാം പകുതിയിലാണു രൂപം കൊള്ളുന്നത്, ഈ സംഘടനയാണു ഇത്തരം ഒരു കീഴ് വഴക്കത്തിനു തുടക്കമിടുന്നത്. അതാകട്ടെ സദുദ്ദേശപരമായ ഒരു തീരുമാനവുമായിരുന്നു.

ജ്യോതിഷം വൈദ്യം മുതലായ ശാസ്ത്രഗ്രന്ഥങ്ങളിലും പുരാണങ്ങളിലും മറ്റു മുള്ള ശ്ലോകങ്ങള്‍ മാത്രമായി സദസ്സു മുഷിപ്പനാകാതിരിയ്ക്കാനുള്ള ഒരു മുന്‍കരുതലായിട്ടാണു അതു വിശദീകരിയ്ക്കപ്പെട്ടിരുന്നതു.      മത്സരവേദികള്‍ , പ്രത്യേകിച്ചും അവതരണമത്സരവേദികള്‍ അന്നു രൂപപ്പെട്ടു വരുന്ന കാലമാണു. ഇപ്പോഴത്തെ രീതിയില്‍ വൃത്തനിബന്ധനയുള്ള അവതരണമത്സരവേദികളില്‍ രണ്ടോ മൂന്നോ റൌണ്ടു അനുഷ്ടുപ്പു ചൊല്ലിയ്ക്കുന്നതില്‍ തെറ്റു പറയേണ്ടതില്ല. അത്രയും യോജിയ്ക്കുമ്പോള്‍ തന്നെ അതാണു അക്ഷരശ്ലോകസദസ്സുകളിലെ പ്രധാനപോരായ്മ എന്ന രീതിയിലുള്ള അഭിപ്രായപ്രകടനം അതിരു കവിഞ്ഞുള്ളതാണെന്നും കൂടി പറഞ്ഞുവയ്ക്കേണ്ടതുണ്ട് 

(തുടരും) 

♥ 

അക്ഷരശ്ലോകസദസ്സ്

നവവത്സര ഏകാക്ഷര അക്ഷരശ്ലോക സദസ്സ്

അരിയന്നൂര്‍ അക്ഷരശ്ലോകകലാക്ഷേത്രം പുതുവത്സരത്തോടനുബന്ധിച്ച് 31 ഡിസംബര്‍ 2017, ന് വാട്ട്സ് ആപ്പിലെ അക്ഷരശ്ലോകം ഗ്രൂപ്പില്‍ ഏകാക്ഷരശ്ലോക സദസ്സ് നടത്തി.

അക്ഷരം അ ആയിരുന്നു. ലോകത്തിന്റെ വിവിധഭാഗത്തു നിന്നുള്ളവര്‍ പങ്കെടുക്കുകയും ആസ്വദിയ്ക്കുകയും ചെയ്തു.

പങ്കെടുത്തവര്‍

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍, പീതാംബരന്‍ നായര്‍, ജയശോഭ, ദേവി പ്രകാശ്, ദാമോദരപ്പണിക്കര്‍, വിജി അജിത്, അഭിജിത്ത്, സ്വസ്തി ചന്ദ്രന്‍, വിവേക്, രാധാദേവിയു ഭാസ്ക്കരന്‍, പാര്‍വ്വതി പി എം, ജയരാജ്, അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍

♥ 

പുതിയ അക്ഷരശ്ലോകഡയറക്ടറി

അക്ഷരശ്ലോകഡയറക്ടരിയില്‍ പേരു ചേര്‍ക്കാന്‍ സഹായിയ്ക്കുക‌

വിവരങ്ങള്‍ ഉടന്‍ അയയ്ക്കുക! 

2000 ത്തിലാണു ഈയുള്ളവന്‍റെ ഉത്സാഹഫലമായി ആദ്യത്തെ അക്ഷരശ്ലോകഡയറക്ടറി പ്രസിദ്ധീകരിച്ചത്. അതിനു ശേഷം ധാരാളം ശ്ലോകകലാകാരന്മാര്‍ രംഗത്തു വന്നിട്ടുണ്ട്. അന്നത്തെ ഡയറക്ടറിയില്‍ ചിലരെങ്കിലും ഉള്‍പ്പെടാത്തവരായിട്ടുണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. കൂടുതല്‍ സമഗ്രവും കാലികവുമായ ഒരു ഡയറക്ടറി ഉണ്ടാക്കാന്‍ ആഗ്രഹിയ്ക്കുന്നു. എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിയ്ക്കുന്നു.അക്ഷരശ്ലോകരംഗത്തുള്ളവര്‍ പേര്, മേല്‍വിലാസം എന്നിവ അയച്ചു തരണമെന്നു അഭ്യര്‍ത്ഥിയ്ക്കുന്നു. ടെലിഫോണ്‍ നമ്പര്‍ ഇ മെയില്‍ അഡ്ഡ്രസ്സ് എന്നിവയും അയച്ചാല്‍ നന്നായിരിയ്ക്കും . സ്വന്തം വിവരവും പരിചയത്തിലുള്ളവരുടെ വിവരങ്ങളും അറിയിയ്ക്കുക. അക്ഷരശ്ലോകകലയുമായി ബന്ധപ്പെട്ടു ആലാപനം , സംഘാടനം , സാഹിത്യം എന്നീ രംഗങ്ങളിലുള്ളവരെല്ലാം ഡയറക്ടറിയിലുണ്ടാകണമെന്നാണു ആഗ്രഹം. സംഘടനകളെക്കുറിച്ചുള്ള ലഘുവിവരണം രണ്ടാം ഘട്ടത്തില്‍ ശേഖരിയ്ക്കാനാണുദ്ദേശിയ്ക്കുന്നതു

താഴെ പറയുന്ന ഏതെങ്കിലും രീതിയില്‍ വിവരങ്ങള്‍ അയയ്ക്കുക

 

whats app : 9447129500

e-mail : ariyannur@gmail.com

 

postal address:

 

ariyannur unnikrishnan

pallippaat house

post Ariyannur

Thrissur - 680102

Kerala

 

താഴെ പറയുന്ന വിവരങ്ങളാണു അയയ്ക്കേണ്ടത്.

 

പേര്‍:

മേല്‍വിലാസം:

ടെലിഫോണ്‍ നമ്പര്‍

ഇ മെയില്‍ അഡ്ഡ്രസ്സ്

ഒരു ഫൊട്ടോ അറ്റാച്ചു ചെയ്യുക‌ 

♥ 

 

തത്വമുക്തകം  69

 

ഉചിതവ്യയശീലസ്യ‌

സ്വയമായാന്തി സമ്പദഃ

അസ്തി കിം താലവൃന്തസ്യ‌

മന്ദമാരുതസംഗ്രഹഃ

 

ശരിയായ ചിലവാക്കുന്നവനു (ദാനശീലനു) സമ്പത്തു സ്വയം വന്നു ചേരുന്നു. വിശറി മന്ദമാരുതനെ സമ്പാദിച്ചു വയ്ക്കുന്നുണ്ടോ?

 


സംസ്ക്കൃതത്തില്‍ നിന്നൊരു മുത്ത് 71

 

നാഥേ നഃ പുരുഷോത്തമേ ത്രിജഗതാം സേവ്യേ രമാവല്ലഭേ

നിത്യേ സ്വസ്യ പദസ്യ ദാതരി വിഭൌ നാരായണേ തിഷ്ഠതി

യം കഞ്ചില്‍ പുരുഷാധമം കതിപയഗ്രാമേശമല്പാര്‍ത്ഥദം

സേവായൈ മൃഗയാമഹേ ഭൃശ‌മഹോ മൂകാ വരാകാ വയം

 

നമുക്കു നാഥനും , പുരുഷോത്തമനും , മൂലോകത്തില്‍ വച്ചു സേവ്യനും, ശ്രീവല്ലഭനും, നിത്യനും , സ്വന്തം പദം പോലും ദാനം ചെയ്യുന്നവനും ആയ നാരായണപ്രഭു ഇരിയ്ക്കെ, (അദ്ദേഹത്തെ വെടിഞ്ഞു), കൊള്ളരുതാത്തവരായ നമ്മള്‍സ്വല്പസമ്പത്തിനു വേണ്ടി പുരുഷാധമനായ‌ ഏതോ ചെറിയ ഗ്രാമാധിപനെ സേവിയ്ക്കുന്നു. കഷ്ടം 

 

മുത്തും പരിഭാഷയും 

 

മുത്ത് ‍ 69 

 

നിര്‍വീര്യാ പൃഥിവീ,നിരോഷധിരസാ

നീചാ മഹത്വംഗതാ

ഭൂപാലാ നിജകര്‍ മ്മധര്‍ മ്മരഹിതാ

വിപ്രാഃ കുമാര്‍ഗ്ഗേ രതാഃ

ഭാര്യാ ഭര്‍ത്തൃവിരോധിനീ പരരതാ,

പുത്രാഃ പിതൃദ്വേഷിണോ

ഹാ! കഷ്ടം ഖലു വര്‍ത്തതേ കലിയുഗേ

ധന്യാ നരാ യേ മൃതാഃ

 

ഭൂമി തരിശാകും , ഔഷധങ്ങള്‍ ഗുണമില്ലാത്തതാകും , നീചാന്മാരുടെഎണ്ണം കൂടും , രാജാക്കന്മാര്‍ കര്‍ മ്മധര്‍ മ്മരഹിതരാകും , ബ്രാഹ്മണര്‍ ദുര്‍മ്മാര്‍ഗ്ഗചാരികളാകും , ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോടെതിര്‍ത്തു പരപുരുഷരില്‍ ആസക്തരാകു‍ം, മക്കള്‍ പിതൃദ്വേഷികളാകും . അഹോ കഷ്ടം ഇങ്ങനെ കലികാലത്തില്‍ മനുഷ്യര്‍ മരിച്ചു ജീവിയ്ക്കുന്നതില്‍തൃപ്തിപ്പെടുന്നു. 

 

പരിഭാഷകൾ 

 

1. ദിലീപ്

 

പാഴാം ഭൂമി, മരുന്നു നിഷ്ഫലവുമാം

നീചർക്കു കേമത്തമാം

ഊഴീശർ വഴിവിട്ട കർമ്മപരരാം

നമ്പൂരി ദുർമാർഗിയാം

വീഴും ഭാര്യ പരർക്കു കാന്തനെതിരായ്,

മോനച്ഛനായ് തല്ലിടും

വാഴും പ്രേതസമം നരർ കലിയുഗ-

ക്കാലത്തു ചേലൊത്തഹോ!

 

2.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

 

മണ്ണെല്ലാം തരിശായ്, വെടിഞ്ഞു നൃപരാ

ധര്‍മ്മം, ഖലന്മാര്‍ പെരു

ത്തെണ്ണത്തില്‍, ദ്വിജരോ പിഴച്ചു, ഗുണമി

ല്ലാതായ് മരുന്നിന്നുമേ,

പെണ്ണോ ഭര്‍ത്തൃവിരക്ത, സക്ത പരരില്‍,

പുത്രന്‍ പിതൃദ്വേഷി,യീ

വണ്ണം ഹാ കലിയില്‍ പിണം മനുജ,നെ

ന്നിട്ടും വസിപ്പൂ മുദാ 

 

ഭാഷാനാരായണീയം
 
അര്‍ത്ഥം അറിഞ്ഞു പഠിയ്ക്കുവാനും പഠിപ്പിയ്ക്കുവാനും റെഫറന്‍സിനും ഉതകുന്ന വിധത്തില്‍ നാരായണീയം മൂലവും ലളിതമായ ഭാഷാവൃത്തത്തിലുള്ള പരിഭാഷയും

പരിഭാഷകന്‍ അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍


വില : 350 രൂപ‌


പുസ്തകം ലഭിയ്ക്കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍/വാട്ട്സ് ആപ്പ് 

നമ്പര്‍ : 9447129500

ലേഖനങ്ങള്‍


മാതൃദത്ത‌ ഭട്ടതിരി - ഭക്തിസാഹിത്യത്തിലെ  പൂര്‍ണ്ണചന്ദ്രന്‍

 

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

 

അതിപ്രശസ്തരുടെ അടുത്തു നില്ക്കുന്നതു കൊണ്ടു അര്‍ഹിയ്ക്കുന്ന ശ്രദ്ധ ലഭിയ്ക്കാതെ പോകുന്നവര്‍ എല്ലാ രംഗത്തുമുണ്ട്, സൂര്യാലോകനിരസ്തഗോപ്രസരരായ ദോഷാകരപ്രായന്മാര്‍!  ഭക്തിസാഹിത്യത്തില്‍ അങ്ങനെ ഒരു സൂര്യതേജസ്സില്‍ പെട്ട‌  പൂര്‍ണ്ണചന്ദ്രനായിട്ടു വിലയിരുത്തപ്പെടാവുന്ന കവിയാണു മാതൃദത്തഭട്ടതിരി എന്നു പറയാം. ജ്യേഷ്ഠസഹോദരനായ സാക്ഷാല്‍ മേല്പുത്തൂരിന്‍റെ (നാരായണ ഭട്ട‌തിരി) പ്രശസ്തിയുടെ മുമ്പില്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോയ ഈ കാവ്യപ്രതിഭയെ ഒന്നു പരിചയപ്പെടുത്തുക എന്നതു ഏറ്റവും ഉചിതമായ ഒരു കാര്യമായിര്യ്ക്കും എന്ന ചിന്തയാണു ഈ കുറിപ്പിനു പ്രേരണയായത് .

മാതൃദത്തഭട്ടതിരിയെക്കുറിച്ചു വളരെ കുറച്ചു പരാമര്‍ശം മാത്രമേ കണ്ടിട്ടുള്ളു. ജ്യേഷ്ഠനോടൊപ്പം സഞ്ചരിച്ചു അദ്ദേഹത്തിന്‍റെ സാഹിത്യകര്‍മ്മരംഗത്തു ആവശ്യമായ സഹായവും പരിചരണവും ചെയ്തുകൊണ്ടിരുന്നു ഇദ്ദേഹം . രോഗശമനത്തിനായി ജ്യേഷ്ഠന്‍ ഗുരുവായൂരില്‍ താമസിച്ചു ശ്രീമന്നാരായണീയം രചിച്ചുകൊണ്ടിരുന്ന കാലത്തും ഇദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. നാരായണഭട്ടതിരി ശ്ലോകങ്ങള്‍ചൊല്ലികൊടുക്കുകയും ഇദ്ദേഹം എഴുതിയെടുക്കുകയുമായിരുന്നു എന്നാണു അറിയുന്നതു. ശ്രീമന്നാരായണീയത്തിന്‍റെ ചില മാതൃകാഗ്രന്ഥങ്ങളില്‍  ഇതു ശരിവയ്ക്കുന്നതായ കുറിപ്പുള്ളതായി മഹാകകവി ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.

 

ʻʻഇത്ഥം ഭാഗവതം സ്തോത്രം

സ്വാഗ്രജേന വിനിര്‍മ്മിതം

അലിഖന്മാതൃദത്താഖ്യോ

ഭഗവദ്ഭക്തിഹേതവേ.ˮ 

 

എന്ന ശ്ലോക‌പ്രസ്താവന അദ്ദേഹം ഉദ്ധരിയ്ക്കുകയും ചെയ്യുന്നു. 

 ʻതൃതീയഭ്രാതാ ച മാതൃദത്താഖ്യഃʼ

എന്നും ചില ഗ്രന്ഥങ്ങളില്‍ കുറിപ്പുണ്ടു്. ഇതരസഹോദരന്മാര്‍ ആരെല്ലാമെ

ന്നതിനു രേഖകളൊന്നും എവിടെയും കണ്ടിട്ടില്ല.

മാതൃദത്തഭട്ടതിരിയുടേതായി കണ്ടു കിട്ടിയിട്ടുള്ള ഒരേ ഒരു കാവ്യം "ഭക്തിസംവര്‍ദ്ധനശതകം" ആണു.  ജ്യേഷ്ഠന്‍റെ നാരായണീയകാവ്യം ഇദ്ദേഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഈ കൃതി ഒന്നു ഓടിച്ചു നോക്കിയാല്‍ തന്നെ ബോദ്ധ്യപ്പെടും.

 

മന്ദാക്രാന്താ വൃത്തത്തിലുള്ള നൂറു ശ്ലോകങ്ങളാണു (ഫലശ്രുതിയടക്കം നൂറ്റൊന്നു എന്നു പറഞ്ഞാല്‍ കൃത്യമായി) ഭക്തിസംവര്‍ദ്ധനശതകത്തില്‍ ഉള്ളത്. പൂര്‍വ്വഭാഗം ഉത്തരഭാഗം എന്നിങ്ങനെ അമ്പതു ശ്ലോകങ്ങള്‍ വീതമുള്ള രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. ആദ്യഭാഗത്തില്‍ ജീവാത്മാവിന്‍റെ ബീജാവസ്ഥയില്‍ നിന്നു തുടങ്ങി ജീവിതത്തിന്‍റെ ഓരോ ഘട്ടവും വിശദമായി പ്രതിപാദിച്ചു അവിടെയെല്ലാം തനിയ്ക്കു തുണയാകണേ എന്ന പ്രാര്‍ത്ഥ‌നയാണെങ്കില്‍, രണ്ടാം ഭാഗത്തില്‍ ഭഗവാന്‍റെ ഓരോ അവതാരത്തേയും മനസ്സില്‍ കണ്ടുകൊണ്ടുള്ള പ്രാര്‍ത്ഥനയാണു. ഭഗവത്സ്വരൂപവര്‍ണ്ണനയോടെ അവസാനിയ്ക്കുകയും ചെയ്യുന്നു.     ഓരോ ശ്ലോകവും വിഷ്ണുഭഗവാനോടു നേരിട്ടുള്ള പ്രാര്‍ത്ഥന, നാരായണീയത്തിലെ ഓരോ ദശകാന്ത്യത്തിലുമുള്ള പ്രാര്‍ത്ഥനാശ്ലോകങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നവയാണു. പ്രഥമശ്ലോകം തന്നെ മനോഹരമായ ഒരു ഭഗവത് സ്തുതിയാണു. 

 

ജാതം ജാതം ഖലു ജഗദഹോ! ചിത്രമേതത്സമസ്തം

ക്ഷീണം ക്ഷീണം മുഹുരപി പരം ദൃശ്യതേ യത് പ്രഭാവാല്‍

തസ്മൈ സാക്ഷാത് സ്വരസപരമാനന്ദവീചീമയായ‌

ബ്രഹ്മാഖ്യായ ത്രിഭുവനപതേ! ദേവ! തുഭ്യം നമോസ്തു 

സൃഷ്ടിസ്ഥിതിസംഹാരകാരണമായ പരബ്രഹ്മാഖ്യനായ ത്രിലോകാധിപതിയെ ഇപ്രകാരം വന്ദിച്ചുകൊണ്ടുള്ള തുടക്കം തന്നെ ഇതിവൃത്തത്തിനനുയോജ്യമായ പശ്ചാത്തലം ഒരുക്കുന്നു. തുടര്‍ന്നു സംസാരചക്രത്തില്‍ കറങ്ങുന്ന ഈ ജീവാത്മാവിനെ വീണ്ടും ജന്മം നല്കി കഷ്ടപ്പെടുത്തല്ലേ , അഥവാ ജന്മം നല്കുകയാണേങ്കില്‍ കര്‍മ്മാധികാരമുള്ള മനുഷ്യജന്മം തന്നെ തരണേ, അതില്‍ തന്നെ ഉല്‍ക്കൃഷ്ടകര്‍മ്മം ചെയ്യാന്‍ അര്‍ഹതയുള്ള ബ്രാഹ്മണകുലത്തില്‍ ജനിപ്പിയ്ക്കണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു നരജന്മം പ്രാപ്യമാകുന്ന അനിവാര്യാവസ്ഥയില്‍ തന്നെ രക്ഷിയ്ക്കാനുള്ള കാരുണ്യത്തിനായി നിവേദനം തുടരുന്നു. ബീജാവസ്ഥയില്‍ ഗര്‍ഭപാത്രത്തിലുള്ള സ്ഥിതി മുതല്‍ ബാല്യകൌമാരയൌവനവാര്‍ദ്ധക്യാവസ്ഥകളിലൂടെയുള്ള ജീവിതപ്രയാണത്തില്‍ മനുഷ്യന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും  ക്രമമായി വിശദമായി വര്‍ണ്ണിച്ചു ആ അവസ്ഥകളിലെല്ലാമുണ്ടാകുന്ന ദുരിതങ്ങളെ എണ്ണിപ്പറഞ്ഞു ഭഗവാന്‍ മാത്രമാണു അവയില്‍നിന്നു ആശ്വാസത്തിനുള്ള‌  ഏക ആശ്രയം എന്നു ഓരോ ശ്ലോകത്തിലും വ്യക്തമാക്കിക്കൊണ്ടുള്ള മുന്നേറ്റമാണു ആദ്യഭാഗം. ഈ ശ്ലോകങ്ങളെല്ലാം അത്യന്തം ഹൃദയദ്രവീകാരകങ്ങളാണു.

 

ഇന്ദ്രോ വഹ്നിഃ പിതൃപതിരഥോ യാതുധാനപ്ര‌ധാന-

സ്തോയാധീശഃ പുനരപി മരുത് കിന്നരേശോ മഹേശഃ 

 

ഇങ്ങനെയുള്ള  പദവികളൊന്നും വേണ്ട.

"കൈവല്യാര്‍ത്ഥീ തവ പരമഹം ദേവ! ദാസോ ഭവാമി "എന്ന പ്രാര്‍ത്ഥനയോടെയാണു പൂര്‍വ്വഭാഗം കലാശിയ്ക്കുന്നത്.

ഉത്തരഭാഗം പകുതിയോളവും അവതാരവര്‍ണ്ണനകളാണു 

 

ജാതസ്സത്യവ്രതനരപതേരഞ്ജലൌ വര്‍ദ്ധമാനഃ  എന്ന മത്സ്യാവതാര വര്‍ണ്ണനയാണു പ്രഥമശ്ലോകം. തുടര്‍ന്നു ഓരോ അവതാരത്തേയും പ്രത്യേകം വര്‍ണ്ണിച്ചു ധ്യാനിയ്ക്കുന്നു. പാര്‍ഷദന്മാരുള്‍പ്പെടെ ഭഗവന്മയമായ എല്ലാത്തിനേയും വര്‍ണ്ണിച്ചു കേശാദിപാദവര്‍ണ്ണനയിലെത്തുന്നു.തൊണ്ണൂറ്റൊന്നു മുതല്‍ നൂറു വരെയുള്ള ശ്ലോകങ്ങളില്‍ നടത്തിയിട്ടുള്ള തത്വസംഗ്രഹം രചനയിലെ അത്ഭുതകരമായ‌ കയ്യടക്കം എന്നേ വിശേഷിപ്പിയ്ക്കുവാനാവുകയുള്ളു.  വിരാള്‍ പുരുഷവര്‍ണ്ണനയായ ശ്ലോകം 91 നോക്കുക:

 

പാതാളാംഘ്രിം, ധരണിവലയശ്രോണിഭാഗം, വിഹായോ

മദ്ധ്യോദ്ദേശം, സുരപുരമുഖം, ബ്രഹ്മലോകോത്തമാംഗം,

സൂര്യാചന്ദ്രേക്ഷണ,മനിലനിശ്വാസ,മംഭോധിവീര്യം,

ധ്യായാമന്തസ്ത്രിഭുവനപതേ! പൂരുഷം ത്വാം വിരാജം

 

 

കാവ്യം അവസാനിയ്ക്കുന്ന നൂറാമത്തെ ശ്ലോകം ഇങ്ങനെയാണു

 

സത്യം, ജ്ഞാനം, മുഹുരപി മഹായോഗിഭിശ്ചിന്ത്യമാനം,

പൂര്‍ണ്ണാനന്ദാമൃതലഹരികാജാല,മാദ്യം, തുരീയം,

ഓങ്കാരാര്‍ത്ഥം, പരമ,മമൃതം, ത്വാം നിഷേധാവശേഷം,

ബ്രഹ്മാദ്വൈതം, പരമപുരുഷ!സ്വാത്മബോധം, സ്മരാമി 

 

വായിച്ചു തീരുമ്പോള്‍ ഉണ്ടാകുന്ന ഒരു വിചാരം ഇതാണു. ഭാഗവതസ‍ംഗ്രഹമാണു നൂറു ദശകങ്ങളിലായി ജ്യേഷ്ഠന്‍ ഭട്ടതിരി നമുക്കു നാരായണീയമായി നല്കിയതെങ്കില്‍, ആ നാരായണീയത്തിന്‍റെ സംഗ്രഹമാണു അനുജന്‍ ഭട്ടതിരി ഭക്തിസംവര്‍ദ്ധനശതകം എന്ന പേരില്‍ നൂറു ശ്ലോകങ്ങളായി നമുക്കു നല്കിയിരിയ്ക്കുന്നത്. 

ഭക്തിസാഹിത്യത്തിലെ ഈ പൂര്‍ണ്ണചന്ദ്രനെ കാണാതെ പോകുന്നതു ഭക്തന്മാര്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഒരു തീരാനഷ്ടമാകുമെന്ന‌ കാര്യത്തില്‍ സംശയമില്ല. 

 

 

പുതിയ കവിതകള്‍


സത്യപ്രകാശം
 
രാധാകൃഷ്ണന്‍ കാക്കശ്ശേരി
 
വിണ്ണില്‍ നിന്നു പിറന്ന ചൈതന്യമേ
മന്നിലാകെ പ്രകാശം പരത്തുക‌
ഉള്‍ക്കിടിലമാര്‍ന്നായിരം പ്രശ്നങ്ങള്‍
നിത്യവും വഴി സങ്കീർണ്ണമാക്കവേ,
ബോധമറ്റു, നിരാശരായ് , ഭീതരായ്
ജീവിതത്തില്‍ തരിച്ചുനിന്നീടവേ
സത്യദീപ്തിയായുള്ളില്‍ ജ്വലിക്കുന്ന
നിതചൈതന്യ‍‍‍‍‍‍‍‍‍‍‍‍‍ധാരയറിയാതെ
അന്ധരെപ്പോല്‍ ഗതികെട്ടുഴലുന്ന
ബന്ധനങ്ങളില്‍പ്പെട്ടു വലയുന്ന
മര്‍ത്യരേ, നിങ്ങള്‍ കേട്ടുവോ‍ പണ്ടൊരു
സത്യദീപ്തിതന്‍ ശക്തമാം സൂക്തികള്‍
തേരില്‍ നിന്നുമുയർന്നു ദിഗന്തങ്ങ
ളാകെ മൂടിപ്പരന്നു ജ്വലിച്ചതും
 
മന്നില്‍ വന്നു നിലാവുപോല്‍  നിങ്ങളി
ലെന്നുമുള്‍ക്കുളി രേകിപ്പകര്‍ന്നതും
നിത്യജീവിതസംഗ്രാമരംഗത്തി
ലുത്തമോജ്വല നേതൃത്വമാര്‍ന്നതും
ഒക്കെയുമേകമെന്ന ബോധത്തിന്റെ
സത്തയില്‍ ജീവിതത്തെത്തളച്ചതും
അപ്പുരാതനസൂക്തിയാണിപ്പൊഴും
മര്‍ത്യജീവിതമാകെ നയിക്കുന്നു
സത്യധര്‍ മ്മ‌പഥങ്ങളിലൂടെയി
ശ്ശിഷ്ടജീവിതം സഞ്ചരിച്ചീടുവാന്‍
അപ്പുരാതനര്‍ നല്‍കിയ തത്വങ്ങ‌
ളിപ്പൊഴും നില്പ്പു സൂര്യതേജസ്സോടേ
 
നേരിനൊറ്റവഴിയൊന്നതെല്ലാരു
മോരണമതേ . ശാശ്വതം, ദിവ്യവും
ഏതു ദീപ്തിയും ശാശ്വതമാണതീ
ച്ചേതനയില്‍ ജ്വലിച്ചു നിന്നീടുകില്‍
മന്നില്‍ വിണ്ണു പണിയാന്‍ മനുഷ്യന്റെ
കര്‍മ്മ രംഗത്തെയുദ്ദീപ്തമാക്കുവാന്‍
വന്നുദിച്ചോരു സത്യമേ മാനുഷ‌
മല്ല താവക ശക്തി തന്‍ മുദ്രകള്‍
എന്നുമെങ്ങടെ കര്‍മ്മ പഥങ്ങളില്‍
വന്നു ശക്തിയായൂര്‍ജ്ജം പകരുക
 
പഠിപ്പ്
 
അഷ്ടമിച്ചിറ ചന്ദ്രശേഖരവാര്യര്‍
 
പണ്ടൊരു വൈദേശികന്‍ വൈദികന്‍ കേരളത്തില്‍
രണ്ടുമൂന്നാണ്ടു വാണു പഠിച്ചു മലയാളം
ഒരുനാള‍ല്‍പം വീതിയുള്ള പേരാറ്റിന്‍ മറ്റേ
ക്കരയിലെത്താനൊരു വഞ്ചിയില്‍ കരേറിനാല്‍
കേവലം കൌതുകത്താല്‍ മാത്രം വൈദികനപ്പോള്‍
ആ വഞ്ചിക്കാരനോടു ചോദിച്ചൂ വിശേഷങ്ങള്‍
''എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളെ പ്പറ്റി
വര്‍ണ്ണിക്കും ബയോളജി നിങ്ങളും പഠിച്ചില്ലേ?''
''പാവങ്ങള്‍ ഞങ്ങളൊക്കെപ്പഠിച്ചൂ വായിക്കുവാന്‍
ആവശ്യത്തിനു മാത്രം കണക്കും പഠിച്ചു ഞാന്‍''
''ക‌ഷ്ടമേ! ബയോളജി പഠിച്ചിട്ടില്ലയെങ്കില്‍
നഷ്ടമായ് നിന്‍ ജീവിതത്തിന്റെ നാലിലൊന്നിപ്പോള്‍
പാരിതില്‍ ജീവിക്കുന്ന മനുഷ്യര്‍ തമ്മില്‍ പെരു
മാറിടും ശാസ്ത്രം സോഷ്യോളജി നീ പഠിച്ചുവോ?''
''ആവകയൊന്നും ഞങ്ങള്‍ പഠിച്ചിട്ടില്ലാ സായ് വേ
പാവങ്ങള്‍ നാലാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിപ്പോന്നു''
''വിശിഷ്ടം സോഷ്യോളജി പഠിച്ചിട്ടില്ലയെങ്കില്‍
നശിച്ച മട്ടായ് നിന്റെ ജീവിതം പകുതിയും''
''ഇംഗ്ലീഷു പഠിപ്പിക്കും സ്കൂളിലുണ്ടവയെല്ലാം
ഞങ്ങള്‍ പാവങ്ങള്‍ അവയൊന്നുമേ പഠിച്ചില്ല''
''ഈ വകയൊന്നും നിങ്ങള്‍ പഠിച്ചിട്ടില്ലയെങ്കില്‍
ജീവിതം മുക്കാല്‍ ഭാഗം പാഴിലായതു തന്നെ''
 
ഒട്ടുമേ നിനയ്ക്കാതെയന്തരീക്ഷത്തിന്‍ മട്ടു
പെട്ടന്നു മാറീ കാറ്റും മഴയും കലശലായ്
കാറ്റിലാവഞ്ചി കിടന്നുലഞ്ഞൂ, നിയന്ത്രിക്കാന്‍
പറ്റാത്ത മട്ടായപ്പോള്‍ ചോദിച്ചൂ വഞ്ചിക്കാരന്‍
''സായിപ്പു നീന്തോളജി പഠിച്ചിട്ടുണ്ടോ? താനേ
വായിച്ചാല്‍ കിട്ടാത്തതാം പഠിപ്പാണതു പണ്ടേ''
''എന്താണു നീന്തോളജി? വെള്ളത്തില്‍ നീന്തുന്നതോ?
നീന്തുവാനിതേ വരെ ശ്രമിച്ചു നോക്കീട്ടില്ല''
കഷ്ടമായ്, അതു പഠിച്ചില്ലെങ്കില്‍ ഒരുപക്ഷേ
നഷ്ടമാം സായിപ്പിന്റെ ജീവിതം മുഴുവനും
സ്തംഭിച്ചു നിന്നു പോയീ സായിപ്പ്, തുഴഞ്ഞെത്താന്‍
വമ്പനാം വഞ്ചിക്കാരന്‍ കരയ്ക്കെത്തിക്കും വരെ
 
അക്ഷരശ്ലോകം
 
ഉണ്ണിക്കൃഷ്ണന്‍ ചെറുതുരുത്തി
 
നാം കാണും കലയോരോന്നും
ജീവിതത്തിന്‍ പകര്‍പ്പു പോല്‍
എങ്കിലീയക്ഷരശ്ലോകം
ജീവിതപ്രതിബിംബമോ?
 
ഒന്നിനോടൊന്നു കത്തിച്ചു
വലിച്ചൂ സിഗററ്റു ഞാന്‍
അരിയന്നൂര്‍ ഭരിയ്ക്കുന്ന‌
സദസ്സില്‍ ശ്ലോകമെന്നപോല്‍
 
പുകഞ്ഞൂ തല ചിന്തിച്ചി-
ട്ടട്ടം പോ, ലെന്‍ പുരപ്പുറം
പുകലപ്പുകകൊണ്ടും, ഹേ!
ജ്വലിയ്ക്കാത്തെന്തു യുക്തി നീ!
 
ചേര്‍പ്പില്‍ ചെന്നു തൊഴാം , പോയി-
ച്ചുനങ്ങാട്ടേത്തമിട്ടിടാം
പാലായില്‍ പൂക്കള‍ര്‍പ്പിയ്ക്കാം
പൂജിയ്ക്കാം പരിഷത്തിനെ
 
രഹസ്യം നൂറു താഴിട്ടു
പൂട്ടി താക്കോല്‍ സമര്‍ത്ഥമായ്
എറിഞ്ഞതേതു ഗരുഡന്‍-
കൊക്കിലോ സാഗരത്തിലോ?
 
പണ്ടുബോധിമരച്ചോട്ടില്‍
ഗൌതമന്‍ ധ്യാനമാര്‍ന്നപോല്‍
പുറ്റിന്നകത്തു വാല്മീകി
തപം ചെയ്തതു മാതിരി
 
കുളവക്കത്തു മീന്‍ നോക്കി-
കൊക്കിരിയ്ക്കും കണക്കിവന്‍
ഇരുന്നൂ, സമയം വാര്‍ന്നൂ
നതോന്നത ചുരന്നപോല്‍
 
ആയിരിപ്പിലിരുന്നൊന്നു
മയങ്ങീ മമ ചേതന‌
മണ്ണില്‍ സമയമാകാതെ
യുറങ്ങും വിത്തു മാതിരി
 
പുതുവര്‍ഷ പ്പെയ്തിലെന്റെ
പുരയോലത്തലപ്പുകള്‍
ഋതുസ്നാനം കഴിയ്ക്കുന്ന‌
കൌതുകം കേട്ടുണര്‍ന്ന ഞാന്‍
 
അറിഞ്ഞേന്‍ പ്രഭയൊന്നെന്റെ
ശീര്‍ഷത്തെ ച്ചുഴലുന്നതും
ചുരുള്‍ നീരുന്നതും ശ്ലോക‌-
ജീവനതിന്‍ നിഗൂഡത‌
 
തത്വഭിക്ഷയ്ക്കു കൈ നീട്ടും
ശിഷ്യര്‍ക്കായിനി ഞാന്‍ സ്വയം
ഉമ്മറത്തിണ്ണമേല്‍ ചാഞ്ഞു
പങ്കിടാം വെളിപാടുകള്‍
 
ഗുരുദക്ഷിണയായ് നിങ്ങള്‍
മെഡലോ മടലോ തരാം
അവലോസുണ്ടയും പത്ഥ്യം
ചെവികൂര്‍പ്പിച്ചു കേള്‍ക്കുവിന്‍
 
പുരുഷന്‍ തന്‍ പ്രകൃതിയായ്
സംഗമിയ്ക്കുന്ന വേളയില്‍
സര്‍ഗ്ഗക്രിയ നടക്കുന്നു
ജനിയ്ക്കുന്നു പരമ്പര‌
 
പൂര്‍വ്വാര്‍ദ്ധമുത്തരാര്‍ദ്ധത്തെ-
തേടിച്ചെന്നിണ ചേരവേ
ബീജാക്ഷരം വികസിപ്പൂ
ജനിപ്പൂ ശ്ലോകസന്തതി
 
ത്രാസസ്വേദഭയോദ്വേഗ
മെഴുന്നാരംഭ വേളയില്‍
യുവാക്കള്‍ക്കാദ്യകാലത്തു
തോന്നീടുന്നതു മാതിരി
 
പാദദ്വയമകന്നേട‌-
ത്തക്ഷരം വെളിവായിടും
മാത്ര കാത്തു കിതയ്ക്കുന്നൂ
പുരുഷന്‍, ശ്ലോകകാമുകന്‍
 
സുദീര്‍ഘസ്രഗ്ദ്ധരാ ശ്വാസ‌
വികാരവേഗതീവ്ര‌മായ്
വിടരും രതി വൃത്തങ്ങള്‍
ചുരുങ്ങും തുടരെ ക്രമാല്‍
 
അവസാനമൊരാനന്ദ‌-
ബിന്ദുവില്‍ ചെന്നലയ്ക്കവേ
കാമമൂര്‍ച്ഛയിലാഴുന്നൂ-
മെഡല്‍ നേടുന്ന സുന്ദരി
 
മറ്റുള്ളവരടങ്ങുന്നൂ
ശ്വാനസംഭോഗവേളയില്‍
ശുനിയ്ക്കു ചുറ്റും മോങ്ങുന്നോ-
രന്യകാമുക,രെന്നപൊല്‍
 
ശരീരം ഭാഗഭാക്കാണു
സൃഷ്ടിയില്‍ പൂര്‍ണ്ണമെങ്കിലും
മദ്ധ്യകേന്ദ്രങ്ങള്‍ മുഖ്യങ്ങള്‍
ശ്ലോകത്തിനു മനുഷ്യനും
 
അലസിപ്പോയിടാറില്ലേ
ചിലപ്പോള്‍ ഭ്രൂണമാവിധം
മുഴുവന്‍ ശ്ലോകമോര്‍ക്കാതെ
വിലപിപ്പൂ മനീഷികള്‍
 
ശ്ലോകപ്പിറവി തന്‍ ദുഃഖം
ദുസ്സഹം ചില കൂട്ടരില്‍
വാവിളിച്ചലറിക്കേള്‍ക്കാം
പേറ്റുനോവേറ്റമാതിരി
 
പിതൃത്വശങ്ക തോന്നിയ്ക്കും
മട്ടുണ്ടേ ചില സൃഷ്ടികള്‍
ഉപജാതികളാര്‍ക്കെങ്ങോ
വഴിതെറ്റിയമാതിരി
 
കൈകാലിലൊന്നു ശുഷ്കിച്ചു
ജനിപ്പോരുണ്ടിടയ്ക്കിടെ
വിഷമം വൃത്തമങ്ങിങ്ങു
വികൃതം മര്‍ത്ത്യ ജന്മവും
 
സ്വാതികപ്രകൃതം കാണാം
ചിലരില്‍ 'സ്വാഗതാര്‍ഹമായ്'
പ്രൌഢരായ് തന്നെ നീങ്ങുന്നൂ
രഥോദ്ധതക,ളാഢ്യമാര്‍
 
ഈശ്വരാര്‍പ്പണമായ് ശംഭു-
നടനം ചെയ്യുവോര്‍ ചിലര്‍
ശ്ലോകവാഗ് ദേവിയെ പ്പഞ്ച‌-
ചാമരം വീശുവോര്‍ ചിലര്‍
 
വീരസാഹസ 'ശാര്‍ദ്ദൂല‌-
വിക്രീഡിത പരായണര്‍
വസന്തതിലകം ചാര്‍ത്തി-
ഭംഗിനോക്കുന്ന കന്യമാര്‍
 
*
ഉണ്ടിടയ്ക്കു നിതംബത്താല്‍
പ്രഥുല ഖ്യാതി പൂണ്ടവര്‍
ചപലം ജഘനം കൊണ്ടു
ഹൃദയം വെന്തിടുന്നവര്‍
 
(പ്രഥുലനിതംബ, ജഘന ചപല എന്ന രണ്ടു വൃത്തങ്ങള്‍)
 
തേങ്ങിക്കരഞ്ഞു നില്‍ക്കുന്ന‌
'മന്ദാക്രാന്ത'കള്‍ തന്‍ കവിള്‍
തുടയ്ക്കാന്‍ തോഴിമാര്‍ നില്‍പ്പൂ
'മാലിനി'യ്ക്കൊത്തു 'ശാലിനി'
 
ഇഴയുന്ന 'ഭുജംഗ'ത്തെ
ക്കളിയാക്കുന്നു സൌമ്യമായ്
ദ്രുത'മാക'വിളംബ'ത്തി-
ലെന്നൊരാള്‍ നര്‍ത്തനപ്രിയ‌
 
'പുഷിപിതാഗ്ര'യ്ക്കു കൈകോര്‍ത്തു
തുള്ളാ'നപരവക്ത്ര'യാള്‍
'വസന്തമാലിക'യ്ക്കൊപ്പം
വിതുമ്പുന്നോള്‍ 'വിയോഗിനി'
 
വടികുത്തി നടപ്പോരു-
ണ്ടാ‍ര്യമാര്‍ നീണ്ട വൃദ്ധമാര്‍
വഴിമാറും ചെറുപ്പക്കാ-
രവരെക്കാണ്‍കിലിയ്യിടെ
 
ഇവിടെ ജ്ജീവിതം നാന‌-
രസപുഷ്ക‌ലപേശലം
കവിതയ്ക്കെവിടെക്കാണാ-
മിതിലും സാര്‍ത്ഥമാം തലം
 
പ്രണയം സോഷ്മളം, സാന്ദ്ര‌-
മധുര‍ം ഭക്തി മോഹനം
ലളിതം ഹാസ്യ,മെന്തെന്തി-
ല്ലിവിടെ ജ്ജീവഗന്ധിയായ്
 
ഗുരുവായുപദേശിപ്പാന്‍
ബന്ധുവായ് പ്രിയമോതുവാന്‍
ചതുരം ചാടു വാക്കോതി
വധുവായ് ശൃംഗരിയ്ക്കുവാന്‍
 
ശിശുവായ് കൊഞ്ചുവാന്‍ ഗോപ‌-
ശിശുവായ് കുഴലൂതുവാന്‍
പശുവായ് വായിലുള്‍പ്പെട്ട‌
കുശമോര്‍ക്കാതെ കേള്‍ക്കുവാന്‍
 
ഒരുങ്ങിടുന്നു ഞാന്‍ ഞാനെ-
ന്നരങ്ങത്തക്ഷരാവലി
തരംഗം വാര്‍ദ്ധിയില്‍, നാനാ-
വിഹംഗം വാനിലെന്നപോല്‍
 
മര്‍ത്ത്യഗോത്രം ശരിയ്ക്കോര്‍ത്താല്‍
തുടക്കം തൊട്ടിതേവരേ
മുടങ്ങാതച്ചു മൂളാത്തൊ-
രക്ഷരശ്ലോക മത്സരം
 
പ്രപഞ്ചശില്പി നോക്കുന്നൂ
വിധികര്‍ത്താവു സൂക്ഷ്മമായ്
സ്ഖലിതങ്ങളകറ്റിക്കൊ
ണ്ടതില്‍ നാം പങ്കു ചേരുക‌
 
ഇരുട്ടാലോട്ട മൂടാനായ്
വ്യാമോഹിപ്പോരിതോര്‍ക്കണം
പിടിയ്ക്കപ്പെടുമാശക്തി-
യ്ക്കറിയാതില്ലൊരക്ഷരം
 
പഞ്ചവാദ്യസ്വരം
 
കരിമ്പുഴ രാമചന്ദ്രൻ
 
ശംഖ്
 
കവിള്‍വീര്‍പ്പായ് കൂര്‍ മുഖമായ്
കാണുകമ്മായിയമ്മയെ
കാര്‍ന്നോരേയും നീണ്ടു മൂളി
ക്കാട്ടവേ ഞാനിടയ്ക്കിടെ!
 
ചേങ്ങില‌
 
കടങ്കഥയില്‍ ഞാന്‍ ആടു
കടിക്കാത്തില കാതിനോ
നാദാമൃതം ഗണേശന്നു
മോദമേകുന്നൊരൊറ്റയും!
 
ഇടയ്ക്ക‌
 
ആകാശ ഭൂവിന്നിടയില്‍
അഭിധാനങ്ങള്‍ കോടികള്‍
സാര്‍ഥകം പേരെനിക്കിട്ടാള്‍
സാക്ഷാല്‍ കവി ഇടയ്ക്ക ഞാന്‍!
 
ചെണ്ട‌
 
നാട്ടിന്‍ പുറക്കോവിലില്‍ താന്‍
നാദനൈവേദ്യമൂട്ടവേ
പുറം കഠോരമീ കുറ്റി
പ്പുറത്തേയും സ്മരിക്കണേ!
 
തിമില‌
 
സ്വതേ ഇടതുപക്ഷക്കാര്‍
സഖാവേ, ഞങ്ങളേവരും!
അതേ സമയമോ, സംഘ‌
പരിവാര ത്രിപുടയും!
 
ത്രിപുടയിലാണ് പഞ്ചവാദ്യം
അരിമാവില്‍ ശര്‍ക്കരയും
നെയ്യും ചേര്‍ത്തുള്ള ഊത്തപ്പം
പോലുള്ള ഒരു നിവേദ്യം
 
പിച്ചും പേയും
(ഒരു പാട്ട്)
 
സച്ചിദാനന്ദന്‍ പുഴങ്കര‌
 
അക്ഷരക്കൈ
നീട്ടിടും പേ -
രാറ്റുമലയാളം.
 
എണ്ണിയെണ്ണി -
ത്തേങ്ങിടും പെരി -
യാറ്റുമലയാളം.
 
ചുറ്റുപാടും
ചോലയാറിനു
പച്ചമലയാളം.
 
കണ്ണുനീരി -
ലലിഞ്ഞു തീരും
പെണ്ണുമലയാളം.
 
കുഞ്ഞു ചുണ്ടു
നനച്ചിടുന്ന -
മ്മിഞ്ഞമലയാളം.
 
കുന്നിടിച്ച,
കുരുപ്പ പൊന്തിയ
മണ്ണുമലയാളം.
 
എന്തിതെന്നു
തിരിഞ്ഞു തളരും
ഭൂമിമലയാളം.
 
കവികളോട്ട -
ക്കുടപിടിക്കും
ലോകമലയാളം.
 
പുത്തിലഞ്ഞി -
ച്ചോട്ടിലാഹാ !
പാണ്ടിമലയാളം.
 
തെറി പറഞ്ഞു
തകർന്നു തുള്ളും
ഭരണിമലയാളം.
 
മുല പറിച്ചു
നിലത്തടിച്ചവ -
ളമ്മമലയാളം.
 
പട്ടടത്തീ
കത്തിനിൽക്കും
കാട്ടുമലയാളം.
 
കുട്ടനാടൻ
ഞാറ്റുവേല -
പ്പാട്ടുമലയാളം.
 
`നിക്കി`യെന്നു
വിതുമ്പിടും ക -
ല്ലായിമലയാളം.
 
വെട്ടിവീണു
പിടഞ്ഞിടും രാ -
ഷ്ട്രീയമലയാളം.
 
കക്കയത്തു -
ണ്ടായിരുന്നൂ
രക്തമലയാളം.
 
വക്കുടഞ്ഞ
കുടത്തിലുള്ളതു
കുന്തമലയാളം.
 
നാട്ടുമാമ്പഴ -
മായി വൈലോ -
പ്പിള്ളി മലയാളം.
 
തത്തയല്ലോ
പാടി മുത്ത -
ച്ഛന്റെ മലയാളം.
 
കുട്ടികൾ -
ക്കുണ്ടായിരുന്നൂ
സ്വപ്നമലയാളം.
 
പക്ഷികൾ -
ക്കുണ്ടായിരുന്നൂ
പാട്ടുമലയാളം.
 
മിഴി തുരന്ന -
ചരിത്രമായ്‌ തിരു -
നെല്ലിമലയാളം.
 
കടുകുമണിയുടെ
കണ്ണുകുത്തും
കുറളുമലയാളം.
 
കരിയുമോട -
ക്കുരലുമായ്‌ മു -
ത്തങ്ങമലയാളം.
 
കുപ്പിയിൽ കുടി -
നീരുമായ്‌ ശിരു -
വാണിമലയാളം.
 
അമ്മയെന്നു
കരഞ്ഞ ഞഞ്ഞ -
മ്മിഞ്ഞമലയാളം.
 
തമിഴു പേശി
വരുന്ന പാല -
ക്കാട്ടുമലയാളം.
 
തെക്കു തെക്കു
കനിച്ച നറുനെ -
യ്യാറ്റുമലയാളം.
 
കെട്ടിയാടാൻ
ചുട്ടി കുത്തും
കത്തിമലയാളം.
 
സമയമായെ -
ന്നുരുവിടും പൊ -
ന്നാനിമലയാളം.
 
വാണ പൂവു
കൊഴിഞ്ഞതാണോ
കാവ്യമലയാളം?
 
കുഞ്ഞിരാമനു
മാത്രമോ സ -
മ്പന്നമലയാളം?
 
തട്ടമിട്ടൊരു
കെസ്സു പാട്ടാ -
ണുമ്മമലയാളം.
 
കൊയ്ത്തുപാട -
ത്തറ്റ കതിരായ്‌
ശുദ്ധമലയാളം.
 
അത്തറൊത്തു
മണത്തുവോ കൊ -
ണ്ടോട്ടിമലയാളം?
 
പുസ്തകത്തി -
ലടിച്ചതോ ഗു -
ണ്ടർട്ടുമലയാളം.
 
പുലിയിറങ്ങും
വഴികളിൽ തൃ -
ശ്ശൂരുമലയാളം.
 
കണ്ടുവോ തെ -
ക്കോട്ടിറക്കം...
തകൃതമലയാളം..!!
 
കൂർമ്മാവതാരം
 
കൈതയ്ക്കല്‍ ജാതവേദന്‍
 
പൊന്നുഷസ്സു വന്നെത്തിടും മുമ്പു ഞാ-
നൊന്നു കണ്ണിണ ചിമ്മിത്തുറക്കവേ
കണ്ടു മുന്നിൽബ്ഭയാനകമാം മരു-
ത്തുണ്ടു പോലൊരു നിശ്ശബ്ദമേദിനി
ഘോഷമൊന്നില്ല തേങ്ങലിൻ വീചിക-
ളൂഷരക്കാറ്റിലെങ്ങും പരക്കിലും
കൊമ്പിളക്കിച്ചുരമാന്തി മുക്രയി -
ട്ടമ്പ! പാഞ്ഞുപോമമ്പലക്കൂറ്റന്മാർ
പേടിപൂണ്ടു വിറച്ചു ഗോമാതാക്ക-
ളോടി രക്ഷകനെത്താഞ്ഞു കേഴുന്നു.
തൃഷ്ണ മുറ്റും മിഴി തുറിച്ചൂക്കിയ -
ന്നുഷ്ണവായുവിൽ ചുറ്റിക്കറങ്ങുന്നു.
മൂർച്ചയേറിയ കൊക്കു വിടർത്തിയ-
പ്പച്ചമാംസം പരതും പരുന്തുകൾ.
ഈറ്റുചോര തൻ ഗന്ധം വമിച്ചിടും
മുറ്റമോലുന്ന ദേവാലയങ്ങളിൽ
നെഞ്ചെരിക്കുന്ന നോട്ടമെറിഞ്ഞതാ
സഞ്ചരിക്കുന്നു ശുക്ലാംബരധരർ
കൂട്ടകന്ന കുഞ്ഞാടുപറ്റങ്ങളെ
കൂട്ടിലാക്കുമിടയപ്രവരരും.
ഒക്കെ ഞാൻ കണ്ടു ;നാട്ടുകാരെങ്ങെന്നു
നോക്കവേ കണ്ട കാഴ്ചയാണത്ഭുതം.
രണ്ടുകൈകളും കാൽകളും ശീർഷവും
തൊണ്ടുതന്നുള്ളിലാക്കിസ്സുഖമൊടെ
കൂർമ്മബുദ്ധിപൂണ്ടൊന്നുമറിയാതെ
കൂർമ്മവൃന്ദമിഴഞ്ഞു നടക്കുന്നു.
ചാരവേ കണ്ട പാറ തുരന്നുടൻ
ദ്വാരമുണ്ടാക്കി കൈകാൽ ശിരസ്സുമേ
ഉള്ളിലേക്കു വലിച്ചൊരു കൂർമ്മമായ്
പള്ളികൊൾകയാം ഞാനുമിന്നീവിധം
 
വയോജന പാഠം
 
മോഹനന്‍ കാരണത്ത് 
 
ആറുമാസം പ്രായമായി
പേരക്കുട്ടിക്കിടാവിനു
അവൾക്കു ഞാനേ മുത്തച്ഛൻ
സപ്തതിക്കല്ലു താണ്ടിയോൻ
 
എന്റെ വാത്സല്യ സമ്പൂർണ്ണ-
ഗന്ധമുറ്റിയ വാക്കുകൾ
അവൾക്കു തിരിയുന്നില്ലെ -
ന്നാ മിഴിച്ചുള്ള നോട്ടവും
 
എങ്കിലും സുന്ദരിക്കുട്ടി
എന്നെ നോക്കി ചിരിച്ചിടും
കിളവന്നൊരു സന്തോഷ-
മായ്‌ക്കോട്ടെ ചിന്തയോ !!
 
പല്ലില്ലാമോണ കാട്ടുന്ന
ഫുല്ലമാം ചിരി സുന്ദരം.
കമിഴ്ന്നു നീന്തുമാരോമൽ
കുഞ്ഞിക്കൈ ഏന്തി നീട്ടിയും
 
എന്റെ കാൽവിരൽ തൊട്ടുംകൊ
ണ്ടെന്തോ ചൊല്ലാൻ ശ്രമിക്കവേ
തിരിയാറില്ല കുഞ്ഞോതും
പടു ഭാഷ എനിയ്ക്കുമേ
 
എങ്കിലും ഞാൻ ചിരിച്ചും കൊ -
ണ്ടെല്ലാമേ ശരി വച്ചിടും
കുലുക്കും തല,യാർത്താർത്തു-
ചിരിക്കും കുഞ്ഞു മോദമായ്
 
പോടെഴും പല്ലു കാട്ടുന്ന
ചിരി എന്റെ,യസുന്ദരം
പൊതു മാധ്യമമില്ലാതെ
തമ്മിൽത്തമ്മിലറിഞ്ഞു നാം
 
സംവദിക്കുന്നു സ്നേഹത്തിൻ
സാമാന്യേതര ഭാഷയിൽ
കണ്ണെത്തുമിടം ആവില്ലാ
കൈയെത്തിക്കാൻ കിടാവിന്‌
 
എനിയ്ക്കും അതുപോലല്ലോ
വ്യായാമക്കുറവായിടാം
കിട്ടാനുള്ളതിനായൊന്ന്
നഷ്ടമായതിനന്യവും
 
മോഹിച്ചു, വ്യസനിക്കുന്ന
വാസനാബലം അത്ഭുതം!
വളർച്ചയ്ക്കും തളർച്ചയ്ക്കും
സാദൃശ്യം പങ്കിടുന്നതാം
 
പ്രകൃതം പ്രകൃതിയ്‌ക്കെന്ന
പാഠം പാടുന്നു ജീവിതം
 
മൂന്നാം വരം
 
ജോയ് വാഴയിൽ
 
(പിതാവിന്റെ വാക്കു നിറവേറ്റുവാൻ യമരാജ്യത്തിലെത്തിയ നചികേതൻ
യമനിൽ നിന്ന് മൂന്നു വരങ്ങൾ പ്രാപിച്ച് മഹാജ്ഞാനിയായി മാറിയെന്ന് 
കഠോപനിഷത്ത്)
 
ആളിക്കത്തുകയാണു സൂര്യ,നകലെ-
ത്തഞ്ചും പ്രകാശപ്പെരും-
കോളിൽക്കാലടിയൂന്നി ബാലകനി,താ-
രാണീ നഭോവീഥിയിൽ?
തോളിൽതൊട്ടുലയുന്ന കേശ,മപരൻ
സൂര്യൻ കണക്കേ മുഖം,
ലാളിത്യം കലരുന്ന വേഷ,മഴകീ
ബാലന്റെ കൂട്ടാളിയാം.
 
വാക്കും ചിന്തയുമുണ്ടദൃശ്യസഖരായ്,
നിസ്സംശയം കൂരിരുൾ
തിക്കും ഗൂഢഗുഹാന്തരത്തിരിവിലേ-
യ്ക്കല്ലോ ചരിക്കുന്നിവൻ.
നേർക്കുണ്ടപ്പുറമങ്ങിരുണ്ട യമസാ-
മ്രാജ്യം, ഭയം തീണ്ടിടാ-
തിക്കുഞ്ഞെന്തിനു പോയിടുന്നു മരണം
വാഴുന്നിടത്തീ വിധം?
 
ഭൂവിൽ ജീവിതമെത്രമേൽ പ്രവചനാ-
തീതം, ‘മഹാദാനി’യാം
കേൾവിയ്ക്കായ് നചികേതതാതനൊരു യാ-
ഗം പൂർത്തിയാക്കീടവേ,
ഗോവിൻ ദാനവുമങ്ങു പേരിനു നട-
ത്തുമ്പോൾ, സുതൻ ചോദ്യമായ്,
ഈ വിശ്വസ്തനെ ദാനമായരുളുമി-
ന്നാർക്കായ് മഹർഷേ, ഭവാൻ?”
 
വീണ്ടും പുത്രനതേവിധം ജനകനോ-
ടർത്ഥിക്കവേ, ശുണ്ഠിയാൽ
ചൂണ്ടും കൈവിരലോതി: “നിന്നെ യമനായ്
യാഗത്തിലേകുന്നു ഞാൻ.”
പൂണ്ടില്ലേതുമൊരദ്ഭുതം മകനതിൽ;
താതന്റെ വാക്കൊത്തവൻ
താണ്ടിദ്ദുർഗമപാതകൾ, യമപുരി-
യ്ക്കെത്തുന്നിതബ്ബാലകൻ.
 
മുന്നാളങ്ങുപവാസമോടു യമരാ-
ജാവെ പ്രതീക്ഷിച്ചവൻ;
മൂന്നാണേകി വരം പ്രസാദമൊടവ-
ന്നായ് മൃത്യു; രണ്ടിങ്ങനെ
തന്നാവശ്യമുരച്ചവൻ - പിതൃസുഖം,
ജ്ഞാനാഗ്നിയാം സ്വർഗവും;
മൂന്നാമർത്ഥിതമാത്മവിദ്യ,- പരമാ-
ത്മാവിൻ പൊരുൾക്കാഴ്ചകൾ.
 
എല്ലാം നേടിമടങ്ങി ബാലനവ,ന-
ദ്വൈതാത്മകം ബ്രഹ്മമാം
എല്ലാസത്യവുമുൾപ്പെടുന്ന പൊരുളും
സാക്ഷാത്കരിച്ചന്തരേ.
ഇല്ലാ മൃത്യു വപുസ്സിനുള്ളിലെരിയും
തീയാകുമാത്മാവി,നി-
ങ്ങെല്ലാം മായ,യതാണറിഞ്ഞു നചികേ-
തൻ, ജ്ഞാനപാരംഗതൻ.
 
പഞ്ചമുക്തകം
 
മോഹനന്‍ മൂലയില്‍
 
തങ്കക്കാതിലയിട്ട സാന്ധ്യ ഗഗനം,
സിന്ദൂരികാ കന്മദ -
സ്സമ്മിശ്രദ്യുതിയാർന്ന ശൈല നിലയം
പുണ്യ പ്രസാദാത്മകം
ശൃംഗാരോജ്ജ്വല തുംഗ വേദിക, ശിവ
ശ്രീപാർവ്വതീസംഗമം
മംഗല്യസ്മര നൃത്തമേളമധുരം,
ർഷിപ്പു പുഷ്പോത്സവം !
 
നേരേ രാമഗിരിക്കുമേൽത്തണലുമായ്
ച്ചായുംമുകിൽത്തെല്ലു പ-
ണ്ടാരാലെത്തി ഹിമാദ്രിതുംഗകവിതാ
സങ്കേത സാനുക്കളിൽ
നാനാ തീർത്ഥ സരിത്തിൽ മുങ്ങി,യിനിയും
തോരാത്തൊരെൻ നോവിനും
തേനായ്ത്തീരുക കാളിദാസ രചനാ
താരുണ്യ ലാവണ്യമേ!
 
ചൂടാ, നിന്ദുകലാവതംസ, മുടലിൽ
ച്ചൂടുള്ള ചാരം വിഷ-
ച്ചൂടാറ്റാ ,നമരാപഗാപരിമള
സ്നിഗ്ദ്ധാംബു ധാരാരസം
കൂടെക്കൂടെ ഹിമാദ്രികന്യയരുളും
ബിംബാധര സ്പർശനം
പാടാം നിൻ ചരിതം ഭവാപഹമഹം
വ്യാഘ്രാലയാധീശ്വര!
 
അമ്പിളിക്കതിരുകൊണ്ടു തുമ്പമലർ
തൂകിടുന്നു ഗഗനാന്തരം
ചെമ്പനീർക്കുസുമമഞ്ജരിക്കകമു
ണർന്നു രാഗസുഖ സൗരഭം
അംബരപ്പുഴയിൽ മുങ്ങി മാർകഴിയൊ
രുങ്ങി, വന്നുനവവത്സരം
തുമ്പിതുള്ളി മലയാള മങ്കയുടെ
യന്തരംഗ മതി കൗതുകം !
 
കട്ടില്ലേ നിൻ ഹൃദന്തം പ്രമദകദളികേ,
മല്ലികേ മേഘവർണ്ണൻ -
തൊട്ടില്ലേ തേൻകുടത്തിൽ, പ്രണയപരിഭവം
കണ്ടു ചുംബിച്ചതില്ലേ?
മത്തേറിപ്പാറിടും നൽഭ്രമരനിരയെ
നിക്കത്തലേറ്റുന്നു ചിത്തേ
നിത്യം,ഗോപാലബാലക്കപടനെ യിവിടെ
ക്കണ്ടുവോ നിങ്ങളെങ്ങാൻ?
 
ചെങ്ങന്നൂര്‍ തിരുവാതിരയും കൊടിയേറ്റും
 
രാമന്‍ നമ്പീശന്‍ കേശവത്ത്
 
തേടിക്കൊണ്ടുവരും നിശീഥിനിസുമം നിന്മുന്നില്‍വെച്ചാദരാല്‍
ചൂടുന്നൂ കരിവേണിയില്‍ വ്രതമെഴും പെണ്മക്കള്‍ രാപ്പാതിയില്‍
പാടിക്കൊണ്ടു കളിച്ചിടുന്നു കരഘോഷം കുട്ടി, മന്ദസ്മിതം
കൂടെക്കൂടെ പൊഴിച്ചിടുന്നവരില്‍ നീ ശോണാചലാധീശ്വരീ !
 
മാരോന്മാഥിനികേതനത്തിലിരുപത്തെട്ടും ദിനങ്ങള്‍ക്കു താ -
നാരമ്യോത്സവഘോഷമുന്മിഷിതരായ് തിങ്ങുന്നു നാനാജനം
പാറിക്കാണ്മു പതാക കാഞ്ചനമണിസ്തംഭത്തിലാരോഹിതം
കാരുണ്യം വഴിയുന്ന കണ്മിഴി തുറന്നീടുന്നു ലോകാംബിക !
 
പാരം മാധുരി കൈവളര്‍ന്ന ചെറുപെണ്‍പൈതങ്ങള്‍ നിന്‍മുന്നിലി -
ന്നാരംഭം തിരുവുത്സവത്തിനു കുറിച്ചീടുന്നു നൃത്തങ്ങളാല്‍
തീരാത്തോരു കൃപാഝരിക്കുറവെഴും നേത്രങ്ങള്‍ വാത്സല്യമോ -
ടീരംഗത്തിലണയ്ക്ക മംഗളശതം ലാസ്യപ്രിയേ ! ശൈലജേ !
 
നിര്‍ഭയ
 
രാധാമീര 
 
നിര്‍ഭയേ....നിര്‍ഭയേ..
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട..
നീറും വേദനയില്‍ തപിക്ക വേണ്ടാ
നിശയുടെ കരിനാഗങ്ങള്‍ ദംശിക്കയില്ലാ
നിന്നിലിനിയൊന്നും ബാക്കിയില്ലാ
നീതിയുടെ ദേവതയും കണ്ണടച്ചില്ലേ
നിനക്കീ ലോകവും അന്യമായില്ലേ ..
നിന്നുടയാടകള്‍ ചീന്തിയെറിഞ്ഞവര്‍
നിന്‍ ദേഹം കീറിപ്പറിച്ചവര്‍
നിന്നെയൊരു ഭോഗവസ്തുവാക്കിയില്ലേ ..
നിര്‍ഭയേ....നിര്‍ഭയേ..
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട..
നീറും വേദനയില്‍ തപിക്ക വേണ്ടാ
 
നീറിപ്പിടയും നിനക്കായ് ഒരു നാടുണര്‍ന്നില്ലേ
നിന്‍റെ പ്രാണന്‍ പൊലിയുവോളം
കാത്തുരക്ഷിച്ചില്ലേ
നിന്‍ പേരുപോലും ഒളിപ്പിച്ചവര്‍
നിന്‍ വീടിന്‍ മാനം കാത്തില്ലേ
നിര്‍ഭയയെന്നൊരു പുതുനാമം തന്നില്ലേ
നിര്‍ഭയേ.. നിനക്കിനിയുമെന്തുവേണം
നിര്‍ഭയേ.. നീയിനിയുമെന്തിനു ഭയക്കണം
 
നീതി നടപ്പാക്കേണ്ടവര്‍ നിശബ്ദരാകുവോളം
നീതി കര്‍ശനമാക്കാത്തിടത്തോളം
നിയമങ്ങള്‍ പാലിക്കപ്പെടാത്തിടത്തോളം
നിഷ്ക്രീയരാം അധികാരികള്‍ ഉണരാത്തിടത്തോളം
നീല രാവുകളിലിനിയും വരും
നിനക്കു കൂട്ടായൊരുപാടുപേര്‍
ന്നെപ്പോലെ ആയുസ്സറ്റവര്‍
നിശിതമായി തച്ചുടക്കപ്പെടുന്നവര്‍
നിലവിലൊരു പേരുപോലുമില്ലാത്തവര്‍
നിസ്സഹായരായ് പീഡിപ്പിക്കപ്പെടുന്നവര്‍
നിശബ്ദരായി ജീവന്‍ വെടിഞ്ഞവര്‍
നിന്‍റെ പേരു ചൊല്ലി വിളിക്കപ്പെടേണ്ടവര്‍
നിര്‍ഭയ ഒന്നെന്നും രണ്ടെന്നും മൂന്നെന്നും
നിറുത്താതെ പേരിട്ടുകൊണ്ടേയിരിക്കുമപ്പോഴുമീ
നിയമ സംരക്ഷകര്‍ അധികാരികള്‍
നിര്‍ഭയമായി ജീവിക്കാനവസരം ഒരുക്കേണ്ടവര്‍
നിഷ്ഫലമാകുമീ നിയമങ്ങളൊക്കെയും
നിഷ്പ്രഭമാകുമീ നിയമ സംഹിതകളും
നിര്‍ഭയേ നിനക്കിനിയുമെന്തു വേണം
നിര്‍ഭയേ.. നീയിനിയുമെന്തിനു ഭയക്കണം
നിങ്ങള്‍ ജീവനില്ലാത്തവര്‍
നിര്‍ഭയയെന്ന നാമം ചാര്‍ത്തപ്പെട്ടവര്‍
നിര്‍ഭയരായ് ഇരിക്കേണ്ടവര്‍
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട....!!
 
തൊണ്ടു ചീയുമ്പോൾ
 
ശ്രീജ പ്രശാന്ത്
 
തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ മാറിനീങ്ങുന്നൂ ലോകം
 
കല്പവൃക്ഷത്തിൻ മധുരോദാരമുൾക്കാമ്പിനെ,
യത്രതുഷ്ടിയാലൂറി കുടിച്ചും തിന്നും , പിന്നെ
വർദ്ധിത വീര്യത്തൊടാ തൊണ്ടെറിഞ്ഞകലുമ്പോൾ
വർത്തമാനത്തിൻ പിന്നിൽ ചിത്രമൊന്നുണരുന്നു
  
ഇന്നലെയോളം സർവ്വ ദാഹമോഹങ്ങൾ തീർക്കും
പുണ്യതീർത്ഥവും പേറി നിറവിൽ കഴിഞ്ഞവർ
ഇന്നു താഴെയീ ചെളിക്കുണ്ടിലെത്തീടുമ്പോഴു -
മൊന്നു തൊട്ടേ പോകുന്നുണ്ടായപോലിളം തെന്നൽ .
 
തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ മാറിനിന്നോട്ടേ ലോകം.
പാറപോലുറപ്പുള്ളോരിടനെഞ്ചിൻ കൂടുകൾ
ഭാരമേതുമില്ലാതെയൊഴുകട്ടോളങ്ങളിൽ
 
അഴുകിത്തുടങ്ങുന്നൂ തൊണ്ടുകൾ പുറംചട്ട
യിടറിയിളകുന്നൂ വേവുകൾ, തല്ലിത്തല്ലി
മൃദുവാക്കുന്നൂ മണ്ണിൻ മണമോലും കയ്യുകൾ
പൊതിവിട്ടുതിരുന്നൂ ചകിരിച്ചോറിൻ ചിന്ത
 
തീരസ്വപ്നങ്ങൾ തോറും മാലപോലൊരു ചെറു
നാരിണ വളർന്നൊരു പന്തലായ് പടരുന്നു
കയറിദ്ദേശത്തിന്റെ മുഖമുദ്രയായ് ഊഞ്ഞാൽ
കയറിപ്പറക്കവേയോണമെത്തീടുന്നെങ്ങും
 
ഒരു ചാൺ മതിയത്രേ മതിയാക്കുവാനെല്ലാം ,
ഒന്നു ചേർന്നാലോ മഹാമേരുവുമുലഞ്ഞീടും
ബന്ധബന്ധനങ്ങളിൽ തൊട്ടു നിൽപ്പാണീ നിത്യ
ബന്ധുര സ്നേഹത്തിന്റെ നാരുകളെല്ലായ്പോഴും
 
വഴിയേറെയും കടന്നിന്നു വീട്ടിലെത്തവേ
പദധൂളികൾ തന്റെ നെഞ്ചിലേക്കൊതുക്കുന്ന
കുഞ്ഞുമെത്തയായ് മഞ്ഞും മഴയും കൊണ്ടങ്ങനെ
കൂസലില്ലാതെൻ കൂട്ടായ് കൂടെയുണ്ടീ മുറ്റത്തും
 
പട്ടിന്റെ മൃദുത്വമില്ലൊട്ടുമാർദ്രതയില്ല 
തൊട്ടു നോക്കിയാൽ വിരൽത്തുമ്പു ചൂഴ്ന്നെക്കാമെന്നാൽ
കുത്തിനോവിക്കാറില്ല നോവുകൾ തട്ടിക്കുടഞ്ഞെ -
പ്പൊഴും ചിരിക്കുമീ കൈരളിപ്പൊൻനൂലിഴ . 
 
തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കുവോർ ജയിക്കുന്നുലകത്തിൽ
 
വിരഹം
 
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
 
കറുത്ത രാത്രിയിൽ
വെള്ളിപോൽത്തിളങ്ങുന്ന ജലച്ചാലിലൂടെ
തോണിതുഴഞ്ഞുപോകുന്നത് സ്വപ്നംകണ്ടു ഞെട്ടിയുണർന്നപ്പോൾ
എനിക്കു വിരഹതാപമുണ്ടായി.
 
ഓടിക്കിതച്ചു
മട്ടുപ്പാവിൽലെത്തിയപ്പോൾ
സന്ദേശപ്പിറാവുപോലെ
മണൽക്കുന്നിനുമുകളിലേക്കു
ചിറകുതുഴഞ്ഞുവന്നിരുന്നൂ
നിന്റെ ചന്ദ്രൻ.
 
ചന്ദ്രബിംബത്തിലെ
മുയൽച്ചെവികൾക്കിടയിൽ
നിന്റെ കണ്ണുകളുടെ പ്രതിബിംബം!
നിന്നെത്തഴുകുന്ന നിലാവിരലുകൾ
എന്നെയും സ്പർശിക്കുന്നു!
 
നിൻ നാദം കേൾക്കാൻ കൊതിയോടെ ഡയൽചെയ്തപ്പോൾ
ഫോണെടുക്കാൻ
അകത്തേക്കോടിയതുകൊണ്ടാവാം
ചന്ദ്രബിംബത്തിനു
നിന്റെ കണ്ണുകൾ നഷ്ടപ്പെട്ടുപോയല്ലോ!
 
ആശ്രമ മൃഗങ്ങൾ
 
ദാമോദരപ്പണിക്കര്‍
 
ചൊല്ലുന്നിതാശ്രമമൃഗങ്ങളവദ്ധ്യമെന്നു
കൊല്ലുന്നു നീയവയെ,യെന്തൊരു വൈപരീത്യo
ചൊല്ലാതെ വയ്യ നൃപ, നിൻ മൃഗയാ വിനോദം
വല്ലാ,തസഹ്യമിതു നിർത്തുക നല്ലൂ വേഗo
 
രക്ഷിക്കലാണു നൃപനീതിയതെ ന്നിരിക്കെ-
ശിക്ഷിക്കലെങ്ങനെ ഭവാനനു യോജ്യമാകുo
രക്ഷിപ്പു താപസിക, ളാശ്രമ ലഭ്യമാകും
ഭക്ഷ്യങ്ങൾ പേയവുമിവയ്ക്കു നിതാന്ത ശീലം
 
ഭിന്നാഭിമുഖ്യമിയലുംനരപുംഗവന്മാർ
മന്നാണ്ട നാളിവ സുരക്ഷിതരായി രുന്നൂ
അന്നാളിലാശ്രമമൃഗങ്ങളെ വേട്ട യാടാൻ -
വന്നാൽ മടങ്ങുവതു ഠാണയിലാ- യിരിക്കും
 
ഇന്നാട്ടെ ഭിന്നത വളർത്തി ഭവാ നിടയ്ക്കു
നിന്നാണു കൊന്നിടുവതെന്തു വിനാശകാലം
മന്നന്റെ രക്ഷയിലുറച്ചിഹ വേട്ട - നായ്ക്കൾ
കൊന്നാൽപ്പരാതിയിവയാരൊടു - ണർത്തിടേണ്ടു
 
മേയാൻ കുറച്ചിട മൊരിത്തിരി ദാഹനീരും
നായാട്ടുകാർക്കൊരു നിരോധന മിത്രമാത്രം
ആയുഷ്മനങ്ങിവിടെ വാണരുളുo വരേക്കുo
ശ്രേയസ്സൊ ടാശ്രമമ്യഗങ്ങൾ കഴിഞ്ഞിടട്ടേ !
 
മുക്തകമാല‌
 
ഹരിദാസ് മംഗലപ്പിള്ളി
 
ആരോ നെയ്തു നിവർത്തിയിട്ട വെയിലിൻ മഞ്ഞത്തുകിൽ ക്രൂരമായ്
വാരിത്തീയിലെറിഞ്ഞതെന്തു പകലേ? സന്ധ്യാംബരം ചൂളയായ്
പാരാതങ്ങു കരിഞ്ഞു ചുറ്റുമുയരും ഘോരം പുകക്കോട്ട ചെ-
ന്നാരാലാകുമിടിച്ചുടച്ചു വിവശം പാരിന്നു താങ്ങാകുവാൻ?
 
ക്ഷേത്രത്തിൽത്തൊഴുതമ്മ വന്നു പടിയും കേറിക്കടന്നെത്തുവാൻ
കാത്തങ്ങച്ഛനിരിക്കുമിന്നുമിടയിൽ സ്നാനത്തിനും പോയ് വരും
വക്ത്രങ്ങൾക്കകലംകുറഞ്ഞുവരവേ നീട്ടും വിരൽത്തുമ്പിനാൽ
ചാർത്തും നെറ്റിയിലൂഷ്മളപ്രണയമായ് മിന്നും കുറിക്കൂട്ടുകൾ!!
 
ചൂലിൻ തൂലികയൊന്നെടുത്തു വെയിലിൻ വെള്ളപ്പരപ്പിൽ സ്വയം
ശീലിച്ചുള്ളൊരു ചിത്രചാതുരിയുമായ് വന്നെത്തി നിന്നങ്ങനേ
ആലസ്യത്തെയകറ്റിനിർത്തിയുടലിൻ പ്രായത്തെ വെല്ലുന്നപോ-
ലാലോലം തുടരുന്നു ദൌത്യമമലം, തസ്യൈ ജനന്യൈ നമ:
 
ആടാൻ വേണമൊരൂയലെന്നു സഖിയെൻ ചാരത്തുവന്നോതി, ഞാൻ
തേടിത്തേടിയലഞ്ഞുഴന്നു വിഫലം കണ്ടില്ലയൊന്നെങ്കിലും !
പാടാ,യങ്ങു നടന്നു, പണ്ടു തൊടിയിൽത്തീർത്തിട്ടൊരൂഞ്ഞാലുമാ-
യോടിക്കേറിയൊരുക്കിയൊന്നു കനവിൻ കൊമ്പത്തു ചെന്നാതിരേ!!
 
പാരം മുള്ളുനിറഞ്ഞനിന്റെ വഴിയിൽ ശ്രദ്ധിച്ചു നീങ്ങുമ്പൊഴ-
ങ്ങോരോരുത്തരടുത്തുകൂടിയരുളും സമ്പൂർണസൌജന്യമായ്
തോരാതങ്ങുപദേശമന്ത്രമനിശം, കുഞ്ഞേ! ശ്രമിച്ചീടണം
ധീരം നെല്ലു തിരഞ്ഞെടുത്തു, പതിരും കല്ലും ത്യജിച്ചീടുവാൻ!!
 
പീലി നീര്‍ത്തുന്നു കാവ്യം.
 
ശ്രീലകം വേണുഗോപാല്‍
 
അരികിലരുമയായീ പൂക്കളെല്ലാമമായം
ചിരിയൊടെ വിലസുമ്പോള്‍ ഹൃത്തിലെത്തുന്നു മോദം
ധരയിലെയഴകെല്ലാം മേനിയില്‍ച്ചേര്‍ത്തു മന്ദം
നിരനിരെ സുമജാലം നില്‍ക്കയാണെത്ര ചിത്രം!
 
കവിയുടെ സവിധത്തില്‍ നിങ്ങളിന്നീ വിധത്തില്‍
ഛവിയുടെ നിറവെല്ലാം ചാര്‍ത്തിനില്‍ക്കുന്നനേരം
കവനകല വിലോലം തൂലികത്തുമ്പിലെത്തു-
ന്നവിരതമതു മെല്ലേ ഭാവമായുജ്ജ്വലിക്കും
 
ക്ഷിതിയിതിലിതുപോലേ നിര്‍മ്മലാകാരമോടേ
പുതുമയില്‍ വിടരുന്നുണ്ടെത്രയോ പുഷ്പജാലം
അതു മമ ഹൃദയത്തില്‍ രമ്യരാഗം പടര്‍ത്തും
പുതിയൊരു കവിതയ്ക്കായ് വര്‍ണ്ണമെല്ലാം നിരത്തും
 
കവിയുമൊരു ലയത്തില്‍ കാമ്യമായെന്‍ മനസ്സില്‍
നവമൊരു മൃദുഭാവം മെല്ലെയെത്തുന്നു ഹൃദ്യം
അവികലമതു വര്‍ണ്ണം ചാര്‍ത്തിയെത്തുന്ന നേര-
ത്തിവനുടെ ഹൃദയത്തില്‍ പീലി നീര്‍ത്തുന്നു കാവ്യം
 
ഒന്നായും വേറെയായും
 
പി എന്‍ വിജയന്‍
 
ഒന്നായും വേറെയായും യദുകുലതിലകം
വാസുദേവൻ വസിക്കു -
ന്നൊന്നിൽപ്പോൽത്തന്നെയെല്ലാത്തിലു,മതു പതിനാ
റായിരം പത്നിമാരാം
ഒന്നൊന്നിൽപ്പത്തു വീതം തനയരവരുമാം
തൻ കടാക്ഷത്തിലെല്ലാം
മൂന്നായിട്ടുള്ള ലോകം മുഴുവനുമതിലാ
മക്കരങ്ങൾക്കു കൂപ്പാം
 
എല്ലാമേ വാസുദേവൻ യദുകുലതിലകൻ
ദേവകീനന്ദനൻ താ-
നല്ലാതില്ലല്ലൊ ലോകം പരിചൊടു പരിപാലി
ക്കുവാൻ മറ്റൊരാളും
എല്ലാർക്കും രക്ഷയായിപ്പകലിരവഖിലം
കാത്തു കൊണ്ടീടുവാനായ്
സല്ലീലംകണ്ണിലൂറും കരുണയുടെ രസ
ത്തുള്ളിയൊന്നെറ്റിടേണേ
 
എല്ലാമേ വാസുദേവൻ യദുകുലതിലകം
തീർച്ചയാക്കുന്നതല്ലോ
നല്ലോണം ദ്വാരകശ്രീ തെളിയുമളവിലായ്
വാണിടും കാലമല്ലോ
നല്ലോരാ സൂര്യദാനം മണിയൊരു ദിവസം
കണ്ടു മോഹിച്ചതല്ലോ
ചൊൽ കേൾക്കാതപ്രസേനന്നപമൃതിയെഴുത
പ്പെട്ടതോ മുമ്പെയല്ലോ
 
എല്ലാമേ രാമചന്ദ്രൻ രഘുകുലതിലകം
നിശ്ചയിക്കുന്നതല്ലോ
വില്ലേന്തിസ്സീതയോടും സഹജരവരൊടും
ചേർന്നുവാഴുമ്പൊഴല്ലോ
തെല്ലോരച്ചാരവാക്യം നൃപനൊരിട‌പവാ
ദശ്രമം മാത്രമല്ലോ
നല്ലോരാ ഗർഭിണിക്കാവനസുഖമരുളാ
നേറ്റപോൽ വിട്ടതല്ലോ
 
വെറുംസ്വപ്നം
 
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
 
അരുണോദയമായി ഭാനുമാന്‍
കരുണാപാംഗമൊഴുക്കിടുന്നിതാ
വരധാത്രി ധരിത്രി സൗഭഗോ-
ത്ക്കരവേഷങ്ങളണിഞ്ഞു മോഹിനി
 
ഹരിതാഭതെളിഞ്ഞുകാണ്‍മതാ-
ഗിരി-സഹ്യാദ്രി- വരങ്ങളേകുവോന്‍
പരിചോടുറവാര്‍ന്നിടുന്നതാ-
മരുവിയ്ക്കെന്തൊരുചന്തമാര്‍ന്നിതേ
 
കളഗാനമുയര്‍ത്തിടുന്നൊരാ
റിളതന്‍ സേചനലക്ഷ്യമോടെതാന്‍
പുളകോദ്ഗമകാരിയായിതാ -
തെളിവാര്‍ന്നിങ്ങു വരുന്നു കണ്ടിടാം
 
ഉണരുന്നു,കിനാക്കളാകവേ-
യുടയു,ന്നൂഷരമായ കാഴ്ചയില്‍
പൊരിയുന്നുമനസ്സു കേരളം
പരിതാപാര്‍ഹനിലയ്ക്കു വെന്തുപോയ്
 
വെറുതേയിനി,സത്യബോധമെന്‍
മിഴിയില്‍ തീക്ഷ്ണശരങ്ങളാഴ്ത്തവേ
കളയായ്ക നിമേഷമൊന്നുമേ;
പടവാളാക്കുക തൂലികാദികള്‍
 
മൂന്നു മുക്തകങ്ങൾ
 
എ.ആർ. ശ്രീകൃഷ്ണൻ
 
1. വേദിസൂക്ഷിപ്പ്
 
നിനവുകൾ പകലാടും; രാവിലോ ലോലമാം പൊൽ-
ക്കനവുക,ളിവ തീർക്കും നൃത്തനൃത്യാദികൾക്കായ്
ദിനമനു മുഷിവെന്യേ ചിത്തമാം വേദി കണ്ണീർ-
നനവണുവുമെഴാതെക്കാക്കൽ താൻ മർത്ത്യധർമ്മം !
 
2. കാമമഹിമ
 
സ്മരിപ്പോർക്കേകുന്നൂ സകലവുമജാദീശ്വരർ; ഭവാൻ
ഹരിപ്പൂ സർവസ്വം സ്വവശഗരിൽനി,ന്നെങ്കിലുമിതാ
വരിപ്പൂ നിന്നെത്താനപരരെ വെടിഞ്ഞീ നര,രഹോ !
ശരിയ്ക്കാരോരുന്നൂ തവ മഹിമ ഹേ മാര ! മഹിയിൽ ?!
 
3. താമസസ്ഥലം
 
(*താമസം - തമസ്സിനെസ്സംബന്ധിച്ച എന്നും)
 
ഇരുട്ടു സസുഖം വസിച്ചിടുവതിന്നു തേടീ പുരാ
തരത്തിലൊരിടം - കുടം, കിണർ, ഗുഹാന്തമിത്യാദിയിൽ
ശരിയ്ക്കവയിലൊന്നുമേ കുശലമാർന്നിടാതിന്നിതാ
വരിച്ചു നരമാനസം; സ്ഥിരമതിങ്കലായ് താമസം
 
വരാതിരിക്കില്ല
 
കാവനാട് രവി  
 
തിരിച്ചറിവുകൾ മറച്ചിടുന്നതാം 
ഇരുണ്ട വർണ്ണങ്ങൾ പറന്നു ചുറ്റിലും .
മതിവരാചോരക്കൊതി പെരുത്തവര്‍ 
പതിയിരിപ്പുണ്ടിങ്ങിര പിടിക്കുവാന്‍ 
പിറന്നമണ്ണിനെ മറന്നിടുന്നപോൽ  
കുരുത്തു പൊങ്ങുന്നൂ കടുത്തചിന്തകള്‍-
ഇരകള്‍മാത്രമാണരികള്‍ മാത്രമാ -
ണിരവിതില്‍ പെറ്റുപെരുകിടുന്നവര്‍. 
 
നിഴലഴിഞ്ഞാടുന്നിരുളാണെങ്ങുമേ 
കരുതിയാല്‍പ്പോലും ചതിയിലാണ്ടുപോം.
വിശപ്പിനെത്തെല്ലും കിനാവില്‍പ്പോലുമൊ - 
ന്നശിച്ചിടാത്തവരൊരുക്കിടും ചട്ട- 
ക്കുരുക്കിലാകയാല്‍ തളര്‍ന്ന ദൈവമി-
ന്നശക്തനായ് വൃഥാ കിതച്ചുതൂങ്ങുന്നു.
 
കനലെരിഞ്ഞതിന്‍ ചുവന്ന പാടുകള്‍ 
നിനവിലിന്നുമേ കളഞ്ഞിടാത്തവര്‍
പറഞ്ഞിടുന്നുന്നുണ്ടു പതിഞ്ഞതെങ്കിലും 
പതറിടാത്തതം ഉറച്ചവാക്കുകൾ  
വെളിച്ചമെത്തിടാനടുത്തു നേര മീ -
യിരുണ്ട വേളയൊന്നൊടുങ്ങിടാനുമേ 
ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ പൊന്‍- 
വെളിച്ചമെത്തുമോ...കൊതിച്ചിരിപ്പു ഞാന്‍.
 
ഗോരക്ഷ
 
മധുരാജ് പി സി
 
കോരിച്ചൊരിയുന്നു പേമാരി!
കോപിച്ചിരിക്കുമോ ദേവേന്ദ്രൻ ?
കൂലം കവിഞ്ഞു പരന്നുപൊങ്ങി
കാണാതെയായീ കളിന്ദജയെ
പാടങ്ങൾ മുങ്ങീ തടം തകർന്നു
മേടും വഴികളും നീരിലാണ്ടു
കണ്ടതില്ലിവ്വിധം മാരിയാരും
കേട്ടുമില്ലാരും പറഞ്ഞുപോലും !
നാടും നഗരവുമെന്നുവേണ്ട
ലോകമേ മുങ്ങും പ്രളയമാണോ?
നാമം വിശേഷണമൊക്കെ മുങ്ങി
നാമലിയുന്ന പ്രളയമാണോ?
കാൽ വിരലീമ്പിക്കിടക്കുവാനൊ-
രാലില മാത്രം ജലപ്പരപ്പിൽ -
ആനിലയെത്തും പ്രളയമാണോ?
ആനന്ദരൂപനെവിടെയാണോ?
കോരിച്ചൊരിയുന്നു പേമാരി !
കോപിച്ചിരിക്കുമോ ദേവേന്ദ്രൻ ?
 
ഗോവർദ്ധനത്തിനെ വാഴ്ത്തിയതോ
കോപിക്കുവാനുള്ളകാരണമായ്?
ഗോരക്ഷചെയ്യുവാൻ വേണ്ടതെല്ലാം
ആരുതരുന്നൂ നമുക്കു നിത്യം?
പൈദാഹമാറ്റുവാൻ വേണ്ടതെല്ലാം
പൈക്കൾക്കു നൽകുന്നു ഗോവർദ്ധനം
ആർദ്രത വറ്റാത്ത താഴ്വരകൾ
അന്നം മുടങ്ങാതെ കാത്തിടുന്നു
ആണ്ടിലെപ്പൂജയിക്കുന്നിനല്ലേ
ആദരവോടെനാം ചെയ്തിടേണ്ടൂ
കണ്ണൻ പറഞ്ഞതു സത്യമിക്കു-
ന്നിന്ദ്രനേക്കാളേറെ വന്ദ്യനല്ലോ!
ആയിരം കണ്ണുള്ളൊരിന്ദ്രനേക്കാൾ
താമരക്കണ്ണനേ കാണ്മു സത്യം!
 
കുന്നതാപൊങ്ങീ കുടകണക്കേ
കണ്ണന്റെ കൈവിരൽത്തുമ്പിലാഹാ!
 
കോരിച്ചൊരിഞ്ഞോട്ടെ പേമാരി!
കോപിച്ചുകൊള്ളട്ടെ ദേവേന്ദ്രൻ !
 
മറഞ്ഞ ഓര്‍മ്മകള്‍
 
ഗീത വാസുദേവന്‍
 
ഒരുകുറിവരുമോ ഒന്നു കാണാന്‍
ഓര്‍മ്മയില്‍ മാഞ്ഞൊരു കളിത്തോഴാ
പുളിമരച്ചില്ലയില്‍ ഊഞ്ഞാലിട്ടതും
കുതികുതിച്ചാടിയതുമോര്‍മ്മയുണ്ടോ?
പുളിയുറുമ്പിന്‍ കടി കൊണ്ടു, മൂവാണ്ടന്റെ
ഉയരത്തില്‍ക്കേറിയതോര്‍മ്മയുണ്ടോ?
ചെറുതായ്ച്ചെനച്ചുള്ള മാങ്ങ പൊട്ടിച്ചിട്ടൂ
തെരുതെരെയെറിഞ്ഞതു മോര്‍മ്മയുണ്ടോ?
നിറഞ്ഞുകിടക്കുന്ന ചിറയുടെ തിണ്ടില്‍നി-
ന്നൊരു ചാട്ടം ചാടിയതോര്‍മ്മയുണ്ടോ?
ചിറയില്‍ മുങ്ങാം കുഴിയിട്ടു, കാണാതെ ഞാന്‍
കരള്‍പൊട്ടിക്കരഞ്ഞതുമോര്‍മ്മയുണ്ടോ
മഴവന്ന നേരത്തു ചേമ്പില പൊട്ടിച്ചു
കുടചൂടിനടന്നതുമോര്‍മ്മയുണ്ടോ
വഴിയിലെയപ്പച്ചെടിയിലകൊണ്ടൊരു
പടക്കം പൊട്ടിച്ചതു മോര്‍മ്മയുണ്ടോ?
മലയിലെച്ചെത്തിപ്പഴങ്ങള്‍ താളിപ്പഴം
രുചിയോടുതിന്നതുമോര്‍ത്തിടുന്നേന്‍
ഒരുഭ്രാന്തനെക്കണ്ടു പതറിയോടീടവേ
ശിലതട്ടിവീണുനാ, മോര്‍മ്മയുണ്ടോ
മധുരമധുരമാമോര്‍മ്മകളും പേറി-
യെങ്ങോമറഞ്ഞൊരെന്‍ കൂട്ടുകാരാ!
എവിടെയുമില്ലെന്നറിയുന്നവെങ്കിലും
വരുമെന്നുചിന്തിച്ചു കാത്തിരിപ്പൂ...
വരുമെന്നു ചിന്തീച്ചു കാത്തീരിപ്പൂ
 
രംഭാപ്രവേശം
 
അത്തിപ്പറ്റ രവി
 
അളകാപുരി ലക്ഷ്മി നൃത്തമാടി -
പ്പുളകം കൊള്‍വൊരു ധന്യരാജ്യമത്രേ
നളകൂബരനാം നൃപാത്മജന്‍ ഞാ -
നിളയില്‍സ്സര്‍വ്വസുഖങ്ങളാര്‍ന്നു വാഴ് വൂ
 
സുരസുന്ദരി രംഭയാണെനിയ്ക്കി -
ന്നിരവിൽക്കൂട്ടുകിടക്കുവാൻ വരുന്നോൾ
സ്മരനിത്തരുണത്തിലെന്റെ നേരെ -
ശ്ശരമഞ്ചും പലവട്ടമെയ്തിടുന്നൂ
 
ചരമാചലമേറി ഭാനു ശോണാം -
ബരനായ്; താമര കണ്ണടച്ചിതെങ്ങും
തരമായ് ശശിയാമ്പലിന്‍ വികാര -
ത്തിര തുള്ളിച്ചൊരു കൈത്തലോടലേകീ
 
അരിമുല്ല മുദാ സുഗന്ധിയായ് പു -
ഞ്ചിരി തൂകുന്നിതു നീളെ നീളെ മേന്മേൽ
അരികത്തൊരു തെന്നൽ വന്നു തൊട്ടെൻ
വിരിമാറിൽക്കുതുകം വിതച്ചിടുന്നൂ
 
വടിവായ് നിശയിങ്ങൊരുക്കി വേണ്ടും -
പടി നമ്മൾക്കനുകൂല സാഹചര്യം
അടിവച്ചണയൂ വരാംഗി! വള്ളി -
ക്കുടിൽ ഹാ! മാടി വിളിച്ചിടുന്നു നമ്മെ
 
അകലത്തൊരു കാഞ്ചനാംഗി നീല –
ച്ചകലാസാലുടൽ മൂടി വന്നിടുന്നൂ
ശുകഭാഷിണിതൻ മുഖാബ്ജമെന്തേ
വികലം വാടിവിളര്‍ത്തുപോയതാവോ?!
 
ഉടലേറ്റമുടഞ്ഞുവാടി കണ്ണില്‍ -
ക്കടലോളം ചുടുനീരഹോ! തുളുമ്പി
സ്ഫുടമെന്നരികത്തണഞ്ഞു നില്പോള്‍
മടവാര്‍മാലിക രംഭതന്നയാണോ?!
 
ഹരിനീല നിചോളമേവമൊട്ടൊ -
ട്ടരികിൽക്കീറിയുലഞ്ഞതെന്തുകൊണ്ടാം?!
എരിയും ഹൃദയം ചുമച്ചുതുപ്പും
കരിയോ ചുണ്ടി,ലുറഞ്ഞ ചോരതാനോ?!
 
പുരുമോദമൊടിങ്ങു പോന്നിടുമ്പോള്‍
ത്തെരുവിൽക്കണ്ട ദശാസ്യ,നാജ്ഞപോലെ
മരുവീടണമിന്നു തന്നൊടൊത്തെ -
ന്നരുളിച്ചെയ്തു തടുത്തു നിര്‍ത്തിയെന്നോ?!
 
പ്രതിവാസരമീവിധത്തിലോരോ
പതിയെത്തേടിന യോഗമാകയാല്‍ നീ
മതിയോടൊരുനാൾ വരാമടുത്തെ -
ന്നതിഭവ്യം വിടചൊല്ലിനോക്കിയെന്നോ?!
 
ഇവളെസ്സുതപത്നിയായ് ഗണിച്ചി -
ന്നവമാനിയ്ക്കരുതെന്നു താണുരയ്ക്കേ
വിവശോക്തികൾ കേട്ടതായ് നടിയ്ക്കാ -
തവനിമ്മേനി കടിച്ചുകീറിയെന്നോ?!
 
സഹജാത്മജനുള്ള കാന്തയൊത്തോ
വിഹരിച്ചാനിളയച്ഛനിന്നു കഷ്ടം!
മഹനീയരതിയ്ക്കു താങ്കളെപ്പോ -
ലിഹലോകത്തിലെവന്നു ശേഷിയുണ്ടാം?!
 
അനിഷേദ്ധ്യബലപ്രവൃദ്ധഹുങ്കാര്‍ -
ന്നിനി നീ ദുര്‍മ്മതി കാട്ടിടായ്ക മേലില്‍
വനിതാബഹുമാനമറ്റ നിന്നെ -
ക്കനിവറ്റിന്നു ശപിച്ചിടുന്നിതാ ഞാൻ
 
ഒരുവളെയിനി നീയിമ്മട്ടവൾക്കിഷ്ടമില്ലാ -
തുരുമദമൊടു തൊട്ടാലക്ഷണം‌ നിന്റെ ശീർഷം
പുരുരവമൊടു പൊട്ടിപ്പോയിടും; തേ തുണയ്ക്കി -
ല്ലൊരു വരബലവും കേൾ ശക്തനാം പംക്തികണ്ഠ!
 
രാമാനുജന്‍ 
 
വിനോദ് വര്‍മ്മ‌
 
പണ്ടീനാടുമിരുട്ടിലാണ്ടു കഴിയും
നേരത്തു ഭൂമണ്ഡലം
കണ്ടോരത്ഭുതമാനവന്‍ ഗണിതശാ-
സ്ത്രത്തിന്നു തന്‍ ജീവിതം
കൊണ്ടേറ്റം മഹനീയമായ പടിയായ്
ജ്ഞാനം പകര്‍ന്നുള്ളിലായ്
കണ്ടോരത്ഭുതദര്‍ശനങ്ങളവയെ-
ന്നായ് ചൊല്ലി രാമാനുജന്‍ +
 
വന്ദിക്കുന്നേന്‍, കണക്കിന്‍ വഴികളെയകമേ
കണ്ടു ലോകത്തിനായി-
ട്ടന്നീമട്ടില്‍ പ്പകുത്തേകിയ കഴിവു തിക-
ഞ്ഞുള്ള രാമാനുജത്തെ!
ഇന്നത്രേ ജന്മനാളീസുദിനമവനെയോര്‍-
ക്കാമനന്തത്തെയുള്ളില്‍
ത്തന്നെ കണ്ടോനവന്‍+, മേ ഗുരുവര, നനിശം
ശാസ്ത്രലോകം നമിപ്പൂ
 
അഞ്ചു മുക്തകങ്ങള്‍
 
കുട്ടന്‍ ഗോപുരത്തിങ്കല്‍
 
നീലക്കണ്ണുകള്‍, നീണ്ടിരുണ്ടമുടിയും, പൂംതിങ്കള്‍ തൂനെറ്റിയും;
ചേലത്തുമ്പു നനുത്തകാറ്റിലുലയും സൌരഭ്യവും; ചന്ദനം
ചാലിച്ചെനകണക്കിലുള്ളമൊഴിയും ചേര്‍ന്നുള്ളൊരാളെത്തിയി-
ക്കാലത്തെന്നുടെ ചിന്തകള്‍ക്കു നിറവും ചാര്‍ത്തുന്നിതെന്തത്ഭുതം !
 
ഇന്നെന്‍ പൊന്നോമലാളിന്‍ മുഖകമലമതേ തൊട്ടുലാളിപ്പതോര്‍ത്തി
ട്ടുന്നിദ്രം ഞാന്‍ ശയിക്കേ, പരിമൃദുപദമോടെന്റെ ചാരത്തു മെല്ലേ
വന്നൂ, ചെഞ്ചുണ്ടുചേര്‍ത്തെന്‍ കവിളിണയതിലായ് മുത്തമേകുന്നപോലെ-
ത്തോന്നീ, സ്വപ്നത്തിലാണോ? പകുതിമറയുമെന്‍ ബോധതീരത്തിലാണോ?
 
ഹൃത്തില്‍ മുജ്ജന്മപാപം, തലയിലിരുമുടിക്കെട്ടു, ഞാന്‍ പമ്പ താണ്ടി-
ക്കത്തും തീ പോലെ വേനല്‍ ത്തിരകളലയിടും കാനനപ്പാത കേറി.
എത്തീ നിന്മുന്നിലയ്യാ! കലിയുഗവരദാ! കൂടെ നീ വേണ മേതാ-
പത്തില്‍പ്പെട്ടാലുമെന്നില്‍ കരുണനിറയുമാ നോട്ടമുണ്ടായിടേണം
 
സ്വാമിയെക്കൂപ്പുകയ്യാല്‍ തൊഴുംനേരമെന്‍
കാമനാപൂര്‍ണ്ണമായോരു മോഹങ്ങളും
ഓമലാളിന്റെ നേത്രങ്ങളും ഞാന്‍‌മറ-
ന്നീമഹി പ്രേമപൂര്‍ണ്ണാമൃതം തന്നെയായ്
 
ചൊടിചേര്‍ത്താ മുരളിക രാഗം ചൊരിയുവതേ കേട്ടൊരു പെണ്ണാള്‍
നടനം‌ചെയ്തണയുകയായീ, യമുനയിലോളങ്ങള്‍ ചിരിച്ചൂ
പിടയും പൂവനനിരയാകേയിരുളലകള്‍ മൂടിയിരിക്കേ,
ഇടനെഞ്ചില്‍ തരളിതമേതോ മൃദുലമിലത്താളമുയര്‍ന്നൂ
 
അഗ്നിതാണ്ഡവം
 
ശ്രീകല നായർ
 
അഭ്രപാളിയിളകുന്നുകാറ്റിലുഡു
നര്‍ത്തനങ്ങള്‍ മറയുന്നിതാ
നക്തചാരുതയണഞ്ഞുഹേലയതി
സത്രപേന വിടവാങ്ങിയും
ഉഗ്രവാതപരിതാണ്ഡവംധരയി
ലര്‍ദ്ധരാത്രിമഴഗര്‍ജ്ജനം
വീചിതംബുരുമടക്കി രൗദ്രപദ
മാടിടുന്നിഹധരിത്രിയില്‍
 
കൂടുവിട്ടുപുലര്‍കാലസന്ധ്യയിലു
യര്‍ന്നുപൊങ്ങിയൊരുമാത്രയില്‍
കാടുകത്തിയമരുന്നകണ്ടുകളകൂജ
നങ്ങളിലുണര്‍ത്തുവാന്‍
പാടുപെട്ടുമമരോദനങ്ങളിലു
ണര്‍ന്നകീരമിഥുനങ്ങളാ
വീടുവിട്ടുപിരിയാതെകേണുനിജ
പൈതലോടതില്‍ ദഹിച്ചുഹാ
 
മിന്നലേറ്റവനസങ്കുലങ്ങളമ
രുന്നുവഹ്നിജഠരത്തിലായ്
മന്നിലാകെയെരിയുന്നുജന്മനിര
വിണ്ണുപാകിയൊരുശാപമായ്
നിദ്രപൂകിനിറമോദമോടെനിജ
പഞ്ജരങ്ങളിലമര്‍ന്നവര്‍
നിത്യമായൊരുസുഷുപ്തിതന്‍തണലി
ലത്തലറ്റുകഴിയുന്നുവോ
 
പ്രാണനോടെയുയരുന്നപൈങ്കിളിക
ളായുതേടിയകലുമ്പഴും
പ്രാണനറ്റമനമോടെനിന്നുചിറ
കാകെവീണുകുഴയുന്നപോല്‍
കീരബാലകവിലാപവും മിഥുന
ദീനമാര്‍ന്നിടണനോട്ടവും
കൊണ്ടുതട്ടിയുലയുന്നുചിത്തമിഹ
ബന്ധനത്തിലമരുന്നപോല്‍
 
ദൃഷ്ടിതാണുഖഗപക്ഷപുഷ്ടിവിട
വാങ്ങിനിന്നഥപറക്കുവാന്‍
ശക്തിയറ്റുനിജകായമുര്‍വ്വിയില
മര്‍ന്നുഗദ്ഗദനിനാദവും
തത്രനീഡജവിലാപവുംചിതറു
മഗ്നിതന്നുടയതാണ്ഡവം
മെത്തിനിന്നുമനമത്തല്‍ പൂണ്ടുവില
പിച്ചിടുന്നുഹതഭാഗ്യനായ്
 
 
അര്‍ദ്ധരാത്രിചുടലപ്പറമ്പിലമ
രുന്ന ദാഹക നിനാദവും
അസ്തമിച്ചഥ ധരിത്തുകണ്ണുകള
ടച്ചു ഭീതിയൊഴിയാതെയും
കൊണ്ടലും മിഴിതുടച്ചണഞ്ഞുവിധി
തന്നെയോര്‍ത്തു-കളകണ്ഠവും
നിന്നിടുന്നിഹനിതാന്തരമ്യതയ
ടര്‍ന്നകന്നവനജാലവും
 
ശ്ലോകോദകം
 
യു.എസ്.നാരായണൻ 
 
കാലാംഭോധിയിലാണ്ടുപോയിന,നിതെ
ന്താവോ,നിശാന്തം കഴി-
ഞ്ഞീലേ വീണ്ടുമുദിച്ചതില്ല,യുലകം
ഘോരാന്ധകാരത്തിലായ്!
മാലേറിത്തളരുന്നു മെയ്,വ്യഥിതനായ്
നിൽപാണിവൻ,കഷ്ടമേ
കാലം,ജീവിത നാൽവഴിക്കവലയിൽ
ദിഗ്ബോധരുഗ്ബാധിതൻ!
 
ഓരോ കാലടി വെപ്പിലും പതറിടാ-
തെന്നൊപ്പമിന്നോളമാർ
ചാരേനിന്നു,വളർച്ചതൻപടികൾ കൈ-
ത്തുമ്പാൽക്കയറ്റിച്ചതാർ
നേരേ നിൽക്കുവതിന്നിവന്നതിദൃഢം
കൈത്താങ്ങുപോൽനിന്നതാർ
ആരേ,കൂരിരുളിൽത്തെളിഞ്ഞുനിറയും
ദീപപ്രഭാപൂരമായ്.?
 
കേമത്തത്തിനുവേണ്ടിയല്ല,വളയും
പട്ടുംകിടച്ചീടുവാൻ
മോഹിച്ച,ല്ലതിഗാഢമാമനുപമ
ശ്ലോകാനുരാഗത്തിനാൽ
ഓമൽക്കുഞ്ഞിനൊരമ്മതന്റെ മധുര-
സ്തന്യം,കണ,ക്കക്ഷര-
ശ്ലോകത്തിൻ മധുരാമൃതം പരമിവ-
ന്നാമോദമൂട്ടിച്ചതാർ?
 
ഓരോമോഹമുദിച്ചിടുമ്പൊഴു മതി-
പ്രാരബ്ധമിജ്ജീവിത-
ത്തേരൊടിയ്ക്കുവതിന്നിടയ്ക്കതു മുദാ
സാധിച്ചുതന്നുള്ളതാർ
നേരോടാർദ്രമനസ്ക,നെൻജനകനാ
മപ്പുണ്യപൂരൻ,മഹാ
ധീരോദാത്തനു ചെയ്തിടുന്നു മകനി,
ശ്ലോകോദകാരാധനം..
 
യാത്ര
 
പദ്മ തമ്പാട്ടി
 
ഒറ്റയ്ക്ക് യാത്ര ചെയ്തീടുന്നു ഞാന്‍
ചുറ്റുമെന്നെ തനിച്ചാക്കുകില്ലന്നറികിലും
ഇത്തിരിപ്പുലര്‍വെട്ടത്തില്‍ ചപ്പുകള്‍
കൊത്തിപ്പെറുക്കുമഴകിയെക്കാണണം
ഒട്ടുനേരമിരിക്കണം പൂക്കും കണിക്കൊന്ന-
ച്ചോട്ടിലോടക്കുഴല്‍ വിളി കാതോര്‍ത്ത്
തുഞ്ചത്തുലയുന്ന നാലഞ്ചു മഞ്ഞണിപ്പൂ-
ങ്കുലക്കൊപ്പം കരുതേണം ഞെട്ടറ്റു വാടി നിലം
റ്റിക്കിടക്കുന്നതാമൊന്നെങ്കിലും
എങ്ങാനും ഗ്രാമത്തിന്‍ മമതയുമക്കൂടെ-
മണ്ണാകുമെന്‍ ജീവനെന്നനിത്യസത്യ-
മെന്നെപ്പിന്തുര്‍ന്നീടിലോ മേല്‍ക്കുമേല്‍
പൂങ്കുല ഒന്നെങ്കിലും മാമ്പഴമാകും മുന്‍പേ
മിഴിനീര്‍ പൊഴിയാതെ പൊട്ടിച്ചെടുക്കണം
ഉച്ചയുഷ്ണത്തില്‍ പകരട്ടെ പാളയില്‍
നിന്നിത്തിരിവെള്ളമാ ഭഗിനിതന്‍ കൈകളാല്‍
അന്തിയാകുമ്പോള്‍ നിളാതീരത്തണയണം
തോണിയില്‍ ചന്തമായ് കളിയച്ഛന്‍
പകര്‍ന്നീടുമാ മധുരം നുണഞ്ഞിടാന്‍
അതിരുകാക്കും മലയന്തിച്ചോപ്പില്‍ തുടുക്കുന്നു
കരിമ്പൂതത്തിന്‍ ചിലമ്പലയൊലിയോ ചിതറുന്നു
ഇവിടെ അവസാനമാകാതിരിക്കട്ടെയെന്‍
സഫലമീ യാത്ര കാവ്യനര്‍ത്തകിക്കൊപ്പം!
 
മൌനത്തിന്റെ നിറങ്ങൾ
 
ജ്യോതിർമയി ശങ്കരൻ
 
വന്നെത്തിനോക്കീടുമ്പോളൊക്കെയും വർണ്ണങ്ങൾക്കു
തന്നിടാനാകുന്നല്ലോ വൈവിധ്യങ്ങളാം സ്വപ്ന,
മെന്നുടെ മനസ്സിന്റെ താളമേളങ്ങൾക്കെല്ലാം
നിർണ്ണയം കൽ‌പ്പിയ്ക്കുവാനെന്നോണം പലപ്പോഴും
 
മനസ്സേറ്റുവാങ്ങിടും ദ്രുതതാളങ്ങൾ പുറ-
ത്തൊടുക്കം നോക്കായ്,വാക്കായ് ഭാവമായ് മാറീടുമ്പോൾ
എനിയ്ക്കു വന്നെത്തിടും മാറ്റങ്ങളെന്നെത്തന്നെ
ഭയത്തിൻനാമ്പും നീട്ടി കൊഞ്ഞനം കുത്തീടുന്നു.
 
ഒഴിയ്ക്കാൻ കഴിയാത്തവർണ്ണങ്ങൾ കൂടിക്കുഴ-
ഞ്ഞൊടുക്കം സൃഷ്ടിച്ചീടുമിരുളിൻ ചുരുളുകൾ
കുഴക്കുന്നല്ലോ, മറ സൃഷ്ടിച്ചിട്ടവയെന്നിൽ
നടുക്കം വളർത്തുന്നു, ഞാനെന്നെ മറക്കുന്നോ?
 
എനിയ്ക്കു വയ്യല്ലോ യീ ത്രിശങ്കുസ്വർഗ്ഗത്തിലെൻ
മനസ്സു പതറുന്നു, മൌനത്തിൻ മുഖം മൂടി
ധരിയ്ക്കാൻ കൊതി, കണ്ണു പൂട്ടിടാൻ,വർണ്ണങ്ങൾക്കു
കൊടുക്കാതിരിയ്ക്കുവാനെന്മുഖമൊരിയ്ക്കലും
 
തിരിച്ചു പോക്ക്
 
നാഥ് മാന്നനൂർ
 
തിരിച്ചു പോകുവാനാകുമോ
കാലത്തിന്റെ വഴിയിലൂടെ
ചെയ്യാതിരുന്ന പല കാര്യങ്ങൾ
ഉള്ളിലിരുന്നു വളർന്ന നോവുകൾ
ചെയ്തു പോന്നിട്ടിന്നു ശകലം
സ്വയമായ് സാന്ത്വനിച്ചീടുവാൻ
 
കുഞ്ഞു തൊട്ടിലില്ലുറങ്ങാതിരിക്കു-
മെന്നുറക്കത്തിന്നായുണർന്നിരിയ്ക്കു-
മമ്മയ്ക്കുറങ്ങീടുവാൻ വീണ്ടുമാ
തൊട്ടിലിൽ കിടന്നുറങ്ങിടേണം
 
വിശന്നിടുമ്പോളിറക്കുവാൻ മധുര
കുറുക്കു തന്നിടും നേരം വാശിയാൽ
ഉറക്കെക്കരഞ്ഞതിനിന്നെനിയ്ക്കു
ചിരിയ്ക്കണം നുണഞ്ഞാമധുരം
 
നിറമുള്ള കുഞ്ഞിയുടുപ്പുകൾ തുന്നി
ഉടുവിയ്ക്കുന്ന നേരത്തിലിതല്ലയിഷ്ടമെ-
ന്നുരച്ച വിഷമം തീർക്കുവാനണിയാം
വീണ്ടുമാ പള്ളിക്കൂടത്തിൽ ചെല്ലാം
 
ആശയോടെ കൊണ്ടു നടന്നയച്ഛന്റെ
ആഗ്രഹങ്ങളറിയാതെ വളർന്നു
വികൃതിയ്ക്കു കൂട്ടായിരുന്നതിനിന്നാ
വിരൽ തൂങ്ങി വീണ്ടും നടനിടാം
 
കളിയ്ക്കുവാനടുത്തയുടപ്പിറന്നവൾക്ക്
വഴക്കിട്ടു വീക്കിയ മുറിവുണക്കാൻ
ചാണകച്ചൂരുള്ളൊരാ മുറ്റത്തിലൂടെ
ഒന്നുചേർന്നൊന്നോടിക്കളിയ്ക്കണം
 
ഒന്നുമില്ലാതെ വന്നൊരു തോഴനു
ഒന്നും കൊടുക്കാതെ കഴിച്ച പാപം
എണ്ണിയെണ്ണി തീർത്തീടുവാനിന്നു
ഒന്നു കണ്ടു കൂട്ടായിട്ടിരുന്നിടേണം
 
ചിറകു പറിച്ചയാ തുമ്പികൾക്കെല്ലാം
ചെന്നു തിരികെയവ കൊടുത്തീടണം
ചിരികളഞ്ഞൊരാ വഴിപ്പൂവുകൾക്ക്
നിറമുള്ള വസന്തം നൽകീടണം
 
നല്ലതിന്നായ് നന്മ പറഞ്ഞവർ
നൽകിയതൊന്നും നല്ലതാക്കി ടാതെ
നടന്നയീ വഴിയിൽ തിരികെയാ
നൻമ കാണുവാൻ നടന്നീടണം
 
തിരിച്ചു പോകുവാനാകുമോ ഇനിയും
കാലം കുഴച്ചിട്ട വഴിയിൽ
പിശകിന്റെ ശമിക്കാത്ത നീറ്റിൽ
കുളിരുള്ള സ്പർശമേൽക്കാൻ
 
 
മൂന്ന് മുക്തകങ്ങള്‍
 
പീതാംബരന്‍ നായര്‍
 
ചെണ്ട, ചേങ്ങില,യിടയ്ക്ക, കൊമ്പു, കുഴൽ, മദ്ദളം, തിമില, ശം,ഖില- 
ത്താളമെന്നിവയൊരുക്കിടുന്ന പല മേളമെന്നുമതികോമളം
വേണു, തപ്പു, തകിൽ, ഗഞ്ചിറാ,തബല, വീണ, തംബുരു, മൃദംഗ,മി-
ത്യാദി ചേർന്നു പല മട്ടിൽ നെയ്യുമൊരു താളമെന്നുമതിമോഹനം.
 
കാലം മാറി, പലേടവും പലവിധം മാറ്റങ്ങളായ്, ഭാരതം
കാലേ,യാണവ ശക്തിയായ്, വികസനം നേടും മഹാരാജ്യമായ്;
ചാലേ പൊങ്ങി, വളർന്നുവന്നു, പുതുതാം നേതാക്കളും, പൗരരും,
മാലേറുന്നു മനസ്സിലി,ന്നിവിടെ, ഹാ,യാരോർക്കുവാൻ ഗാന്ധിയെ?
 
ചാലേയൂണു കഴിച്ചു, നൽത്തണലെഴും മുറ്റ,ത്തിളം കാറ്റുതൻ
താലോലം സരസാ നുകർന്നു, സഖരോടൊത്തങ്ങു സൽക്കൗതുകം;
ചേലേറും പടിയങ്ങിരുന്നു മുറയിൽ ശ്ലോകങ്ങൾ ചൊല്ലുന്നതി-
ന്മേലേയെന്തു സുഖം ലഭിപ്പു, കവിതാപ്രേമിക്കു പാർത്തീടുകിൽ?
 
സന്ധ്യാദീപം
 
ദേവി പ്രകാശ് 
 
ഇരുളല വളരുമ്പോള്‍ ശങ്കരാ ഞാന്‍ കൊളുത്താ-
മൊരുതിരി തിരുമുമ്പില്‍ ,ശൈവനാമം ജപിക്കാം
അരുതിനിപരിതാപംതീര്‍ക്കുവാന്‍ താമസം ,നീ
വിരവൊടു വരമേകൂ സര്‍വ ലോകൈകനാഥാ.
 
അറ്റം കാണാതുഴലുമഴലിൽ സ്സാന്ത്വനത്തിന്നു ഞാനി-
ന്നെത്തീടുന്നൂ മഹിമയെഴുമീ സന്നിധാനത്തിലായീ
മറ്റാരോടും ദുരിത കഥനം ചെയ്‌വതിന്നില്ല ദേവീ
രക്ഷിക്കേണേ കുടജമലയിൽ പ്പാർക്കുമെൻ തമ്പുരാട്ടീ..
 
മഞ്ഞപ്പട്ടുടയാടയും മുടിയിലായ്
ചേലൊത്തതാം പീലിയും
കൊഞ്ചിപ്പുഞ്ചിരിതൂകിടുന്നചൊടിയില്‍
ത്തഞ്ചുന്ന പൊന്‍വേണുവും
അഞ്ചും കാല്‍ത്തളമെല്ലെമെല്ലെയിളകും
തൃപ്പാദപദ്മങ്ങളും
തഞ്ചീടേണമകക്കുരുന്നിലനിശം
ശ്രീവല്ലഭാ,ശ്രീ ഹരേ!
 
തുഷ്ട്ടിയോടെ മണി ദീപമിന്നു ഞാ-
നിഷ്ട്ട ദേവനുടെ മുന്നിൽ വെച്ചിടാം
കഷ്ട്ടമൊക്കെയകലേയ്‌ക്കു നീങ്ങുവാ-
നഷ്ടമൂർത്തി തുണയായ് വരേണമേ..
 
കണ്ണനുണ്ണിയുടെ മഞ്ജു രൂപമെ-
ന്നന്തരംഗമതിലായ് ത്തിളങ്ങണേ.
വെണ്ണ ചോർന്ന തവ കോമളാധരം
ഒന്നു കാണുവതിനായ്‌ക്കൊതിപ്പൂ ഞാൻ
 
ദുരിതഭരിതമാകും ജീവിതത്തോണി യങ്ങേ -
ക്കരയിലണയുവാൻ ഞാൻ വെമ്പലോടി ങ്ങു നിൽക്കേ
വരികയരികിലുണ്ണീ ! പൊൻ ചിലമ്പും കിലുക്കി
ത്തരിക മധുരഹാസം ജന്മ സാഫല്യമാവാൻ
 
അന്തിത്തിരി വെയ്ക്കാം തിരുമുന്നിൽ ജ്ജഗദീശാ
പഞ്ചാക്ഷര മന്ത്രത്തെ മുടങ്ങാതെ ജപിയ്ക്കാം
ചിത്തേ വരുമത്തൽ ക്കളയാനായ് വര മേകീ
വൈക്കത്തെഴുമീശൻ തുണയേകീടണമെന്നും..
 
ശങ്ക വിട്ടു മനസ്സിലെത്തുക ശങ്കരി!പ്രിയമോടു നീ
തൻ കഴൽക്കു വണങ്ങുവോർ ക്കഭയം തരും ഗുണശാലിനി
പങ്കമൊക്കെയകറ്റിയെന്നുടെ മാനസത്തിലനാരതം
ചെന്തളിർത്തനുവാം മഹേശ്വരി യെൻ തുണയ്‌ക്കു വരേണമേ
 
ബ്രഹ്മാവ്
 
ദീപ‌ കരുവാട് 
 
അംബുജാസനനെന്തുകൊണ്ടിവിടില്ലയാലയമൊന്നുമേ
അമ്പരപ്പൊടെ തെല്ലു വേദനയോടെതന്നിവളോര്‍ക്കവേ
ഇമ്പമായ് വിരചിച്ചതല്ലയൊ സര്‍വ്വവും കമലാസനന്‍
അംബികേ! തെളിവായി ചൊല്ലിടുകെന്തു കാരണമെന്നു നീ
 
ബ്രഹ്മനേ തൊഴുതില്ലയെന്നതുകൊണ്ടു ദോഷമതില്ലതി-
ല്ലെന്നുതന്നെ പറഞ്ഞുതന്നതുമോര്‍ത്തു ശങ്കയൊടിന്നു ഞാന്‍
പോറ്റുമമ്മയൊരിക്കലും വരുകില്ല നിന്‍ ജനനീസമം
പോറ്റിടുന്നൊരു വിഷ്ണുവോടു സമന്‍ വരില്ല വിരഞ്ചനും
 
ഇന്ദുചൂഡനൊടൊപ്പമായി ഗണിച്ചിടും ഹരിയേയതി-
ന്നെന്തു കാരണമാകിലും തൊഴുതീടുമെന്നതു നിശ്ചയം
നന്ദിയേയുമനന്തനേയുമമന്ദമായി നമിച്ചിടു-
ന്നെങ്കിലും വരുകില്ലവയ്ക്കൊരു തുല്യനായ് ചതുരാനനന്‍
 
ഓര്‍ക്കുകില്‍ വിധിപത്നിയാകുമി വാണിമൂലമതേകിടും
വിദ്യപോലിഹ വാഴുവാനിനിയെന്തു വേണമറിഞ്ഞിടൂ
മൃത്യുഭീതികള്‍ കൊണ്ടു ശങ്കരപാദസേവ നടുത്തുവോര്‍
കാശിനായി വണങ്ങിടുന്നു രമാപതീപദമോര്‍ക്ക നാം
 
കാലമോ കലികാലമല്ലെ ധനത്തിനാണിഹ മാനവും
സ്വാര്‍ത്ഥമായി നടത്തിടുന്നിതു പാദവന്ദനമൊക്കവേ
വിദ്യയേ ബഹുമാനമില്ലതിലൊട്ടുമത്ഭുതമില്ലതില്‍
നേട്ടമില്ലിതുകൊണ്ടു, കൈതൊഴുതീടുകില്ല വിരിഞ്ചനെ.
 
ഉഭയം
 
ഉമാ രാജീവന്‍
 
ഗുരുവായൂരേകാദശി
ചെമ്പൈസംഗീതമണ്ഡപം
മോഹനം തോടി കല്യാണി
മുഖാരി സിന്ധുഭൈരവി
 
നന്നുപാലിംബ...ശ്രീകൃഷ്ണം
ഭജമാനസ...പങ്കജ
ലോചനാ...ശ്രീപതേ...വിശ്വേ
ശ്വരദര്‍ശനമങ്ങനെ
 
വീശുന്ന വൃശ്ചികക്കാറ്റിന്‍
കുളിരിന്നിഴ ചേര്‍ന്നതാം
സൗവര്‍ണ്ണപ്പട്ടുതൂവാല
ച്ചന്തം തൊട്ടും തലോടിയും
 
ശുദ്ധസംഗീതമഴതന്‍
ലയത്തില്‍ മിഴിചിമ്മിയും
സൗന്ദര്യത്തികവില്‍ താനെ
യലിഞ്ഞും,ശ്രുതിചേരവെ
 
മുന്നില്‍ കസേരതന്‍ചോട്ടില്‍
ഒരു നാണ്യപ്രലോഭനം
അതിന്‍ വെട്ടിത്തിളക്കത്തില്‍
ഉടഞ്ഞൂ നിര്‍വൃതിക്കുടം
 
കാല്‍വിരല്‍കൊണ്ടടുപ്പിക്കാം...
ഒറ്റയോ?രണ്ടുരൂപയോ ?
കൈക്കലാക്കാമതെന്നാലും...
ആരും കാണാതെയെങ്ങനെ ?
 
അര്‍പ്പിക്കാം,ഇതുകാണിക്ക...
എന്നാലും കളവല്ലയോ ?
കരുതാംഭിക്ഷയായെന്നും...
ഓരോന്നു നിരുപിക്കവെ
 
പെട്ടെന്നുണര്‍ന്നു ബോധത്തി
ന്നുള്‍ക്കണ്ണായൊരു ചേതന
''പാട്ടില്‍ ശ്രദ്ധിക്കുകെ ''ന്ന്-ഓട്ടു
നാദത്തിന്നന്ത്യശാസന
 
ആകാശ വിസ്മയം
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
 
ആകാശമെന്തൊരുമഹാത്ഭുതമാബൃഹത്താ
മാകാരമോർത്തിടുകിലില്ലതിനന്തമൊട്ടും
ആകുന്നതില്ലതിനൊരറ്റമതൊന്നു കാണാൻ
ആ കമ്രമെന്നുമകതാരിലെ വിസ്മയംതാൻ!
 
നീലാകാശത്തിലാകേ മുകിലുകലലയും 
വാസരം മാഞ്ഞു, മുഗ്ദ്ധം
ചാലിച്ചാക്കുങ്കുമശ്രീവിതറിയഴകെഴും 
സന്ധ്യയും വന്നുപോയീ
ചേലോടേ താരവൃന്ദം പനിമതിയൊളിയോ
ടൊത്തു വന്നൊന്നുദിയ്ക്കു
ന്നാ ലാവണ്യാംബരം ഹാ! ഹൃദയമുകളമേ
വിസ്മയം തീര്‍ത്തിടുന്നൂ!
 
ആകുന്നില്ലിവനോര്‍ത്തിടാനുഡുഗണം, 
ഭൂ,സൂര്യ,സോമാ,ദിയൊ
ന്നാകാശത്തിലലഞ്ഞിടുന്നനവധി
ഗ്ഗോളങ്ങളൊന്നൊട്ടുമേ
പോകുന്നില്ല തനിയ്ക്കുതോന്നിയവഴി
യ്ക്കില്ലില്ല മുട്ടീടുവാന്‍
പാകത്താ,ലിവയെന്തൊരത്ഭുതമതൊ
ന്ന‌ന്തിച്ചു ചിന്തിച്ചു ഞാന്‍!
 
തലതാഴ്ത്തേണ്ടവർ
 
റനീജ് തൃക്കഴിപ്പുറം
 
തല പൊക്കി നടക്കാൻ മോഹം....
പക്ഷേ...
ചോരക്കുളങ്ങളേയും..
വഴുക്കും നേർവഴികളേയും...
ഒളിച്ചിക്കിരിക്കും നീതിയേയും...
പാലം വലിക്കും നിയമങ്ങളേയും..
കുണ്ടിലേയ്ക്കുന്തും റോഡുകളേയും..
താണു കിടക്കും
കയ്യേറ്റവേലികളേയും...
മറയത്തു നിന്നിരപിടിക്കും
മനുഷ്യരേയും...
കാണാതേയും
നോക്കാതേയും
തലപൊക്കി നടന്നാൽ
അടി തെറ്റി വീഴും...
ഈ ഭൂമിപോലും....
 
എങ്ങനെ നോക്കിയാലും...
തലതാഴ്ത്തിത്തന്നെ നടക്കേണ്ടവർ നാം...!!
 
ദിവ്യദു:ഖം
 
പി എസ് നമ്പീശന്‍
 
 
തെച്ചിയും പിച്ചിയും മന്ദാരപുഷ്പവും
കെട്ടിയ കാലമുയിർത്തെണീക്കേ
ശ്രീ ലകച്ചുറ്റിലെ ദീപങ്ങൾ കൈകൂപ്പും
നേരത്തിലേതൊരു മന്ദ്രസ്വരം?
അന്നാച്ചിറയിലെ നിർമലനീലമാം
വെള്ളത്തിൽ പുണ്യം കലർന്നിരുന്നൂ.
ചുറ്റും പടർന്നു വിതാനമൊരുക്കിയ
വൃദ്ധനാമശ്വത്ഥം നിന്നിരുന്നൂ.
കട്ടിക്കറുകപ്പുൽമെത്തയൊരുക്കിയ
മുറ്റത്തു പൂക്കൾ ചിരിച്ചിരുന്നൂ.
ശുദ്ധമാം തെന്നലൊഴുകിനടക്കുന്ന
മുഗ്ധമാമന്തിയും വന്നിരുന്നു.
വീണ്ടും തിരുമുറ്റത്തെത്തുമ്പോ,ളെന്താവോ
കണ്ടില്ല,കാണേണ്ടതെന്ന ദു:ഖം
 
ചിത്പുരേശീസ്തവം 
 
ഗിരി വാര്യര്‍ 
 
പാണിമേലഭയനാന്ദകം ഗദയുമാവരം ചഷകമുണ്ഡവും,
ശംഖുമേന്തിയുമിടത്തുകാൽ വലതുഊരുമേലമരുമായ് ശുഭേ
കോടിഭാനുവതു ഓടിവന്നുമതുപോലെ മോടിയിലതേറ്റുനിന്നിടും
ചിത്പുരേശി വരദായിനീ സുരനുതേ മഹേശി പരിപാഹിമാം. 1
 
കൊങ്ങുരാജനെവധിച്ചുനീ സകലമാനവർക്കു സുഖമേകിയും
ചിത്പുരത്തിനെയനുഗ്രഹിച്ചിടുവതിന്നുവന്ന പുരനായകീ
കാളമേഘനിറശോഭനീ വിമലരൂപിണീ, അഭയദായിനീ,
ചിത്പുരേശി വരദായിനീ സുരനുതേ മഹേശി പരിപാഹിമാം.2
 
കാളികേ! സുവരദേ! ശിവേ! ശുഭകരീ! മഹാനനസുശോഭിതേ!'
ശാംഭവീ ! അനലനേത്രജേ! ചരണമേകിടൂ ശിവസുതേ! ശുഭേ!
കേളിയാണിതു നിനക്കു സംഹരണമാദികൾ, ഭവവിനാശിനീ!
ചിത്പുരേശി വരദായിനീ സുരനുതേ മഹേശി പരിപാഹിമാം.3
 
അംബികേ! ഭുവനമാതയാമമരപൂജിതേ അമലരൂപിണീ
ആദിയോഗിനുതയാം സുരേശി ഭവനാശിനീ ദനുജനാശനീ
അക്ഷികൾക്കുമിഴിവേകിടാൻ കരുണയായിടൂ, കൃപചൊരിഞ്ഞിടൂ
ചിത്പുരേശി വരദായിനീ സുരനുതേ മഹേശി പരിപാഹിമാം.4
 
ഭൂതനാഥയുടെപാദരേണുവതു പാറിവന്നു മമ മൂർദ്ധഗേ
രേണുവീണിടുകയെങ്കിലാ വിമലപുണ്യമേകിടു സദാശിവേ
പാദരേണുവതുവേദരൂപിയു,മകറ്റിടും സകലദോഷവും
ചിത്പുരേശി വരദായിനീ സുരനുതേ മഹേശി പരിപാഹിമാം.5
 
സുശാന്തമായ ദേശമെന്ന കീർത്തിയുള്ള ചിത്പുരം
പുരത്തെശുദ്ധമാക്കിടുന്നഗംഗ ശോകനാശിനി
സുധർമ്മിയാകുമീ ജനം, തപസ്വിമാരതും സദാ
ധനം നിറഞ്ഞദേശ,മന്നു കൊച്ചിരാജ്യമാണിതും. 1
 
പുരത്തിനും ലഭിച്ചിരുന്ന കീർത്തി വിക്രമേന്ദ്രനാം
പ്രതാപി കൊങ്ങനും ശ്രവിച്ചിതാക്രമിച്ചു പത്തനം
പടക്കളത്തിലെത്തിടുന്ന നീചമാനസന്നവൻ,
ദയാവിചാരമില്ല, ദുഷ്ടമന്ത്രചാരി രാജനും. 2
 
പടക്കളത്തിലെത്തി പോർതുടങ്ങി കൊങ്ങനും ക്ഷണാൽ
പടക്കമെന്നപോലെതിർത്തു നാട്ടുകാരുമൊന്നുപോൽ
പടക്കളത്തിലേ വിശാരദന്നു മുന്നിലേറ്റവർ
പടക്കളത്തിലറ്റുവീണു,ശേഷമോടിവന്നവർ.3
 
പടയ്ക്കുതോറ്റു ഓടിവീണുരുണ്ടു, കേണുവീണവർ
സുരേശിചിത്പുരേശി രക്ഷ രക്ഷ ശാംഭവീ ശിവേ
ജനങ്ങളെത്തികേണുടൻ ശ്രവിച്ചുവന്നുദേവിയും
മഹേശി എട്ടുദിക്കുപൊട്ടുമാറുമട്ടഹാസമായ്.4
 
ജ്വലിപ്പു കോടിസൂര്യ ശോഭയായ് വരാഭയം ഗദാ -
സുശംഖശൂലമുണ്ഡപാത്ര നാന്ദകാദിധാരിണീ
ഇടത്തു കാൽ വലംതുടേൽ അമർന്നഭാവമാസനേ
വിളങ്ങിദേവി കൊങ്ങനേ ഹനിപ്പതിന്നു ചിത്പുരേ.
 
പടക്കളത്തിലെത്തി ദേവി അട്ടഹാസമോടെയും,
എതിർത്തുനിന്ന കശ്മലർ ചിലർ പതിച്ചുഭൂവിലും,
ചുഴറ്റിടുന്ന ശൂലമേറ്റുബോധമറ്റുതാഴെയും
അരിഞ്ഞുതള്ളിയും കളംനിറച്ചു കാളി ചോരയാൽ.6
 
പടയ്ക്കുവന്നു കൊങ്ങനും ഇരുമ്പുലക്കയോടെയും
ഉലക്ക തട്ടിമാറ്റി ദേവി, വാളെടുത്തു കൊങ്ങനും,
പരസ്പരം തടുത്തടിച്ചു , പോത്തിലേറിവന്നവൻ,
മഹേശിദേവി കൊങ്ങനേയുമന്നുകൊന്നുനാന്ദകാൽ. 7
 
സുശോഭിതം മഹേശി സാംബപുത്രി ചിത്പുരത്തിലും
വിളങ്ങിടുന്നു കോടി കോടിസൂര്യശോഭയോടെയും
ഭവാനിദേവി ദാനവാരി അന്ധകാന്തകാത്മജേ,
സുരേശിദേവി ചിത്പുരേശ്വരീ ശിവേ നമോസ്തുതേ. 8
 
രണംകഴിഞ്ഞനാൾമുതൽ നടത്തിടുന്നുവാണ്ടിലും
രണോത്സവം തുടർന്നു, കൊങ്ങനേവധിച്ചയോർമ്മയിൽ
ശിവാനിശേതുടങ്ങിമേടമൊന്നുകൂടിയും മുദാ
സദാശുഭേ മഹേശപുത്രി ചിത്പുരേ നമോസ്തുതേ.9
 
മഹേശ്വരീ,പുരേശ്വരീ, സുരേശ്വരീ, ഭവേശ്വരീ
മഹാകുലേശ്വരീ ശിവേ ത്രിലോകനാഥ ഈശ്വരീ
മഹാശ്മശാനവാസിനീ മഹാകപാലധാരിണീ
മഹാരണോത്സവപ്രിയേ സദാശിവേ നമോസ്തുതേ.10
 
മുക്തകങ്ങള്‍
 
ശ്രീജ കാവനാട് 
 
മുറ്റത്തു നിന്നൊരു പാഠം
 
കാലം പാകിയ കൽപ്പൊടിയ്ക്കു മുകളിൽ
ചൂടുള്ള കട്ടയ്ക്കിട-
യ്ക്കാലംബം ചെറുതില്ലയെങ്കിലുമുയിർ
ത്തേൽക്കുന്ന തൈവല്ലരി
ശ്രീലം നന്മയുണർത്തിടും നറുമണം
മുറ്റത്തുയർത്തുന്ന പൂ-
ത്താലം നീട്ടി രവം വിനാപകരുമി
പ്പാഠത്തിനെൻ കൂപ്പുകൈ !
 
കുസൃതിക്കണ്ണനും അമ്മയും
 
വെണ്ണ,പാലി വകളുണ്ണുവാൻ വിരുതു
കാട്ടലും കളവു ചൊല്ലലും
മണ്ണശിച്ചു കളിയാടലും കടവി
ലാടകട്ടു വിളയാടലും
കണ്ണനുണ്ണി തുടരുമ്പൊളമ്മ യുര
ലിൽത്തളച്ചു മൊഴിയുന്നു, ''നി -
ന്നെണ്ണമറ്റ കുസൃതിയ്ക്കു ഞാനറുതി
ചെയ്കിലേ പൊറുതി കൈവരൂ ".
 
തളിരണിയുമോ?
 
ഇടിഞ്ഞെന്നോ മൂല്യം, മഹിമ തിരളും സംസ്കൃതി തകർ-
ന്നടിഞ്ഞെന്നോ, ധർമ്മം ചിതയിലെരിയുന്നോ ജഡസമം?
വെടിഞ്ഞെന്നോ മർത്യൻ സഹൃദയത, നാടിന്നിതുവിധം
മുടിഞ്ഞെന്നോ, വീണ്ടും തളിരണിയുമോ ധാർമ്മികതരു?
 
മിന്നാമിനുങ്ങ് പറഞ്ഞത്
 
ഇന്നാണു ജീവിതകഥയ്ക്കവസാനമെന്നു
വന്നാലുമെന്തു? ചെറുവെട്ടമതൊന്നുകാട്ടി
മന്നാളുമല്ലിനു കുറച്ചുടവേകിയെന്നാ
മിന്നാമിനുങ്ങു പറയുന്നിതു മിന്നി മിന്നി.
 
സായന്തനം
 
പാടേ പാടലമായി വാന, മിനനോ
ചായുന്നു മേക്കബ്ധിയിൽ
കൂടേറാൻ നിരയായ് പ്പതംഗനിവഹം
പാറുന്നിതാ ഭംഗിയിൽ
കാടേറ്റുന്നു കറുപ്പു, കാറ്റു മൃദുവായ്
പാടുന്നു ;തന്നുള്ളിലി -
ന്നാടേന്തുന്നു നിതാന്തശുദ്ധി, മധുരം
സായന്തനം സുന്ദരം!
 
പ്രഭാതം
 
പാടേ കറുത്ത നിശ മാഞ്ഞു; കുളിച്ചു വന്ന -
പാടേ വിളക്കു തെളിയിച്ചു കിഴക്കുഷ:ശ്രീ
പാടേണ്ട മട്ടു കുയിൽ പാടുക മൂലമാടൽ-
പ്പാടേതുമൊന്നിള മറന്നതിമോദമാർന്നൂ.
 
ശിക്ഷ
 
മധുവൂറിടുന്ന നറുകൊഞ്ചലിങ്ങു തുടരുന്ന പൈത, ലറിയാതെയ-
ബ്ബുധരോതിടുന്ന കഠിനാക്ഷരങ്ങളൊരു മാത്ര തെറ്റിയുരിയാടിയാൽ;
അധരം കടിച്ചു മിഴിയും തുറിച്ചു ഭയമേകയോ! മഹിതവിദ്യയാം
മധുരം നുണഞ്ഞു മരുവുമ്പൊളുള്ളിലെരിവേറ്റിടുന്നതഭികാമ്യമോ?
 
എങ്കിൽ
 
ഇനിയുണ്ടൊരു ജന്മമെങ്കി,ലെൻ
ജനി ഖദ്യോതകുലത്തിലാകുകിൽ
തുനിയാം തരി വെട്ടമേകിടാൻ
കനിവോടേതിരുളിങ്കൽ മിന്നിയും.
 
ഇരട്ടകൾ
 
മികച്ച മണമാഭയും മിനുമിനുപ്പുമച്ചന്തവും
തികഞ്ഞ പഴമു,ണ്ടകം പുഴു പുളച്ചുതത്തുന്നതായ്
അകൽച്ചയുളവാക്കിയൊട്ടഴകെഴാത്തതായൊപ്പമു-
ണ്ടകത്തു മധുരം നിറഞ്ഞതിഗുണൗഘമാർന്നുള്ളതും.
 
ശീലം
 
ദാനം, സത്യ, മഹിംസ, ധർമ്മ ,മലിവും
ചേരും സുശീലേ! ചിരാ -
ലൂനം വി,ട്ടവ പുത്ര ഹൃത്തിലു,മതേ
ചേലിൽപ്പുലർന്നീടുവാൻ
നൂനം ബോധമുറയ്ക്കുമത്തളിരിളം
നാൾ തൊട്ടു തൻ ശീലമൊ-
ന്നാനന്ദത്തൊടവങ്കൽ നീ പകരുകിൽ;
ത്താതൻ കൃതാർത്ഥൻ സുതേ!
 
ഇസ്രോ(ISRO)
 
അനിയന്‍ മാങ്ങോട്ട് രി
 
സാരാഭായ് നട്ട കമ്പിന്നൊരു പെരുമരമായ്
വാനവിജ്ഞാന കേന്ദ്രം
ധാരാളം ശാഖയായിക്കലികകൾ മലരാ
യുർവ്വിയെപ്പുൽകിടുമ്പോൾ
പേരാളും സ്ഥാപനത്തിൻ മഹിതഗുണമെഴും
ശാസ്ത്ര വിദ്വത്പ്രഭാവം
നേരായിക്കണ്ടു ലോകം നവമൊരു നിറവോടി
ന്ത്യയേറ്റം തിളങ്ങീ
 
ആരും കാണാൻ കൊതിക്കും ബഹുനിലയുയരം
വാഹനം കത്തിടുമ്പോൾ-
ത്തീർക്കും വർണ്ണപ്രപഞ്ചം കുതുകമുണരു
മിന്നാരിലും സാഭിമാനം
പാരം പൊങ്ങുമ്പൊളൂർജ്ജം പകരുമിനി ഗമി
ച്ചീടുവാനേറെ ദൂരം,
ചേരും പിന്നീടു വാനത്തൊ,രു പുതുനിലയം
ചുറ്റിടും വർണ്ണമോടെ
 
ഏറെക്കാര്യങ്ങൾ നന്നായ് മനുജനു ഗുണമായ്
ത്തീർന്നിടാനിന്നു ലോകം
കൂറേടും ബാഹ്യവാനപ്പൊലിമയിൽ നിതരാം
കൂട്ടു ചേരുന്നുവല്ലോ
ദൂരത്തായുള്ള കണ്ണാൽദ്ധരയെമുഴുവനായ്
ക്കണ്ടിടാം സൂക്ഷ്മമായി-
ട്ടേറും സുവ്യക്തമായിട്ടനവധി വിവരം
കോർത്തിടാം വിശ്വമാകേ
 
മംഗൾയാൻ,ചാന്ദ്രദൗത്യം പരിമിതധനസ
മ്പത്തിനാൽത്തീർത്തതില്ലേ
തിങ്കൾപ്പോൽ ശോഭയേറുന്നൊരു മഹിതവര
സ്ഥാപനശ്രീവിലാസം
മംഗല്യം കൈവരിക്കാ,നുലകിനു മുഴുവൻ
മാതൃകാ രാജ്യമാവാൻ-
സാംഗത്യം ചേർത്തു,ദേശത്തിനു മകുടസമം
ചേർന്നു ശോഭിച്ചിടുന്നൂ!
 
ദര്‍ശനം
 
ജിനദേവന്‍ വെളിയനാട്
 
ദേവീ നോക്കു നടയ്ക്കലായിരുകരംകൂപ്പിസ്തുതിച്ചീടുമാ-
ദാസന്‍തന്നുടെശുദ്ധമായവിനയം കാണുന്നതുണ്ടോ?ശുഭേ!
ദേവോപാസന യോഗമാര്‍ഗനിലയില്‍ചെയ്യുന്ന പുണ്ണ്യാത്മനാം
ദിവ്യാദ്ദിവ്യനുവേണ്ടിനാം തിരുനടക്കൂട്ടംതുറന്നീടുകാ.
 
ഓര്‍ക്കുന്നോ സചിവന്‍കുചേലനൊരുനാള്‍വന്നെത്തിവൈവശ്യമാ-
യുത്സംഗത്തിലൊളിച്ചതാമവിലുമായ് പണ്ടത്തെയാദ്വാരകേ
ഓതിന്മാതവിടുന്നുനല്‍കിവരവും,സമ്പത്തുമൈശ്വര്യ,മി -
ന്നോര്‍ക്കുമ്പോള്‍പ്രിയനി,ന്നെനിക്കിവനുമാ,കണ്ഠം മമപ്പൊന്‍കുഴല്‍..
 
അന്നാദ്വാരകമുങ്ങവേ തിരയിനാല്‍താരാട്ടുപാടിസ്തുതി-
ച്ചെന്നോമല്‍ മുരളീധരപ്രതിമയെപ്പാലിച്ചുപോ,ലപ്പതീ..
ഇന്നാവായുപുരേശനാ,യമരുമാ ഗോപാലബിംബത്തില്‍നി-
ന്നന്നേയൂര്‍ന്നുകൊഴിഞ്ഞവേണുതിരികേ വന്നെത്തിടുന്നോമലേ..
 
നാദം പൂര്‍ണ്ണസുധാരസസ്സരണിയില്‍ കണ്ഠത്തിലാലോലമായ്
നേദിച്ചാത്മസുഖംവരിച്ച ഭുവനഗ്ഗന്ധര്‍വ്വസംഗീതമേ.
രോദിക്കേണ്ട,കൃപാലയത്തിനകമേ നിന്‍ശബ്ദഗാനാമൃതം
വേദിക്കിപ്പുറമേശ്രവിച്ചലിയുമീഞാനും മമക്കാന്തയും.
 
കണ്ണുംപൂട്ടിയിരുന്നുകൊള്ളുസവിധേ ചിത്തത്തിലോങ്കാരമാ-
യെണ്ണും മൂവരുമൊത്തുചേര്‍ന്നവിരതം സായൂജ്യമേകുംമുദാ
വിണ്ണും മണ്ണുമനുഗ്രഹിച്ചു നെടുനാളീലോകസംഗീതമാം
സ്വര്‍ണ്ണാലംകൃതപീഠമേയമരുനീ ശ്രീപത്മനാഭന്‍തുണ!
 
മുക്തകങ്ങള്‍
 
സന്തോഷ് വര്‍മ്മ‌
 
അനന്തമാം ചിന്തകളെന്റെ ചിത്തേ
സാനന്ദമെത്തുന്നതു കൊണ്ടു മേന്മേൽ
എനിക്കു മൂകാംബികയെബ്ഭജിക്കാൻ
ഞാനിന്നു സൗപർണ്ണിക താണ്ടിയെത്താം
 
രവീശ്വരൻ തോയനിധിക്കകത്തിലായ്
നവീനമാം ശോഭയൊടെത്തി ചന്ദ്രികാ
കവിത്വമില്ലെങ്കിലുമിന്നു നാല്വരി-
ക്കിവന്നു നീ ശങ്കര! നല്ക സമ്മതം
 
ചതുർമുഖദേവൻ പ്രണയിനിയാക്കും ജനനീ! നിൻ
ചതുരതയെല്ലാം നിറയുമൊരാനന്മുഖപത്മം
ഹതവിധിയാലേ വലയുമൊരെന്നിൽ കൃപയോടേ
പതിയണമിപ്പോളതിനു വരം ഭാരതി! നല്കൂ
 
സ്തോത്രം
 
അനിരുദ്ധ വര്‍മ്മ‌
 
വില്ലും താഴ്ത്തിയൊരമ്പുമേന്തിയുലകം വെല്ലുന്ന തൃക്കണ്ണുമാ-
യുള്ളത്തില്‍ത്തിര തല്ലിടും കരുണയും നല്‍കുന്ന വേട്ടേക്കരാ
മല്ലീസായകവൈരി തന്‍ തനയനാം ദേവാ തൊഴുന്നേന്‍ മുദാ
ചൊല്ലാം കന്മനനാഥനാം ശിവസുതാ നാമങ്ങളും സ്തോത്രവും
 
ശൈവാംശത്തിലുദിച്ചുയര്‍ന്നു ഭുവനം കാക്കുന്നൊരെന്‍ ദൈവമേ
ദേവാ കന്മനവാസിയാം ശബര, നിന്‍ പാദങ്ങളില്‍ വന്ദനം
ജീവാത്മാവിനു മുക്തി നല്‍കുവതിനാ യെന്നില്‍ ക്കനിഞ്ഞീടണേ
ദിവ്യാനന്ദവരപ്രസാദമരുളൂ, കൈലാസനാഥാത്മജാ
 
കാണാനെന്തൊരു ചന്തമാണു മിഴികള്‍, പീലിച്ചുരുള്‍ കേശവും
ചേണാര്‍ന്നോരു കിരീടവും, ചുരികയും, മിന്നും ശരം, ചാപവും
കാണാം, കന്മനമെന്ന ദേശമഖിലം കാക്കുന്ന വേട്ടേക്കരാ
കാണപ്പെട്ടൊരു ദൈവമേ, ശിവസുതാ, യെന്നില്‍ ക്കനിഞ്ഞീടണേ
 
കരുതിവച്ച സൗഹൃദം
 
എം.ആർ.മാടപ്പള്ളി
 
അന്നു നമ്മളൊരുമിച്ചിരുന്നൊരാ-
പങ്കുവച്ച ചെറുതായ സൗഹൃദം;
ഇന്നുമെൻ കരളിലോർത്തിടുന്നു ഞാൻ-
മഞ്ഞുതുള്ളിയുടെ നിർമ്മലാഭ പോൽ.
 
മങ്ങുകില്ല മറയുന്നതല്ല നാ- 
ന്നു ചൊല്ലിയകലുന്ന വേളയിൽ:
നെഞ്ചു പിഞ്ഞിയടരുന്ന കണ്ണുനീർ-
ത്തുള്ളിയാൽ മിഴിയടഞ്ഞതോർപ്പുഞാൻ.
 
എത്ര വർഷമിഹ പെയ്തൊഴിഞ്ഞു പോയ്-
അത്രതന്നെ പുതുവർഷ ഘോഷവും;
ഇത്രനാളുമിതൾവാടിടാതെ ഞാൻ-
മിത്രമേ..! കരുതിവച്ചു സൗഹൃദം.
 
പ്ര‌ഭാതം
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
 
ആദിത്യനാകാശവീഥിയിലാകെയും
ദീപ്താങ്കുരങ്ങള്‍ പരത്തിടുമ്പോള്‍
 
ആ ദ്യുതി സ്പര്‍ശമേറ്റുന്മാദിയായിടു
ന്നുര്‍വ്വിയൊ കോരിത്തരിച്ചിടുമ്പോള്‍
 
മഞ്ജുളകുങ്കുമചക്രവാളങ്ങളില്‍
പൊൻ കതിർ തൂകിച്ചിരിച്ചിടുമ്പോൾ
 
മാനത്തു നിന്നിന്ദുമന്ദസ്മിതത്തൊടെ
മാഞ്ഞു മറഞ്ഞിദം പോയിടുമ്പോൾ
 
നമ്രമായ് നിന്നിടുന്നിന്ദീവരങ്ങളോ
പുഞ്ചിരിച്ചുണ്ടില്‍ ചൊരിഞ്ഞിടുമ്പോള്‍
 
പര്‍ണ്ണാഗ്ര‌മേകേളിയാടിടും കുഞ്ഞിളം
മുഗ്ദ്ധനീഹാരം തിളങ്ങിടുമ്പോള്‍
 
ചെമ്പകപ്പൂവിന്‍ സുഗന്ധം പരത്തിയാ
മന്ദാനിലന്‍ മന്ത്രമോതിടുമ്പോള്‍
 
ഉദ്യാനമാകെയും പാട്ടുമൂളീകൊണ്ടു
പാറിടുന്നളികളൊന്നെത്തിടുമ്പോള്‍
 
തേന്മാവിനായിളം ചില്ലമേലായി ഹാ
കോകിലം സ്വരനാദമേകിടുമ്പോള്‍
 
സുപ്രഭാതപ്രഭാകന്ദളത്തുള്ളികള്‍
വർണ്ണമായ് ചാരത്തു പെയ്തിടുമ്പോള്‍
 
നിദ്രതന്നാലസ്യലാസ്യങ്ങളൊക്കെയും
ഒന്നായുപേക്ഷിച്ചുണർന്നിടുമ്പോൾ
 
പുത്തന്‍ പ്രതീഷതന്‍ നാമ്പുമായെത്തിയെന്‍
മുന്നില്‍ വിളങ്ങും പുലര്‍ക്കാലമേ
 
വന്ദിച്ചു കൊള്ളട്ടെ  കൂപ്പുകയ്യാലിവന്‍
വന്ദനം വന്ദനം വന്ദനം തേ
 
ശീലം സുഖം
 
ഗീത വാസുദേവന്‍
 
അല്പം പൊങ്ങി ജലത്തിലുള്ളൊരു ശിലാ
ഖണ്ഡങ്ങളെത്തല്പമായ്-
ക്കല്പിച്ചും സുഖനിദ്രപൂണ്ടൊരുവനെ
ക്കൊട്ടാരതല്പത്തിലായ്
അല്പംനാളുകളേറ്റിനാനൊരു നൃപന്‍
ഹൃത്തില്‍ദ്ദയാവായ്പ്പിനാല്‍,
പില്പാടൊന്നു നനഞ്ഞ ചാറ്റല്‍ മഴയില്‍
ത്താന്‍, രോഗശയ്യാതുരന്‍
 
ആശ‌
 
ഋഷി കപ്ലിങ്ങാട്
 
സായംസന്ധ്യയിലെന്റെ കൂടെ വെയിലേറ്റീടാനണഞ്ഞീടുമോ
മായും സൂര്യനെ നോക്കിയാ നിളമണൽത്തട്ടിൽസ്സഖീ നിൽക്കുമോ
വീയും മാരുതനൊത്തുചേർന്നു മധുരം ഗാനങ്ങളോതീടുമോ
നീയെൻ ചാരെയിരിക്കുമോ സുഖമൊടെജ്ജീവാവസാനം വരെ
 
ഗണനായകാ
 
രമേശൻ തമ്പുരാൻ
 
വരണമേ ഹൃദി വാരണവക്ത്ര, മേ
തരണമേ തുണ മേൽഗ്ഗതി കിട്ടിടാൻ
ചരണമേ തവ നിത്യമൊരാശ്രയം
ശരണമേകണമേ ഗണനായകാ.
 
 
മായാസ്തുതി
 
രാജേഷ് വര്‍മ്മ‌
 
ഈടേറും മേടതോറും ചുടല, ചുടലയിൽ‌
പ്പോലുമോലും വെളിച്ചം,
വാടാവെട്ടത്തിനുള്ളിൽക്കരി, കരിവിറകിൽ 
കായ്ച്ചുനിൽക്കുന്ന വൃക്ഷം,
കീടത്തിൽ മെയ്യിലും നിൻ തിരുവുട, ലിരുളിൽ 
പാതയും കാട്ടിടും നിൻ
കേടറ്റുള്ളോരു നേത്രാഞ്ജനമകമിഴിയിൽ‌ 
പൂശണേ ദേവി, മായേ
 
സംഭവാമി യുഗേ യുഗേ
 
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
 
 
മുഖവുര‌
 
മലയാളഭാഷയുടെ മാനമായ് പുരാ
വിലസി പ്രസിദ്ധി കലരും കവീശ്വരര്‍
പല,രിന്നു കാണ്മവരുമായവര്‍ക്കു ഞാന്‍
ചില സാമ്യമുള്ളതരുളുന്നു സാദരം
***
 
1.എന്‍. കെ. ദേശം
 
കവിതയൊഴുകുമോരോ വാക്കിലും കേള്‍ക്കുവോര‌-
ങ്ങവികലരസമുള്ളില്‍ തോഷപൂര്‍വ്വം ഗ്രഹിയ്ക്കും
സുവിദിതനിഹ ദേശം തോറു,മീ ദേശമത്രേ
ഭുവി സുകൃതി കവീന്ദ്രന്‍ വെണ്മണി ക്ഷ്മാസുരേന്ദ്രന്‍
 
2 അഷ്ടമിച്ചിറ പി ചന്ദ്രശേഖരവാരിയര്‍
 
എണ്ണിയാലുമൊടുങ്ങിടാത്തൊരു വൈഭവത്തൊടു ഭാഷ തന്‍
കണ്ണിലുണ്ണി കവിപ്രമാണി മഹായശസ്വി ബുധാഗ്രിമന്‍
നണ്ണിടുന്നിതു തമ്പുരാനയി കോടിലിംഗനിവാസി കൊ
ച്ചുണ്ണി തന്നെയൊരഷ്ടമിച്ചിറ‌ ച‌ന്ദ്രശേഖരവാരിയര്‍
 
3.എസ്.രമേശന്‍ നായര്‍
 
രമേശന്‍ നായരാം ഭാഷാ
ക്ഷമേശന്‍ കാവ്യവല്ലഭന്‍
സുമാറായ് കുഞ്ഞുകുട്ടാഖ്യ‌
ക്ഷമാപാലനൊടൊത്തിടും
 
4 കടലായില്‍ പരമേശ്വരന്‍
 
മാനം ചേരും കവി, കവിതയില്‍ പ്രാസഭ‍ംഗിയ്ക്കു തെല്ലും
സ്ഥാനം കല്പിച്ചിടുവതിനു തയ്യാറുമല്ലെന്നുമല്ല‌
നൂനം വയ്യാകരണനിലയില്‍ സര്‍വ്വസമ്മാനിതന്‍ താ-
നൂനം കൂടാതറിക കടലായില്‍ ദ്വിജന്‍ രാജരാജന്‍
 
5 ഉണ്ണിക്കൃഷ്ണന്‍ ചെറുതുരുത്തി
 
മണ്ണിന്‍ ഗന്ധം മരുവുമളവും ഭാവന‌യ്ക്കുള്ള മാനം
വിണ്ണിന്‍ തട്ടും ക‌വിയുമതുലം കാവ്യസാമ്രാജ്യമോര്‍ത്താല്‍
എണ്ണിക്കൊണ്ടാല്‍ ഗുണഗുണവശാല്‍ വീ സി യല്ലാതൊരാളാ-
രുണ്ണിക്കൃഷ്ണന്‍ കവി ചെറുതുരുത്തിയ്ക്കഹോ സാമ്യമോതാന്‍
 
6 കെ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍
 
കേകേ ഗോവിന്ദനദ്ധ്യാപക കവിനിപുണൻ
പ്രാസനിഷ്ഠാവിഹീനൻ
തീർക്കുന്നൂ ഭക്തിതത്വപ്രസരദമലസൽ-
ക്കാവ്യഷണ്ഡം പ്രചണ്ഡം
ഈ കേളിപ്പെട്ട പൗരാണികകവികളില-
ദ്ദേഹമായൊത്തുപോകാൻ
ശ്രീ കേ സീ കേ പിയെന്നായ‌റിയുമൊരു മഹാൻ
കേശവപ്പിള്ളയത്രേ
 
7 വൈരശ്ശേരി കെ.എം.നമ്പൂതിരി
 
സ്വൈരം ചിന്നിച്ചിതറുമൊരു നൽ ശ്ലോകമാം മുത്തു താനോ
വൈരക്കല്ലോ കവനകലയായ്‌ കാണ്മതെന്നോർത്തു പോകും
വൈരം വിട്ടോരതുലരചനാസർഗ്ഗചൈതന്യമേറും
വൈരശ്ശേരിക്കവനനിപുണൻ പന്തളം ക്ഷ്മാവരന്‍ താന്‍
 
8. വി എം ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍ പയ്യന്നൂര്‍
 
വികലനില വെടിഞ്ഞാ പയ്യനൂരെന്ന നാട്ടില്‍
തികവൊടരുളുമുണ്ണിക്കൃഷ്ണനാം പുഷ്പകന്‍ താന്‍
മികവുടയ കവിത്വം കൊണ്ടു പാരാകെ മുറ്റും
പുകള്‍ പെരിയ കവീന്ദ്രന്‍ കുട്ടമത്തെന്നുരയ്ക്കാം
 
9. കൈതയ്ക്കല്‍ ജാതവേദന്‍
 
ഇല്ലാ പ്രാസം വെടിഞ്ഞുള്ളൊരു കളി കളിയായ്
പോലുമെന്നല്ല ചൊല്ലാം
ചൊല്ലാളും സംസ്ക്കൃതത്തിന്‍ വഴികളില്‍ നട കൊ
ള്ളുന്നതാണിഷ്ടനിഷ്ടം
ഉല്ലാസം പണ്ഡിതന്മാര്‍ക്കരുളിന കവിതാ
രീതി; ശങ്കയ്ക്കിടം ചെ
റ്റില്ലാ, കൈതയ്ക്കലോതാം കവിനടുവില്‍ വ.കോ.
തമ്പുരാന്‍ തന്നെ നൂനം
 
10 കാരണത്തു മോഹനന്‍
 
എന്തോതുമ്പൊഴുമുണ്ടു നര്‍മ്മ,മതിനാ
ലുണ്ടാവുകില്ലാ മനഃ-
സന്താപം പര,നെന്നുമല്ല കവിതാ
സാരസ്യസാരജ്ഞനാ‍ം
എന്തും കാവ്യരസത്തിലാക്കുമൊരുവന്‍
ശ്രീ മോഹനന്‍ കാരണ‌-
ത്തെന്തോതാന്‍, ശരിയാവുകില്ലൊരുവരും 
ചേലപ്പറമ്പെന്നിയേ

 (തുടരും)

♥♥♥ 

കവിസദസ്സ്

 

കവികളുടെ അക്ഷരശ്ലോകസദസ്സാണ്, ഇത്. അപ്രകാശിതങ്ങളായ സ്വരചിതശ്ലോകങ്ങള്‍ മാത്രം അനുവദനീയമായ ഇങ്ങനെ ഒരു സദസ്സു സൈറ്റില്‍ നടക്കുന്നു. കഴിഞ്ഞ ലക്കങ്ങളില്‍ സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീഡിതം ,മന്ദാക്രാന്ത, മാലിനി, വസന്തതിലകം , രഥോദ്ധത, ദ്രുതവിളംബിതം, പുഷ്പിതാഗ്ര, മഞ്ജുഭാഷിണി, വസന്തമാലിക, വിയോഗിനി, ഭുജംഗപ്രയാതം, ശാലിനി, വംശസ്ഥം, ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര/ഉപജാതി, സമ്മത, അപരവക്ത്രം, പ്രഹര്‍ഷിണി, സ്രഗ്വിണി, സ്വാഗത, തോടകം, പഞ്ചചാമരം, ശിഖരിണി, പൃത്ഥ്വി,ശങ്കരചരിതം, ഹരിണി, മല്ലിക, കുസുമമഞ്ജരി, മത്തേഭം,ശംഭുനടനം എന്നീ വൃത്തങ്ങള്‍ അഞ്ചു റൌണ്ടു വീതം പൂര്‍ത്തിയായി.

അടുത്ത അഞ്ചു റൌണ്ടു ' ശ‍ംഭുനടനം ' വൃത്തം സ്വീകരിക്കാമെന്നു നിര്‍ദ്ദേശിക്കുന്നു.

സ്രഗ്ദ്ധര‌ വൃത്തം രണ്ടാമതും ആരംഭിക്കുന്നു.. സൈറ്റില്‍ സദസ്സു ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 


പങ്കെടുക്കുന്ന കവികള്‍  1.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ ,2.കൈതയ്ക്കല്‍ ജാതവേദന്‍, 3.രാമന്‍ നമ്പീശന്‍ കേശവത്ത്, 4.ശ്രീലകം വേണുഗോപാല്‍,5.വാരിയത്ത് കുട്ടി,6.അനിരുദ്ധ വര്‍മ്മ,  7.ജോയ് വാഴയില്‍, 8.ശ്രീജ പ്രശാന്ത്, 9.മധുരാജ് പി സി, 10.നാമംഗലം മാധവന്‍, 11.ആത്രശ്ശേരിശ്രീദാസന്‍, 12.ജയകൃഷ്ണന്‍, 13.ഹരിദാസ് മംഗലപ്പള്ളി, 14.ദാമോദരപ്പണിക്കര്‍ , 15.സുബ്രഹ്മണ്യന്‍ കുറ്റിക്കോള്‍, 16.രാജേഷ് വര്‍മ്മ, 17.പി എന്‍ വിജയന്‍, 18.ഗീത വാസുദേവന്‍, 19.തൃക്കഴിപ്പുറം രാമന്‍, 20.സന്തോഷ് വര്‍മ്മ, 21അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍ 

 

2094
മുല്ലപ്പൂ മാല ചൂടിപ്പതിനു നര വരു‍
ന്നില്ല, തേഞ്ഞില്ല തെല്ലും
പല്ലൊന്നും ഹാ കൊഴിഞ്ഞി,ല്ലൊരു ചുളിവുടലില്‍
കാണ്മതിന്നില്ലൊരാള്‍ക്കും
എല്ലാം മാറ്റാന്‍ മറയ്ക്കാന്‍ സുലഭമിവിടെയു
ണ്ടൌഷധം; പാര്‍ത്തുകൊണ്ടാല്‍
സ്വര്‍ല്ലോകം തന്നെയായീ ധര, നരനിഹ സം-
പ്രാപ്തമായ് നിര്‍ജ്ജരത്വം!
 
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 
 
2095
എന്നും വർണ്ണപ്പകിട്ടൊത്തരിയപദമിയ,
ന്നർത്ഥമാർന്നുജ്ജ്വലാഭം'
മിന്നും സദ്ഭൂഷയേന്തിത്രിവലി തഴുകിയ
ദ്ധന്യയാം തന്വിയെപ്പോൽ
വന്നുദ്യഭ്ഭാവമോട, ങ്ങനുഭവരസികർ
ക്കുള്ളിലാനന്ദപുരം
ചിന്നുംസദ്വൃത്തയാംനീയൊരുകുലവധുതാൻ
സ്രഗ്ദ്ധരേ;മുഗ്ദ്ധരൂപേ !
 
കൈതയ്ക്കല്‍ ജാതവേദന്‍
 
2096
വിണ്ണില്‍ത്താനുജ്ജ്വലിക്കുന്നിനകിരണസഹ
സ്രോര്‍ജ്ജമെല്ലാം ഹരിക്കും
പെണ്ണാളൊന്നിന്‍ കടാക്ഷക്കെണികളിലൊരമാ
ത്യന്‍ പുരാ വീണുപോയാന്‍
മണ്ണെല്ലാം കയ്ക്കലാക്കാന്‍ കൊതിയൊടുമരുവു
ന്നന്യനാം മന്ത്രിയമ്പോ
കണ്ണില്‍ക്കാണായ കായല്‍ക്കരികുമുഴുവനും
രമ്യഹര്‍മ്യം രചിപ്പൂ
 
രാമന്‍ നമ്പീശന്‍ കേശവത്ത്
 
2097
മന്ത്രിക്കോ നാണമില്ലാ, കപടതപെരുകീ കായല്‍ വെട്ടിപ്പിടിക്കും
തന്ത്രങ്ങള്‍ കാട്ടി,യെല്ലാമതുപടിയിവിടേ നാട്ടിലെല്ലാം പ്രസിദ്ധം
വേന്ദ്രന്‍ പിന്നീടു പോകുന്നിതിനൊരു പരിഹാരത്തിനായ് ദില്ലി നോക്കീ-
ട്ടെന്തെല്ലാം കാണണം ഹാ! തൊലിയതുമധികം കട്ടിയാണെന്തു കഷ്ടം.!
 
ശ്രീലകം വേണുഗോപാല്‍
 
2098
വാർതിങ്കള് ക്കീറിനൊപ്പം ജടയിലെവിടെയോ മൂടിവെച്ചുള്ള ഗംഗാ
ചാരേ തന്നേ വസിക്കും ഹിമഗിരി മകളാം പാർവ്വതീ മുഖ്യപത്നീ!
ധാരാളം കേട്ടുകാണും ശിവനുടെ പരിതാപാർദ്രമാം ദേവി കോപം
രണ്ടായിട്ടിത്ര കഷ്ടം ഹരനു സമരസത്തോടു ജീവിക്ക, പാവം!
 
വാരിയത്ത് കുട്ടി
 
2099
ധിക്കാരത്തോടെയേവം കുടിലതനിറയും ഭാവവും സ്വന്തമായു-
ണ്ടാക്കാവുന്നത്ര കാശും പണവുമനുദിനം കൂടുമെന്നുള്ള ഹുങ്കും
തല്‍ക്കാലത്തേക്കുമാത്രം പുതിയൊരു വഴിയായ് മന്ത്രിയായും കഴിഞ്ഞാല്‍
സര്‍ക്കാറിന്‍ കാവലാളായ് ചെറിയഗമയുമായ്‌ ചാണ്ടിയും മാന്യനായീ
 
അനിരുദ്ധ വര്‍മ്മ
 
2100
തുമ്പിക്കൈയൊട്ടുയർത്തിസ്സുരഭി കമലമൊ-
ന്നർച്ചനാസ്തോത്രമാക്കീ
വെമ്പിച്ചിന്നം വിളിപ്പൂ, ദുരിതവിവശനാ-
യിഗ്ഗജേന്ദ്രൻ മുരാരേ!
പിൻപിൽ ഗ്രാഹഗ്രഹം, ഞാനടിപതറിയിതാ
താണിടു,ന്നങ്ങു മോക്ഷം
അൻപിപ്പോഴാർന്നു നൽകീടുക, ഝടിതി ശമി-
ക്കട്ടെ സംസാരദുഖം.
 
ജോയ് വാഴയില്‍
 
2101
പൂവും പുല്ലും മയങ്ങും, പുലരി പതിവിലും വൈകിയെത്തും , കളിക്കാ-
രാവും മട്ടിൽ പുതപ്പിന്നടിയിലമരുമീ ശൈത്യാതപങ്ങൾക്കു മേൽ ,
നോവും പാട്ടിൽപ്പകർന്നിട്ടൊരുപിടി മധുരക്കൂട്ടുകൾ ചേർത്തിണക്കി -
ക്കൂവും പാടും പറക്കും പറവകള,വരേ കണ്ടുണർന്നാട്ടെ ലോകം !
 
ശ്രീജ പ്രശാന്ത്
 
2102
നിന്ദിക്കൂ പൈതൃകത്തെ,പ്പരിചൊടൊരു പുരോ-
ഗാമിതൻ വേഷമാളാൻ
സന്ധിക്കൂ ശത്രുരാജ്യസ്തുതിയെഴുതിയതിൻ
ബന്ധുവായ്വാഴുവോരെ
ഹിന്ദുക്കൾ ക്കെന്തുവന്ദ്യംധരയി,ലതു നശി-
പ്പിക്കുവാൻ പേനയുന്തൂ
സന്ദേഹം വേണ്ട, നൽകും ബഹുമതി പലതും
കേരളത്തിന്റെ സർക്കാർ!
 
മധുരാജ് പി സി
 
2103
ഹാരത്താൽ മോതിരത്താൽ കനകരുചിരമാം
താലിയാൽ ചെയ്വു യുഗ്മ-
പ്രാരംഭം ഭക്തർ കോവിൽത്തിരുനടയരുളും
ശാന്തിതൻ കാന്തിയാലും
നേരോതാം പൊന്നിൽ മൂടുന്നവരുടെ ഹൃദയം
ധന്യമായ് ഗർവഹീനം
ചേരുമ്പോൾ മന്നിനെ ന്നും മധുരിമയരുളും
ചേർച്ചയാം തീർച്ച തന്നെ
 
നാമംഗലം മാധവന്‍
 
2104
നാകത്തിൻ ഗന്ധമൂറുന്നവനിയിലനിലൻ
നൃത്തമാടുന്നു മന്ദം
രാകാപീയൂഷധാരാഗമനമൊടുണരും
ഹർഷപുഷ്പങ്ങളെങ്ങും
വാകപ്പൂ ഗന്ധമോലും ഹരിയുടെ വദനാ
ലോകഭാഗ്യം ധരിയ്ക്കും
ലോകം സദ്ഭക്തവൃന്ദം പരിചൊടു വിലസും
ഭാരതം ഖ്യാതദേശം!
 
ആത്രശ്ശേരിശ്രീദാസന്‍
 
2105
വീതാശങ്കം കുതിച്ചെൻ നികടമണയുമ
പ്പൈതലായ് വേഷമാർന്നി-
ട്ടേതാനും വാക്കുരച്ചങ്ങകലെയൊരിരുളിൽ
പ്പോയ്ത്തപം ചെയ്ത പെണ്ണേ,
പ്രേതാവേശം കണക്കെപ്പുനരമിത കലാ
പത്തിൽ നീ വെന്തുവെന്നാ-
ലോതാ,മെന്നുള്ളിലൊന്നേപദവി, ചപലത
യ്ക്കില്ലതിൽത്തെല്ലുപത്ഥ്യം
 
ജയകൃഷ്ണന്‍ 
 
2106
പോരുന്നോ, ചക്രവാളപ്പലകയിലഴകായ് തീർത്തിടും ചിത്രമെല്ലാ-
മോരോന്നായൊന്നു കാണാം, സ്മൃതിയുടെ നടയിൽച്ചേർത്തുചില്ലിട്ടുവയ്ക്കാം
ചാരത്തങ്ങെത്തി മൊത്തം കടലല കഴുകാൻ കയ്യുയർത്തുന്നമൂലം
നീരിൽച്ചേരുന്നു വർണ്ണം, മുഴുവനുമിളകും മുൻപു നാം ചെന്നിടേണം!!!
 
ഹരിദാസ് മംഗലപ്പള്ളി
 
2107
ചോദ്യം ചെയ്യപ്പെടുന്നോൻഭരണ നിരയിലെ
ക്കേമനാണെങ്കി ലപ്പോ -
ളാദ്യം പോലീസുഭാഷ്യം, പിറകെ യൊരു നിഷേ-
ധക്കുറിപ്പെന്നു ചട്ടം;
മദ്യം, കൈക്കോഴ മറ്റുള്ളടവുകൾ
പലതും
കാര്യമില്ലാതെ വന്നാ-
ലാദ്യം പ്രഖ്യാപനം, നാക്കരിയു മൊരുവനി-
ന്നേകിടാം കോടി രൂപ.
 
ദാമോദരപ്പണിക്കര്‍ 
 
2108
മാലേയം മാറിലേന്തും മദനനുമതിനാൽ മാരദാഹം പെരുത്തു
മാൻകണ്ണിക്കന്നുരാവിൽ വിരഹിതരതമാണെന്നു കള്ളം നടിച്ചൂ
മാരമ്പൻ വില്ലിലപ്പോൾ മധുരമണമെഴും ചൂതപുഷ്പം തൊടുത്തൂ
മാരപ്പോരൊത്തുവന്നാ രതിരസരതിയാലന്നു രാവും തുടുത്തൂ
 
സുബ്രഹ്മണ്യന്‍ കുറ്റിക്കോള്‍
 
2109
മാർക്കറ്റിങ്ങും മതംമാറ്റവും ഒടിമറവും മാരശാസ്ത്രം, മിസൈലും
മന്ത്രത്താൽ പാഞ്ഞുപോകും ട്രെയിനും അവിയലും ടീവിയും സ്മാർട്ട്മൊബൈലും
മറ്റാരും കണ്ടിടും മുമ്പിവിടെ മുനികളാണാദ്യമായ് വാർത്തെടുത്തു
മന്നിൽവെച്ചെറെമെച്ചം മമ ജനത, മതം, ഭാഷ. അമ്പമ്പ ഞാനേ!
 
രാജേഷ് വര്‍മ്മ‌
 
2110
മാലോകർക്കെന്തുപറ്റുംമടിയിലുമരികെ
ബ്ബേങ്കിലുംപൈസയുണ്ടാ-
മാലോചിക്കുന്നപോലാംപണികൾമുഴുവനും
കൈവിരൽത്തുമ്പുപോരും
കാലംനേരംഗണിക്കാംകരകടലലയാം
വാനവുംകീഴടക്കാം;
കാലൻവന്നെത്തിടുമ്പോൾക്കഴിവുകൾ മുഴുവൻ
രക്ഷയില്ലാതെയാവും
 
പി എന്‍ വിജയന്‍
 
2111
കായാമ്പൂമേനി,കാണാനുഴറി മരുവിടും
ഗോപനാരീജനത്തെ-
ക്കായാമ്പൂവര്‍ണ്ണ നേറെക്കളിയൊടടവിയില്‍,
ച്ചെറ്റു ചുറ്റിച്ചനേരം
മായാഗോപാലനോടായ് പരിഭവമൊടു കേ
ണാര്‍ത്തു കെഞ്ചീടവേ, തന്‍
മായം വിട്ടെത്തിയോരാ മൃദുഹസിത ചിദാ
നന്ദ രൂപം തൊഴുന്നേന്‍
 
ഗീത വാസുദേവന്‍
 
2112
മുറ്റും ശൈത്യം വിതയ്ക്കും ധനുവിലബലമാർ
കൂട്ടുകാരോടുമൊന്നി-
ച്ചാറ്റിൽച്ചാടിത്തുടിച്ച ബ്ഭഗവതിയെ വലം
വെച്ചു വന്നോരു ശേഷം
മുറ്റത്തൂഞ്ഞാലിലാടിത്തരമൊടുമൊരുനൂ
റ്റെട്ടു താംബൂലവുംതി-
ന്നേറ്റം മോദത്തൊടാർദ്രാവ്രത വിധിവഴിപോൽ
ചെയ്തു സന്മംഗളാർത്ഥം
 
തൃക്കഴിപ്പുറം രാമന്‍
 
2113
മൗനം വാചാലമാക്കി പ്രണയമധുരമാം
കാവ്യമയ്യാ! രചിക്കും
മീനൊക്കും നേത്രയുഗ്മം വിധുമുഖിയിവനിൽ
തെല്ലു ചേർക്കുന്ന നേരം
ഞാനെൻ സങ്കൽപ്പമാകും വിഹഗഗളമതിൽ-
ക്കേറിയാകാശ മാർഗേ
താനേ പൊങ്ങിപ്പറക്കാൻ തുനിയുമതു തടു-
ക്കാനെനിക്കാവതല്ലേ
 
സന്തോഷ് വര്‍മ്മ‌
 
2114
ഞെക്കിപ്പൊട്ടിച്ചെടുത്തൂ ഹൃദയവനിയിലെ
സ്വപ്നമാംമൊട്ടതേവം
പൂക്കാനായ്‌ വെമ്പിനിൽക്കേ വിധിയുടെ കരമി
ന്നെന്തിനോ ക്രൂരമായീ
ഇക്കാലത്തോളമാഹാ കരുണയുടെ നറും
കൈവിരൽത്തുമ്പു മെല്ലെൻ
നേർക്കായ്‌ നീട്ടിത്തലോടും പ്രിയമെഴുമരിയ
സ്പർശ്ശനം നീ മറന്നോ
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍

 സമസ്യ 


(സൈറ്റില്‍ കൊടുക്കുന്ന സമസ്യകളും പൂരണങ്ങളും )

 

സമസ്യ നമ്പർ 278
 
പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ
 
സമസ്യാകാരൻ: ദീപ കരുവാട്
വൃത്തം: മാലിനി
 
1
തിരയിളകുകയായീ ചണ്ഡവാതത്തിനാലേ
കരയിരുളുകയായീ ഘോരസംസാരമാകേ
ഇരുകരവുമുയര്‍ത്താം പാടിയാടാം മുരാരേ!
പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ.
 
കുട്ടന്‍ ഗോപുരത്തിങ്കല്‍
 
2
ഉരുകിയ മനമല്ലോ കേള്‍പ്പതാകീര്‍ത്തനത്തില്‍
കരുണയൊടതു കേള്‍ക്കാന്‍ നാരദര്‍ ചെന്നുവത്രേ
ഒരുദിനമതുപോലെ പ്പാടുവാന്‍ വാണി!യെന്‍ ഹൃതം-പുരു 
സുകൃതമെഴും നിന്‍ ദർശനം നല്കിടേണേ
 
വിനോദ് വര്‍മ്മ
 
3
ഗുരുപവനപുരത്തില്‍ വന്നിടാം ഞാനൊരിക്കല്‍
തിരുമുഖമൊരുനേരം കാണുവാന്‍ ഗോപബാലാ
ഒരുചെറുതുളസിപ്പൂ നിന്‍റെമുമ്പാകെ വെക്കാം
"പുരുസുകൃതമെഴും നിന്‍ ദര്‍ശനം നല്‍കിടേണേ"
 
അനിരുദ്ധ വര്‍മ്മ
 
4
കരുണയിലലിയും നിൻ പാദയുഗ്മം നമിക്കാ-
നൊരുകുറി മലമേലേ വന്നിടാം ഭൂതനാഥാ!
വിരവൊടു മമ ചിത്തം നിന്നിലർപ്പിച്ചിടുന്നൂ
പുരുസുകൃതമെഴും നിൻ ദർശനം നല്കിടേണേ
 
പി ഡി രമ 
 
5
കരുണയൊടഴൽ തിങ്ങും മാനസത്തിന്നുറക്കെ
ക്കരയുകിലതു തന്നെത്തെല്ലൊരാശ്വാസ ഹേതു .
ഗുരുപവനപുരത്തെ ശ്രീലകത്തിൽ വിളങ്ങും
പുരുസുകൃതമെഴും നിൻ ദർശനം നൽകിടേണേ
 
ചിത്ര കെ മാധവൻ
 
6
ചുരുൾമുടിയഴകായിക്കെട്ടിവച്ചിട്ടതിന്മേ -
ലരുമയൊടൊരു പീലിത്തുണ്ടു ചൂടി പ്രിയം പോൽ
സുരുചിരമൃദുഹാസം തൂകിടും കണ്ണ! മേന്മേൽ
പുരു സുകൃതമെഴും നിൻ ദർശ്ശനം നൽകിടേണേ
 
അത്തിപ്പറ്റ രവി 
 
7
അരുവയര്‍ മ‌ണിയാളേ! നീ പിരിഞ്ഞന്നു തൊട്ട‌
ന്നുരുകുമുയിരിനില്ലാ സൌഖ്യമെന്നോമലാളേ!
ഒരുദിനമവിടെത്തും വാതിലില്‍ തട്ടുമപ്പോള്‍
പുരുസുകൃതമെഴും നിന്‍ ദര്‍ശനം നല്കിടേണേ
 
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 
 
8
കളകളമൊഴുകുന്നേ, നക്ഷരത്തിൻ സ്വരൂപം
സുകൃതികളുമതെന്നും ശ്ലോകമായും ഭജിച്ചേൻ
മനമതു നിറയാനായ് ഭാരതീ കുമ്പിടുന്നേൻ
പുരു സുകൃതമെഴും നിന്‍ ദർശനം നല്കിടേണേ”
 
ഗിരി വാര്യര്‍
 
9
പരുഷവദനഭാവം തോന്നുമെന്നാലുമുള്ളിൽ
സരസസഹൃദയംതാനെന്നറിഞ്ഞുള്ളനേരം
പുരുഷനിവ‌നുമാത്രം ജീവിതം, കാത്തിരിപ്പൂ
പുരുസുകൃതമെഴും നിൻ ദർശനം നല്കിടേണം
 
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
 
10
ഹരിഹരസുതനേയെന്നുച്ചമായ് ഞാൻ വിളിച്ച -
ക്കരിമലകയറിപ്പോന്നെത്തി നിൻ സന്നിധാനേ;
ശരണമടിയനിപ്പോൾ വേറെയാരുണ്ട് ,വേഗം
"പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ”
 
തൃക്കഴിപ്പുറം രാമന്‍
 
11
ഇരുളിനലകളെങ്ങും വീഴ്ത്തി രാവെത്തിടുന്നൂ
ധരയി,ലിവനുറങ്ങാന്‍ കണ്ണടയ്ക്കുന്നു, നാളേ
അരികിലഴകൊടെത്തീ സുപ്രഭാതപ്രഭേ ഹാ!
പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
 
12
കരുതുക ഗുരുവായൂർ കണ്ണനാമുണ്ണിയേ നീ
കരുണകലരുവാൻ കൈ ക്കൂപ്പിടാമെന്നുമെന്നും
സരസിജപദയുഗ്മേ കൈകളാൽ ഞാൻ പിടിക്കേ
"പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ"
 
 ദീപ കരുവാട്
 
13
വരുമൊരു സുദിനം സൌരഭ്യമോലും വിധത്തില്‍
നിരവധി ഗുണമോരോ മട്ടിലായോര്‍ത്തു നോക്കേ
കരുതിയ ഫലമെല്ലാമത്രയും നേടുവാനായ്
പുരുസുകൃതമെഴും നിന്‍ ദര്‍ശനം നല്കിടേണേ
 
വി വിശ്വനാഥന്‍ നമ്പ്യാര്‍
 
14
ഒരു തരി കനിവിന്നായെത്ര നാളായി ഞാനീ-
യുരുവിടൽ തുടരുന്നൂ നിന്റെ നാമങ്ങൾ വാണീ
വരുകിനി മടിയാതേ ദേവി നീയെന്റെ ചാരേ,
പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ.
 
പീതാംബരന്‍ നായര്‍
 
സമസ്യ നമ്പർ 279
 
മാറ്റം നിത്യം വരുത്താൻ തുനിയണമെവനും
സ്വാഭിവൃദ്ധിക്കു പാരിൽ
 
സമസ്യാകാരൻ: പീതാംബരന്‍ നായര്‍
വൃത്തം: സ്രഗ്ദ്ധര‌
 
1
മാറ്റംകൂടാതെയെന്തു ണ്ടലകിതിലതുതാന്‍ മാറ്റമെന്നോര്‍ത്തിടുമ്പോള്‍
ചുറ്റും കാണുന്നതെല്ലാ മവനവനുലകില്‍ ജ്ജീവിതം സ്വച്ഛമാക്കാന്‍
ഊറ്റംകൊള്ളേണ്ട മര്‍ത്ത്യാ! പലപല പുതുതാം യന്ത്രജാലങ്ങളെത്തേ
“മാറ്റം നിത്യം വരുത്താൻ തുനിയണമെവനും സ്വാഭിവൃദ്ധിക്കു പാരിൽ“
 
കുട്ടന്‍ ഗോപുരത്തിങ്കല്‍
 
2
കുറ്റം കാണാന്‍ നടക്കും പൊതുജനമഖിലം കൂടെയെന്നെന്നുമുണ്ടെ-
ന്നേറ്റം ചിന്തിച്ചുവെന്നാല്‍ പലവിധവിഷമം തീരെയില്ലാതെയാക്കാം
ചുറ്റും നോക്കിപ്പഠിച്ചും സ്വയമറിവുകളും നേടണം ജീവിതത്തില്‍
"മാറ്റം നിത്യം വരുത്താൻ തുനിയണമെവനും സ്വാഭിവൃദ്ധിക്കു പാരിൽ"
 
അനിരുദ്ധ വര്‍മ്മ
 
3
ആറ്റിൽപ്പണ്ടൊക്കെയുണ്ടാം മണലതിൽ വിരലാ,
ലാണിയാലോലയിന്മേൽ,
സ്ളേറ്റിങ്കൽ പെൻസി ലാൽതാൻ ,ബഹുവിധ കടലാ
സ്സിങ്കലപ്പേനയാലും
ഏറ്റം മോദംകലർന്നിട്ടെഴുതിയെഴുതി സ
ദ്വിദ്യനാമഭ്യസിച്ചാർ,
മാറ്റം നിത്യം വരുത്താൻ തുനിയണമെവനും
സ്വാഭിവൃദ്ധിക്കു പാരിൽ 
 
തൃക്കഴിപ്പുറം രാമന്‍
 
4
കുറ്റം ചൊല്ലാം നമുക്കീയുലകിനെ, യറിയു-
ന്നോരെയെല്ലാം പഴിക്കാം
തെറ്റേറെച്ചെയ്തുകൂട്ടാ, മതുമൊരുകഴിവാ-
ണെന്നു തന്നെശ്ശഠിക്കാം
ചെറ്റും സന്തോഷമേകില്ലവയൊരുവനുമി-
ങ്ങത്രെ, കര്‍മ്മത്തിലൂടെ
മാറ്റം നിത്യം വരുത്താൻ തുനിയണമെവനും
സ്വാഭിവൃദ്ധിക്കു പാരിൽ
 
വിനോദ് വര്‍മ്മ‌
 
5
മാറ്റം താൻ ദ്യോവിലീശൻ നിയമമെഴുതി താ-
രാക്ഷരശ്രേണിയാൽ, പിൻ-
മാറ്റം പറ്റാത്ത വാഴ് വിൻ വഴിയിലനുഗമി-
ക്കുന്നു കാലത്തെ നമ്മൾ.
മാറ്റന്യൂനം തിളക്കാ,നപരനു ഹിതമാം
മട്ടു തൻജീവിതത്തിൽ
മാറ്റം നിത്യം വരുത്താൻ തുനിയണമെവനും
സ്വാഭിവൃദ്ധിക്കു പാരിൽ
 
ജോയ് വാഴയില്‍
 
6
മാരൻ, കാണാതെ നിന്നിട്ടലർശരമുനയാൽ
ഹൃത്തടം കോറിയേക്കാം,
മാലോകർ മത്സരത്തിൻ മദകരമദിരാ-
സക്തനാവാൻ ക്ഷണിക്കാം.
മാറ്റാർ ചൊല്ലാം പ്രശംസാകപടമൊഴികളെ-
ന്നാ,ലകം നന്മ തേടും
മാറ്റം നിത്യം വരുത്താൻ തുനിയണമെവനും
സ്വാഭിവൃദ്ധിക്കു പാരിൽ
 
ജോയ് വാഴയില്‍
 
7
മാറ്റത്തിന്നൊത്തു മാറും മനുജർ സഫലരാ-
യീടുമെല്ലായിടത്തും,
മാറ്റം വന്നീട്ടു മാറും ജനതയുമതിജീ-
വിച്ചിടും വല്ലപാടും
മാറ്റം സൃഷ്ടിക്കുവോരീ ധരയിലെവിടെയും
നായകസ്ഥാനമേല്ക്കും,
മാറ്റം നിത്യം വരുത്താൻ തുനിയണമെവനും
സ്വാഭിവൃദ്ധിക്കു പാരിൽ.
 
പീതാംബരന്‍ നായര്‍
 
8
കുറ്റം യന്ത്രത്തിനത്രേ, ജനഹിതമറിയാന്‍
പേപ്പര്‍ബാലറ്റിനെന്യേ
പറ്റില്ലത്രേ, വരുന്നൂ പ്രതികരണ,മതില്‍
കാര്യമില്ലോതുവേന്‍ ഞാന്‍
ചെറ്റും വൈകാതെ തെറ്റുള്ളതു വിശകലനം
ചെയ്തു വേണ്ടുന്നിടത്തായ്
മാറ്റം നിത്യം വരുത്താന്‍ തുനിയണമെവനും
സ്വാഭിവൃദ്ധിയ്ക്കു പാരില്‍
 
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 
 
9
ഒറ്റക്കീ മർത്ത്യ ജന്മം കഴിയുവതു തുലോം
സാദ്ധ്യമല്ലെന്നിരിക്കെ-
ക്കുറ്റം ചാർത്താതെ തമ്മിൽത്തിറ മൊടു പെരുമാ-
റീടണം സ്നേഹപൂർവ്വം
ചെറ്റും നന്നല്ല വൈരാഗ്യവുമൊരു പൊഴുതും
ശണ്ഠയും തമ്മിലെന്നും,
മാറ്റം നിത്യംവരുത്താൻ തുനിയ
ണ മെവനും സ്വാഭിവ്യദ്ധിക്കു പാരിൽ
 
ദാമോദരപ്പണിക്കര്‍
 
10
ഒറ്റയ്ക്കാണേ ജഗത്തില്‍ പിറവിയുമതുപോല്‍
മൃത്യുവും മര്‍ത്യനെന്നാല്‍
ഊറ്റത്തോടേ നടക്കുന്നിടയിലിവിടെ ഹാ
തമ്മിലായ് കണ്ടുമുട്ടേ
കുറ്റം ചൊല്ലാതെയിഷ്ടം മൊഴിയുകമധുര
സ്സുസ്മിതം നല്കിയേറേ
മാറ്റം നിത്യംവരുത്താൻ തുനിയണ മെവനും
സ്വാഭിവൃദ്ധിക്കു പാരിൽ
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
 
 
സമസ്യ നമ്പർ 280
 
.....ഇല്ലെനിയ്ക്കു സഖി നിൻ സാമീപ്യമൊന്നെന്നിയേ
 
സമസ്യാകാരൻ: ഹരിദാസ് മംഗലപ്പിള്ളി
വൃത്തം: ശാ‍ര്‍ദ്ദൂലവിക്രീഡിതം
 
1
ഒന്നാ കൈവിരലിന്റെതുമ്പില്‍‌തൊടുവാന്‍, വെണ്‍ ചന്ദ്രനും തോല്‍ക്കുമാ
മിന്നും പൂംകവിളിന്റെ കുങ്കുമനിറം ചുണ്ടാലെയൊപ്പീടുവാന്‍;
ഒന്നും വേണ്ട, നിറഞ്ഞമാറുപുണരാന്‍ മാത്രം കൊതിച്ചോരു നാള്‍.
ഇന്നാമോഹവു “മില്ലെനിയ്ക്കു സഖി നിൻ സാമീപ്യമൊന്നെന്നിയേ.
 
കുട്ടന്‍ ഗോപുരത്തിങ്കല്‍
 
2
ഒന്നിച്ചൊറ്റ മനസ്സു മാത്രമിരുവർ
നമ്മൾക്കു,- നാളങ്ങനെ
തെന്നി സ്വപ്നമരുത്തിലേറിയലസം
സ്വച്ഛന്ദമായ് നീങ്ങവേ,
വന്നിദ്ദുസ്സഹമാം വിയോഗഗതി,യെൻ
പ്രാണേശ്വരീ, രാധികേ!
മന്നിൽ ജീവിതമില്ലെനിക്കു സഖി നിൻ
സാമീപ്യമൊന്നെന്നിയേ.
 
ജോയ് വാഴയില്‍
 
3
നിദ്രാദേവി! യുവത്വനാളിലരികേ
 നീ വന്നു വേൾക്കാൻ, മദു-
ന്നിദ്രാണാഭയിലന്നു ഞാനവഗണി-
ച്ചേൻ നിന്നെ,യിന്നോ ശുഭേ,
രൗദ്രാധീന വെടിഞ്ഞു നീ കരുണ വി-
ട്ടീ വൃദ്ധനെ, സ്വപ്നവും
ഭദ്രാലസ്യവുമില്ലെനിക്കു സഖി നിൻ
സാമീപ്യമൊന്നെന്നിയേ
 
ജോയ് വാഴയില്‍
 
4
തെന്നിത്തെന്നിയകന്നു പോകുമിവിടെ-
ത്തെന്നല്‍ ക്കൊടുങ്കാറ്റു പോല്‍
വന്നെത്തും ചിലനേര, മത്രെ ഗഗനം
ഗര്‍ജ്ജിപ്പു, ഭൂവാടിടും
തന്നീടുന്നു ഭയത്തെയഗ്നി, ജലവും
കണ്ണീരു, യാതൊന്നുമേ
സന്തോഷം തരുകില്ലെനിയ്ക്കു സഖി നിൻ
സാമീപ്യമൊന്നെന്നിയേ.
 
വിനോദ് വര്‍മ്മ‌
 
5
ഓരോ രീതിയിലൂഴമിട്ടു ദുരിതം ചുറ്റും തിമിർക്കുമ്പൊഴും
ഘോരം ശൂന്യതയോടു നിന്നുപൊരുതിത്തോറ്റങ്ങു വീഴുമ്പൊഴും
താരമ്പൻ കനിവറ്റു വന്നു ചൊരിയും കൂരമ്പുകൊള്ളുമ്പൊഴും
നേരാണാശ്രയമില്ലെനിക്കു സഖി നിൻ സാമീപ്യമൊന്നെന്നിയേ!
 
 ഹരിദാസ് മംഗലപ്പിള്ളി
 
6
മോദം കൂടിന വേളയിൽച്ചിരമതാ-
ഘോഷിക്കുവാൻ കൂടി നീ
ഖേദം വന്നളവൊത്തു ചേർന്നു തുഴയാൻ
നീയായി പങ്കായവും
ഭേദം ഞാൻ വിട ചൊൽകിലീയുലകിൽ
നിന്നാദ്യം ശുഭേ, വല്ലഭേ,
സാദം തീർപ്പതിനില്ലെനിയ്ക്കു സഖി നിൻ
സാമീപ്യമൊന്നെന്നിയേ
 
പീതാംബരന്‍ നായര്‍
 
7
നീലാകാശമണിഞ്ഞൊരുങ്ങിമഴവില്‍ച്ഛ
ത്രം വിടര്‍ത്തീ, മയില്‍
പീലിപ്പൂവിരിയിച്ചു നിന്നു, കുയിലോ
ഗാനം പൊഴിക്കുന്നിതാ
കാലം മുന്നിലൊരുക്കിവെച്ചഴകെഴും
വാസന്തമെന്നാകിലി
ന്നാഹ്ളാദം പകരില്ലെനിയ്ക്കു സഖി നിൻ
സാമീപ്യമൊന്നെന്നിയേ
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
 
8
മദ്യം കൊണ്ടു മയക്കിടുന്നു പലരും
ദുഃഖങ്ങളെ, സ്സാന്ത്വനം
വൈദ്യന്മാരരുളുന്നൊരൗഷധമതിൽ
ത്തേടുന്നു വേറെച്ചിലർ
ഹൃദ്യത്യന്തവിഷാദഭാരമകലെ
പ്പോക്കാനുപായം പരം
പദ്യപ്പെൺകൊടി!യില്ലെനിയ്ക്കു സഖി നിൻ
സാമീപ്യമൊന്നെന്നിയേ
 
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 
 
9
രാജാവായ് പുരനർത്തകിക്കുപ്രണയം
ജന്മങ്ങളായേകിടും
ഈ ജോത്സ്യത്തിലുമെന്തുകാര്യമമലേ മാലേ
റ്റിമോങ്ങാതെനീ!
വ്യാജം, നാഡിയിലില്ല പൂർവ്വചരിതം,
പാഴ്വാക്കു കേൾക്കാതെടോ
മുൻജന്മത്തിലുമില്ലെനിക്കുസഖി നിൻ
സാമീപ്യമൊന്നെന്നിയേ.
 
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
 
സമസ്യ നമ്പർ 281
 
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
സമസ്യാകാരൻ: ഉമേഷ്
വൃത്തം: മാലിനി
 
1
അതിരുകവിയുമാറോ സ്വാര്‍ത്ഥതാ വിഷ്ടരായി
ചതിയൊടു കുരുതിയ്ക്കായ് മക്കളെ സ്സംത്യജിപ്പൂ
പതിവിതു നിരുപിയ്ക്കില്‍ കഷ്ടമത്രേ ശരിയ്ക്കും
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
സി കെ രാധാകൃഷ്ണന്‍
 
2
പുതിയ വിവരമെല്ലാം നല്‍കിടും തത്ത്വശാസ്ത്രം
മതിയിനി മതിയാക്കാം മൂഢവിശ്വാസമെല്ലാം
അതിനൊരു വഴിയുണ്ടെന്നാരുമോര്‍ക്കില്ല തോഴാ
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
അനിരുദ്ധ വര്‍മ്മ
 
3
മതമിവിടെ വികാരം മാത്രമാണത്രെ കാണാ-
മതു പല കലഹത്തിന്‍ കാരണം തന്നെയെന്നായ്
മതിയിലുരുളു മൂടിക്കാണ്മു മര്‍ത്ത്യര്‍ക്കതിന്നാല്‍ 
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
വിനോദ് വര്‍മ്മ‌
 
4
പുതിയ പലതുമെത്തീ മാനുഷന്‍ ദേവലോക-
ക്കതകിലൊടുവിലായി ത്തട്ടുവാനും തുടങ്ങി
മതിയെ വരെ മനുഷ്യന്‍ കയ്യിലാക്കുന്നുവെന്നാല്‍
“ക്ഷിതിയിലധികമാവു ന്നന്ധവിശ്വാസമിന്നും! “
 
കുട്ടന്‍ ഗോപുരത്തിങ്കല്‍
 
5
കതിരവനെ വിഴുങ്ങും സർപ്പമ, ല്ലന്ധകാരം
മതിയുടെ നിഴലാണെന്നോതി ശാസ്ത്രം; മനുഷ്യർ
ഗതി ഗുണമിയലാനായ് രാഹുകാലം ഗണിപ്പൂ;
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
ഉമേഷ്
 
6
അഴലതു പെരുകുമ്പോൾ ജോത്സ്യനെത്തേടിയോടും
സകലജനവുമയ്യോ, സംശയം വേണ്ട തെല്ലും;
ഇതിനൊരു പരിഹാരം പാർക്കിലിന്നില്ല, കഷ്ടം!
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
പീതാംബരന്‍ നായര്‍
 
7
മതി, മതി വരുവോളം യുക്തിചിന്താവിവേകം
മതിമതി, മമകാന്തേ, കാതിൽ ഞാനോതിയില്ലേ?
ക്ഷതി ഹൃദിയണുവില്ലാതെന്തിനീ പേടി,യേവം
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും!
 
ജോയ് വാഴയില്‍
 
8
പതിയുടെതൊഴിലല്‍പം മോശമായാല്‍ പഠിപ്പില്‍
സുതനൊരുവനതയ്യോ തെല്ലുപിന്നോട്ടുപോയാല്‍
മതി കവടിനിരത്താനെത്തിടും ജ്യോത്സ്യനാഹാ
ക്ഷിതിയിലധികമാവുന്നന്ധവിശ്വാസമിന്നും
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍

 

 

 

കഥ‌ 

 

നഗരചിത്രം

 

നാരായണന്‍ രാമന്‍

നഗരം ഏറെക്കുറെ വിജനമാണു്. പ്രധാന റോഡുകളിലൂടെ ട്രക്കുകളിലും ജീപ്പിലും റോന്തുചുറ്റുന്ന പട്ടാളക്കാർ. കത്തിയമർന്ന ചേരികളിൽ നിന്നു് പിടഞ്ഞോടിയ കുറേ മനുഷ്യജീവികൾ കടത്തിണ്ണകളിലും അടഞ്ഞു കിടന്ന വീടുകളുടെ മുന്നിലും പര്യമ്പുറത്തും ചേക്കേറിയിരിക്കുന്നു. ഒരു കലാപത്തിന്റെ ശേഷിപ്പുകളായി അവിടവിടെ പാതി കത്തിയതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ. കുത്തിത്തുറന്ന കടകൾ. കണ്ണുകളടച്ച് നിദ്രപൂ കിയ വ്യാപാര സ്ഥാപനങ്ങൾ. വിച്ഛേദിക്കപ്പെട്ട വൈദ്യുതി അവിടവിടെതിരിച്ചെത്തി കണ്ണു ചിമ്മി തുറക്കുന്നു ' 
 
സുഖ്ദേവ് സുഷുപ്തിയിലായിരുന്നു. അച്ഛന്റെ റിക്ഷാക്കൈ പിടിച്ച് തഴമ്പുള്ള തണുത്ത വിരലുകൾ അവന്റെ നെറുകയിലും നെറ്റിയിലും തഴുകിക്കൊണ്ടിരുന്നു. മുഷിഞ്ഞ ധോത്തിയിലും വരകളുള്ള ചുളിഞ്ഞ വിയർപ്പിലൊട്ടിയ കുപ്പായത്തിലുമല്ലാതെ അവന് അച്ഛനെ കണ്ട ഓർമ്മയില്ല. ക്ഷയം പിടിച്ച് രക്തം ഛർദിച്ച് മരിച്ചതിനു ശേഷം പക്ഷെ കിനാവുകളിൽ എപ്പോഴും അവന്റെ അച്ഛൻ വെള്ള പൈജാമയും കുർത്തയും ധരിച്ചാണു് വരിക. അച്ഛൻ അവനെ ദേഹത്ത് ചാരിയിരുത്തി റൊട്ടിയും ദാലിൽ മുക്കിയ ചോറും വായിൽ വച്ചു കൊടുത്ത് ഊട്ടി. മതിയെന്നു പറഞ്ഞിട്ടും സബ്ജിയിൽ മുക്കിയ റൊട്ടി മുഖത്തോടടുപ്പിച്ച് അച്ഛൻ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. 

 

"മോനേ ഇതു കൂടി " 

"ഒന്നു കൂടി."

അതിനു ശേഷം അച്ഛനുമവനും ടൗണിലെ പുതിയ കൊട്ടകയിൽ സിനിമ കണ്ടു. അലറുന്ന കടൽക്കരയിൽ അച്ഛനെ ഒട്ടിയിരുന്നു് കടല കൊറിച്ചു.

ഞെട്ടിയുണർന്നതും ഇളംവെയിലിന്റെ കിരണങ്ങളേറ്റ് കണ്ണു മഞ്ഞളിച്ചു. വീണ്ടും ഇറുക്കിയടച്ച കണ്ണുകളിലെ ഇരുട്ടിലും ചുറ്റിത്തിരിഞ്ഞുയരുന്ന മഞ്ഞഗോളങ്ങൾ. തലയിലൊരു പെരുപ്പും വേദനയും കൂടി ചേർന്ന അസ്വസ്ഥത. തെല്ലുനേരം അങ്ങനെ കിടന്നു അയാളുടെ മുന്നിൽ തലേ രാത്രിയിലെ ഭീദിതമായ ഓർമ്മകൾ ചുരുൾ നിവർന്നു. ഇരുഭാഗത്തു നിന്നും കത്തു പിടിച്ച നിര നിരയായ ചേരികളിൽ നിന്നുയർന്ന നിലവിളികൾ. പുകച്ച മാളത്തിൽ നിന്നു് രക്ഷപെട്ടോടുന്ന എലികളെന്നോണം പായുന്ന മനുഷ്യരിൽ അയാളുമുണ്ടായിരുന്നു. വാളുകളുടെ സീൽക്കാരങ്ങളേയും അട്ടഹാസങ്ങളേയും നിലവിളികളേയും ബഹു ദൂരം പിന്നിലാക്കി ഓടിത്തളർന്നു് കിതച്ച് വന്നു വീണതിവിടെയായിരിക്കും. സന്ധ്യക്കു കഴിച്ച റാക്കും ഓട്ടത്തിന്റെ ക്ഷീണവും അയാളെ ബോധക്ഷയത്തോളം പോന്ന തളർച്ചയിലേക്കെത്തിച്ചിരുന്നു. 

അയാൾ പണിപ്പെട്ടു കണ്ണു തുറന്നു എഴുന്നേറ്റിരുന്നു് ചുറ്റും നോക്കി. ഒരു വലിയ തുണിക്കടയുടെ ടൈൽ വിരിച്ച വരാന്തയായിരുന്നു അത്. തെല്ലകലെ കൂനി ക്കൂടിയിരിക്കുന്ന ഒരു വൃദ്ധയും രണ്ടു കുട്ടികളും.

സുഖ്ദേവ് അവരെ നോക്കി യൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. വൃദ്ധ അതത്ര ഗൗനിക്കാതെ ഒന്നുകൂടി മൂലയിലേക്കൊതുങ്ങി കുട്ടികളെ കീറിമുഷിഞ്ഞ രജായി കൊണ്ട് പൊതിഞ്ഞ് മെലിഞ്ഞുണങ്ങിയ കൈത്തണ്ടയാൽ ചേർത്തു പിടിച്ച് ദൂരെ വഴിയിലേക്കു് നോക്കിയിരുന്നു. ആരേയും സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ കുഞ്ഞുങ്ങളെ പോലും നഗരജീവിതം പഠിപ്പിച്ചു കഴിഞ്ഞുവെന്നു് സുഖ്ദേവോർത്തു

തെല്ലകലെ നീന്നും ഉച്ചത്തിൽ ചീത്ത വിളിച്ച് തിരിഞ്ഞു നോക്കി നോക്കി ഓടി വന്ന യുവതി വൃദ്ധയുടെ മടിയിൽ വീണു കിതച്ചു. അവളുടെ കയ്യിൽ ഒരു പാക്കറ്റ് ബ്രഡ്ഡും ഒരു കുപ്പിയിൽ വെള്ളവുമുണ്ടായിരുന്നു. വിഹ്വലമായ മിഴികളാൽ തിരിഞ്ഞു നോക്കിയ അവളുടെ പിന്നിൽ വേട്ടനായയെ പോലെ ഓടി വന്ന തടിയൻ സുഖ്ദേവിനെ കണ്ടിട്ടാകണം ഒന്നു നിന്നു് വേഗം തിരിഞ്ഞു നടന്നു.

വൃദ്ധ ബ്രെഡ്ഡുകളെടുത്ത് കുഞ്ഞിക്കൈകളിലേക്കു വച്ചു കൊടുക്കുന്നു. ആർത്തിയോടെ അവരത് ചവച്ചരച്ചു തിന്നുന്നത് നോക്കിയിരുന്നപ്പോൾ സുഖ്ദേവിനും വിശപ്പിന്റെ ജ്വാലയേറ്റുതുടങ്ങി. ഇന്നലെ ഉച്ചക്ക് കഴിച്ച രണ്ടു റൊട്ടിക്കും ഒരു മുട്ടക്കറിക്കും നൽകാവുന്ന ഊർജ്ജത്തിനൊരു പരിധിയൊക്കെയുണ്ടല്ലോ എന്നപ്പോളാണയാളോർത്തത്.

ഒടുവിൽ വൃദ്ധ സഹജാവബോധത്തോടെ അയാൾക്കു നേരെ വച്ചുനീട്ടിയ ഒരു ബ്രെഡിനു നേരെ നീളുന്ന കുഞ്ഞിക്കണ്ണുകൾ കണ്ട് അത് നിരസിച്ചയാൾ പുറത്തേക്കിറങ്ങി നടന്നു.

അതൊരു മൂന്നു നിലയുള്ള അധികം പഴക്കം തോന്നാത്ത കെട്ടിടമായിരുന്നു. താഴെ കടമുറികളും മുകളിലെ രണ്ടു നിലകളിൽ താമസ സൗകര്യമുള്ള ഫ്ളാറ്റുകളും. പോലീസിന്റെ ദൃഷ്ടിയിൽ പെടാതെ ശ്രദ്ധിച്ച് അയാൾ ഒന്നാം നിലയിലെ ഇടതു വശത്തെ ഫ്ളാറ്റിനു മുന്നിലേക്കിഴഞ്ഞു കയറി വരാന്തയിലിരുന്നു ദീർഘമായി നിശ്വസിച്ചു.
 
ഫ്ളാറ്റുകളിലെ താമസക്കാരെല്ലാം കിട്ടിയ വാഹനങ്ങളിൽ സ്ഥലം വിട്ടിട്ടുണ്ടാകും. കഴിഞ്ഞ 3 ദിവസമായി ഈ നഗരത്തിലെ ജനങ്ങൾ നെട്ടോട്ടത്തിലായിരുന്നല്ലോ. പോകാനിടമില്ലാത്ത ചേരിക്കാരും യാചകരും അശരണരും ബാക്കിയായ നഗരത്തിൽ പട്ടാളവും പോലീസും റോന്തുചുറ്റാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ലഹളക്കാർ കവർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു.
 
പെട്ടെന്നാണു് ഫ്ളാറ്റിന്റെ തുറന്നു കിടന്ന ജനാലയിലൂടെ പുറത്തേക്ക് നീണ്ടു കിടന്ന ഒരു കൈ സുഖ്ദേവിന്റെ ദുഷ്ടിയിൽ പെട്ടത്. വെളുത്തു മെലിഞ്ഞ് ദുർബ്ബലമായ ഒരു കൈ. ഒന്നു പകച്ചെങ്കിലും അവൻ വരാന്തയിലൂടെ മുട്ടുകുത്തി ജനലിനരികിലെത്തി മുട്ടിലുയർന്നു് മുറിക്കുള്ളിലേക്ക് നോക്കി. മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിൽ ജനലിനോട് ചേർത്തിട്ടിരുന്ന കട്ടിലിൽ കിടന്നിരുന്നത് ഒരു വൃദ്ധനായിരുന്നു. മെലിഞ്ഞ ശരീരവും നീണ്ടു വളർന്ന താടിയും. കുഴിയിലാണ്ട ആർദ്രമായ കണ്ണുകളിൽ പീള കെട്ടിക്കിടന്നു. ആള നക്കമറിഞ്ഞ വൃദ്ധൻ സുഖ്ദേവിനെ നോക്കി ക്ഷീണിതമായ ഇടം കൈ കൊണ്ട് മാടി വിളിച്ചു. ഒന്നു മടിച്ചെങ്കിലും അരികിലെത്തിയപ്പോൾ ഇടറിയ ദുർബലമായസ്വരം അവനു കേൾക്കാനായി.
"വെള്ളം "
വരണ്ട ചുണ്ടുകളും മുഖത്തെ പരവേശവും കണ്ടിലാണ്ട കണ്ണുകളിലെ
ദൈന്യവും സുഖ്ദേവിനെ കർമ്മനിരതനാക്കി. താഴെയിറങ്ങി ഒരൊഴിഞ്ഞ പ്ളാസ്റ്റിക്ക് കുപ്പിയെടുത്ത് കാർഷെഡിലെ ഒരു ബക്കറ്റിലിരുന്ന വെള്ളം നിറച്ച് അവൻ ജനലഴികളിലൂടെ വൃദ്ധന്റെ നീട്ടിയ ഇടംകയ്യിൽ വച്ചു കൊടുത്തു. പാതിയും തൂവി പോയെങ്കിലും ബാക്കി വെള്ളം വിറയാർന്ന ഒറ്റ ക്കൈ കൊണ്ട് വരണ്ടചുണ്ടോടടുപ്പിച്ച് ഇറക്കുമ്പോൾ തൊണ്ട മുഴകൾ ഉയർന്നു താഴുന്നത് സുഖ്ദേവ് നോക്കി നിന്നു.
വൃദ്ധൻ വാതിലിനു നേരെ കൈകാട്ടി അവ്യക്തമായി പുലമ്പിക്കൊണ്ടിരുന്നു. സുഖ്ദേവ് വാതിൽക്കലെത്തി. ഒന്നാഞ്ഞു തള്ളിയപ്പോൾ അതു പിന്നിലേക്ക് തുറന്നു.
മൂന്നു മുറികളുള്ള ഒരു ഫ്ളാറ്റായിരുന്നു അത്. ഇടത്തരം സമ്പന്നരാണ തിന്റെ ഉടമയെന്നു് സുഖ്ദേവ് ഊഹിച്ചു. കവർച്ചക്കാർ വാതിൽ കുത്തിത്തുറന്നു് വില പിടിപ്പുള്ളതെല്ലാമെടുത്ത് കടന്നുകളഞ്ഞതാകണം. വൃദ്ധന്റ കട്ടിലിനരികിലെത്തിയ അവന്‌ വല്ലാത്ത ദുർഗ്ഗന്ധമനുഭവപ്പെട്ടു. ധരിച്ചിരുന്ന ഡയപ്പറും കവിഞ്ഞ് കിടക്കയിൽ പരന്നൊഴുകിയ മൂത്രത്തിലാകെ നനഞ്ഞു അയാളവനെ ദയനീയമായി നോക്കി. ജനൽക്കമ്പികളിൽ മുറുകെ പിടിച്ച ഇടതു കയ്യിന്റെ ബലത്തിൽ പക്ഷാഘാതത്തിൽ തളർന്ന വലതു ഭാഗം പണിപ്പെട്ടു വലിച്ച് നനവില്ലാത്ത ഭാഗത്തേക്ക് നീങ്ങാൻ പാവം പാടുപെടുന്നുണ്ടായിരുന്നു.
 
കാലങ്ങൾക്കപ്പുറത്തു നിന്നു് യോജനകൾ താണ്ടി ഒരു റിക്ഷയുടെ കുടമണിയൊച്ച അവനെ തഴുകി കടന്നു പോയി. ഇളം കാറ്റിലൊഴുകി വന്ന മുഷിഞ്ഞ വരയൻ കുപ്പായത്തിന്റെ വിയർപ്പു മണം അവനെ ചുറ്റിപ്പറ്റി നിന്നു.
 
സുഖ്ദേവ് വൃദ്ധനെ എഴുന്നേൽപ്പിച്ചിരുത്തി വസ്ത്രമെല്ലാമഴിച്ചു മാറ്റി. ഡയപ്പറും ദുർഗ്ഗന്ധം വമിക്കുന്ന തുണികളുമെല്ലാം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പുറത്തേ വരാന്തയിലിട്ടു. ബാത്റൂമിൽ ടാപ്പിൽ വെള്ളമുണ്ടായിരുന്നു. ബക്കറ്റിൽ വെള്ളവും ടവ്വലുമായി വന്നു് വൃത്തിയായി കഴുകിത്തുടച്ചു. കസേരയിലിരുത്തി. കുത്തിത്തുറന്നു കിടന്ന അലമാരയിൽ നിന്നു് ഷീറ്റെടുത്ത് വിരിച്ചു. കയ്യിൽ കിട്ടിയ വെളുത്ത കുർത്തയും പൈജാമയും ധരിപ്പിക്കുമ്പോൾ വൃദ്ധ നയനങ്ങളിലെ അവിശ്വസനീയതയോടവൻ പുഞ്ചിരിച്ചു. പാതി തളർന്ന നാവിൽ നിന്നുതിർന്ന കൊഞ്ഞപ്പുള്ള വാക്കുകൾ പക്ഷെ അവനു തീരെ മനസ്സിലാവുന്നില്ലായിരുന്നു.
 
ആളെ കിടക്കയിൽ കിടത്തി സുഖ്ദേവ് വൃത്തിയായി കുളിച്ചു. മുഷിഞ്ഞു നാറിയ പാന്റും ഷർട്ടും കഴുകിയിട്ടു. കയ്യിൽ കിട്ടിയ ലുങ്കിയെടുത്തുടുത്തു

 
വൃദ്ധൻ ഉവ്വെന്നു തലയാട്ടി.
 

സുഖ്ദേവിനു് കാര്യങ്ങൾ തിരിഞ്ഞു വരുന്നുണ്ടായിരുന്നു. ലഹള പൊട്ടിപ്പുറപ്പെട്ട ദിവസം വീട്ടുകാർ സ്ഥലം വിട്ടതാകണം. ഒരു വശം തളർന്ന തന്തയെ ഡയപ്പറും ധരിപ്പിച്ച് കിടത്തി ഫ്ളാറ്റു പൂട്ടിയാവും പോയിരിക്കുക.
അടുക്കളയിലെത്തി. ഗ്യാസടുപ്പ് കത്തിച്ച് കിട്ടിയ പാത്രത്തിൽ വെള്ളം വച്ചു. തിളച്ചപ്പോൾ അരിയിട്ടു . വേറൊന്നിൽ പരിപ്പ് കഴുകിയിട്ട് തിളപ്പിച്ചു.
ചൂടു ചോറും ദാലുമായി അവൻ വീണ്ടും കട്ടിലിനരികിലെത്തി. 
 
വൃദ്ധനെ വിളിച്ചുണർത്തി തലയിണ ചാരിയതിൽ തലയുയർത്തി വച്ച് ദാലിൽ കുഴച്ച ചോറുരുളകൾ അവൻ വായിൽ കൊടുത്തു കൊണ്ടിരുന്നു. അദ്ദേഹം വിലക്കിയിട്ടും അവൻ പറഞ്ഞു കൊണ്ടിരുന്നു.

 
"ഇതു കൂടി "
 
"ഒന്നു കൂടി "
 
വൃദ്ധന്റെ കുണ്ടിലാണ്ടമിഴികളിലെ നനവ് വെളിച്ചത്തിൽ നക്ഷത്രം പോലെ മിന്നി നിന്നു. സ്വാധീനമുള്ള ഇടതുകൈയിലെ മെലിഞ്ഞ വിരലുകൾ അവന്റെ തലയിലും മുഖത്തും ഒഴുകി നടന്നു. അവനതിൽ മുഗ്ധനായി മിഴിപൂട്ടി ആ നെഞ്ചിൽ മുഖം ചേർത്ത് വച്ചു. അകലെയെവിടെയോ നിന്നു് നീണ്ട ചുമയുടെ ശബ്ദവീചികളോടൊപ്പം വരയൻ കുപ്പായത്തിന്റെ വിയർപ്പുഗന്ധം അവനെ ചൂഴ്ന്നു നിന്നു.
 
പരിപ്പും ചോറും ആവോളം കഴിച്ച് സുഖ്ദേവ് സോഫയിൽ വൃദ്ധനെ നോക്കിക്കിടന്നു. തലേ രാത്രിയിലെ ഓട്ടപ്പാച്ചിലിന്റെ തളർച്ചയും നിറഞ്ഞ വയറും അവന്റെ കണ്ണുകളിൽ ഉറക്കത്തെ ഊഞ്ഞാലിൽ കെട്ടിയാട്ടി.
 
ഉണർന്നപ്പോൾ സന്ധ്യയായിരുന്നു. കണ്ണു തുറന്നു് അവനെത്തന്നെ നോക്കിക്കിടന്നിരുന്ന വൃദ്ധൻ അവനൊരു ചിരി സമ്മാനിച്ചു. സുഖ്ദേവ് അവന്റെ വസ്ത്രങ്ങളെടുത്തു ധരിച്ച് ജനാലയിലൂടെ നോക്കി. കൂടുതൽ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. കടകളൊക്കെ അടഞ്ഞുതന്നെ കിടക്കുന്നു. കുറവാണെങ്കിലും വാഹനങ്ങളോടിത്തുടങ്ങിയിട്ടുണ്ട്. 
 
ഉറക്കെ സംസാരിച്ചുകൊണ്ട് ആരൊക്കെയോ ഗോവണി കയറി വരുന്ന ശബ്ദം കേട്ട് സുഖ്ദേവ് ഞെട്ടി ഞൊടിയിടയിൽ പുറത്തുചാടി കോണിലെ ചുവർചാരി നിന്നു. അരണ്ട വെളിച്ചത്തിൽ ബാഗും സഞ്ചികളുമായി ഒരാൾ ഗോവണി ഓടിക്കയറിവരുന്നു. പുറകെ ഒരു തടിച്ച സ്ത്രീയും കുട്ടിയും. അതിനിടയിലൂടെ ഓടിക്കയറുന്ന തുടലിൽ ഒരു ചെറിയ പട്ടിയും. അയാൾ വല്ലാതെ ആധിപിടിച്ചാണു് മുന്നിൽ ഓടിക്കയറുന്നത്. ഇടയ്ക്ക് കിതപ്പോടെ അയാൾ അസ്വസ്ഥനായി തിരിഞ്ഞു നോക്കുന്നുണ്ട്. 

 
" കിളവനിപ്പോ അവിടെ മുഴുവൻ നാറ്റിയിട്ടുണ്ടാകും"സ്ത്രീയുടെ ശബ്ദം സുഖ്ദേവിനു കേൾക്കാമായിരുന്നു.
 
"നീയൊന്നു വേഗം കേറി വരുന്നുണ്ടോ?
അയാൾ തിരിഞ്ഞു നിന്നു് ഒച്ചയെടുത്തു.സ്ത്രീയെന്തോ പറഞ്ഞത് പട്ടിയുടെ കുരയിൽ മുങ്ങിപ്പോയി. സുഖ്ദേവ് പരമാവധി ഇരുട്ടിലേക്ക് മാറി ഭിത്തിയുടെ പിന്നിലേക്കൊതുങ്ങി നിന്നു.
 
തുറന്നു കിടന്ന വാതിൽ കണ്ട് അന്ധാളിച്ച് അവർ അകത്തേക്ക് പാഞ്ഞുകയറി യതിന്റെ പിന്നാലെ സുഖ്ദേവ് വേഗം പടികളിറങ്ങി. പിന്നെ സാവധാനം തെരുവിലേക്കിറങ്ങി റോഡ് മുറിച്ചു കിടന്നു് ആ ജനാലയിലേക്ക് നോക്കി.
 
അതടഞ്ഞു കിടന്നിരുന്നു.
 
 

 

 

കാവ്യകേളി


(ഭാഷാവൃത്തകവിസദസ്സ് )

ഭാഷാവൃത്തത്തിലുള്ള സ്വരചിതങ്ങളായ കവിതാഖണ്ഡങ്ങള്‍ കവികള്‍ കാവ്യകേളിയുടെ നിയമമനുസരിച്ചു പോസ്റ്റു ചെയ്യുന്ന സദസ്സാണ് ഇത്. ഇതില്‍ പങ്കെടുക്കുന്ന ഏഴു കവികള്‍ ഈ ക്രമത്തിലാണ്, ഇരിക്കുന്നത്:

1.അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ , 2..രാമന്‍ നമ്പീശന്‍ കേശവത്ത്, 3. ശ്രീലകം വേണുഗോപാല്‍, 4.അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍ ,  5. വാരിയത്ത് കുട്ടി, 6.പൊതാളൂര്‍ വിജയന്‍ 8. ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം 9. തൃക്കഴിപ്പുറം രാമ‍ന്‍ 10. സന്തോഷ് വര്‍മ്മ

ഈ സദസ്സ് 01-01-2013 നു ആരംഭിച്ചു

800
സോവിയറ്റെന്നൊരു നാടു പണ്ടുണ്ടായി
സോഷ്യലിസത്തിനു ജന്മഭൂവായ്
വിശ്വം മുഴുവനും കൊണ്ടാടികൊണ്ടുള്ളാ
വിപ്ലവമിപ്പോള്‍ ചരിത്രമായി
സംവത്സരം നൂറു പിന്നിട്ടിന്നിപ്പൊഴാ
സംഭവമോര്‍ മ്മ‌യില്‍ മാഞ്ഞു പോയി
ഇപ്പോളതു കേട്ടാലാളുകള്‍ കാര്‍ക്കിച്ചു
തുപ്പുമെന്നുള്ളൊരവസ്ഥയായി
 
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
 
801
സ്വായത്തമായ കൈപ്പുണ്യമുള്ളോര്‍ പണ്ടു 
കായല്‍ക്കകത്തു നെല്‍വിത്തെറിഞ്ഞു 
ശ്രീയാല്‍ വിളങ്ങും കനകം വിളയിച്ചു 
മായം കലരാത്തൊരാദ്ധ്വാനത്താല്‍ 
കായം വിയര്‍ക്കാതെ  കയ്യൂക്കിനാല്‍ത്തന്നെ 
കായംകുളം കായല്‍ കയ്യടക്കാന്‍ 
സാമര്‍ത്ഥ്യമേറുമമാത്യന്മാര്‍ തീരത്തു
പൂമാളികകള്‍ പണിഞ്ഞീടുന്നു
 
രാമന്‍ നമ്പീശന്‍ കേശവത്ത്
 
802
കാലം കടന്നുപോയീടും,പൊഴിഞ്ഞൊരാ
പൂക്കളും പാഠം പഠിപ്പിച്ചു പോയിടും
വീണ്ടും വസന്തമാം,പൂക്കള്‍ ചിരിച്ചിടും
നാമതിന്‍ ധന്യതയെന്നും നുകര്‍ന്നിടും
പൊയ്പ്പോയകാലവിഷാദങ്ങളൊക്കെയും
പൊയ്പ്പോയിയെന്നു ധരിപ്പതേ കാമ്യമാം
ജീവിതം മുന്നിലേക്കാണു നയിപ്പതോര്‍-
ത്താവുംവിധം തോഷമാര്‍ന്നു മുന്നേറണം
 
ശ്രീലകം വേണുഗോപാല്‍
 
803
പിരിയുന്ന നേരമെന്‍ കണ്ണന്‍ മറന്നൊരാ
മുരളിക ഞാനൊന്നെടുത്തു വെച്ചൂ
തരളിതയാക്കുന്ന പ്രണയതാള‌ങ്ങള്‍ തന്‍
സ്വരവീചികേള്‍ക്കാനൊളിച്ചു വെച്ചൂ
മധുരമാമനുരാഗമന്ത്ര‌സ്വനങ്ങള്‍ നിന്‍
അധരമാ വേണുവില്‍ തഴുകിയാലേ
വിരിയുകയുള്ളുവെന്നറിയുന്ന‌ ഗോപികാ
ചിരിതൂകി വിസ്മിതയായി നിന്നൂ
 
അനില്‍ക്കൃഷ്ണന്‍ അരിയന്നൂര്‍
 
804
മുരളിക തൻ സുഷിരങ്ങളെ ചുംബിച്ചു
മായിക ഗാനപ്രപഞ്ചം വിരിയിച്ച കണ്ണന്റെ
ചെഞ്ചുണ്ടിൽ നിന്നൊരു ചുംബനം മോഹിച്ചു
കേഴുന്ന ഗോപികമാരുടെ നിഷ്ഫല രോദനം.
കാട്ടിൽത്തണൽ മരച്ചോട്ടിൽ നിന്നൂതുന്ന വേണു
ഗാനത്തിൽ ലയിച്ചു ചിത്രം പോലെ നിശ്ചലം നിന്ന
ഗോപക്ഷി വൃന്ദങ്ങളും, ആകാശ മാർഗ്ഗം നിരന്നു
വീക്ഷിക്കുന്ന നിർജ്ജര സുന്ദരിമാരും ശ്രവിച്ചില്ല!
 
വാരിയത്ത് കുട്ടി
 
805
കാതരം മനം, കാകോളമാളുന്നു
പൂതമായിരുന്നീമണ്ണിലിന്നഹോ
ആതിരയ്ക്കും തമസ്സാടിടുന്നിതാ
ഹേതുവൊന്നല്ല നൂറുനൂറുണ്ടുപോല്‍
വേലിതന്നെ വിളകട്ടിടുന്നഹോ
മാതൃരോദനം പൊങ്ങുന്നിതെങ്ങുമേ
ആതുരാലയം ഭീകരസങ്കേതം
കാതടയ്ക്കണം,നാവടച്ചീടണം!
 
ഉണ്ണിക്കൃഷ്ണന്‍ ശ്രീലകം
 
806
വന്നിടുന്നുണ്ടു് മന്ത്രി മഹോദയൻ
ഇന്നിഫ്ലൈറ്റിൽ സ്സവാരിചെയ്തീടുവാൻ
ആകയാലീവിമാനം പുറപ്പെടാൻ
വൈകു" മെന്നുള്ളറിയിപ്പിടക്കിടെ
കേട്ടെന്നാലും പ്രതികരിച്ചീടുവാൻ
പറ്റിടും കൂട്ടർ മൗനം ഭജിച്ചെന്നാൽ
നാട്ടുകാർതൻ പ്രതിനിധി കൽപ്പിച്ചു -
കൂട്ടി വൈകി വരും മേലി,ലോർക്ക നാം
 
തൃക്കഴിപ്പുറം രാമന്‍ 
 
807
കടലിനും മലകൾക്കും നടുവിൽ വിളങ്ങി
നെടുനീളെ തെക്കുവടക്കായ്ക്കിടക്കും
ഇടമുണ്ടു ഭാരതദേശത്തിനറ്റ-
ത്തുഡുരാജൻ തെളിവാനിലൊളിവീശും പോലെ
ഇടതിങ്ങിക്കരയെല്ലാം വളരുന്ന തെങ്ങിൻ
കുടചൂടിനില്ക്കുമീ ക്കേരളധരയിൽ
മടുതൂകും മലയാളം പറയുന്ന നമ്മൾ-
ക്കിടയിലും ദിനമെല്ലാം നിറയട്ടെ സുകൃതം
 
സന്തോഷ് വര്‍മ്മ‌

♥♥♥

 

 

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥


 

www.aksharaslokam.com

 

സൈറ്റില്‍ അംഗമാകാന്‍  ഇപ്പോള്‍ തന്നെ റജിസ്റ്റര്‍   ചെയ്യുക.(ഹോം പേജില്‍

റജിസ്റ്റെര്‍ ഇന്‍ ക്ലിക്കു ചെയ്തു കോളങ്ങള്‍ പൂരിപ്പിക്കുക)

 

സൈറ്റില്‍ ലഭ്യമായ പുസ്തകങ്ങള്‍ 

 

 
1.സഹസ്രദളം :


ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

അഷ്ടപ്രാസം ,യമകവിദ്യ, ഗോഹത്യയും ബ്രഹ്മഹത്യയും എന്ന മണി
പ്രവാള ഖണ്ഡകാവ്യം ,കറുത്ത ചേകവന്‍ എന്ന പച്ചമലയാളം കാവ്യം,
രസരാജന്‍, കുറിമാനം (എഴുത്തുകുത്തുകള്‍ , ആശംസകള്‍ , ചരമശ്ലോക
ങ്ങള്‍), അക്ഷരശ്ലോകമാഹാത്മ്യം (നൂറു പൂക്കള്‍, അംബോപദേശം) , തിരു
ശേഷിപ്പ് എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങളിലായി ആയിരത്തിലധികം 
ശ്ലോകങ്ങള്‍ അടങ്ങുന്ന കൃതി. 2000ത്തില്‍ കൂനംമൂച്ചി അക്ഷരശ്ലോകവേദി 
പ്രസിദ്ധീകരിച്ചു.


2.അരിയന്നൂര്‍ :


അരിയന്നൂര്‍ ഗ്രാമത്തിന്റെ സാംസ്ക്കാരിക ചരിത്രം . ക്ഷേത്രത്തെക്കുറി
ച്ചുള്ള വിശദവിവരങ്ങള്‍ . ആധുനിക കാലഘട്ടത്തിലെ സം ഭവങ്ങളുടെ 
വിവരണം . കൂടാതെ നൂറോളം സരസശ്ലോകങ്ങള്‍ editor അരിയന്നൂര്‍ 
ഉണ്ണിക്കൃഷ്ണന്‍


3.അക്ഷരശ്ലോക ഡയറക്ടറി 2000:


ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

അക്ഷരശ്ലോകകലാരംഗത്തുള്ള സംഘടനകളുടെയും വ്യക്തികളുടെയും 
വിവരങ്ങള്‍ അടങ്ങുന്ന ഇത:പര്യന്തമുണ്ടായിട്ടുള്ള ഏക കൃതി.


4.ഉപനയനം :

ഗ്രന്‍ഥകര്‍ത്താവ്: ആദരേടത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട്
ആദരേടത്തിന്റെ ശ്ലോകങ്ങളുടെ സമാഹാരം .'മയൂരദൂത്' എന്ന സന്ദേശ
കാവ്യത്തിന്റെ പരിഭാഷ പൂര്‍ണ്ണ രൂപത്തില്‍ ഈ പുസ്തകത്തില്‍ഉണ്ട്.

5.കണ്ണോക്ക് :

ടി.എം . പോള്‍ മാസ്റ്റര്‍ സ്മരണിക. കേരളത്തിലെ പ്രഗത്ഭരായ അക്ഷര
ശ്ലോകപ്രവര്‍ത്തകരുടെ പ്രൌഢലേഖനങ്ങള്‍,പഴയ നൂറു കവികളുടേതാ
യി നൂറു ശ്ലോകങ്ങള്‍ ,കൊച്ചുണ്ണിത്തമ്പുരാന്റെ 'കാന്തവൃത്തം ' എന്ന 
പുസ്തകത്തിന്റെ പൂര്‍ ണ്ണരൂപം എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

6.തിലാഞ്ജലി:

പണ്ഡിതവര്യനും ബഹുമുഖപ്രതിഭയുമായിരുന്ന കാര്യാട്ടുശങ്കുണ്ണിനായര്‍
കൂനമ്മൂച്ചി അക്ഷരശ്ലോകവേദി അദ്ധ്യക്ഷനായിരിക്കെ 1989ല്‍ അന്തരിച്ചു. 
അക്കാലത്തു പ്രസിദ്ധീകരിച്ച ഒരു സ്മരണികയാണു 'തിലാഞ്ജലി'. മാട
മ്പു കുഞ്ഞുകുട്ടന്റെ അനുസ്മരണലേഖനം, മണ്മറഞ്ഞു പോയ എന്‍.ഡി. 
കൃഷ്ണനുണ്ണി,കെ.എന്‍ഡി., ആദരേടം ,നെല്ലുവായ് കെ.എന്‍ നമ്പീശന്‍ തു
ടങ്ങി പലരുടെയും ശ്ലോകരചനകള്‍ എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

7.ശിവൊള്ളിക്കൃതികള്‍ :

ശിവൊള്ളിയുടെ ലഘു ജീവചരിത്രക്കുറിപ്പു, ദാത്യൂഹസന്ദേശം കാവ്യം, 
തെരഞ്ഞെടുത്ത 60 ശ്ലോകങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

8.ശ്ലോകമേവ ജയതേ :

മണ്മറഞ്ഞ ശ്ലോകപ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 
ആരംഭിച്ചിട്ടുള്ള ഒരു പംക്തിയാണു ഇത്.

9.രാമകൃഷ്ണവിലോമകാവ്യം :

ഗ്രന്‍ഥകര്‍ത്താവ് : സൂര്യകവി
ജലജ എന്ന വാക്കു അനുലോമമായും പ്രോമമായും ഒരേ പോലെ വാ
യിക്കാവുന്ന പദമാണ്. മോരു തരുമോ എന്ന വാക്യം ഇപ്രകാരം തന്നെ. 
വിലോമപദം ,വിലോമവാക്യം എന്നിങ്ങനെ ഇവയെ വിളിക്കാം. വാക്യം
വലുതാകും തോറും ഇത്തരം ​ഘടന ക്ലിഷ്ടമാകുന്നു. ഇംഗ്ലീഷില്‍ ഒരു ആ
ശയം പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ വിലോമവാക്യം a man, a plan, a 
canal, panama എന്നാണെന്നു ഗിന്നസ് ബുക്കില്‍ കൊടുത്തിട്ടുണ്ട്.
ഇവിടെ ഇതാ ഒരു സംസ്ക്കൃത കാവ്യം. എല്ലാ ശ്ലോകങ്ങളും വിലോമ
ങ്ങള്‍! മാത്രമല്ല, രണ്ടു ഇതിവൃത്തങ്ങള്‍ ഒരേസമയം പറഞ്ഞു പോകുക
യും ചെയ്യുന്നു. ശ്ലോകങ്ങളുടെ പൂര്‍വ്വാര്‍ദ്ധങ്ങള്‍ ശ്രീരാമകഥ പറഞ്ഞു 
പോകുമ്പോള്‍ ഉത്തരാര്‍ദ്ധങ്ങള്‍ ശ്രീകൃഷ്ണകഥ പറഞ്ഞു പോകുന്നു. കാ
വ്യകാരന്റെയും സംസ്ക്കൃത ഭാഷയുടെയും മഹത്വം! നമ്മുടെയെല്ലാം 
സുകൃതവും .
രാമകൃഷ്ണവിലോമകാവ്യത്തിനു മലയാളവ്യാഖ്യാനം തയ്യാറായിട്ടുള്ള
തു ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു. ആദ്യശ്ലോകത്തിന്റെ വ്യാഖ്യാനംകൊടു
ത്തിട്ടുണ്ട്.പണ്ഡിതോത്തമനായശ്രീ.മച്ചട്ട് ടി.നീലകണ്ഠന്‍ നമ്പീശനാണു 
വ്യാഖ്യാതാവ്.

10.ഗോശാല:

ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍
ഉണ്ണി എടക്കളത്തൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ.പി.
നാരയണന്‍ നമ്പീശന്റെ ശ്ലോകരചനകള്‍ സമാഹരിച്ചതാണു കൃതി. 1994 
ലെ കവനകൌതുകം പുരസ്ക്കാരജേതാവാണു കവി. പുരസ്ക്കാരത്തിന
ര്‍ഹമായ കവിതയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

11.ഒറവങ്കര ശ്ലോകങ്ങള്‍:

ഒറവങ്കരയുടെ തെരഞ്ഞെടുത്ത കുറെ ശ്ലോകങ്ങള്‍

12.വൃത്തങ്ങളിലെ താളഘടന:

ഗ്രന്‍ഥകര്‍ത്താവ് : അത്തിപ്പറ്റ രവി. 
പരമ്പരാഗതരീതിയില്‍ നിന്നു വ്യത്യസ്തമായി, താളത്തെ അടിസ്ഥാനഘട
കമാക്കി വൃത്തങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമം. സംസ്ക്കൃത
വൃത്തമായാലും ,ഭാഷാവൃത്തമായാലും , ചലച്ചിത്രഗാനമായാല്‍ പോലും 
അവയിലെല്ലാം പൊതുവായ ഒരു താളഘടനയെ കണ്ടെത്തുന്ന ഒരു .
സൈദ്ധാന്തികഗ്രന്‍ഥം

13. ശ്രീരാഘവയാദവീയം:

രാമകൃഷ്ണവിലോമകാവ്യം പോലെ തന്നെ മറ്റൊരു വിലോമകാവ്യം. 
വെങ്കിടാധ്വരി എന്ന കവിയാണ് ഇതിന്റെ രചയിതാവ്. രാമകഥ പറ
ഞ്ഞു പോകുന്ന ഓരോ ശ്ലോകത്തിനും കൃഷ്ണകഥ പറഞ്ഞു പോകുന്ന 
പ്രതിലോമശ്ലോകം എന്നാണു രചനയുടെ രീതി. ഓരോ ജോടി ശ്ലോകവും
വിലോമമാണെന്നര്‍ത്ഥം . പദച്ഛേദം കൂടെ കൊടുത്തിട്ടുണ്ട്.

14.നാരായണീയം ഭാഷാവൃത്തത്തില്‍ :

അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്റെ പരിഭാഷ.

15.ഭര്‍ത്തൃഹരി എന്ന  ഫോറം:

ഭര്‍ത്തൃഹരിയുടെ ശതകത്രയം ഭാഷാവൃത്തത്തിലേക്കു പരിഭാഷപ്പെടു
ത്തുക എന്നതാണു ലക്ഷ്യം

16.അരിയന്നൂര്‍  E-Magazine :

ശ്ലോക വിവരങ്ങളടങ്ങുന്ന ഒരു മാസികപ്രസിദ്ധീകരണം.  എല്ലാ 10-ആം 
തിയ്യതിയും പ്രസിദ്ധീകരിക്കുന്നു.

17.ശയനപ്രദക്ഷിണം:

ശ്രീ.രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാസമാഹാരമാണു. സാഹിത്യ
ത്തിന്റെ വിവിധ ശാഖകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള
ഗ്രന്‍ഥകര്‍ത്താവിന്റെ ഈ കൃതി ശ്ലോകങ്ങളും ഭാഷാവൃത്തത്തിലുള്ള
കവിതകളും ഉള്‍ക്കൊള്ളുന്നതാണ്.

18.കഥാത്രയീ ശ്ലേഷകാവ്യം: സമ്പൂര്‍ണ്ണമലയാളവ്യാഖ്യാനത്തോടുകൂടി.

രാമായണ-ഭാരത-ഭാഗവത കഥകള്‍ ഒരുമിച്ചു പറഞ്ഞു പോകുന്ന വിശി
ഷ്ടമായ ഒരു സംസ്ക്കൃതകാവ്യമാണ്. ഓരോ ശ്ലോകവും മൂന്നു രീതിയില്‍ 
അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. ചിദംബരകവിയുടെ ഈ കാവ്യത്തിനു മലയാ
ളവ്യാഖ്യാനം രചിച്ചിട്ടുള്ളതു മച്ചാട്ടു ടി. നീലകണ്ഠനാണ്.
വന്ദനശ്ലോകത്തിനു 10 അര്‍ത്ഥമാണു വ്യാഖ്യാതാവു കൊടുത്തിരിക്കുന്നത്.

19. അഷ്ടപ്രാസം :

സമ്പാദകന്‍ : അനില്‍ക്കൃഷ്ണന്‍ പി.യു.
ശാര്‍ദ്ദൂലവിക്രീഡിതം  വൃത്തത്തില്‍ ഓരോ ശ്ലോകത്തിലും എട്ടു സ്ഥല
ത്തു കൃത്യമായ താളത്തില്‍ ഒരേ പദം ആവര്‍ത്തിച്ചു വരുന്ന വിധം 
പദകുബേരന്മാര്‍ക്കു വിഹരിക്കാനുള്ള രചനാസങ്കേതമാണു അഷ്ടപ്രാസം. 
നാല്പതോളം കവികള്‍ ;നൂറ്റിഅമ്പതില്പരം ശ്ലോകങ്ങള്‍ ; ശ്ലോകസദസ്സു
കളിലൂടെയും കയ്യെഴുത്തു പുസ്തകങ്ങളിലൂടെയും മാത്രം തലമുറകള്‍ 
താണ്ടിയ നിരവധി രചനകള്‍. കുറെ പുതിയ രചനകളും.

20. പെട്ടരഴിയം കൃതികള്‍

പെട്ടരഴിയം വലിയ രാമനെളയതിന്റെ തെരഞ്ഞെടുത്ത കൃതികള്‍ ശ്ലേ
ഷം,പരല്‍ ഘടന,ശയ്യാഗുണം തുടങ്ങിയവയില്‍ അദ്വിതീയനായിരുന്നു 
ഗ്രന്‍ഥകര്‍ത്താവ്. വള്ളത്തോള്‍ പോലും പേട്ടരഴിയത്തിനെപ്പോലെ ശ്ലോകം
എഴുതാന്‍ കഴിയണമെന്നു കൊതിച്ചിട്ടുണ്ടത്രേ . സപ്തപ്രാസം ദീക്ഷിച്ചു 
രചിച്ചിട്ടുള്ള വഞ്ചിപ്പാട്ടു (നതോന്നത) രീതിയിലുള്ള ഒരു കവിത കൂടി .
ഇതില്‍ ചേര്‍ത്തിട്ടുണ്ട്

21.  കാതുകുത്ത്  

ഗ്രന്‍ഥകര്‍ത്താവ് : കുറുവല്ലൂര്‍ മാധവന്‍ 
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി കൂനമ്മൂച്ചി അക്ഷരശ്ലോകവേദി
യുടെ അദ്ധ്യക്ഷനായി തുടരുന്ന  ശ്രീ കുറുവല്ലൂര്‍ മാധവന്റെ ശ്ലോകസ
മാഹാരം . കൂനമ്മൂച്ചി അക്ഷരശ്ലോകവേദി 1994 ല്‍ പ്രസിദ്ധീകരിച്ചതാണ് 
ഈ കൃതി.

22. പച്ചമലയാളം

സാധാരണപ്രയോഗത്തിലുള്ള മണിപ്രവാളമലയാളത്തിന്റെ നിഷേധമാണ് 
പച്ചമലയാളം.സംസ്ക്കൃതപദങ്ങള്‍ ഒഴിവാക്കിയുള്ള മലയാളമെന്നാണ് 
ഉദ്ദേശിക്കുന്നത്. മനസ്സ്, ദുഃഖം ,വിഷമം ....തുടങ്ങി സമ്സ്ക്കൃതത്തില്‍ നി
ന്നു സ്വീകരിക്കപ്പെട്ടിട്ടുള്ള പദങ്ങളെല്ലാം നിഷിദ്ധം . ഇങ്ങനെയുള്ള 
കാവ്യങ്ങളുടെ ഒരു ശേഖരം .

23. അക്ഷരശ്ലോക സദസ്സ്  ഫോറം

അംഗങ്ങള്‍ക്കു  ശ്ലോകങ്ങള്‍ പൊസ്റ്റു ചെയ്തു സദസ്സില്‍ പങ്കെടുക്കാം .

24.  സ്തവപുഷ്പമാലിക

ഗ്രന്‍ഥകര്‍ത്താവ് : പണ്ഡിതഭൂഷണം പി.കെ.രാമന്‍ നമ്പ്യാര്‍ 
ശിഖരിണി വൃത്തത്തില്‍ 50 സംസ്ക്കൃതശ്ലോകങ്ങള്‍ വ്യാഖ്യാനത്തോടു 
കൂടി . തട്ടകത്തമ്മയായ പനങ്ങാട്ടുകര ഭഗവതിയെ സ്തുതിച്ചുള്ളതാണ് 
ഇതിവൃത്തം .കൊല്ലവര്‍ഷം 1106 ല്‍ പ്രസിദ്ധീകൃതമായത്.

25. .ശ്രീവിജയോദയം മഹാകാവ്യം

ഗ്രന്‍ഥകര്‍ത്താ : മഹാകവി പന്തളം കേരളവര്‍മ്മ
മഹാകവിയുടെ രണ്ടു മഹാകാവ്യങ്ങളില്‍ കൂടുതല്‍ പ്രശസ്തമായതു 
രുഗ്മാംഗദചരിതം ആണ്. എന്നാല്‍ വിജയോദയം കാവ്യവും കാവ്യമേന്മ 
കൊണ്ടും പന്തളത്തിന്റെ സ്വതസ്സിദ്ധമായ ശബ്ദാലങ്കാരവൈദഗ്ദ്ധ്യം  
കൊണ്ടും അതീവ മനോഹരമാണ്.
 
26. കളിയോഗത്തില്‍ 

ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍ 
 
ഗ്രന്‍ഥകര്‍ത്താവിന്റെ ആദ്യത്തെ കാവ്യ സമാഹാരമാണ്‍ 1990 ല്‍ പ്രസി
ദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ..

27. ഉഷയുടെ ശയനഗൃഹം

ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കുട്ടമത്ത്
 
മഹാകവിയുടെ മുഖമുദ്രയായ രചനയിലെ  ശബ്ദസൌന്ദര്യവും ശാലീന
തയും നിറഞ്ഞു നില്‍ ക്കുന്ന ഒരു കൃതി.
 
28.  ആന്തര സാമ്രാജ്യങ്ങള്‍

 
കവിതാസമാഹാരം 
ഗ്രന്‍ഥകര്‍ത്താവ് : രാധാകൃഷ്ണന്‍ കാക്കശ്ശേരി 
 
29.  കേരളം


ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
കേരളത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുള്ള
കാവ്യം . ഈ വിഭാഗത്തിലെ ഏറ്റവും പ്രശസ്തവും സമഗ്രവും , അതേ
സമയം മനോഹരവുമായ മലയാളകാവ്യം .  
 
30. പുലരി 
 
കവിതാ സമാഹാരം 
ഗ്രന്‍ഥകര്‍ത്താവ്: : ടി വി ജോസ്മാസ്റ്റര്‍ 
 
കൂനംമുച്ചി അക്ഷരശ്ലോക വേദിയുടെ സെക്രട്ടറി ആയിരിക്കേ 1997ല്‍ അ
ന്തരിച്ച ടി വി ജോസ് മാസ്റ്റരുടെ കാവ്യ രചനകള്‍ സമാഹരിച്ച കൃതി.


♥